ഇടുക്കി : ഇടുക്കി ചെറുതോണി ഡാമില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ മുതല്‍ 100 ക്യുമെക്‌സ് വെള്ളം തുറന്നു വിടും. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നുവിടുമ്പോള്‍ അത് ഇന്നത്തേതിന്റെ ഇരട്ടി അളവാകും. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇത്രയും വെള്ളം തുറന്നുവിടുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. രാത്രി പത്തുമണിക്ക് ഇടുക്കിയിലെ ജലനിരപ്പ് 2400.20 അടിയായി.

26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നത്.  ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടര്‍ ഉയര്‍ത്തി തുടങ്ങിയത്. നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവെക്കുമെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഷട്ടര്‍ ഉയര്‍ത്തുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്.

ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി ഡാമിന്റെ ഷട്ടര്‍ അടക്കില്ല. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മൂലമറ്റത്ത് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ ആവശ്യമായതിനേക്കാള്‍ ഏതാണ് അഞ്ചിരട്ടി വെള്ളമാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിഞ്ഞേ ഡാം തുറക്കാവൂ എന്നാണ് ചട്ടം.