ന്യൂഡല്‍ഹി: രാജസ്ഥാനിലെ മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തതായി സര്‍ക്കാര്‍ ഉത്തരവ്. മുസ്ലീം പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മൂന്ന് ഗ്രാമങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്തത്.

ബാര്‍മര്‍ ജില്ലയിലെ മിയോണ്‍ കാ ബാര എന്ന ഗ്രാമത്തിന് മഹേഷ് നഗറെന്നും ഇസ്മാഈല്‍പൂര്‍ ഗ്രാമത്തിന് പിച്ചന്‍വയെന്നും ജലോര്‍ ജില്ലയിലെ നര്‍പാര ഗ്രാമത്തിന് നര്‍പുരയെന്നുമാണ് പുനര്‍നാമകരണം ചെയ്തത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ മുഗള്‍സാരായ് റെയില്‍വേ ജംഗ്ഷന്‍ ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷനായി മാറ്റിയത് വിവാദമായിരുന്നു.

മത ധ്രുവീകരണം നടത്തി ഹിന്ദു വിഭാഗത്തിന്‍റെ വോട്ട് പിടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പേരുകള്‍ കൃത്യമായ കാരണങ്ങളില്ലാതെയാണ് പുനര്‍നാമകരണം ചെയ്യുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഹിന്ദു ഭൂരിപക്ഷമായ ഗ്രാമങ്ങളാണ് ഇവ. വിരലിലെണ്ണാവുന്ന മുസ്ലിങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മുസ്ലിം ചുവയുള്ള പേര് കാരണം തങ്ങളുടെ പെണ്‍കുട്ടികളെ മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നില്ല എന്നാണ് ചിലര്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനര്‍നാമകരണത്തിന് തയ്യാറായത്.