തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,24,649 പേരുണ്ടെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുരന്തഘട്ടത്തില്‍ പരമാവധി ജീവനുകള്‍ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. അതില്‍ വിജയം വരിച്ചു. ഇനിയുള്ളത് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്നതാണ്. അതിനാണ് അടുത്ത ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് മാത്രം 22034 പേരെ രക്ഷപ്പെടുത്തി. ഇനിയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ കൂടി രക്ഷപ്പെടുത്തും. ഒറ്റപ്പെട്ട മേഖലയിലുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും വിവിധ സേനാ വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനത്തിന് പുറമെ ഓരോ ബോട്ടിനും ദിവസം 3000 രൂപ വീതവും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ക്യാമ്പുകളില്‍ പ്രാദേശിക സഹകരണം നല്ലരീതിയില്‍ ഉറപ്പാക്കണം. ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് കുടിവെള്ളം വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. ശുദ്ധജലം ഉറപ്പാക്കുന്നതിന് മലിനീകരിക്കപ്പെട്ട ജലസ്രോതസുകള്‍ പൂര്‍ണമായി ശുദ്ധീകരിക്കും. അതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീടുകളിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി  തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളേയും സന്നദ്ധസംഘടനകളുടേയും സഹായം തേടും. വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ വില്ലേജ് തലത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ഒരു പഞ്ചായത്തില്‍ ആറ് വീതം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. ഇപ്പോള്‍ ഉള്ളതും കൂടാതെ കരാറടിസ്ഥാനത്തിലും ആരോഗ്യ വകുപ്പ് ആളുകളെ നിയമിക്കും. ഇതോടൊപ്പം  മാവിന്യ വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രോട്ടോക്കാള്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ക്ക് ചികിത്സ നല്‍കും. ഇതിനായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളില്‍ എത്തിയവരില്‍ തുടര്‍ച്ചയായി മരുന്നുകളോ ചികിത്സയോ തേടുന്നവരുണ്ടെങ്കില്‍ അവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ വേണ്ട നടികള്‍ കൈക്കൊള്ളും. പലസംസ്ഥാനങ്ങളില്‍ നിന്നും മരുന്നു കമ്പനികളും മരുന്ന് നല്‍കാമെന്നേറ്റിട്ടുണ്ട്.  മരുന്നകള്‍ വിതരണം ചെയ്യാനും സ്വീകരിക്കാനും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. എല്ലാ ക്യാമ്പിലും വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്തും. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികളില്‍ കൈക്കൊള്ളുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുക. തെരുവ് വിളുക്കകുളേടതക്കമുള്ള വൈദ്യുതി പെട്ടെന്ന് പുനഃസ്ഥാപിക്കും, ശുദ്ധജല പൈപ്പുകളുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍പ്പാക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

പണം സംഭാവന നല്‍കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് മാത്രമേ പണം നല്‍കാവൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. ഇനി ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക എന്നതാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ വനിതാ പോലീസിനെ നിയമിക്കും. സാഹചര്യം മുതലെടുത്ത് വില കൂട്ടി സാധനങ്ങള്‍ വിറ്റവര്‍ക്കും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പുതിയവ ഉടന്‍ വിതരണം ചെയ്യുമെന്നും യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 4441 കോടി രൂപയുടെ പ്രഥമിക നഷ്ടമാണ് റോഡുകള്‍ക്കുണ്ടായിരിക്കുന്നത്.  221 പാലങ്ങള്‍ തകരാറിലായിട്ടുണ്ട്. 59 പാലങ്ങള്‍ ഇപ്പഴും വെള്ളത്തിനടിയിലാണ്. താറുമാറായ  ഗാതഗതമേഖല പുനഃസ്ഥാപിക്കും.നേരത്തെ മാറ്റിവെച്ച ആയിരം കോടി രൂപ ഇത് പരിഹരിക്കാനുപയോഗിക്കും. റെയില്‍വെയുടെ തകരാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം യാത്ര നടത്തുന്നതിനുള്ള താത്ക്കാലിക സൗകര്യങ്ങള്‍ സ്വീകരിക്കും.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി കേരളം സന്ദര്‍ശിച്ച് നിരവധി സഹായങ്ങളൊരുക്കുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തതിനെ അനുസ്മരിക്കുന്നു. വിവിധ സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണറുടെ നപടികളേയും സര്‍ക്കാര്‍ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. പ്രവാസികളുടെയടക്കം സഹകരണത്തിന് സര്‍ക്കാരിന് വലിയ കടപ്പാടും നന്ദിയുമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളും ഒരുപാട് സഹായിച്ചു. മാധ്യമങ്ങള്‍ നല്‍കിയ സഹായത്തേയും നന്ദിയോട് സ്മരിക്കുന്നു. രക്ഷാപ്രവര്‍ത്തന്തിന് സഹകരിച്ച സ്ഥാപനങ്ങള്‍, മൊബൈല്‍ സേവനദാതാക്കള്‍, ബാങ്കുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. അത് ഉറപ്പിക്കന്ന തരത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ കൂട്ടിയുറപ്പിച്ച് മുന്നോട്ട് പോകും. സമാനതകളില്ലാത്ത പ്രതിസന്ധി മറികടക്കുന്നതിന് കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.