ന്യൂഡൽഹി: മഴക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികളും. കേരളത്തോടുള്ള അവഗണനക്കെതിരെ ശനിയാഴ്ച ആഭ്യന്തരമന്ത്രാലയത്തിലേക്കു മാർച്ച് നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. സ്റ്റേഷനിലെ പോലീസ്സുകാരിൽനിന്നും  കസ്റ്റഡിയിലിരിക്കെ ആയിരത്തി മുന്നൂറ്റി ഇരുപത്തൊന്നു രൂപയാണ് വിദ്യാർഥികൾ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്തത്. കൂടാതെ സർവ്വകലാശാലയിൽനിന്നും , ദില്ലിയിലെ വിവിധ മേഖലകളിൽനിന്നും ഏകദേശം നാലുലക്ഷത്തോളം രൂപ വിദ്യാർഥികൾ പിരിച്ചെടുത്തു. അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽനിന്നും ഒപ്പം ആരാധനാലയങ്ങൾ, ഭക്ഷണ ശാലകൾ എന്നിവിടങ്ങളിൽനിന്നുമാണ് ധന സമാഹരണം പുരോഗമിക്കുന്നത്.


തിങ്കളാഴ്ചവരെ നാലുലക്ഷം രൂപയോളം പിരിച്ചെടുത്തു.രണ്ട് ദിവസം കൂടി പിരിവ് തുടർന്നശേഷം ക്യാമ്പസിലെ ബാങ്കിന്റെ ബ്രാഞ്ചിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുമെന്ന് വിദ്യാർഥികൾ അറിയിച്ചു. കേന്ദ്രസഹായം ആനുകൂല്യമല്ലെന്നും അവകാശമാണെന്നും മുദ്രാവാക്യം മുഴക്കിയാണ് വിദ്യാർഥികൾ ശനിയാഴ്ച പ്രതിഷേധിച്ചത്. സംഘ പരിവാറിന്റെ വ്യാപക വിദ്വേഷ പ്രചാരണത്തിനിടയിലാണ് വിദ്യാർഥികളുടെ ഈ കൂട്ടായ്മ വിജയം കണ്ടിരിക്കുന്നത്.