ഡെറാഡൂൺ: പശുക്കൾക്ക് രാഷ്ടമാതാ പദവി നൽകണമെന്ന പ്രമേയം പാസ്സാക്കി ഉത്തരാഖണ്ഡ് നിയമസഭ. പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ്സും. ബുധനാഴ്ച നടന്ന അസംബ്ലിയിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കോൺഗ്രസ് പ്രസിഡന്റും മുൻ മന്ത്രിയുമായ പ്രീതം സിംഗ് പ്രമേയം പാസ്സാക്കുന്നതുകൊണ്ടു പാർട്ടിക്ക് എതിർപ്പില്ലായെന്നും പശുക്കളുടെ ക്ഷേമത്തിനായുള്ള ശക്തമായ നടപടികൾ ഗെവൺമെൻറ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രമേയം കൊണ്ട് എന്ത് നേട്ടമാണുള്ളതെന്നും , റോഡിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം കുറയുമോയെന്നുംമാത്രമായിരുന്നു പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷിന്റെ ചോദ്യം.


പശുക്കൾക്ക് പ്രത്യേക പദവി നൽകാനുള്ള തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും, ഉത്തരാഖണ്ഡ് സർക്കാർ പശു സംരക്ഷണത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി രേഖ ആര്യ പറഞ്ഞു. രാജ്യത്തൊട്ടാകെ പശുക്കളെ കശാപ്പു ചെയ്യുന്നത് നിരോധിക്കുകയും വേണമെന്ന് മന്ത്രി കൂട്ടിച്ചെർത്തു.