പത്തനംതിട്ട : തുലമാസപൂജ തുടങ്ങാനിരിക്കെ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ പോലീസ് ലാത്തി വീശി ഓടിക്കുകയും ആചാര സംരക്ഷണ സമിതിയുടെ പന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചു സുരക്ഷ ശക്തമാക്കി. അതേസമയം ആചാരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പ്രദേശത്ത് പലഭാഗങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. വിവിധ സമര പരിപാടികള്‍ നടക്കുമെന്ന സൂചനയെ തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ നിലയ്ക്കലിലും പമ്പയിലും എരുമേലിയിലും കനത്ത പോലീസ് കാവലാണ്.

റോഡ് ഉപരോധിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. നിലയ്ക്കലില്‍ നിന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴികെ ഒരു  സ്വകാര്യവാഹനങ്ങളും പമ്പയിലേക്ക് വിടുന്നില്ല. രാവിലെ സമരപന്തല്‍ പൊളിച്ച പോലീസ് കസേരകളും മറ്റും കൊണ്ടുപോയി. വാഹനങ്ങള്‍ തടയുന്നതിനേയോ യാത്രാതടസ്സം ഉണ്ടാക്കുന്നതിനേയോ അനുകൂലിക്കുന്നില്ല എന്നാണ് ജില്ലയിലെ പോലീസ് ഉന്നതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ വാഹനങ്ങള്‍ തടയാന്‍ ആരേയും അനുവദിക്കില്ലെന്നും പറഞ്ഞിട്ടുണ്ട്. നിലയ്ക്കലില്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള യുവതികളായ യാത്രക്കാരെ കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും സമരക്കാര്‍ ഇറക്കിവിട്ടിരുന്നു. അതേസമയം പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന ചിതറിയോടിയവര്‍ തിരിച്ചെത്തയിട്ടുണ്ട്. തുടര്‍ന്നും പ്രതിഷേധം ഉണ്ടാകും എന്ന സാധ്യത മുന്‍ നിര്‍ത്തി കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ശബരിമല ഭക്തരെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് വിടുന്നുണ്ട്. എരുമേലി വഴിയും പത്തനംതിട്ട വഴിയും സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തന്മാരെ ഇവിടെയെത്തുന്നവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് പമ്പയിലേക്ക് അയച്ചു കൊണ്ടിരിക്കുന്നത്. സമാധാനപരമായ സമരത്തെയേ പിന്തുണയ്ക്കൂ എന്നും അക്രമരീതിയിലുള്ളതോ ആളുകളെ തടയുന്നതോ ആയ സമരം കര്‍ശനമായി തടയുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.  അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള പന്തലും തയ്യാറായി കഴിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 11 ദിവസമായി ആചാരസംരക്ഷണ സമിതി ഇവിടെ നാമജപം മുഴക്കി സമരം നടത്തി വരികയായിരുന്നു. ആചാരസംരക്ഷണ സമിതിക്കൊപ്പം 52 സംഘടനകളാണ് സമരത്തിനിറങ്ങുന്നത്. അതേസമയം പമ്പയില്‍ രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം അയ്യപ്പധര്‍മ്മസേന ഒമ്പതു മണിയോടെ തുടങ്ങും. തന്ത്രികുടുംബത്തില്‍ പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരും പന്തളം രാജകുടുംബത്തില്‍ പെട്ടവരും ഇതില്‍ പങ്കെടുക്കുമെന്നാണ് സൂചന. പിസി ജോര്‍ജ്ജും കെ സുധാകരനും സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം യുവതികള്‍ എത്തുകയാണെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്നാണ് കരുതുന്നത്. ഏഴു മണിമുതല്‍ പമ്പയില്‍ നിന്നും അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്.

അതിനിടയില്‍ എരുമേലിയില്‍ ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള അയ്യപ്പഭക്തരാണ് എത്തിയിരിക്കുന്നത്. അയ്യപ്പഭക്തര്‍ വാവര്‍ പള്ളിയില്‍ എത്തി ആചാരം അനുസരിച്ചുള്ള കാര്യങ്ങള്‍ നടത്തി പോകുന്നുണ്ട്. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇവിടെ ഇന്ന് ഉപവാസ സമരം നടക്കുന്നതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരെ ഇവിടെ എത്തിച്ചിട്ടുണ്ട്.