കൊച്ചി: സിനിമ ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ഡബ്ല്യു.സി.സി. ലൊക്കേഷനുകളിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും വനിതാ കൂട്ടായ്മ. ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വനിതാ കൂട്ടായ്മയുടെ ഭാരവാഹികളായ പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിനേയും താരസംഘടനയായ എ.എം.എം.എയെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. നാളെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. സിനിമ ലൊക്കേഷനുകളിലെ പരാതികള്‍ പരിഹരിക്കുന്നതിന് പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് ഡബ്ല്യു.സി.സി തുടക്കം മുതല്‍ ആവശ്യമുന്നയിക്കുന്നതാണ്. ആരോഗ്യമന്ത്രി കെ.കെ ഷൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ഡബ്ല്യു.സി.സി ഭാരവാഹികളായ ബീന പോള്‍, വിധു വിന്‍സന്റ് എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി നിര്‍ദ്ദേശിച്ചു. ഇപ്പോൾ ഡബ്ല്യു.സി.സി നടത്തുന്ന നീക്കത്തിന് പിന്നിൽ നിയമമന്ത്രി എ കെ ബാലന്റെ ഉപദേശം ഉണ്ടെന്നാണ് സൂചനകൾ. ഒരു നിയമ നിര്മാണത്തിലേക്ക് സർക്കാരിനെ നിര്ബന്ധിതമാക്കുന്ന നിർദേശം കോടതിയിൽ നിന്നും ഉണ്ടാകും എന്നാണു സർക്കാർ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.