ശബരിമല ദര്‍ശനത്തിന് എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തു. അര മണിക്കൂര്‍ നേരം സുരേന്ദ്രനും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു അതിനൊടുവിലാണ് സുരേന്ദ്രനെയും ഒപ്പമുണ്ടായിരുന്നവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സെക്ഷന്‍ 151 പ്രകാരമുള്ള കരുതല്‍ തടങ്കലിലാണ് കെ സുരേന്ദ്രനുള്ളത്.

ഇരുമുടിക്കെട്ടുമേന്തിയെത്തിയ സുരേന്ദ്രന്‍ ക്ലീന്‍ഷേവിലായിരുന്നു. കൂടെ അഞ്ച് പേരുമുണ്ടായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ സുരേന്ദ്രനെയും സംഘത്തെയും എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്.

വാഹനത്തിന് പോലീസ് പാസ് എടുത്തും മറ്റ് നടപടിക്രമങ്ങള്‍ പാലിച്ചുമാണ് താന്‍ എത്തിയതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ വിശ്വാസികളാരും പാസ് എടുക്കരുതെന്ന് പറഞ്ഞ സുരേന്ദ്രന്‍ പാസ് എടുത്തുവന്നത് ചില വിശ്വാസികള്‍ ചോദ്യം ചെയ്യുകയുണ്ടായി.

ശബരിമലയിലേക്ക് പോകുമെന്നും പോലീസ് വെടിവച്ചാലും മടങ്ങിപ്പോകില്ലെന്നും കെ സുരേന്ദ്രന്‍ അവിടെ വെച്ച് പറഞ്ഞെങ്കിലും ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ സുരേന്ദ്രനെ കടത്തി വിടില്ലെന്ന നിലപാട്  പോലീസ് കൈക്കൊണ്ടു. നിലയ്ക്കലില്‍ പോലീസ് സംഘവുമായി സംഘര്‍ഷമുണ്ടാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സുരേന്ദ്രന്റെയും സംഘത്തിന്റെയും പ്രകോപനത്തില്‍ പോലീസ് വീണില്ല. നാളെ രാവിലെ സുരേന്ദ്രനെ മല ചവിട്ടാന്‍ അനുവദിക്കാമെന്ന് പോലീസ് വ്യക്തമാക്കി.

നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ. രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തി വിടില്ലെന്നും എസ് പി പറഞ്ഞു. നിലയ്ക്കല്‍ വരെ സ്വകാര്യ വാഹനത്തില്‍ വന്ന സുരേന്ദ്രന്‍, താന്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സന്നിധാനത്തേക്ക് പോകുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ശേഷമാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോയത്. എന്നാല്‍ കടത്തി വിടില്ലെന്ന നിലപാടില്‍ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉറച്ചുനില്‍ക്കുകയായിരുന്നു.