മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമനെതിരെ സംഘപരിവാര്‍ ഭീഷണി. ആനുകാലിക വാരികയില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യപസില്‍' എന്ന ചെറുകഥ, ദേശസ്‌നേഹത്തെ മുറിവേല്‍പ്പിച്ചതായി ആരോപിച്ച് ആര്‍ എസ് എസ് അനുകൂലി ഭീഷണിപ്പെടുത്തിയെന്ന് പ്രമോദ് രാമന്‍.

ഭീഷണിയെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രമോദ് അറിയിച്ചത്. കഥയുടെ വിമര്‍ശനങ്ങളെ അംഗീകരിക്കുന്നു. എന്നാല്‍ ഇത് വെറും വിമര്‍ശനമല്ലെന്നും ഇങ്ങനെയും ചിലര്‍ക്ക് തോന്നുന്നുണ്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതെന്നും പ്രമോദ് വ്യക്തമാക്കി. കഥയില്‍ ചോദ്യമില്ല എന്നായിരുന്നു പ്രമോദ് രാമന്റെ ആദ്യ പോസ്റ്റ്. എന്നാല്‍ അത് ഇപ്പോള്‍ സജീവമായ കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ടാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനാലാണ് പുതിയ വിശദീകരണമെന്നും പ്രമോദ് വ്യക്തമാക്കി.

പ്രമോദ് രാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

നേരത്തെ ഇട്ടത് തെറ്റിദ്ധരിക്കപ്പെട്ടെന്ന് തോന്നുന്നു. കാര്യം ഇതാണ്.
പുതിയ കഥയില്‍ ഇന്ത്യയുടെ ഭൂപടം നടി വിദ്യാബാലന്റെ ശരീരത്തോട് ഉപമിച്ചുവെന്നും അത് തന്റെ ദേശസ്‌നേഹത്തെ മുറിവേല്പിച്ചുവെന്നും പറഞ്ഞു ഒരാള്‍ വിളിച്ചു. കുഞ്ഞുമുഹമ്മദിനെ (കഥാപാത്രം) കണ്ടാല്‍ വിവരം പറഞ്ഞേക്കാമെന്ന് പറഞ്ഞു വച്ചു. സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. ഇക്കാര്യത്തില്‍ അവരെ അഭിനന്ദിക്കണം. എത്ര പെട്ടെന്നാ കഥയൊക്കെ വായിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ എന്തെങ്കിലും ഉണ്ടോന്ന് അന്വേഷിക്കുന്നത്.