നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടു. തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള വ്യക്തമായ സന്ദേശമാണെന്ന് രാഹുല്‍ പറഞ്ഞു. നോട്ട് നിരോധനവും തൊഴിലില്ലായ്മയും ജനങ്ങളില്‍ അസംതൃപ്തി സൃഷ്ടിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച ഭരണം കാഴ്ച വയ്ക്കും. എല്ലാ വിഭാഗം ജനങ്ങളും കോണ്‍ഗ്രസിനൊപ്പം നിന്നു. ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി. ഇത് മാറ്റത്തിന്റെ സമയമാണ്.

കര്‍ഷകരും യുവാക്കളും കൃത്യമായ സന്ദേശമാണ് പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. അധികാരമൊഴിയുന്ന ബി.ജെ.പി മുഖ്യമന്ത്രിമാരോട് അവര്‍, ജനങ്ങള്‍ക്കായി ചെയ്ത കാര്യങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോഡിയുടെ പ്രത്യയശാസ്ത്രത്തെയാണ് പരാജയപ്പെടുത്തിയത്. 2019ലും പരാജയപ്പെടുത്തും. സാമ്പത്തിക രംഗം തകര്‍ന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

2019ല്‍ അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയൊരു ദര്‍ശനം നടപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.