ഉര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവില്‍ ധനകാര്യ കമ്മീഷന്‍ അംഗമാണ് ശക്തികാന്ത ദാസ്. 1980 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രസര്‍ക്കാരില്‍ ധനകാര്യ സെക്രട്ടറിയായും റവന്യൂ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ ശക്തമായി പിന്തുണച്ച കേന്ദ്രസര്‍ക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനെന്നതാണ് ശക്തികാന്ത ദാസിലേക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയെത്താന്‍ കാരണം. തന്റെ വിനീത വിശ്വസ്ത ഉദ്യോഗസ്ഥന്റെ നിയമനത്തിലൂടെ റിസര്‍വ് ബാങ്കിലെ ഇടപെടല്‍ കുടുതല്‍ ശക്തമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി മോഡിയും കേന്ദ്രസര്‍ക്കാരും നല്‍കുന്നത്.

അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ കാലാവധി ബാക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഉര്‍ജിത് പട്ടേല്‍ രാജിവച്ചൊഴിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഉര്‍ജിത് പട്ടേല്‍ വിശദീകരിച്ചതെങ്കിലും കേന്ദ്രസര്‍ക്കാരുമായി ഏറെ നാളായി തുടരുന്ന ഭിന്നതയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. നരേന്ദ്രമോഡി ഉര്‍ജിതിന്റെ രാജി ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശക്തികാന്ത ദാസ് മോഡിയുടെ സെലക്ഷനാണ്. തന്റെ ഇംഗിതമറിഞ്ഞ് പെരുമാറുന്ന ഒരു റിസര്‍വ് ബാങ്ക് ഗവര്‍ണറെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് ആവശ്യം. എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ തന്റെ മുന്നില്‍ വിനീതവിധേയനായി ശക്തികാന്ത ദാസ് നില്‍ക്കുമെന്ന് നരേന്ദ്രമോഡി കരുതുന്നു. തന്റെ പൂര്‍വ്വകാല നിലപാടുകളിലൂടെ ശക്തികാന്ത ദാസ് അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.