നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ നിന്നും മാറി നിന്നാല്‍ എസ്എന്‍ഡിപിക്ക്  ചരിത്രം മാപ്പു തരില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എസ്എന്‍ഡിപി ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി മോര്‍ക്കുളങ്ങര ആനന്ദാശ്രമത്തില്‍ നടത്തിയ സമൂഹ വിവാഹം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം  മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

നാട് തൂത്തെറിഞ്ഞ ചാതുര്‍വര്‍ണ്യവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പിന്നോക്ക, പട്ടികജാതി വിഭാഗങ്ങളെ ഭിന്നിപ്പിച്ചുള്ള  മുതലെടുപ്പ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കും. ഇതിനെതിരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. നവോത്ഥാന പാരമ്പര്യമുള്ള എന്‍എസ്എസ് വനിതാ മതിലില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഭൂഷണമല്ല. സാമുഹിക നവോത്ഥാന പരിഷ്‌കര്‍ത്താക്കളായ മന്നത്തു പത്മനാഭന്‍, ചങ്ങനാശേരി പരമേശ്വരന്‍ പിള്ള എന്നിവരെ  പോലുള്ളവര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനം ഇതില്‍ നിന്നും മാറി നില്‍ക്കാന്‍ പാടില്ല. അവരാണ് ഇത് മുന്നില്‍നിന്നു നയിക്കേണ്ടത്.

ശബരിമലയുമായി വനിതാ മതിലിനെ കൂട്ടിക്കുഴയ്ക്കരുത്. ശബരിമലയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്. അനവസരത്തിലെത്തിയ സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല വിശ്വാസത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചില രാഷ്ട്രീയ പാര്‍ടികള്‍ ശ്രമിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. എസ്എന്‍ഡിപി എക്കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ നിലവിലുള്ള വിധി തുടര്‍ന്നാലും 10 നും 50 നും മധ്യേ പ്രായമുള്ള യുവതികള്‍ ആചാരത്തിന്റെ ഭാഗമായി ശബരിമലയില്‍ പോകില്ലെന്ന ഉറച്ച വിശ്വാസമാണ് തനിക്കുള്ളത്.

വനിതാ മതിലില്‍ അണിചേരാന്‍ എസ്എന്‍ഡിപി തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസ് നേതാക്കള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് വനിതാ മതിലില്‍ പങ്കാളികളാകാനുള്ള തീരുമാനം എടുത്തത്.  വനിതാ മതില്‍ എങ്ങനെ വിജയിപ്പിക്കണമെന്നും നടപ്പാക്കണമെന്നും ആലോചിക്കാന്‍ ബുധനാഴ്ച ചേര്‍ത്തലയില്‍ എസ്എന്‍ഡിപി സംസ്ഥാന നേതൃയോഗം ചേരുമെന്നും  വെള്ളാപ്പള്ളി  നടേശന്‍ പറഞ്ഞു.