ഭീകരസംഘടനയായ ഇസ്ലാമിക‌് സ‌്റ്റേറ്റിൽ (ഐഎസ‌്) ചേരുന്നതിന‌് രണ്ടു കുടുംബങ്ങളടക്കം കണ്ണൂരിൽനിന്നുപോയ പത്തുപേരും അഫ‌്ഗാനിസ്ഥാനിലുള്ളതായി സൂചന. മുൻകാലങ്ങളിലെപോലെ  സിറിയയിലേക്കോ  ഇറാനിലേക്കോ കടക്കുന്നത‌് എളുപ്പമല്ലെന്നും അതിനാൽ അഫ‌്ഗാനിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ തങ്ങാനാണ‌് സാധ്യതയെന്ന‌ും പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പറയുന്നു.

അഴീക്കോട‌് പൂതപ്പാറയിലെ അൻവർ (38), ഭാര്യ നഫ‌്സീല (34), മൂന്നു മക്കൾ, പൂതപ്പാറയിലെ സജ്ജാദ‌് (35), ഭാര്യ ഷാഹിന (25), രണ്ടു മക്കൾ,  കുറുവയിലെ നിസാമുദ്ദീൻ (30) എന്നിവരാണ‌് ഐഎസിൽ ചേരാനെന്ന പേരിൽ നാടുവിട്ടത‌്. മൈസൂരുവിലേക്കെന്നു പറഞ്ഞ‌് നവംബർ 19നാണ‌് ഇവർ വീട്ടിൽനിന്നുപോയത‌്. തിരിച്ചുവരാത്തതിനെ തുടർന്ന‌് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ‌് അന്വേഷണത്തിൽ എല്ലാവരും ദുബായിലേക്കാണ‌് പോയതെന്നും അവിടെനിന്നു മുങ്ങിയെന്നും വിവരം ലഭിച്ചു. അൻവർ ഡിസംബർ അഞ്ചുവരെ ഫോണിൽ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. അതിനുശേഷം വിവരമൊന്നുമില്ല. 

സംഘത്തിലെ മൂന്നു യുവാക്കളും എസ‌്ഡിപിഐയുമായി ബന്ധമുള്ളവരാണ‌്. അൻവർ സജീവ പ്രവർത്തകനാണെന്നും പൊലീസ‌് പറഞ്ഞു. രണ്ടുവർഷം മുമ്പ‌് അഴീക്കോട‌് പൊയ‌്ത്തുംകടവിൽനിന്ന‌് ഐഎസിൽ ചേരാൻ പോയ ടി വി ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ‌് അൻവറിന്റെ ഭാര്യ നഫ‌്സീല. ഷമീറും ഭാര്യയും മൂന്നു മക്കളുമാണ‌് പോയത‌്. ഇവരിൽ ഷമീറും ആൺമക്കളായ സൽമാനും സഫ‌്‌വാനും കൊല്ലപ്പെട്ടതായി വാർത്ത വന്നിരുന്നു. ഫൗസിയയെയും മകളെയും കുറിച്ച‌് വിവരമില്ല. ഷമീറിന്റെ അടുത്ത സൃഹൃത്താണ‌് സജ്ജാദ‌്. ഇയാളുടെ ഭാര്യ ഷാഹിന കുടക‌് സ്വദേശിനിയാണ‌്.  

കണ്ണൂർ, കാസർകോട‌് ജില്ലകളിൽനിന്ന‌് നേരത്തെ സ‌്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൂട്ടത്തോടെ ഐഎസിൽ ചേർക്കാൻ കൊണ്ടുപോയതിന്റെ മുഖ്യ സൂത്രധാരൻ പടന്നയിലെ അബ്ദുൾ റാഷിദുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ‌് നിസാമുദ്ദീൻ. റാഷിദ‌് അഡ‌്മിനായി തുടങ്ങിയ വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ നിസാമുദ്ദീനുമുണ്ടായിരുന്നു. പലതവണ ഇയാളെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ‌്തതുമാണ‌്. എന്നാൽ തനിക്ക‌് ഐഎസുമായി  ബന്ധമില്ലെന്നും വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ എങ്ങനെ ഉൾപ്പെട്ടുവെന്നറിയില്ലെന്നുമായിരുന്നു മൊഴി. പിന്നീടും ഏറെക്കാലം നിരീക്ഷിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്ന‌് പൊലീസ‌് പറയുന്നു.