ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിചാരണക്കോടതിയുടെ ഉത്തരവും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് വിനോദ്‌ഗോയല്‍, ജസ്റ്റിസ് എസ് മുരളീധര്‍, എന്നിവരടങ്ങിയ ബഞ്ചാണ് ശിക്ഷ വിധിച്ചത്. ദല്‍ഹി രാജ് നഗര്‍ മേഖലയില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍പ്പെട്ട, നരേന്ദ്രപാല്‍ സിങ്, കുല്‍ദീപ് സിങ് കെഹര്‍ സിങ്, ഗുര്‍പ്രീത് സിങ്, രഘുവേന്ദ്ര സിങ്എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ 1984-സിഖ് സിഖ് വിരുദ്ധ കലാപത്തില്‍ 2800 ഓളം പേര് കൊല്ലപ്പെട്ടിരുന്നു.


കേസില്‍ നിന്നും സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട സിഖുകാരുടെ കുടുംബവും വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരുന്നു.