രാഷ്ട്രീയഅഴിമതി  നിയമപരമാക്കാനുള്ള സംവിധാനമായി ഇലക്ടറല്‍ ബോണ്ടുകള്‍ മാറിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ആരാണ് പണം നല്‍കുന്നതെന്ന് വ്യക്തമാക്കാതെ രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്ടറല്‍  ബോണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. പാര്‍ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അത് പണമാക്കി മാറ്റാം.  ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ട്രല്‍ ബോണ്ടുകളും വാങ്ങാം.ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്ന്പാര്‍ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. നല്‍കിയവരും പറയേണ്ടതില്ല. കേന്ദ്രഭരണകക്ഷിക്ക് കോര്‍പ്പറേറ്റ് പണം ലഭിക്കാനുള്ള മാര്‍ഗമാണിത്.  ഇലക്ട്രല്‍ ബോണ്ട് സ്വീകരിക്കില്ലെന്നാണ് സിപിഐ എം നയം.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 1027 കോടി രൂപ ബിജെപിക്ക് സംഭാവനയായി കിട്ടി. ഇക്കൊല്ലം മാര്‍ച്ചില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴി രാഷ്ട്രീയപാര്‍ടികള്‍ക്ക്  ലഭിച്ച 222 കോടിയില്‍  95 ശതമാനവും കിട്ടിയത് ബിജെപിക്ക്. ബൊഫോഴ്‌സ് പോലെ റഫേല്‍ ഇടപാടില്‍ കോഴപ്പണം  കൈമാറിയിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും വാദം പൊളിയുകയാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി ചൂണ്ടിക്കാട്ടി.

കോര്‍പറേറ്റുകളില്‍നിന്ന് ലഭിക്കുന്ന ഫണ്ട് ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്.മോഡി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നപ്പോള്‍ സിപിഐ എം ചൂണ്ടിക്കാട്ടിയ വിപത്ത് ഇപ്പോള്‍ യാഥാര്‍ഥ്യമായി. റഫേല്‍ ഇടപാടില്‍ മോഡി സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുകയോ പിഎസി (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഭരണഘടനപ്രകാരം പാര്‍ലമെന്റിനാണ് പരമോന്നതപദവി. സര്‍ക്കാര്‍ പാര്‍ലമെന്റിനോടും അതുവഴി ജനങ്ങളോടും മറുപടി  പറയാന്‍  ബാധ്യസ്ഥരാണ്.

സുപ്രീംകോടതിയാണ് പരമോന്നതമെന്ന ധനമന്ത്രിയുടെ വാദം നിലനില്‍ക്കില്ല എന്ന് പറഞ്ഞത്. റഫേല്‍ ഇടപാടില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കണമെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) അന്വേഷണം  അനിവാര്യമാണ്. വ്യോമസേനയ്ക്ക് 36 വിമാനമാണ് വേണ്ടതെന്ന് പ്രതിരോധസംഭരണ കൗണ്‍സില്‍ തീരുമാനിച്ചത് 2015 മെയ് 13നാണ്. എന്നാല്‍, പ്രധാനമന്ത്രി മോഡി 2015 ഏപ്രില്‍ 10ന് ഇക്കാര്യം പാരീസില്‍ പ്രഖ്യാപിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കണം. ചട്ടം  ലംഘിച്ച് വിലനിര്‍ണയചര്‍ച്ച നടത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അനുമതി നല്‍കിയത് ആരാണ്. ഫ്രഞ്ച് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉറപ്പോ ബാങ്ക് വഴിയുള്ള ജാമ്യമോ ഇല്ലാതെ കരാര്‍ ഒപ്പിട്ടത് എങ്ങനെ. സംഭരിക്കുന്ന സാമഗ്രിയുടെ 50 ശതമാനം ഇന്ത്യയില്‍നിന്ന് വാങ്ങാന്‍ കഴിയണമെന്ന വ്യവസ്ഥ എല്ലാ പ്രതിരോധ കരാറുകളിലും ഉള്‍പ്പെടുത്തിയിരുന്നു. 126 റഫേല്‍ വിമാനം സംഭരിക്കാനുള്ള കരാറിലും ഈ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍, 36 വിമാനം വാങ്ങുന്ന കരാറില്‍നിന്ന് ഇതുനീക്കി.

വിമാനങ്ങളുടെ അടിസ്ഥാനവില 520 കോടി യൂറോ എന്നാണ് പ്രതിരോധ മന്ത്രാലയം കണക്കാക്കിയിരുന്നത്. വിലനിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുത്ത സംഘത്തിലെ മൂന്നുപേര്‍ ഈ വില അംഗീകരിച്ചെങ്കിലും സംഘത്തിലെ മറ്റ് നാലുപേര്‍  വില 820 കോടി യൂറോയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാസമിതി ഉയര്‍ന്ന വില അംഗീകരിക്കുകയും ചെയ്തു. ഇതിനും മതിയായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.