കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് കൊണ്ടുവന്ന കാര്‍ഷികബില്ലുകളെ മറികടക്കാന്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ നടത്തിയ പഞ്ചാബിന് പിന്നാലെ കേരളവും ഇത്തരത്തില്‍ നിയമ നിര്‍മാണം പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാനത്തെ സഹകരണ സൊസൈറ്റികള്‍, ചെറുകിട നിക്ഷേപകര്‍ എന്നിങ്ങനെ പ്രാദേശിക തലത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കി കേരളം ബദല്‍ നിര്‍ദേശിക്കാന്‍ ഒരുങ്ങുന്നത്.

കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വില ഉറപ്പുനല്‍കലും കര്‍ഷകസേവനങ്ങളും സംബന്ധിച്ച കര്‍ഷക (ശാക്തീകരണവും സംരക്ഷണവും) നിയമം 2020. കേരളത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കുപകരം സഹകരണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള നിയമമാണ് നടപ്പാക്കുകയെന്നാണ് പ്രാമിക വിലയിരുത്തല്‍. കാര്‍ഷികോത്പാദനം, സംസ്‌കരണം, വിപണനം എന്നിവയില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായിട്ടുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാവും കേരളത്തിലെ നിയമം.

ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക, കര്‍ഷകന് ലാഭംകിട്ടുന്ന വ്യാവസായികവളര്‍ച്ച ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രനയമായിരിക്കും സംസ്ഥാനം നടപ്പാക്കുക.അതേപോലെ തന്നെ സംസ്‌കരണവും മൂല്യവര്‍ധനയും വിപണനത്തിനും ശേഷം ലാഭത്തില്‍ ഒരു പങ്ക് കര്‍ഷകന് കിട്ടുന്നതരത്തിലുള്ള രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നാണ് ചര്‍ച്ചകളിലുയര്‍ന്ന പ്രധാന നിര്‍ദേശം.