ചെങ്ങന്നൂര്‍ :  ചെങ്ങന്നൂരില്‍ ആര്‍ എസ് എസ് വോട്ട് യു ഡി എഫ് സ്ഥാമാര്‍ത്ഥിക്കെന്ന് ധാരണ. ആര്‍ എസ് എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്റെ അടുപ്പക്കാരനും അയ്യപ്പസേവാസംഘത്തിന്റെ ഭാരവാഹിയുമായ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് വോട്ട് നല്‍കണമെന്നാണ് ആര്‍ എസ് എസ് നേതൃത്വം തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്.  എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍പിള്ള നേരത്തെ ചെങ്ങന്നൂരില്‍ മത്സരിച്ചപ്പോള്‍ ആര്‍ എസ് എസ് വോട്ട് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പി മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന പി എസ് ശ്രീധരന്‍പിള്ളയ്ക്ക് വോട്ടുചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്ന സന്ദേശമാണ് ആര്‍ എസ് എസ് നല്‍കുന്നത്.

ചെങ്ങന്നൂരിലെ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന പടലപ്പിണക്കവും യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിനോടുള്ള ഉമ്മന്‍ചാണ്ടിയുടെ വിരോധവും യു ഡി എഫിനെ ഏറെ പിറകോട്ടടിപ്പിച്ചിരുന്നു. അപ്പോഴാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുഗ്രഹാശിസുകളോടെ ആര്‍ എസ് എസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയത്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ആര്‍ എസ് എസ് പറയുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തയ്യാറാവുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ കൃസ്ത്യന്‍ മേല്‍ക്കോയ്മ ഇല്ലാതാക്കാന്‍ ഇപ്പോഴത്തെ ധാരണ കൊണ്ട് സാധിക്കുമെന്നാണ് ആര്‍ എസ് എസ് കേരള നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദനും ആര്‍ എസ് എസിന്റെ വോട്ടുവേണ്ടെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടും കെ പി സി സി പ്രസിഡന്റ് എം എം ഹസനോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ അത്തരത്തിലൊരു പ്രസ്താവനയിറക്കാന്‍ തയ്യാറാവാത്തത് ഈ കൂട്ടുകെട്ടിനെ തുടര്‍ന്നാണെന്നാണ് സൂചന.

ആര്‍ എസ് എസ് തീരുമാനം സംഘപരിവാര്‍ സംഘടനകളില്‍ പരസ്യമായതോടെ ബി ജെ പിയ്ക്കകത്തും എന്‍ ഡി എ മുന്നണിയിലും പരസ്യമായ കലാപം തുടങ്ങികഴിഞ്ഞിരിക്കയാണ്. ബി ജെ പിയിലെ ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്ന സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയെ തോല്‍പ്പിക്കാന്‍ ബി ജെ പിയിലെ രണ്ട് ഗ്രൂപ്പുകളിലെയും പ്രമുഖര്‍ സംസാരിച്ചതിന്റെ ശബ്ദരേഖ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പി എസ് ശ്രീധരന്‍പിള്ള ബി ജെ പി നേതൃത്വത്തിന് നല്‍കിയ പരാതി പരിഗണിച്ചതുമില്ല. അപ്പോഴാണ് ആര്‍ എസ് എസിന്റെ യു ഡി എഫിന് പിന്തുണയെന്ന തീരുമാനം പുറത്തുവരുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഫോണില്‍ ബന്ധപ്പെട്ട പി എസ് ശ്രീധരന്‍പിള്ള വന്‍ പരാജയം ഉറപ്പായ ശരീരഭാഷയുമായാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നില്‍ക്കുന്നത്.