ബംഗളൂരു : സുപ്രീംകോടതി വിധികൂടി അനുകൂലമായതോടെ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ്  യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍  യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പമാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അതോടെ യെദ്യൂരപ്പ കര്‍ണാടകയുടെ 22ാമത് മുഖ്യമന്ത്രിയായി. രാവിലെ എട്ടരയോടെ യെദ്യൂരപ്പ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. തുടര്‍ന്ന് ഒമ്പതിന് ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലികൊടുത്തു.

104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്. കോണ്‍ഗ്രസിന്റെ യും ജെഡിഎസിന്റെയും ഹര്‍ജികള്‍ തള്ളിയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഇന്നു പുലര്‍ച്ചെ നാലോടെയാണ് സുപ്രീംകോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായത്. ഗവര്‍ണറുടെ തീരുമാനത്തിനാണ് എല്ലാ പ്രാധാന്യവും. ഞങ്ങള്‍ക്കു പിന്തുണയുണ്ട്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം സര്‍ക്കാരിന്റെ  ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്തില്‍ കോണഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. 117 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍  അവകാശപ്പെട്ടിട്ടുണ്ട്.

ഇന്നലെ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. സത്യപ്രതിജ്ഞ സ്‌റ്റേ ചെയ്യാനാകില്ല. നിശ്ചയിച്ചതുപോലെ ഇന്ന് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാന്‍ കോടതി ബി.ജെപി.യോട് ആവശ്യപ്പെട്ടു. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. കോടതിയുടെ നിലപാട് വാക്കാല്‍ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്. അതോടെയാണ് സത്യപ്രതിജ്ഞയ്ക്കുള്ള അരങ്ങൊരുക്കിയത്.