ഐസ്‌വാള്‍ : മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹരജി. മിസോറാമിലെ പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന സംഘടനയാണ് ഭീമഹരജി നല്‍കിയത്.

കുമ്മനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലവും തീവ്രവര്‍ഗീയ നിലപാടുകളും മതനിരപേക്ഷ വിരുദ്ധതയുമാണ് അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് ഭീമഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം നാല് മുതല്‍ ഒന്‍പത് വരെ കുമ്മനത്തെ ഗവര്‍ണറാക്കിയതിനെതിരെ ഒപ്പ് ശേഖരണം നടന്നിരുന്നു. 53,167 പേരാണ് ഭീമഹരജിയില്‍ ഇതില്‍ ഒപ്പിട്ടിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുമ്മത്തിനെ ഗവര്‍ണറായി നിയോഗിച്ച നടപടി സംശയാസ്പദമാണെന്നാണ് പ്രിസം പറയുന്നത്. മിസോറാം ഗവര്‍ണറായി നിയമിതനാകുന്നതിന് തൊട്ടുമുന്‍പ് വരെ കുമ്മനം കേരളത്തില്‍ ബി ജെ പി അധ്യക്ഷനായിരുന്നു. അതുകൊണ്ടു തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് കുമ്മനം പ്രവര്‍ത്തിക്കുമോ എന്നത് സംശയകരമാണെന്നും പ്രിസം ആരോപിച്ചു.

എന്തായാലും മിസോറാമിലെ ജനങ്ങള്‍ കുമ്മനത്തെ അംഗീകരിക്കുന്നില്ല എന്നതിന്റെ ചുവരെഴുത്താണ് സംസ്ഥാനത്ത് തെളിഞ്ഞുവരുന്നത്. ആര്‍ എസ് എസ് പ്രചാരകനായ കുമ്മനം രാജശേഖരന്‍ നേരത്തെ ബി ജെ പി കേരള സംസ്ഥാന കമ്മറ്റിയുടെ പ്രസിഡന്റാവുമ്പോള്‍ ബി ജെ പി അംഗത്വം പോലുമില്ലായിരുന്നു. ആ സമയത്ത് ബി ജെ പിയ്ക്കകത്ത് പോലും കുമ്മനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോള്‍, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുഖത്തുനിന്നും മിസോറാമിലേക്ക് പറിച്ചുനടപ്പെട്ട കുമ്മനത്തിനെതിരെ ആ സംസ്ഥാനത്തെ ജനങ്ങളും പ്രതികരിക്കുന്നു. പ്രതിഷേധം രാഷ്ട്രപതിക്ക് മുന്നിലേക്കെത്തുന്നു.