റഷ്യ : ഫുട്‌ബോള്‍ പെയ്തിറങ്ങുന്ന രാവുകള്‍ക്കും പകലുകള്‍ക്കും സാക്ഷിയാവുകയാണ് ഇനി റഷ്യ. പന്തുകൊണ്ട് കവിത രചിക്കുന്ന കലാകാരന്‍മാരുടെ ചാരുതയില്‍ ലോകം ത്രസിക്കുന്ന ദിനരാത്രങ്ങള്‍ക്ക് റഷ്യയില്‍ തുടക്കമായി. 2018 ഫുട്‌ബോള്‍ ലോകകപ്പ് കിക്കോഫ്. ആതിഥേയരായ റഷ്യയുടെ മണ്ണില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം ആദ്യ മത്സത്തില്‍ ആതിഥേയരായ റഷ്യയും സൗദിയും ഏറ്റുമുട്ടി. ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതനേടിയ റഷ്യ 1990 നുശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്. ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ ഇല്ലാത്ത റഷ്യക്ക് ഇക്കുറി സ്വന്തം മണ്ണില്‍ ഏറെ മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. ആതിഥേയ ടീം ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രം തിരുത്തപ്പെടുമോ എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

റഷ്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ യുറഗ്വായ്, സൗദി, ഈജിപ്ത് എന്നിവരാണ് മറ്റ് ടീമുകള്‍. ഫൈദോര്‍ സ്‌മോലോവിന്റെ ഗോളടി മികവിലാണ് റഷ്യയുടെ പ്രതീക്ഷ. റഷ്യയ്‌ക്കെതിരെ ഇതിനു മുമ്പ് കളിച്ച ഏക മത്സരത്തില്‍ ജയിക്കാനായത് സൗദിക്ക് ആത്മ വിശ്വാസം ഉയര്‍ത്തുന്നുണ്ട്. സ്‌െ്രെടക്കര്‍ മുഹമ്മദ് അല്‍ സഹ്‌ലാവിയുടെ ഫോമിലാണ് സൗദിയുടെ പ്രതീക്ഷഭാരം. മധ്യനിരയില്‍ പരിചയ സമ്പന്നരായ തൈസിര്‍ അല്‍ ജാസിമും സല്‍മാന്‍ അല്‍ ഫരാജും അടങ്ങുന്ന നിരയും സൗദിക്കു മാറ്റു കൂട്ടും. ലോകത്തിന്റെ കണ്ണുകള്‍ ലുഷ്‌കിനിയിലെ സ്‌റ്റേഡിയത്തിലേക്ക് മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. ലോകം ആരവങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. പന്തിന്റെ ചലനങ്ങളില്‍ നിന്നും കണ്ണുകള്‍ വേര്‍പ്പെടുത്താതെ ലോകമാകെ ഉ്റ്റുനോക്കുമ്പോള്‍ റഷ്യന്‍ ചെങ്കുപ്പായക്കാര്‍ സൗദിയുടെ വല കുലുക്കിയത് അഞ്ച് പ്രാവശ്യം.

റഷ്യ >< സൗദി അറേബ്യ (ഗ്രൂപ്പ് എ)

സമയം: രാത്രി 8.30

വേദി: ലുഷ് നികി സ്‌റ്റേഡിയം

സമീപകാലത്ത് മോശം പ്രകടനം പുറത്തെടുത്ത ടീമുകളാണ് റഷ്യയും സൗദിയും. റഷ്യക്ക് തുടര്‍ച്ചയായ ഏഴ് കളികളില്‍ ജയിക്കാനായില്ല. അവസാനമായി ജയിച്ചത് കഴിഞ്ഞ ഒക്ടോബറില്‍ ദക്ഷിണ കൊറിയക്കെതിരെ. സൗദി മൂന്ന് സന്നാഹമത്സരങ്ങളില്‍ തോറ്റു. ഇറ്റലി, പെറു, ജര്‍മനി ടീമുകളോടാണ് തോറ്റത്. 2002ലാണ് റഷ്യ അവസാനമായി ലോകകപ്പില്‍ ഒരു മത്സരം ജയിച്ചത്. സൗദി 1994ലും. ലോകകപ്പ് ഉദ്ഘാടനമത്സരത്തില്‍ ആതിഥേയര്‍ തോറ്റ ചരിത്രമില്ല.

റഷ്യ
ആതിഥേയര്‍. ഫിഫ റാങ്കിങ്: 70
പരിശീലകന്‍: സ്റ്റാനിസ്ലാവ് ചെര്‍ചെസോവ്
സ്വന്തം കാണികളുടെ മുന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷ. ഗ്രൂപ്പിലെ മറ്റ് ടീമുകളായ ഉറുഗ്വേയും ഈജിപ്തും റഷ്യക്ക് കടുത്ത വെല്ലുവിളിയാകും.
പ്രതീക്ഷിക്കുന്ന ടീം ലൈനപ്പ്: ഇഗോര്‍ അകിന്‍ഫീവ്, മരിതോ ഫെര്‍ണാണ്ടസ്, ഫെദോര്‍ കുര്‍ദ്യാഷോവ്, സെര്‍ജി ഇഗ്‌നാഷെവിച്ച്, യൂറി ഷിര്‍കോവ്, റൊമാന്‍ സോബ്‌നിന്‍, ഡാലെര്‍ കുസ്യായേവ്, അലന്‍ സഗോയേവ്, അലെക്‌സാണ്ടര്‍ സമെദോവ്, അലക്‌സാണ്ടര്‍ ഗോളോവിന്‍, ഫെദെര്‍ സ്‌മൊളോവ്.

സൗദി അറേബ്യ
ഏഷ്യന്‍ മേഖല. ഫിഫ റാങ്കിങ്: 67
പരിശീലകന്‍: യുവാന്‍ അന്റോണിയോ പിസി
ചിലിക്ക് കോപ അമേരിക്ക കിരീടം സമ്മാനിച്ച പിസിയാണ് സൗദിയുടെ പരിശീലകന്‍. ഗ്രൂപ്പ്ഘട്ടം കടക്കാനുള്ള നേരിയ സാധ്യത നിലനിര്‍ത്തണമെങ്കില്‍ റഷ്യയെ കീഴടക്കുക അനിവാര്യം.
പ്രതീക്ഷിക്കുന്ന ടീം ലൈനപ്പ്: അബ്ദുള്ള അല്‍ മയൗഫ്, ഉസമാഹ് ഹുസാവി, ഷഹ്‌റാനി, മുഹമ്മദ് അല്‍ ബാരിക്, അബ്ദുല്ല ഒടിഫ്, സല്‍മാന്‍ അല്‍ ഫറാജ്, യഹ്യ അല്‍ ഷിറി, ടയ്‌സിര്‍ അല്‍ ജസിം, അല്‍ ദൊസാറി, ഫഹല്‍ അല്‍ മൊലാദ്.