റഷ്യ : ഫ്രന്‍സിന്റെ ചടുലതയിലാണ് ബെല്‍ജിയം വീണുപോയത്. 16 വര്‍ഷത്തിനും ആറു ദിവസത്തിനും ശേഷം ഫ്രാന്‍സ് വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. 1998ല്‍ സ്വന്തം മണ്ണില്‍ ഫൈനല്‍ കളിച്ച് കിരീടം ചൂടിയ ശേഷം ഇതാദ്യമായാണ് ഫ്രാന്‍സിന്റെ ഫൈനല്‍ പ്രവേശനം. അട്ടിമറി സ്വപ്‌നങ്ങളുമായി എത്തിയ ബെല്‍ജിയത്തിന്റെ യുവനിരയെ ഒരൊറ്റ ഗോളില്‍ തോല്‍പിച്ചാണ് റഷ്യന്‍ മണ്ണില്‍ ഫ്രഞ്ചുകാര്‍ വിപ്ലവം സൃഷ്ടിച്ചത്. ജയത്തോടെ  ലോകകപ്പിന്റെ ഇരുപത്തിയൊന്നാം പതിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഫ്രാന്‍സ്.

ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 51ാം മിനിറ്റില്‍ പ്രതിരോധ താരം സാമുവല്‍ ഉംറ്റിറ്റിയാണ് മത്സരഫലം നിര്‍ണയിച്ച ഗോള്‍ ഫ്രാന്‍സിനായി വലയിലെത്തിച്ചത്.
4 -2 -3 -1 ഫോര്‍മേഷനിലാണ് 1998ല്‍ കിരീടം ഉയര്‍ത്തിയ നായകനും ഇപ്പോഴത്തെ കോച്ചുമായ ദിദിയര്‍ ദെഷാംപസ് ഫ്രഞ്ച് ടീമിനെ കളിക്കളത്തില്‍ വിന്യസിച്ചത്. ക്വാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്കെതിരെ ജയിച്ച ടീമില്‍ നിന്ന് ടോളിസോയെ പുറത്തിരുത്തിയപ്പോള്‍ പരുക്ക് മാറിയെത്തിയ ബ്ലെയ്‌സ് മാറ്റിയൂഡി ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മറുവശത്ത് ബെല്‍ജിയന്‍ നിരയില്‍ വിലക്ക് നേരിടുന്ന തോമസ് മ്യുനിയറിന് പകരം ഉസ്മാന്‍ ഡെംബലേ ആദ്യ ഇലവനില്‍ കളത്തിലിറങ്ങി. 4 -2 -3 -1ഫോര്‍മേഷന്‍നില്‍ തന്നെയായിരുന്നു ബെല്‍ജിയത്തിന്റെയും പടയൊരുക്കം. പ്രബലര്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ഇരുവരും സന്ധിക്ക് തയാറല്ലായിരുന്നു. ഇതോടെ കിക്കോഫ് മുതല്‍ ആക്രമണാത്മക ഫുട്‌ബോളിന്റെ വിരുന്നായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ക്ക്. ഇരു ഗോള്‍മുഖത്തേക്കും അപകട ഭീഷണി ഉയര്‍ത്തി തുടരെ പന്തുകള്‍ എത്തിക്കൊണ്ടിരുന്നു.

ആദ്യ പകുതിയില്‍ ഫ്രാന്‍സിനായിരുന്നു മേല്‍ക്കൈ. എന്നാല്‍ വിട്ടുകൊടുക്കാതെ ബെല്‍ജിയവും തിരിച്ചടിച്ചു. ഏതുനിമിഷവും ഗോള്‍ വീഴുമെന്ന നിലയിലായിരുന്നു മത്സരമെങ്കിലും ബാറിനു കീഴില്‍ ഫ്രഞ്ച് നായകന്‍ ഹ്യൂഗോ ലോറിന്റെയും ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസിന്റെയും മിന്നുന്ന പ്രകടനങ്ങള്‍ ഇരുടീമുകളെയും കാത്തുരക്ഷിച്ചു. ഒളിവര്‍ ഗിറൗഡ് എന്ന ഒറ്റ ഡിഫന്‍ഡറെ കുന്തമുനയാക്കിയ ഫ്രാന്‍സ് മധ്യനിരയില്‍ അന്റോയിന്‍ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ, പോള്‍ പോഗ്ബ എന്നിവരിലൂടെയാണ് ആക്രമണങ്ങള്‍ മെനഞ്ഞത്. മറുവശത്ത് ബെല്‍ജിയവും ഇതേ തന്ത്രം തന്നെ പയറ്റി. റൊമേലു ലുക്കാക്കുവിനെ ഒറ്റ സ്ട്രൈക്കറാക്കി ഇറങ്ങിയ ബെല്‍ജിയത്തിന് ആക്രമണങ്ങള്‍ക്ക് ഇന്ധനമേകിയത് മധ്യനിരയില്‍ നായകന്‍ ഈഡന്‍ ഹസാര്‍ഡ്, ഫെല്ലേനി, കെവിന്‍ ഡിബ്രൂയന്‍ എന്നിവരാണ്. 18ാം മിനിറ്റില്‍ മറ്റിയൂഡിയുടെ ആക്രമണത്തോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്.  ശ്രമം തിബൗട്ട് കൗര്‍ട്ടോയിസ് സേവ് ചെയ്തു. തൊട്ടുപിന്നാലെ ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹസര്‍ഡ് നടത്തിയ നീക്കം ലോറിസും വിഫലമാക്കി. 21ാം മിനിറ്രില്‍ ചാഡ്‌ലിയുടെ കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത്  ആല്‍ഡര്‍വൈറില്‍ഡ് ഗോളാക്കിയെന്ന് തോന്നിച്ചെങ്കിലും വീണ്ടും ലോറിസ് ഫ്രാന്‍സിന്റെ രക്ഷകനായി. ആദ്യപകുതിയില്‍ അടിയും തടയുമായി ആവേശം ജനിപ്പിച്ചെങ്കിലും ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെല്‍ജിയത്തെ ഞെട്ടിച്ചു 51ാം മിനിറ്രില്‍ തന്നെ ഉംറ്റിറ്റിയുടെ ഗോളില്‍ ഫ്രാന്‍സ് ഫൈനല്‍ ഉറപ്പിച്ച ഗോള്‍ നേടി. പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ തകര്‍പ്പന്‍ ക്രോസ് അതിമനോഹരമായൊരു ഹെഡ്ഡറിലൂടെ ഉംറ്റിറ്രി കൗര്‍ട്ടോയിസിനെ കബളിപ്പിച്ച് വലയിലാക്കുകയായിരുന്നു. തുടര്‍ന്ന് സമനില്ക്കായി ബെല്‍ജിയം ഇരച്ചെത്തിയെങ്കിലും ഫ്രഞ്ച് ഗോള്‍ മുഖത്ത് ഹ്യൂഗോ ലോറിസ് വന്‍മതില്‍ തീര്‍ത്തു. മറുവശത്ത് ഫ്രാന്‍സിന്റെ തുടര്‍ ആക്രമണങ്ങള്‍ക്ക് കൗര്‍ട്ടോയിസും വിലങ്ങ് തടിയായി.