മഹാരാജാസ് കോളേജിലെ എസ്.എഫ്.എെ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാർ, ആലപ്പുഴ സ്വദേശികളായ ഷാജഹാൻ, ഷിറാസ് സലീം എന്നിവരാണ് പിടിയിലായത്. 

ഇതിൽ ഗൂഢാലോചനയിൽ അനൂപിന് പങ്കുണ്ടെന്നും, പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് നിസാറാണെന്നും പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്നും അറസ്റ്റിലായ ഷാജഹാന്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്നയാളുമാണ്. ഇതോടെ കൊലപാതക കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. വൈകാതെ ഒരാളുടെ കൂടെ അറസ്റ്റ് ഉണ്ടാകും എന്നാണ് അറിയുന്നത്.

അതേസമയം, അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നുപേർ വിദേശത്തേക്ക് രക്ഷപ്പെട്ടു എന്ന സംശയവും ശക്തമാണ്. വ്യാജ പാസ് പോർട്ട് ഉപയോഗിച്ചാണ് ഇവർ വിദേശത്തേക്ക് കടന്നതെന്നാണ് വിവരം. കൊച്ചിയിൽ നിന്നു റോഡ് മാർഗം ഹൈദരാബാദിലെത്തി അവിടെനിന്ന് പ്രതികൾ വിദേശത്തേക്ക് കടന്നു എന്നാണ് പ്രാഥമിക നിഗമനം