റഷ്യ : ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന് ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ആരും പ്രതീക്ഷ പുലര്‍ത്താതിരുന്ന ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച കളി മികവാണ് മോ!ഡ്രിച്ചിനെ മികച്ച താരമാക്കിയത്. ബല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ ഒന്നാമനായത്. മികച്ച താരത്തിനുള്ള മല്‍സരത്തില്‍ മോഡ്രിച്ചിന് വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെട്ട ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടി. ഈ ലോകകപ്പിലാകെ നാലു ഗോളുകള്‍ നേടിയാണ് പത്തൊന്‍പതുകാരനായ എംബാപ്പെ മികച്ച യുവതാരമായത്.

ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്, ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടി. ബ്രസീല്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസും ആറു ഗോളുകളോടെയാണ് പുരസ്‌കാരം നേടിയത്. മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ കരസ്ഥമാക്കി. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഉള്‍പ്പെടെ തിബോ നടത്തിയ മികച്ച സേവുകളാണ് താരത്തിന് പുരസ്‌കാരത്തിനര്‍ഹനാക്കിയത്.