ചങ്ങാത്തമുതലാളിത്തത്തെ പുണരുന്ന മോഡി

ഗുജറാത്തിലെ വികസനം മോഡിയുടെ സൃഷ്ടിയല്ല. യഥാര്‍ത്ഥത്തില്‍ മോഡിയുടെ ജനനത്തിനും മുന്നേ തന്നെ വ്യാവസായിക മുന്നേറ്റമുണ്ടായ പ്രദേശമാണ് ഗുജറാത്ത്. ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്ന പേര് അഹമ്മദാബാദിന് കൈവന്നത് കൊളോണിയല്‍ കാലത്താണ്. അതിനുകാരണം ഗുജറാത്തിലുള്ള ധനാഢ്യര്‍ നിരവധി തുണിമില്ലുകള്‍ അവിടെ സ്ഥാപിച്ചതുകൊണ്ടാണ്. പിന്നീട് അവിടെ രാസവളനിര്‍മാണം, എണ്ണ ഉത്പാദനം ശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ മുന്നേറ്റമുണ്ടായി. അത്തരത്തില്‍ കൈവരിച്ച വികസനത്തെ മോഡിയുടെ തലയില്‍ ചാര്‍ത്തി കൊടുക്കുകയാണ് കുത്തകമാധ്യമങ്ങള്‍. എന്നാല്‍, ഗുജറാത്തിന്റെ കറുത്തവശങ്ങളെ അവര്‍ സമര്‍ത്ഥമായി മൂടിവെക്കുകയും ചെയ്യുന്നു.

ആര്‍ എസ് എസ് മുന്നോട്ടുവെക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി, കോര്‍പ്പറേറ്റുകളുടെ ഓമനയാണ്. സാമ്രാജ്യത്വ ശക്തികള്‍ മോഡിയുടെ രീതികളെ ഏറെ ഇഷ്ടപ്പെടുന്നു. സാമ്രാജ്യത്വം, തങ്ങളുടെ അധികാരവും ലാഭവും വര്‍ധിപ്പിക്കാന്‍; വര്‍ഗീയത, തീവ്രവാദം, ഭീകരവാദം എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന സ്വത്വ രാഷ്ട്രീയത്തെയാണ് ആയുധമാക്കി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ തീര്‍ച്ചയായും യോഗ്യനാണ് താനെന്ന് വംശഹത്യയിലൂടെ മോഡി പ്രഖ്യാപിച്ചുകഴിഞ്ഞു. സാമ്രാജ്യത്വം വര്‍ഗീയതയെ ഭീകരവാദമായി അണിയിച്ചൊരുക്കും. കൂടുതല്‍ ആക്രമണകലുഷതയുള്ള അന്തരീക്ഷമാണ് സാമ്രാജ്യത്വത്തിന് ഇഷ്ടം. ഒസാമ ബിന്‍ ലാദനെ വളര്‍ത്തിയ സാമ്രാജ്യത്വ രീതികള്‍ നമുക്കറിയാം. മോഡി മുന്നോട്ടുവെക്കുന്ന മതവര്‍ഗീയതയെ മതതീവ്രവാദമാക്കാനും പിന്നീടതിനെ മതഭീകരവാദമാക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സാമ്രാജ്യത്വമുള്ളത്. വംശഹത്യയുടെ സംഘാടകനില്‍ നിന്നും അതൊക്കെ സാധ്യമാക്കാമെന്നതില്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് സംശയമുണ്ടാവില്ല.

 

മതവര്‍ഗീയത എന്നതുകൊണ്ട് ഒരു മതമാകെ സംഘടിതമായി രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. രാഷ്ട്രീയ ഭരണകൂട പ്രക്രിയയില്‍ മതത്തിന്റെ പേരു പറഞ്ഞുകൊണ്ട് ഒരു വിഭാഗം ഇടപെടുന്നതിനെയാണ് അങ്ങനെ നിര്‍വചിക്കുന്നത്. ഇതിനേക്കാള്‍ തീവ്രമായ സ്വഭാവമാണ് മതതീവ്രവാദം പ്രകടിപ്പിക്കുന്നത്. മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രക്രിയയില്‍ നേരിട്ട് ഇടപെടുകയും മതങ്ങള്‍ തമ്മിലുള്ള കലാപവും സംഘട്ടനവും അജണ്ടകള്‍ വെച്ച് സംഘടിപ്പിക്കുകയും ചെയ്യുകയാണ് മതതീവ്രവാദികള്‍. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകള്‍ ഇത് പ്രയോഗിക്കുന്നുണ്ട്. മതഭീകരവാദത്തിലേക്ക് എത്തുമ്പോള്‍ അവര്‍ നിലവിലുള്ള ഭരണകൂട വ്യവസ്ഥയെ തന്നെ അംഗീകരിക്കുന്നില്ല. എക്‌സിക്യുട്ടീവ്, ജുഡീഷ്യറി, ലജിസ്ലേറ്റീവ് എന്നിവ ഉള്‍ക്കൊള്ളുന്ന ഭരണകൂട വ്യവസ്ഥയെ അംഗീകരിക്കാതെ തങ്ങള്‍ തന്നെയാണ് ഇവയൊക്കെ എന്ന് സ്വയം തീരുമാനിക്കുകയും നിര്‍വഹിക്കുകയുമാണ് ഭീകരവാദികള്‍. രാജ്യദ്രോഹത്തിന്റെ പാതയിലൂടെ നടക്കുന്നതിനും കൈവെട്ടല്‍ മുതല്‍ കൊലപാതകം വരെയുള്ള അക്രമപരിപാടികള്‍ നടപ്പിലാക്കാനും കലാപങ്ങള്‍ സംഘടിപ്പിക്കാനും സ്‌ഫോടനങ്ങളിലൂടെ മനുഷ്യജീവന്‍ കവരാനുമൊക്കെ തയ്യാറാവുന്ന അഹന്തയിലാണ് മതഭീകരവാദം നിലകൊള്ളുന്നത്. മതവര്‍ഗീയത, മതതീവ്രവാദം എന്നിവ നരേന്ദ്രമോഡിയിലൂടെ പ്രയോഗിച്ച് കഴിവ് തെളിയിച്ച ആര്‍ എസ് എസ് നേതൃത്വം ജനാധിപത്യത്തെ അംഗീകരിക്കാത്ത കൂട്ടമായതുകൊണ്ട് മതഭീകരവാദത്തിലേക്ക് എത്താന്‍ താമസം വേണ്ട. ജനാധിപത്യം മരണമടഞ്ഞ് ഫാസിസം പിറവികൊള്ളുമ്പോള്‍ കൂടെ മതഭീകരവാദവും ഉണ്ടാവും. അതിനാലാണ് സംഘപരിവാരത്തിനെ സാമ്രാജ്യത്വം ഏറെ ഇഷ്ടപ്പെടുന്നത്.

സാമ്രാജ്യത്വ ബാന്ധവവുമായി ബന്ധപ്പെടുത്തി വേണം മോഡിയെ വെള്ളപൂശാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കുത്തകമാധ്യമങ്ങളെ കാണേണ്ടത്. കോര്‍പ്പറേറ്റുകളാണ് മാധ്യമങ്ങളെ കൊണ്ട് പെയ്ഡ് ന്യൂസുകള്‍ എന്ന ഭാവം ധ്വനിപ്പിക്കാതെ മോഡി സ്തുതികള്‍ സംഘടിപ്പിക്കുന്നത്. മോഡിയുടെ വികസനത്തെ കുറിച്ച്് ആര്‍പ്പ് വിളിക്കുമ്പോഴും വന്‍ശക്തി എന്ന സ്വപ്നം പങ്കുവെക്കുമ്പോഴും അവയില്‍ നിന്നൊക്കെ ഭൂരിപക്ഷ-ന്യൂനപക്ഷ മതസ്പര്‍ധ തുടങ്ങിയുള്ള വര്‍ഗീയ അജണ്ടകള്‍ തികട്ടി വരുന്നുണ്ട്. ഇത് മോഡി ഇഫക്ടാണ്. വികസനം എന്ന, എല്ലാവരും അംഗീകരിക്കുന്ന മുദ്രാവാക്യത്തോടൊപ്പം ന്യൂനപക്ഷ നിഷ്‌കാസനത്തിന്റെ ഫാസിസ്റ്റ് അജണ്ട കൂട്ടികെട്ടി മോഡിയിലെ ആര്‍ എസ് എസുകാരന്‍ ചിരിക്കുകയാണ്.

ഗുജറാത്തിലെ വികസനം മോഡിയുടെ സൃഷ്ടിയല്ല. യഥാര്‍ത്ഥത്തില്‍ മോഡിയുടെ ജനനത്തിനും മുന്നേ തന്നെ വ്യാവസായിക മുന്നേറ്റമുണ്ടായ പ്രദേശമാണ് ഗുജറാത്ത്. ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്ന പേര് അഹമ്മദാബാദിന് കൈവന്നത് കൊളോണിയല്‍ കാലത്താണ്. അതിനുകാരണം ഗുജറാത്തിലുള്ള ധനാഢ്യര്‍ നിരവധി തുണിമില്ലുകള്‍ അവിടെ സ്ഥാപിച്ചതുകൊണ്ടാണ്. പിന്നീട് അവിടെ രാസവളനിര്‍മാണം, എണ്ണ ഉത്പാദനം ശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ മുന്നേറ്റമുണ്ടായി. അത്തരത്തില്‍ കൈവരിച്ച വികസനത്തെ മോഡിയുടെ തലയില്‍ ചാര്‍ത്തി കൊടുക്കുകയാണ് കുത്തകമാധ്യമങ്ങള്‍. എന്നാല്‍, ഗുജറാത്തിന്റെ കറുത്തവശങ്ങളെ അവര്‍ സമര്‍ത്ഥമായി മൂടിവെക്കുകയും ചെയ്യുന്നു. ഗുജറാത്തില്‍ സമ്പൂര്‍ണവൈദ്യുതീകരണം നടന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ ഗുജറാത്ത് കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി ആവശ്യപ്പെട്ടുകൊണ്ടുള്ള അഞ്ച് ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു എന്നാണ്. 90-95 കാലത്ത് സംസ്ഥാന ബജറ്റിന്റെ 4.25 ശതമാനം ഗുജറാത്തിലെ ആരോഗ്യ സംരക്ഷണകാര്യത്തിനായി ചെലവിട്ടിരുന്നു. എന്നാല്‍, മോഡി അധികാരത്തില്‍ വന്നതിന് ശേഷം 2005-10ല്‍ ചെലവാക്കിയത് വെറും 0.77ശതമാനം മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാം. കേന്ദ്ര ആസൂത്രണകമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തിലെ അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ 44.6 ശതമാനത്തിനും പോഷകാഹാരം ലഭിക്കുന്നില്ല. മോഡി വന്നാല്‍ വിദേശ നിക്ഷേപം കുന്നുകൂടും എന്ന് ബിജെപിയും മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോള്‍ റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ പറയുന്നത് ഗുജറാത്ത് വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് എന്നാണ്. അപ്പോഴും കോര്‍പ്പറേറ്റുകള്‍ക്ക്, വ്യവസായ പ്രമുഖര്‍ക്ക് നരേന്ദ്രമോഡി പ്രിയങ്കര്‍ തന്നെയാണ്. കാരണം ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താവാണ് നരേന്ദ്രമോഡി.

ചങ്ങാത്ത മുതലാളിത്തം(Crony Capitalism)മോഡിക്ക് ശക്തിപകര്‍ന്ന് കൂടെ നില്‍ക്കുകയാണ്. മുതലാളിത്ത വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലാഭം വര്‍ധിപ്പിക്കുന്നതിനുമായി മുതലാളിമാര്‍, ഭരണസംവിധാനവുമായുള്ള ചങ്ങാത്തം വളര്‍ത്തുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ചങ്ങാത്ത മുതലാളിത്തം. മോഡിയുടെ ഗുജറാത്തില്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും അത് വൃത്തിയായി നിര്‍വഹിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വികസനം കൊണ്ടുള്ള ഗുണഫലങ്ങള്‍ ലഭിച്ചില്ലെങ്കിലും മുതലാളിമാര്‍ക്ക് ലാഭം കുന്നുകൂടി. ആ ലാഭവിഹിതത്തില്‍ നിന്ന് കുറച്ചെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയാണ് 'ഗുജറാത്തില്‍ മോഡിയുടെ വികസനം' എന്ന തലക്കെട്ട് ഉണ്ടാക്കിയത്. ഇന്ത്യയിലാകെ ചങ്ങാത്തമുതലാളിത്ത രീതി നടപ്പിലാക്കാനാണ് സംഘപരിവാരത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ മുന്നോട്ടുവെക്കുന്നത്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞത് പോലെ ആര്‍ എസ് എസിന് ഫാസിസവും കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കുന്നുകൂട്ടലും മോഡിയിലൂടെ നടപ്പിലാക്കാന്‍ സാധിക്കും.

വംശഹത്യയുടെ സംഘാടകര്‍ സാമ്രാജ്യത്വ സഹായത്തോടെ ജനാധിപത്യത്തെ ഉപയോഗിച്ച് ഫാസിസം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍, മത തീവ്രവാദത്തിനെതിരായി മതനിരപേക്ഷ ശക്തികള്‍ യോജിക്കേണ്ടതുണ്ട്. മത തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. യു പി എ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നവര്‍ ആണ്. ആഗോളവത്കരണത്തെ തുണക്കുന്ന നയങ്ങളാണ് യു പി എയും എന്‍ ഡി എയും സ്വീകരിക്കുന്നത്. ബി ജെ പി കൂട്ടുകെട്ടില്‍ നിന്ന് കോണ്‍ഗ്രസ് മുന്നണിക്കുള്ള വ്യത്യാസം അതിന് വര്‍ഗീയ സ്വഭാവവും വര്‍ഗീയ ലക്ഷ്യങ്ങളുമില്ല എന്നതാണ്. എന്നാല്‍, വര്‍ഗീയതയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നതിന് അവര്‍ക്ക് മടിയില്ല. മൃദുഹിന്ദുത്വത്തെ പലപ്പോഴും ഇക്കൂട്ടര്‍ പരിണയം ചെയ്യാറുണ്ട്. അതിനാല്‍ ഇന്ന് രാജ്യത്തിനാവശ്യം ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കൂട്ടായ്മയാണ്. അതിനുവേണ്ടിയുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നത്

07-Dec-2013