വെള്ളിത്തിരയില്‍ കരി വീഴ്ത്തരുത്

കാല്‍നൂറ്റാണ്ടോളം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന 'ജനപ്രിയ നായകന്‍' എന്ന പേര് സമ്പാദിച്ച നടനെ ജയിലിലടച്ചത് ഒരു സാധാരണ നടപടിയല്ല.  തനിക്ക് അപ്രീതി തോന്നിയ യുവനടിയെ നിന്ദ്യവും നികൃഷ്ടവുമായ വിധത്തില്‍ മാനഭംഗപ്പെടുത്താനും അത് ചിത്രീകരിച്ച് ബ്ളാക്മെയില്‍ ചെയ്യാനും ആളെ ഏര്‍പ്പാട്ചെയ്തെന്നാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. 'ഇയാള്‍ ഇങ്ങനെയായിരുന്നോ' എന്ന് അത്ഭുതംകൂറി പ്രതികരിച്ചവരാണ് ഏറെയും. ബോളിവുഡിലെപ്പോലെ അല്ലെങ്കിലും മലയാള സിനിമാമേഖലയിലും അധോലോകപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ദിലീപിന്റെ അറസ്റ്റും അതിന് മുമ്പുള്ള സംഭവങ്ങളും വിരല്‍ചൂണ്ടുന്നത്. ഇത് ഗൌരവമായി പരിശോധിക്കേണ്ടതാണ്. സിനിമയെ കൂവിതോല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ക്ക് ക്വട്ടേഷന്‍, സിനിമയെ വിജയിപ്പിക്കാന്‍ കൈയടിക്കാന്‍ മറുക്വട്ടേഷന്‍ - ഇങ്ങനെയുള്ള അനഭിലഷണീയ പ്രവണതകളുമുണ്ട്. വെള്ളിത്തിരയില്‍ കറുപ്പുപടരുന്നതിനെതിരായ നിലപാടാണ് എല്‍ഡിഎഫിനും പിണറായി വിജയന്‍ സര്‍ക്കാരിനുമുള്ളത്.

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിന് ചലച്ചിത്രനടന്‍ ദിലീപ് അറസ്റ്റിലായത് ഉത്തരം തേടുന്ന നിരവധി ചോദ്യങ്ങളുയര്‍ത്തുന്ന അസാധാരണ സംഭവമാണ്. ചലച്ചിത്രമേഖല, സംസ്ഥാന പൊലീസ് ഭരണം തുടങ്ങിയ വ്യത്യസ്ത മേഖലകളെ വിലയിരുത്താനുള്ള അവസരമായി ഇത് മാറി. മാഫിയാ അഴിഞ്ഞാട്ടം, കൊലപാതകം, മാനഭംഗപ്പെടുത്തല്‍, വെടിവയ്പ്, ക്വട്ടേഷന്‍ കുറ്റകൃത്യം-ഇതെല്ലാം ബോളിവുഡില്‍നിന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്.  ചിലപ്പോഴെല്ലാം സൂപ്പര്‍സ്റ്റാറുകള്‍പോലും അവിടെ തടവറയിലായിട്ടുണ്ട്. പക്ഷേ മലയാളസിനിമാരംഗം അങ്ങനെ അധഃപതിച്ച ഒന്നല്ല എന്നാണ് പൊതുവില്‍ കരുതിയത്. എന്നാല്‍, അവിശ്വസനീയവും അനാശാസ്യവുമായ ചിലതെല്ലാം അരങ്ങുവാഴുന്നുവെന്ന് ദിലീപിന്റെ അറസ്റ്റോടെ വ്യക്തമാകുന്നു.

കഴിഞ്ഞ ഫെബ്രുവരി 17ന് യുവനടി വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവമുണ്ടായി. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ 48 മണിക്കൂറിനുള്ളില്‍ വെളിച്ചത്തുകൊണ്ടുവരാനും കാലതാമസംകൂടാതെ പ്രതികളെ അറസ്റ്റ്ചെയ്യാനും കേരള പൊലീസിന് കഴിഞ്ഞു. അതിന് തുടര്‍ച്ചയായി ഗൂഢാലോചനയില്‍ 'പ്രശസ്ത' ചലച്ചിത്രനടനെ അറസ്റ്റ്ചെയ്യാനും കഴിഞ്ഞു. ഈ പൊലീസ് നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ സല്‍പ്പേര് വര്‍ധിപ്പിച്ചു. ഏത് കൊലക്കൊമ്പനായാലും കുറ്റംചെയ്താല്‍ അഴിയെണ്ണും എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അത് സമര്‍ഥമായി പ്രാവര്‍ത്തികമാക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജയിച്ചു. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് നടക്കില്ലായിരുന്നുവെന്ന് കെ അജിതയും സ്വതന്ത്രമായി അന്വേഷിക്കാന്‍ പൊലീസിനെ അനുവദിച്ചതുകൊണ്ടാണ് വേട്ടക്കാരന്‍ വാരിക്കുഴിയില്‍ വീണതെന്ന് സാറാ ജോസഫും  പ്രതികരിച്ചത് ശ്രദ്ധേയം. ഇത്രമാത്രം പ്രശസ്തിയുടെ കൊടുമുടി നേടിയ ഒരു താരരാജാവിനെ ഇങ്ങനെ ജയിലിലാക്കിയ ഒരു സംഭവം കേരളചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല.

നടിയെ ആക്രമിച്ച കേസ് സാധാരണനിലയില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് ഏര്‍പ്പെട്ട പ്രതികളെ പിടികൂടുന്നതോടെ അവസാനിക്കുമായിരുന്നു. അതുണ്ടാകാതിരുന്നത് കേരളം എല്‍ഡിഎഫ് ഭരിക്കുന്നതുകൊണ്ടാണ്. സ്ത്രീകളെ ഉപദ്രവിക്കുന്നവരും മാഫിയാപ്രവര്‍ത്തനം നടത്തുന്നവരും എത്ര ഉന്നതരായാലും നിയമത്തിനുമുന്നിലെത്തിക്കുകയെന്നതാണ് എല്‍ഡിഎഫ് നയം. ഓരോ പൌരനും മറ്റ് പൌരന്മാരോട് നിയമം എന്ന മാധ്യമത്തിലൂടെ ഉത്തരവാദപ്പെട്ടിരിക്കുന്നു. ഇത് ലംഘിക്കാന്‍ സിനിമാലോകത്തുള്ളവര്‍ക്ക് പ്രത്യേക ഇളവില്ല. പ്രീതിയുള്ളവര്‍ കുറ്റംചെയ്താല്‍ അവര്‍ കുറ്റവാളി അല്ലാതാകരുത്. അപ്രീതിയുള്ളവര്‍ കുറ്റംചെയ്തില്ലെങ്കിലുംഅവര്‍ കുറ്റവാളികളാകുകയും ചെയ്യരുത്. ഇതിനനുസൃതമായ പൊലീസ് നയമാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. ദിലീപിന്റെ അറസ്റ്റിലേക്ക് കേസിനെ സമര്‍ഥമായി കൊണ്ടുവന്നതില്‍ കേരള പൊലീസിന് പൊതുവിലും അന്വേഷണത്തിന് നേതൃത്വംനല്‍കിയ എഡിജിപി സന്ധ്യ, ഐജി ദിനേന്ദ്ര കശ്യപ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനും അഭിമാനിക്കാം.

കാല്‍നൂറ്റാണ്ടോളം മലയാളസിനിമയില്‍ നിറഞ്ഞുനിന്ന 'ജനപ്രിയ നായകന്‍' എന്ന പേര് സമ്പാദിച്ച നടനെ ജയിലിലടച്ചത് ഒരു സാധാരണ നടപടിയല്ല.  തനിക്ക് അപ്രീതി തോന്നിയ യുവനടിയെ നിന്ദ്യവും നികൃഷ്ടവുമായ വിധത്തില്‍ മാനഭംഗപ്പെടുത്താനും അത് ചിത്രീകരിച്ച് ബ്ളാക്മെയില്‍ ചെയ്യാനും ആളെ ഏര്‍പ്പാട്ചെയ്തെന്നാണ് പൊലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട്. 'ഇയാള്‍ ഇങ്ങനെയായിരുന്നോ' എന്ന് അത്ഭുതംകൂറി പ്രതികരിച്ചവരാണ് ഏറെയും. ബോളിവുഡിലെപ്പോലെ അല്ലെങ്കിലും മലയാള സിനിമാമേഖലയിലും അധോലോകപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് ദിലീപിന്റെ അറസ്റ്റും അതിന് മുമ്പുള്ള സംഭവങ്ങളും വിരല്‍ചൂണ്ടുന്നത്. ഇത് ഗൌരവമായി പരിശോധിക്കേണ്ടതാണ്. സിനിമയെ കൂവിതോല്‍പ്പിക്കാന്‍ ഒരു കൂട്ടര്‍ക്ക് ക്വട്ടേഷന്‍, സിനിമയെ വിജയിപ്പിക്കാന്‍ കൈയടിക്കാന്‍ മറുക്വട്ടേഷന്‍ - ഇങ്ങനെയുള്ള അനഭിലഷണീയ പ്രവണതകളുമുണ്ട്. വെള്ളിത്തിരയില്‍ കറുപ്പുപടരുന്നതിനെതിരായ നിലപാടാണ് എല്‍ഡിഎഫിനും പിണറായി വിജയന്‍ സര്‍ക്കാരിനുമുള്ളത്.

അതുകൊണ്ടാണ് സിനിമാമേഖലയിലെ നടിമാരുടെ പുതിയ സംഘടനയായ വനിതാകൂട്ടായ്മ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അവരുടെ സംഘടനയെ അംഗീകരിക്കുകയും ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്തത്. അതിന് തുടര്‍ച്ചയായി ജസ്റ്റിസ് ഹേമ അധ്യക്ഷയും ചലച്ചിത്രതാരം ശാരദ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളുമായ കമീഷനെ നിയോഗിക്കുകയും ചെയ്തത്. നടികളെ ഉപദ്രവിച്ച് അത് ക്യാമറയില്‍ ചിത്രീകരിച്ച് ബ്ളാക്മെയില്‍ ചെയ്ത് പണം തട്ടുകയുംമറ്റും ചെയ്യുന്ന പ്രവണത കേരളത്തില്‍ മുമ്പും നടന്നിട്ടുണ്ടെന്ന ആക്ഷേപം ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അന്ന് അതിന് ഇരയായ നടിമാര്‍ പൊലീസിനോട് പരാതിപറയാന്‍ തയ്യാറായില്ല എന്നതിനേക്കാള്‍ പ്രധാനം, ഇന്ന് പരാതിപ്പെട്ടാല്‍ നടപടിയെടുക്കുന്ന ഭരണമുണ്ട് എന്ന അന്തരീക്ഷമുണ്ടായി എന്നതാണ്.

സിനിമാലോകത്തിന്റെ ചതുരംഗപ്പലകയില്‍ നിന്ദ്യവും നീചവും നിര്‍ലജ്ജവുമായ കരുനീക്കം നടത്തിയവരെ മുമ്പ് രക്ഷിക്കാന്‍ യുഡിഎഫ് ഭരണമുണ്ടായിരുന്നു. അത് മറച്ചുവച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദിലീപിനെ അറസ്റ്റ്ചെയ്ത പൊലീസ് നടപടിയെ പിന്തുണയ്ക്കുന്നതിനുപകരം മുഖ്യമന്ത്രി ആദ്യം നടത്തിയ പ്രതികരണത്തിന് മാപ്പുപറയണമെന്ന അസംബന്ധ ആവശ്യമാണ് ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത കുറ്റവാളികളെ പിടിക്കുകയെന്നതിനായിരുന്നു ആദ്യത്തെ പ്രാധാന്യമെന്നും ഗൂഢാലോചനാ അന്വേഷണം ഒരുഘട്ടത്തിലും വേണ്ടെന്നുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിനിമാമേഖലയെ പിടികൂടിയ ക്രിമിനലിസമെന്ന അര്‍ബുദത്തിനെതിരെ ധര്‍മയുദ്ധം നടത്തുന്നതിന് കേരളസമൂഹത്തിന് പ്രചോദനമേകുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നടപടി. ഇവിടെ രാഷ്ട്രീയം, സമുദായം, ജാതി തുടങ്ങിയ വേര്‍തിരിവുകളില്ലാതെ ഒന്നിച്ച് നീങ്ങുകയാണ് വേണ്ടത്.

സിനിമാമേഖലകളില്‍ വ്യത്യസ്ത സംഘടനകളുണ്ട്. അമ്മ, മാക്ട, ഫെഫ്ക തുടങ്ങിയ നിരവധി സംഘടനകള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തോട് ഈ സംഘടനകള്‍ സ്വീകരിച്ച സമീപനത്തെപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്വയം വിമര്‍ശനപരമായി പരിശോധിക്കാന്‍ ആ സംഘടനകള്‍ തയ്യാറാകണം. ഇതിനിടെ, ചലച്ചിത്രമേഖലയിലെ പ്രധാന സംഘടനകളിലൊന്നായ 'അമ്മ' പിരിച്ചുവിടണമെന്ന അഭിപ്രായം ചില കോണുകളില്‍നിന്നുണ്ടായി. 'അമ്മ'യൊരു രാഷ്ട്രീയസംഘടനയല്ല. അതിലെ ചില അംഗങ്ങള്‍ക്ക് രാഷ്ട്രീയപക്ഷങ്ങളുണ്ടാകാം. ആ രാഷ്ട്രീയപക്ഷത്തോടുള്ള എതിര്‍പ്പ് ഉപയോഗിക്കാനുള്ള അവസരമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെ തെരഞ്ഞെടുക്കുന്നത് കലക്കവെള്ളത്തിലെ മീന്‍പിടിക്കലാണ്. അതിനെ നാട് തിരിച്ചറിയും.

കലാസാംസ്കാരിക രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങളിലൊന്നാണ് കേരളീയര്‍. സാക്ഷരതാനിലവാരത്തിന്റെ ഉയര്‍ച്ച, പൊതുവിദ്യാഭ്യാസത്തിന്റെ വ്യാപ്തി, രാഷ്ട്രീയബോധം എന്നിവയെല്ലാം സാഹിത്യം - കല - സിനിമ എന്നിവയില്‍ ഗണ്യമായി വളര്‍ച്ച നേടാനുള്ള ഉപാധിയായി. അതുകൊണ്ടുതന്നെ ജനങ്ങളില്‍ ബഹുഭൂരിപക്ഷം ചലച്ചിത്രാസ്വാദകരാണ്. ടിവിയുടെയും വീഡിയോയുടെയും ആവിര്‍ഭാവത്തോടെ ചലച്ചിത്രവ്യവസായം ചില ക്ഷീണങ്ങളെല്ലാം നേരിട്ടെങ്കിലും അതിനെ മറികടക്കാന്‍ കഴിയും. ഇപ്പോള്‍ ഒരു വര്‍ഷം ശരാശരി 150ലേറെ മലയാള ചലച്ചിത്രങ്ങള്‍ ഇറങ്ങുന്നു. അന്യഭാഷാചിത്രങ്ങളുടെയും പ്രദര്‍ശനത്തിനുള്ള നല്ല കമ്പോളമാണ് കേരളം. പ്രേക്ഷകരുടെ സംഖ്യ വര്‍ധിക്കുകയാണ്. സര്‍ക്കാര്‍തന്നെ കൂടുതല്‍ സിനിമാതിയറ്ററുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. നവമുതലാളിത്തവളര്‍ച്ചയുടെ കാലഘട്ടത്തില്‍ അതിന്റെ കൂടപ്പിറപ്പായി തിന്മകളും വളര്‍ന്നുവരികയാണ്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ശക്തികള്‍ നമ്മുടെ സംസ്കാരത്തെത്തന്നെ തകര്‍ക്കുന്നുണ്ട്. ജനപ്രിയകലാരൂപമായ സിനിമയ്ക്കുള്ളില്‍ ക്രിമിനലിസം വളരുന്നത് ഈ പശ്ചാത്തലത്തിലാണ്. വാണിജ്യവല്‍ക്കരണത്തില്‍നിന്ന് വളര്‍ന്നുവരുന്നത് പല ദുഷിച്ച പ്രവണതകളുമാണ്. ഈ പ്രവണതകളെ കടിഞ്ഞാണിടാനുള്ള അവസരമായി 'ദിലീപ് സംഭവ'ത്തെ സര്‍ക്കാരും സാംസ്കാരിക ബഹുജനസംഘടനകളും ഉപയോഗപ്പെടുത്തണം. വെള്ളിത്തിരയില്‍ കറുപ്പ് പടരാന്‍ അനുവദിക്കരുത്.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More