അരുണ്‍ ജെയ്റ്റ്‌ലിക്കൊരു കത്ത്

താങ്കള്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്ന വേളയില്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ പാവപ്പെട്ട മനുഷ്യരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ താങ്കളെ കാണാനായി വരുന്നുണ്ട്. അതില്‍ കൊല്ലപെട്ടവരുടെ കുടുംബാംഗങ്ങളും ഉണ്ട്. അവര്‍ക്ക് പറയാനുള്ളത് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ അതിക്രമങ്ങളെ കുറിച്ചാണ്. സംഘപരിവാരം ഈ നാടിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്നതിനെ കുറിച്ചാണ്. ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ്. ഈ ഇരകള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം താങ്കളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ വിലയേറിയ സമയത്തില്‍ നിന്നും കുറച്ചു നിമിഷങ്ങള്‍ ഇവര്‍ക്കുവേണ്ടി കൂടി മാറ്റിവെക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കട്ടെ

ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക്,

കേരളത്തെയും വിശിഷ്യാ തിരുവനന്തപുരം ജില്ലയെയും രാഷ്ട്രീയ സംഘര്‍ഷ ബാധിതമേഖലയായി ചിത്രീകരിക്കാന്‍ വേണ്ടി ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം നടത്തുന്ന ശ്രമങ്ങളില്‍ താങ്കള്‍ കൂടി ഭാഗബാക്കാവുന്നത് അത്യന്തം ഖേദകരമാണ്. ഈ വിഷയത്തില്‍ ബിജെപി നേതൃത്വവും കേന്ദ്രഭരണകൂടവും ഇരട്ടത്താപ്പ് കാട്ടുകയാണ് ചെയ്യുന്നത്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ഗോരക്ഷക് സേനയെന്ന പേരിലും മറ്റും സംഘപരിവാരം നടപ്പിലാക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ നടക്കുന്നില്ല എന്നത് വസ്തുതാപരമായി വിശകലനം ചെയ്യുന്ന ആര്‍ക്കും മനസിലാവും അത്തരം ആക്രമണങ്ങള്‍ക്കെതിരെ കണ്ണടക്കുന്ന കേന്ദ്രസര്‍ക്കാര്‍, കേരളത്തെ ലക്ഷ്യം വെച്ചിരിക്കുന്നത് ഇവിടെ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും ജനകീയതയിലും വിഹ്വലരായാണ്. അതിനാലാണ് ആര്‍ എസ് എസ് സഹസര്‍സംഘചാലക് ദത്താത്രേയ ഹൊസബലെ താങ്കളുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി കേരള സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ താങ്കള്‍ കേരളത്തില്‍ വരാന്‍ കാരണമായത് ശ്രീകാര്യത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി ഉണ്ടായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകമാണല്ലൊ. ആ കൊലപാതകം തീര്‍ത്തും അപലപനീയമാണ്. കേരള പോലീസ് ആ കൊലപാതകത്തിന് പിന്നിലുള്ളവരെ കസ്റ്റഡിയിലെടുത്തത് മണിക്കൂറുകള്‍ക്കുള്ളിലാണ്. അതില്‍ സിപിഐ എം അംഗങ്ങളോ പ്രവര്‍ത്തകരോ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍, സംഘപരിവാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ആ കൊലപാതക സംഘത്തിലുണ്ട്. ഇതേ രീതിയില്‍ നേരത്തെ കണ്ണമ്മൂല എന്ന പ്രദേശത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി വിഷ്ണു എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും ആര്‍ എസ് എസ് - ബി ജെ പി നേതൃത്വം കൊല്ലപ്പെട്ടയാള്‍ക്ക് ബലിദാനി പരിവേഷം നല്‍കി സിപിഐ എം വിരുദ്ധ പ്രചാരണം നടത്തി. വൈകാതെ ബി ജെ പിക്ക് തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ കണ്ണമ്മൂല കോളനിയില്‍ താമസിക്കുന്ന ബി ജെ പി മണ്ഡലം ഭാഗവാഹിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുകയുമുണ്ടായി. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം സ്വീകരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ ഒരു ഭാഗത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നത്. താങ്കള്‍ കേരളത്തിലെ ബി ജെ പി നേതൃത്വത്തോട് ഇത്തരം രീതികളില്‍ നിന്ന് പിന്തിരിയാന്‍ അഭ്യര്‍ത്ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

താങ്കള്‍ക്കറിയുമോ ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി; ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരം തിരുവനന്തപുരം ജില്ലയില്‍ മാത്രം സിപിഐ എംന്റെ 21 പ്രവര്‍ത്തകരെയാണ് മൃഗീയമായി കൊന്നുതള്ളിയിട്ടുള്ളത്. വിതുര ജവഹര്‍ കോളനിയിലെ പാവപ്പെട്ട തൊഴിലാളിയായ ദില്‍ഷാദിനെ കുത്തിക്കൊന്നു. നേമം നരുവാമൂട്ടിലുള്ള സുദര്‍ശനനെയും ചന്ദ്രനെയും വെട്ടിക്കൊന്നു. നേമം കരുമത്തുള്ള തുളസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷമാണ് ശരീരം പൂര്‍ണമായും തളര്‍ന്ന് നരകയാതന അനുഭവിച്ച് കിടന്നത്. തുളസിയും മരണപ്പെട്ടു. നേമത്തുള്ള വെട്ടിക്കുഴി സുരേന്ദ്രനെ തുണ്ടംതുണ്ടമാക്കി വെട്ടിക്കൊന്നു. നരുവാമൂട് ഐ ടി ഐയില്‍ പഠിക്കുന്ന സജിന്‍ ഷാഹുല്‍ എന്ന എസ് എഫ് ഐ പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് നിഷ്ഠൂരമായി കൊന്നു. നെയ്യാറ്റിന്‍കര മാരായിമുട്ടത്തുള്ള ചുമട്ടുതൊഴിലാളി ചെല്ലപ്പന്‍പിള്ളയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴക്കൂട്ടം മുരുക്കുംപുഴയിലെ കൊച്ചുരാജനെയും വഞ്ചിയൂരിലെ വിഷ്ണുവിനെയും പിന്തുടര്‍ന്ന് വെട്ടിത്തുണ്ടമാക്കി കൊന്നു. ചെമ്പഴന്തി എസ് എന്‍ കോളേജിലെ എസ് എഫ് ഐ നേതാവ് അജയിനെ കോളേജില്‍വെച്ച് കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. പേരൂര്‍ക്കട വട്ടപ്പാറയിലെ കൂഹ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ വെട്ടിക്കൊന്നു. ചാലയിലെ കുഞ്ഞുകൃഷ്ണ പണിക്കര്‍, മോഹന്‍ദാസ്, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി കെ എന്‍ മണി എന്നിവരെ നിര്‍ദാക്ഷിണ്യം കൊന്നുതള്ളി. ചാലയിലെ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി അനില്‍കുമാറിനെ ബസില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊന്നു. തമലത്തുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സുരേഷ്‌കുമാറിനെ വണ്ടന്നൂരില്‍ വെച്ചാണ് കൊന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാരനായിരുന്ന രാജേഷിനെ കിഴക്കേകോട്ട ഗാരേജില്‍ കയറിയാണ് വെട്ടിക്കൊന്നത്. ആനാവൂരിലെ നാരായണന്‍ നായരെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊല്ലുകയായിരുന്നു. കാട്ടാക്കടയിലെ ആര്‍ ശ്രീകുമാറിനെയും വെട്ടിക്കൊന്നു. പീരുമുഹമ്മദിനെ കൊന്നത് തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തിയാണ്. സജിനെ കൊന്നതും ആര്‍ എസ് എസ് - ബി ജെ പി ക്രമിനലുകള്‍ തന്നെ. ഇവരില്‍പ്പലരും കൊല്ലപ്പെട്ടത് ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. അന്നൊന്നും താങ്കള്‍ ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നില്ല. അന്നൊന്നും ആര്‍ എസ് എസ് രാഷ്ട്രപതി ഭരണത്തിന് ആവശ്യപ്പെട്ടുമില്ല. ബഹുമാനപ്പെട്ട കേന്ദ്രമന്ത്രീ, കേരളീയര്‍ ഇതൊക്കെ മനസിലാക്കുന്നുണ്ട്.

താങ്കള്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്ന വേളയില്‍ ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ അതിക്രമങ്ങള്‍ക്ക് ഇരയായ പാവപ്പെട്ട മനുഷ്യരുടെ കുടുംബാംഗങ്ങള്‍ രാജ്ഭവന് മുന്നില്‍ താങ്കളെ കാണാനായി വരുന്നുണ്ട്. അതില്‍ കൊല്ലപെട്ടവരുടെ കുടുംബാംഗങ്ങളും ഉണ്ട്. അവര്‍ക്ക് പറയാനുള്ളത് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ അതിക്രമങ്ങളെ കുറിച്ചാണ്. സംഘപരിവാരം ഈ നാടിന്റെ സ്വസ്ഥതയും സമാധാനവും തകര്‍ക്കുന്നതിനെ കുറിച്ചാണ്. ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ്. ഈ ഇരകള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം താങ്കളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. താങ്കളുടെ വിലയേറിയ സമയത്തില്‍ നിന്നും കുറച്ചു നിമിഷങ്ങള്‍ ഇവര്‍ക്കുവേണ്ടി കൂടി മാറ്റിവെക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കട്ടെ.

കേരളത്തില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. രാജ്‌നാഥ്‌സിങ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നല്ലൊ. തുടര്‍ന്ന് സമാധാനം ഉറപ്പാക്കാനും ഇത്തരം സംഘര്‍ഷങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനും വേണ്ട മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ജൂലൈ 31നു ആര്‍എസ്എസ് - ബിജെപി, സിപിഐ എം സംസ്ഥാനനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയുണ്ടായി. ആ യോഗത്തില്‍ ഏതാനും തീരുമാനങ്ങള്‍ എടുക്കുകയും തുടര്‍നടപടി എന്ന നിലയില്‍ മൂന്ന് ജില്ലകളില്‍ സമാനമായ യോഗങ്ങള്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതനുസരിച്ചുള്ള യോഗങ്ങളും ചേര്‍ന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ആക്രമണങ്ങളിലേക്ക് നീങ്ങുന്നവര്‍ക്കെതിരെ കര്‍ശന പൊലീസ് നടപടി എടുക്കാന്‍ യോഗങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായി സര്‍വകക്ഷിയോഗവും ചേരുന്നുണ്ട്. ഇത്തരം ആരോഗ്യപരമായ നീക്കങ്ങളെയാകെ അപ്രസക്തമാക്കും വിധത്തിലാണ് കേരളത്തിലെ സിപിഐ എമ്മിനെതിരെ അടിസ്ഥാനരഹിതവും പക്ഷപാതപരവുമായ ആരോപണങ്ങള്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി എടുത്ത നിലപാടിനു നേര്‍വിപരീത സമീപനമാണ് മറ്റൊരു കേന്ദ്രമന്ത്രിയും ബിജെപി നേതൃത്വവും സ്വീകരിച്ചത്. സമാധാനം പുനഃസ്ഥാപിക്കാനും സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാനും ആര്‍ എസ് എസിനും ബി ജെ പിക്കും താല്‍പര്യമില്ലെന്നല്ലാതെ മറ്റെന്താണ് ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി, കേരളത്തിലെ ജനങ്ങള്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്?

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം സിപിഐ എം പ്രവര്‍ത്തകരും അല്ലാത്തവരുമായി 13 പേരാണ് ആര്‍ എസ് എസ് - ബി ജെ പി സംഘപരിവാരത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളുമായ 200ഓളം പേര്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയിലായി. പാര്‍ടി പ്രവര്‍ത്തകരുടെ 165 വീടുകളും പാര്‍ടിയുടെയും വര്‍ഗബഹുജനസംഘടനകളുടെയും 51 ഓഫീസുകളും ആക്രമിക്കുകയോ തീയിടുകയോ നശിപ്പിക്കുകയോ ചെയ്തു. കേരളത്തില്‍ സംഘപരിവാരത്തിന്റെ പദ്ധതി വ്യക്തമാണ് ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി. ഒരു ഭാഗത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ട് സിപിഐ എം പ്രവര്‍ത്തകരെ അപായപ്പെടുത്തുക. മറുഭാഗത്ത്, സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിന് അത് തടയാന്‍ കഴിയുന്നില്ലെന്നുമുള്ള ഗീബല്‍സിയന്‍ പ്രചരണം നടത്തുക. ഈ തിരക്കഥയില്‍ താങ്കള്‍ കൂടി കഥാപാത്രമാവുന്നത് കേരള ജനതയെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.

കേരളത്തെ അശാന്തമാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന പരിശ്രമങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും. താങ്കളുടെ പിന്തുണകൂടി അതിനുണ്ടാവണമെന്ന് വിനയപുരസരം അഭ്യര്‍ത്ഥിക്കട്ടെ.

വിശ്വസ്തതയോടെ,

ആനാവൂര്‍ നാഗപ്പന്‍
സെക്രട്ടറി, സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റി

 

സംവാദം മുന്‍ലക്കങ്ങളില്‍

More