തൊഴിലാളിവര്‍ഗ സാഹിത്യം ആവശ്യമുണ്ട്

വിദ്യാഭ്യാസം കുറെയൊക്കെ ഉദാരവും സൗജന്യവും ആയതോടെ തൊഴിലാളി വിഭാഗത്തിലും അക്ഷരജ്ഞാനമുള്ളവര്‍ ഉണ്ടായി. സാക്ഷരതാ പ്രസ്ഥാനം പോലുള്ള മുന്നേറ്റങ്ങള്‍ കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി. അവര്‍ക്ക് വായിക്കാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാവും. അവര്‍ എന്താണ് വായിക്കേണ്ടത്? തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുന്ന അവരുടേതായ സാഹിത്യകൃതികള്‍ കുറെയൊക്കെ മലയാളത്തിലുമുണ്ട്. പക്ഷേ ആര്‍ക്കുവേണ്ടി ആ കൃതികള്‍ എഴുതിയോ അവരുടെ കൈകളില്‍ ആ കൃതികള്‍ എത്തുന്നില്ല. അവരുടെ പാട്ടുകള്‍ അവര്‍ കേള്‍ക്കുന്നില്ല. വായിക്കാനായി, സിനിമകാണാനായി ബൂര്‍ഷ്വാസിയുടെ പാളയത്തിലേക്ക് അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് താനറിയാതെ കടന്നുചെല്ലേണ്ടി വരുന്നു. ബൂര്‍ഷ്വാസിയുടെ അധമസാഹിത്യവും അധമസിനിമയും തൊഴിലാളി വളര്‍ത്തിയെടുക്കുന്ന വിപ്ലവബോധത്തിന്റെ, വര്‍ഗബോധത്തിന്റെ വേരാണ് മുറിക്കുന്നത്.

തൊഴിലാളിവര്‍ഗ സാഹിത്യത്തിന്റെ പ്രസക്തിയെ കുറിച്ച് പറയുമ്പോള്‍ പലരും ഉയര്‍ത്തുന്ന ചോദ്യം അങ്ങനെയൊരു സാഹിത്യമുണ്ടോ എന്നതാണ്. സാഹിത്യം പൊതുവില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ആ ജനവിഭാഗങ്ങളില്‍ തൊഴിലാളികളും ഉള്‍പ്പെടുമല്ലൊ എന്ന വാദവും ഉയരാറുണ്ട്. മറ്റ് ജനവിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ മാറ്റി നിര്‍ത്തി അവര്‍ക്കായി ഒരു സാഹിത്യം വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടോ എന്നചോദ്യവും അതിനുള്ള ഉത്തരവും പരിശോധിക്കുമ്പോള്‍ നിലവിലുള്ള സാമൂഹ്യ-സാംസ്‌കാരിക സാഹചര്യങ്ങളെ വിലയിരുത്തേണ്ടതുണ്ട്. അവിടെ തൊഴിലാളി വര്‍ഗത്തിനുള്ള സ്ഥാനമെന്താണ് എന്ന പരിശോധനയില്‍ നിന്നാണ് എല്ലാറ്റിനുമുള്ള ഉത്തരം ലഭിക്കുക.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്, രാഷ്ട്രീയവും സാമൂഹ്യകവുമായ മാറ്റങ്ങളുടെയും വിസ്‌ഫോടനങ്ങളുടെയും കാലമാണ്. ലോകത്തെമ്പാടുമുള്ള തൊഴിലാളി വര്‍ഗം നടത്തിയ നിരവധിയായ പ്രക്ഷോഭങ്ങളും അതിലൂടെ നേടിയെടുത്ത അവകാശങ്ങളുമാണ് വിസ്‌ഫോടനത്തിന്റെ കാലമെന്ന വിലയിരുത്തലിന് കാരണമാവുന്നത്. ഈ പ്രക്ഷോഭങ്ങളില്‍ തൊഴിലാളി വര്‍ഗത്തിന് മുതലാളിത്ത വര്‍ഗത്തിനോടൊപ്പം സാമ്രാജ്യത്വം നയിക്കുന്ന നവലിബറല്‍ നയങ്ങളോടും പോരടിക്കേണ്ടി വന്നു. തങ്ങളുടെ വര്‍ഗപരമായ മേല്‍ക്കോയ്മ നിലനിര്‍ത്താനും ലാഭം കുന്നുകൂട്ടാനും മുതലാളിത്തം പരിശ്രമിച്ചു. അവരുടെ കൈയിലുള്ള സകല ആയുധങ്ങളും തൊഴിലാളികളുടെ മുന്നേറ്റങ്ങളെ നിര്‍ജ്ജീവമാക്കാന്‍ പ്രയോഗിച്ചു. തൊഴിലാളി വര്‍ഗം രാഷ്ട്രീയപരമായ അവബോധത്താല്‍ ആര്‍ജ്ജവത്തോടെ ഉണര്‍ന്നെണീറ്റപ്പോള്‍, അതിനെതിരായി ബൂര്‍ഷ്വാസിയുടെ ആശയങ്ങള്‍ നിരന്തരം പ്രയോഗിച്ച് സ്ഥാപിച്ചെടുക്കാന്‍ കുത്തക മാധ്യമങ്ങളുടെ നേതൃത്വത്തില്‍ കഠിനമായ ശ്രമങ്ങളുണ്ടായി. മുതലാളിത്തം അവരുടെ ആശയസംക്രമണത്തിനായി ബൂര്‍ഷ്വാസിയുടെ ആശയങ്ങള്‍ തൊഴിലാളികളിലേക്ക് കടത്തിവിട്ടു. രാഷ്ട്രീയമായ പുതിയ അവബോധം തൊഴിലാളികളിലേക്ക് സംക്രമിച്ചപ്പോഴാണ്  അതിനെതിരെ ബൂര്‍ഷ്വാസിയുടെ ആശയങ്ങള്‍ കടത്തിവിട്ടത്. ഇതിനവര്‍ തെരഞ്ഞെടുത്ത മുഖ്യോപാധികളില്‍ സാഹിത്യം, നാടകം, സിനിമ, റേഡിയോ എന്നിവ ഉള്‍പ്പെട്ടിരുന്നു. സാഹിത്യ-കലാരൂപങ്ങള്‍ മനുഷ്യരുടെ ഹൃദയഭാവങ്ങളുമായി നേരിട്ടു സംവദിക്കുന്നു എന്നതായിരുന്നു അതിനുള്ള കാരണം. 

സാഹിത്യവും ഇതരകലകളും ജനതയുടെ സാമൂഹിക ജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനം കൂടിയാണ്. അവയിലൂടെ പ്രകടമാവുന്നത് സമൂഹത്തിന്റെ സംസ്‌കാരം കൂടിയാണ്. മുതലാളിത്ത വ്യവസ്ഥയില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ളതും അവര്‍ മുന്നോട്ടുവെക്കുന്നതുമായ സാഹിത്യകൃതികളും കലകളുമാണ് ഉണ്ടാവുക. മുതലാളിത്ത രാഷ്ട്രങ്ങളില്‍ ഉണ്ടാകുന്നതും അവര്‍ പ്രോത്സാഹിപ്പിക്കുന്നതുമായ സാഹിത്യസൃഷ്ടികള്‍ തൊഴിലാളി വര്‍ഗത്തെയോ, അവരുടെ അധ്വാനത്തിന്റെ മഹത്വത്തെയോ, മാനവികതയേയോ വേണ്ട രീതിയില്‍ അടയാളപ്പെടുത്തുന്നില്ല. മാത്രമല്ല, നിന്ദിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കുന്നുമില്ല. അവര്‍ മുന്നോട്ടുവെക്കുന്നത് മനുഷ്യനിലുള്ള മൃഗീയഭാവങ്ങളുടെ വ്യത്യസ്ത തലങ്ങളെയാണ്. അത് സാംസ്‌കാരികമായി ഒരു ഉന്നതിയും ഉണ്ടാക്കുന്നില്ല. ഒരു നന്‍മയും പ്രദാനം ചെയ്യുന്നുമില്ല. എല്ലാം ലാഭത്തിനുവേണ്ടിയുള്ള ചരക്കുകളാണ് എന്ന മുതലാളിത്ത മുദ്രാവാക്യം സാര്‍ത്ഥകമാക്കാനുള്ള വില്‍പ്പനചരുക്കുകള്‍ മാത്രമായ സൃഷ്ടികളാണ് പലപ്പോഴും ഉണ്ടാവുന്നത്.

സംസ്‌കാരം, സ്‌നേഹം, കുടുംബബന്ധം, വിദ്യാഭ്യാസം തുടങ്ങി സകല മേഖലകളില്‍ നിന്നും എങ്ങിനെ ലാഭമുണ്ടാക്കാമെന്ന ചിന്തയാണ് മുതലാളിത്തം നടത്തുന്നത്. അതിനായി ചൂഷണം വ്യാപിപ്പിക്കാന്‍ അവര്‍ മടിക്കുന്നില്ല. കായികമായ അധ്വാനശേഷിയ്‌ക്കൊപ്പം മാനസികമായുള്ള ചൂഷണവും അവര്‍ നടത്തുന്നു. മനുഷ്യനെ യന്ത്രമനുഷ്യനാക്കി മാറ്റുന്നു എന്ന് കാള്‍മാര്‍ക്‌സ് മുതലാളിത്തത്തെ കുറ്റപ്പെടുത്തിയത് ഇതിനാലാണ്. യന്ത്രമനുഷ്യന്റെ നിലയിലാവുമ്പോള്‍ മനുഷ്യന് നഷ്ടപ്പെടുന്നത് അസ്ഥിത്വമാണ്. മൗലികവും സ്വതന്ത്രവുമായ വികാര വിചാരങ്ങള്‍ അപ്പോള്‍ ഇല്ലാതാവുകയാണ്. സ്വന്തം ആവശ്യത്തിനല്ല, മറ്റാര്‍ക്കോ വേണ്ടിയാണ് അവന്റെ പ്രയത്‌നം നടക്കുന്നത്. ഇത്തരം യാന്ത്രികമായ ജീവിതചര്യയില്‍ എങ്ങിനെയാണ് സര്‍ഗാത്മകത വികസിക്കുക? ഇത്തരം സാമൂഹ്യ സാഹചര്യങ്ങളില്‍ ഉണ്ടാവുന്ന സാഹിത്യം മാനവീകതയെ നിരാകരിക്കുന്നതായിരിക്കും. അതിനപ്പുറത്ത് തൊഴിലാളികളുടെ ജീവിതവും അവരുടെ തനത് പ്രശ്‌നങ്ങളും ചൂഷണങ്ങളുടെ വ്യാപ്തിയും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചൂഷണങ്ങളും പ്രകാശിപ്പിക്കാന്‍ ഉതകുന്ന സാഹ്ത്യ സൃഷ്ടികളോ കലാ രൂപങ്ങളോ വേണ്ടത്ര ഉണ്ടാവുന്നില്ല.

സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന സാഹിത്യ കലാരൂപങ്ങളില്‍ അധ്വാനിക്കുന്ന മനുഷ്യനായിരുന്നു കേന്ദ്രബിന്ദു. അവിടുത്തെ സാമൂഹിക ജീവിതത്തിന്റെ കാമ്പ് മനുഷ്യരും അവന്റെ അധ്വാനശക്തിയുമായിരുന്നു. താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ചലന സ്വഭാവമുള്ള പ്രധാനാംഗമാണ് ഓരോ വ്യക്തിയും. അതിനാലാണ് സാഹിത്യ കലാരൂപങ്ങളില്‍ ഇത്തരത്തിലുള്ള പ്രകാശനങ്ങള്‍ ഉണ്ടായത്. മനുഷ്യന്റെ അധ്വാനവും പ്രതീക്ഷകളും വേദനയും നേട്ടങ്ങളും സാമൂഹ്യമായ പ്രതിബദ്ധതയും സാഹിത്യ സൃഷ്ടികളിലും കലാരൂപങ്ങളിലും പ്രതിഫലിച്ചു. മുതലാളിത്തം ചൂഷണ സമ്പ്രദായത്തെ സാര്‍വ്വത്രികമാക്കാന്‍ ശ്രമിക്കുമ്പോള്‍ സോഷ്യലിസം ശ്രമിച്ചത് ചൂഷണ വിമുക്തമായ സമൂഹത്തെ പടുത്തുയര്‍ത്താനാണ്. നിലവിലുള്ള മുതലാളിത്ത സമൂഹത്തെ മാറ്റി മറിച്ചാണ് അത്തരമൊരു വ്യവസ്ഥ സൃഷ്ടിക്കുന്നത്. അതിനാല്‍ അതൊരു സമരപ്രക്രിയ കൂടിയാണ്. വര്‍ഗസമരത്തിന്റെ തീക്ഷ്ണത മറ്റ് പ്രവര്‍ത്തന മേഖലകളിലെന്ന പോലെ സാഹിത്യത്തിലും പ്രകടമായി കാണാന്‍ കഴിഞ്ഞതിന് ഉദാഹരണമായിരുന്നു സോഷ്യലിസ്റ്റ് റിയലിസം എന്ന സാഹിത്യപ്രസ്ഥാനം.

ഫ്യൂഡല്‍ കാലഘട്ടത്തിലും അതിനുമുന്നെയും ഉണ്ടായിരുന്ന സാഹിത്യകൃതികളിലെ പ്രമേയങ്ങള്‍ പൊതുവില്‍ ബൂര്‍ഷ്വാജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് കാണാന്‍ സാധിക്കും. അക്കാലത്തുണ്ടായ സാഹിത്യകൃതികളിലെ കേന്ദ്രബിന്ദുക്കള്‍ രാജാവോ, പ്രഭുവോ ആയിരിക്കും. വരേണ്യ വര്‍ഗ്ഗത്തിനായിരിക്കും അന്നത്തെ കൃതികളില്‍ പ്രാമുഖ്യം. സാധാരണക്കാരെ ചിത്രീകരിക്കുന്നത് ബുദ്ധിശൂന്യരും കള്ളന്‍മാരും വിഡ്ഡികളും സംസ്‌കാരമില്ലാത്തവരുമായിട്ടായിരിക്കും. ഇത്തരത്തിലുള്ള അവതരണങ്ങള്‍ മാറ്റിമറിച്ച്, അദ്ധ്വാനിക്കുന്ന പച്ചമനുഷ്യനായിരിക്കണം സാഹിത്യത്തിന്റെ കേന്ദ്രബിന്ദുവെന്നും അവന്റെ ജീവിതമാണ് സാഹിത്യത്തിലെ പ്രമേയമായി സ്വീകരിക്കേണ്ടതെന്നും ഉള്ള വിപ്ലവകരമായ നവീന ചിന്താഗതി ലോകത്തിനു സംഭാവന ചെയ്തത് സോഷ്യലിസ്റ്റ് റിയലിസമാണ്. ഗോര്‍ക്കിയുടെ 'അമ്മ' തന്നെയാണ് ഇതിന്റെ പ്രത്യക്ഷ ഉദാഹരണം.

ചൂഷണവിമുക്തമായ ജീവിതത്തിനും സാമൂഹികമായ പരിവര്‍ത്തനത്തിനും ഉപകരിക്കുന്ന മൂര്‍ച്ചയേറിയ ആയുധമാകണം സാഹിത്യമെന്ന ആശയം ഇപ്രകാരമാണ് വളര്‍ന്നുവന്നത്. അതിന്റെയടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളിയും കര്‍ഷകനും സാഹിത്യകൃതികളില്‍ സ്ഥാനം പിടിച്ചു. അടിസ്ഥാനവര്‍ഗത്തിന്റെ ജീവിതം എഴുത്തുകാര്‍ വിഷയമാക്കി. ഉണര്‍ന്ന ബുദ്ധിയോടെ ആ ജീവിതങ്ങളെ നിരന്തരം നിരീക്ഷിച്ചു. അങ്ങനെയുണ്ടായ സാഹിത്യ സൃഷ്ടികളിലൂടെയാണ് സാമൂഹിക ജീവിതം പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കപ്പെട്ടത്. മലയാളത്തില്‍ രണ്ടിടങ്ങഴിയും ഓടയില്‍ നിന്നും മറ്റും ഉണ്ടായത് ഇത്തരം നോട്ടങ്ങളില്‍ നിന്നാണ്. ചെറുകാട്, കെ.ദാമോദരന്‍, പി.ജെ.ആന്റണി, പൊന്‍കുന്നംവര്‍ക്കി തുടങ്ങിയ സാഹിത്യകാരന്മാര്‍ മലയാളത്തിലെ ജനകീയ സാഹിത്യപ്രസ്ഥാനത്തിനു നല്‍കിയ നേത്യത്വപരമായ പങ്കിന്റെ അടിസ്ഥാനം മറ്റൊന്നുമായിരുന്നില്ല. സി വി ശ്രീരാമനും അശോകന്‍ ചെരുവിലും ബെന്യാമിനുമൊക്കെ അത്തരം നോട്ടങ്ങളില്‍ ഏര്‍പ്പെടുകയും അവരുടെ സൃഷ്ടികളില്‍ പ്രകാശിപ്പിക്കുകയും ചെയ്തു.

മാര്‍ക്‌സിയന്‍ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ സംഭാവനകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴിലാളിവര്‍ഗ്ഗ സാഹിത്യം വളര്‍ന്നത്. അതിന് അതിന്റേതായ ചരിത്ര പശ്ചാത്തലവും സാമൂഹ്യദര്‍ശനവുമുണ്ട്. സമൂഹത്തിന്റെ അടിത്തറ സാമ്പത്തികഘടനയാണെങ്കില്‍ അതിന്റെ മേല്‍ പണിതുയര്‍ത്തുന്നതാണല്ലോ മനുഷ്യന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ ജീവിതം, മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ സമൂലകേന്ദ്രീകൃതമായ സാമ്പത്തിക പുനഃസംവിധാനത്തിനും തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനും അവരുടേതായ സാര്‍വ്വാധിപത്യത്തിനും വേണ്ടി പടപൊരുതുമ്പോള്‍, സാഹിത്യകലാരൂപങ്ങള്‍ ഈ വിപ്ലവപ്രക്രിയക്ക് സഹായകമായി നിലകൊള്ളണം. അതായത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജനതയുടെ ഭൗതികജീവിതം പുനഃസംവിധാനം ചെയ്യാന്‍ പ്രയത്‌നിക്കുമ്പോള്‍ സാഹിത്യകാരന്‍-കലാകാരന്‍ജനതയുടെ അന്തരീക ജീവിതം സാംസ്‌കാരികമായി പുനഃസംവിധനം ചെയ്യാന്‍ തന്റെ സര്‍ഗാത്മക കഴിവുകളിലൂടെ പ്രയത്‌നിക്കണം. ഈ രണ്ടു പ്രവര്‍ത്തനങ്ങള്‍ ഒന്നിച്ചുമുമ്പോട്ടുപോയാല്‍ മാത്രമെ, സമതുലന സ്വഭാവമുള്ള ഒരു പുരോഗമന സമൂഹത്തെ സൃഷ്ടിക്കാനാവൂ. അതു കൊണ്ടാണ് മാര്‍ക്‌സിസ്റ്റ് കലാചിന്തകര്‍ മനുഷ്യജീവിതപരിവര്‍ത്തനത്തില്‍ സാഹിത്യകലകള്‍ക്കുള്ള പ്രാധാന്യം ഊന്നിപ്പറഞ്ഞത്. തൊഴിലാളിവര്‍ഗ്ഗത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്ലഖനോവ് ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി. ''നിങ്ങള്‍ക്ക് നിങ്ങളുടേതായ കവിതയുണ്ടാകണം; നിങ്ങളുടേതായ പാട്ടും കവിതയുമെല്ലാം. അവയിലാണ് നിങ്ങളുടെ സ്വന്തം ദുഃഖവും പ്രത്യാശകളും പ്രതീക്ഷകളും കണ്ടെത്തേണ്ടത്. ''

തൊഴിലാളിവര്‍ഗ്ഗത്തിന്റേതായ സാഹിത്യത്തിന്റെ പ്രസക്തി ഈ പറഞ്ഞ ആശയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ബൃഹത്തായ ഒരു സര്‍ഗാത്മക പ്രക്രിയയാണത്. എന്നാല്‍, ഇന്നത്തെ സാഹിത്യം ബൂര്‍ഷ്വാസിയുടെ ആധിപത്യത്തിന്‍കീഴില്‍ നിലനില്‍ക്കുകയാണെന്ന് പറയേണ്ടി വരുന്നു. ഭരണകൂടവും സമ്പത്തും അവരുടെ നിയന്ത്രണത്തിലും വരുതിയിലുമാണ്. സാഹിത്യത്തിനും കലകള്‍ക്കും മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയുന്നതുകൊണ്ട് എഴുത്തുകാരെപ്പോലും ബൂര്‍ഷ്വാസി വിലയ്‌ക്കെടുക്കുന്നു. കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് അവര്‍ക്ക് വേരോട്ടമുണ്ടാക്കുന്നു. അവരാണ് എല്ലാമെന്ന് സ്ഥാപിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന കവികളെയും മറ്റ് സാഹിത്യകാരന്‍മാരെയും അരികുവല്‍ക്കരിക്കുന്നതിനായി ബൂര്‍ഷ്വാസി പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. സാമ്രാജ്യത്വ ഉപകരണങ്ങളായ മതതീവ്രവാദ - വര്‍ഗീയ സംഘടനകളുടെ പ്രസിദ്ധീകരണങ്ങള്‍ വഴിയും തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയായി നില്‍ക്കേണ്ട സാഹിത്യധാരയെ വിഘടിപ്പിക്കുന്നു. അതിനാലൊക്കെയാണ് ജനകീയ സാഹിത്യം അഭിമാനിക്കത്തക്കവിദം വികസിക്കാത്തത്.

വിദ്യാഭ്യാസം കുറെയൊക്കെ ഉദാരവും സൗജന്യവും ആയതോടെ തൊഴിലാളി വിഭാഗത്തിലും അക്ഷരജ്ഞാനമുള്ളവര്‍ ഉണ്ടായി. സാക്ഷരതാ പ്രസ്ഥാനം പോലുള്ള മുന്നേറ്റങ്ങള്‍ കൂടുതല്‍ വായനക്കാരെ ഉണ്ടാക്കി. അവര്‍ക്ക് വായിക്കാനുള്ള ജിജ്ഞാസ സ്വാഭാവികമായും ഉണ്ടാവും. അവര്‍ എന്താണ് വായിക്കേണ്ടത്? തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കുന്ന അവരുടേതായ സാഹിത്യകൃതികള്‍ കുറെയൊക്കെ മലയാളത്തിലുമുണ്ട്. പക്ഷേ ആര്‍ക്കുവേണ്ടി ആ കൃതികള്‍ എഴുതിയോ അവരുടെ കൈകളില്‍ ആ കൃതികള്‍ എത്തുന്നില്ല. അവരുടെ പാട്ടുകള്‍ അവര്‍ കേള്‍ക്കുന്നില്ല. വായിക്കാനായി, സിനിമകാണാനായി ബൂര്‍ഷ്വാസിയുടെ പാളയത്തിലേക്ക് അദ്ധ്വാനിക്കുന്ന തൊഴിലാളിക്ക് താനറിയാതെ കടന്നുചെല്ലേണ്ടി വരുന്നു.

ബൂര്‍ഷ്വാസിയുടെ അധമസാഹിത്യവും അധമസിനിമയും തൊഴിലാളി വളര്‍ത്തിയെടുക്കുന്ന വിപ്ലവബോധത്തിന്റെ, വര്‍ഗബോധത്തിന്റെ വേരാണ് മുറിക്കുന്നത്. തൊഴിലാളികളുടെ വീടുകളിലും അന്തിമയങ്ങിയാല്‍ ബൂര്‍ഷ്വാസി ലാഭം കുന്നുകൂട്ടാന്‍ പടച്ചുവിടുന്ന സീരിയലുകളുകളാണ് ആസ്വദിക്കപ്പെടുന്നത്. പകലന്തിയോളം പണിയെടുത്ത് ക്ലേശിച്ച തൊഴിലാളികള്‍ തങ്ങളുടെ കൂലിപ്പണത്തില്‍ നിന്ന് ഒരു വിഹിതം പൈങ്കിളി പ്രസിദ്ധീകരണങ്ങള്‍ വാങ്ങാനും സീരിയലുകള്‍ക്കിടയില്‍ പ്രക്ഷേപണം ചെയ്യുന്ന പരസ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ചെലവഴിക്കുകയാണ്. തലമുറകളെ സാംസ്‌കാരികമായി അധഃപതിപ്പിക്കുകയാണ് ബൂര്‍ഷ്വാസി.

അദ്ധ്വാനിച്ചുകിട്ടുന്ന പണത്തില്‍ ഒരു ഭാഗം മുടക്കി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ നികൃഷ്ടമാണെന്നും എന്തു ഹീനകൃത്യം ചെയ്തും പണമുണ്ടാക്കുകയാണ് നല്ലതൊന്നും, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനമാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്നും അവകാശസമരങ്ങള്‍ മഹാപരാധങ്ങളാണെന്നും ചിത്രീകരിക്കുന്ന സിനിമകളും മറ്റും കാണുന്ന തൊഴിലാളി തീര്‍ച്ചയായും സംശയാലുവാകും. സാംസ്‌കാരികമായി ഇവര്‍ക്ക് ശരിയായ വഴി കാണിച്ചുകൊടുക്കുവാന്‍ കേരളത്തിലെ തൊഴിലാളി വര്‍ഗത്തിന് സാധിക്കുന്നുണ്ടോ? സാധിക്കുന്നില്ല എന്ന് തന്നെയാണ് ഉത്തരം. പുരോഗമനകലയും സാഹിത്യവും കെട്ടുകാഴ്ചകളിലും പത്രവാര്‍ത്തകളിലും അഭിരമിക്കുമ്പോള്‍ ബൂര്‍ഷ്വാസി, അവന്റെ സിനിമയും സാഹിത്യവും കലകളും വളര്‍ത്തുകയാണ്. അത് മറക്കരുത്.

സംവാദം മുന്‍ലക്കങ്ങളില്‍

More