ഭരണവും ഭരണകൂടവും

എല്‍ ഡി എഫ് ഗവണ്‍മെന്റ്, കോര്‍പ്പറേറ്റുകളെയോ, വന്‍കിട സാമ്പത്തിക ശക്തികളെയോ, ഭൂപ്രഭുക്കളെയോ, സാമ്രാജ്യത്വ-ധനമൂലധന ശക്തികളെയോ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടമാവട്ടെ മേല്‍ചൂണ്ടിക്കാണിച്ചവയുടെയെല്ലാം താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഈ വൈരുദ്ധ്യത്തെ മനസിലാക്കി വിട്ടുവീഴ്ചയോടെ ഭരണസംവിധാനത്തെ മുന്നോട്ടുനയിക്കേണ്ടതുണ്ട്. വിട്ടുവീഴ്ചയെന്നാല്‍ കീഴടങ്ങലെന്നല്ല അര്‍ത്ഥം. പരസ്പരം ബോധ്യപ്പെടലാണ്. പ്രായോഗികത മെനഞ്ഞെടുക്കലാണ്. മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ ബി ജെ പിയും പ്രതിനിധീകരിക്കുന്ന ഭരണകൂട വ്യവസ്ഥയ്ക്ക് കീഴിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത്. കേരളത്തിന്റെ പ്രത്യേക വികസന മാതൃക ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് പാര്‍ലമെന്ററി വ്യവസ്ഥയെ കമ്യൂണിസ്റ്റ് ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പരുവപ്പെടുത്തിയെടുത്തതുകൊണ്ടാണ്. അത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനായതുകൊണ്ടുകൂടിയാണ്. ഭരണകൂടവും ഭരണവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി, പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതല്‍ വേഗതയില്‍ കേരളത്തെ മുന്നോട്ട് നയിക്കാന്‍ തീര്‍ച്ചയായും എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കും. 

പാര്‍ലമെന്ററിവ്യവസ്ഥ അനുവദനീയമായ രാജ്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികള്‍ ജനകീയ അടിത്തറ വിപുലീകരിക്കാന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ അണിചേരുന്നത് അസാധ്യമായ കാര്യമല്ല. പാര്‍ലമെന്ററി വ്യവസ്ഥയെ വര്‍ഗസമരത്തിന്റെ ഉപരകരണമായി ഉപയോഗിക്കാനാണ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് സാധിക്കേണ്ടത്. 

രാജ്യത്തെ ഭരണവര്‍ഗത്തെ വിലയിരുത്താന്‍, വിപ്ലവത്തിന്റെ ഘട്ടത്തെയും വിപ്ലവശക്തിയുടെ അണിചേരലുകളെയും നേതൃത്വത്തെയും വിലയിരുത്തണം. വിപ്ലവസ്വഭാവത്തെ മനസിലാക്കുകയും പരിവര്‍ത്തനഘട്ടത്തിന്റെ പ്രത്യേകത തിരിച്ചറിയുകയും വേണം. ഈ കാര്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കണം. അപ്പോഴാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകത ഉള്‍ക്കൊള്ളാനാവുക. ലോകവ്യാപകമായി സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോഴും ജനാധിപത്യവിപ്ലവത്തിന്റെ ഉള്ളടക്കത്തെ കാണാതിരുന്നുകൂട.

ജനകീയ ജനാധിപത്യവിപ്ലവം ലക്ഷ്യമായി അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഐ എം “നമ്മുടെ വിപ്ലവത്തിന്റെ സ്വഭാവം, അതിന്റെ വികാസത്തിന്റെ ഉന്നതഘട്ടത്തില്‍, അനിവാര്യമായും ഫ്യൂഡല്‍ വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമാണ്. നമ്മുടെ വിപ്ലവത്തിന്റെ ഘട്ടം, അതുനേടിയെടുക്കാനുള്ള സമരത്തില്‍ വിവിധ വര്‍ഗങ്ങള്‍ വഹിക്കുന്ന പങ്ക് എന്തെന്ന് നിര്‍ണയിക്കുന്നു. സോഷ്യലിസം നേടിയെടുക്കാനുള്ള മുന്നേറ്റത്തിലെ ഒരു അവശ്യഘട്ടം എന്ന നിലയില്‍, ഇന്നത്തെ കാലഘട്ടത്തില്‍, തൊഴിലാളിവര്‍ഗം, ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരിക്കുന്നു. ഇത് പഴയ രീതിയിലുള്ള ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവമല്ല. മറിച്ച്, തൊഴിലാളി വര്‍ഗം സംഘടിപ്പിക്കുന്നതും അവര്‍ തന്നെ നയിക്കുന്നതുമായ പുതിയ രീതിയിലുള്ള ജനകീയ ജനാധിപത്യ വിപ്ലവമാണ്.” വ്യത്യസ്തമായ നിലപാടുകളിലൂന്നി ജനകീയ ജനാധിപത്യ വിപ്ലവം സാധിതമാക്കാനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിഭാഗങ്ങളും ഇന്ത്യയിലുണ്ട്.

വര്‍ഗവിഭജിതമായ സമൂഹത്തില്‍ വര്‍ഗസമരമെന്നത് സാമൂഹ്യപ്രതിഭാസമാണ്. വര്‍ഗസമരത്തെ അഭിമുഖീകരിക്കാതെ സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് കടക്കാന്‍ സാധിക്കുകയില്ല. പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും വിഭാഗങ്ങളും മാര്‍ക്‌സിസത്തിന്റെ മര്‍മ്മപ്രധാനമായ ഈ ഭാഗം അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നവരാണ്. വര്‍ഗസമരസിദ്ധാന്തത്തിന് പകരം വര്‍ഗസഹകരണ നിലപാട് മുന്നോട്ടേക്ക് വെക്കുന്ന വലതുപക്ഷ നിലപാട് കൈകാര്യം ചെയ്യുന്നവരാണ് ഇതിലൊരുകൂട്ടര്‍. എന്നാല്‍, വര്‍ഗസഹകരണമെന്നത് മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്ന് ധരിച്ച് വര്‍ഗങ്ങളെ പ്രത്യേകം സംഘടിപ്പിക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ഇടതുതീവ്രവാദ വിഭാഗങ്ങള്‍ നക്‌സലൈറ്റ് കാലഘട്ടം മുതല്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. രണ്ട് വ്യതിയാനങ്ങളിലും സമാനതകളുണ്ട്. എന്നാല്‍, ആദ്യം പറഞ്ഞ വിഭാഗം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം ഇടതുപക്ഷ ശക്തികളെ യോജിപ്പിച്ച് മുന്നോട്ടുപോകാനുള്ള സന്നദ്ധതയും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അത് സ്വാഗതാര്‍ഹമാണ്. സമാധാനപരമായ സഹവര്‍ത്തിത്വത്തെയും പരിവര്‍ത്തനത്തെയും പാര്‍ലമെന്ററി സംവിധാനത്തിലൂടെ കൈകാര്യം ചെയ്യാമെന്ന കാഴ്ചപ്പാടാണ് ഇക്കൂട്ടര്‍ വച്ചുപുലര്‍ത്തുന്ന വലതുപക്ഷ സമീപനം.

പാര്‍ലമെന്ററി വ്യവസ്ഥയെ ഉപയോഗിക്കാതെ, ഭരണവര്‍ഗത്തിനെതിരായി ജനങ്ങള്‍ സ്വയമേവ വിപ്ലവകാരികളായി മാറി, വര്‍ഗബഹുജനവിഭാഗങ്ങളെ അണിനിരത്താതെയുള്ള സായുധ പോരാട്ടത്തിലൂടെ അതിസാഹസികമായി വിപ്ലവത്തിലേക്ക് കടക്കാമെന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടാണ് മറ്റൊരു വിഭാഗം വച്ചുപുലര്‍ത്തുന്നത്. അരാഷ്ട്രീയവും അരാജകത്വവും ഉള്‍ചേര്‍ത്ത് വനാന്തരങ്ങളിലെ ഒത്തുചേരലിലൂടെ ഇന്ത്യന്‍ വിപ്ലവം കൈകാര്യം ചെയ്യാമെന്നാണിവര്‍ പ്രതീക്ഷിക്കുന്നത്. അപ്രായോഗികവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമാണ് ഈ നിലപാട്. പാര്‍ലമെന്ററി ജനാധിപത്യസംവിധാനം ഉപയോഗിക്കാവുന്ന കാലഘട്ടത്തില്‍, ജനകീയ അടിത്തറ വിപുലപ്പെടുത്താനായി ആ ആയുധത്തെ ഉപയോഗിക്കാതെ, ഒറ്റപ്പെടലിന്റെ വിഫലതന്ത്രം പ്രയോഗിക്കുന്നത് തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയമായി കൂട്ടിയൊജിപ്പിച്ച് പോകുന്ന നിലപാടാണ് മാര്‍ക്‌സിസ്റ്റ് നിലപാട്.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരിക്കേണ്ടത്, നിലവിലുള്ള ഭരണകൂടവ്യവസ്ഥയ്ക്ക് കീഴിലായിരിക്കും. ഭരണകൂടത്തെ സിപിഐ എം നോക്കികാണുന്നത് ഇങ്ങനെയാണ്. “മുതലാളിത്ത വികസന പാത പിന്തുടരുന്നതിനായി വിദേശഫിനാന്‍സ് മൂലധനവുമായി കൂടുതല്‍കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ-ഭൂപ്രഭുവര്‍ഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം. നാടിന്റെ ജീവിതത്തില്‍ ഭരണകൂടം നിര്‍വഹിക്കുന്ന പങ്കിന്റെയും നടത്തുന്ന പ്രവര്‍ത്തനത്തിന്റെയും സത്ത അടിസ്ഥാനപരമായി നിര്‍ണയിക്കുന്നത് ഈ വര്‍ഗസ്വഭാവമാണ്.” അത്തരത്തിലുള്ള ഒരു ഭരണകൂടം നിലനില്‍ക്കുമ്പോള്‍ പരിവര്‍ത്തനമെന്നത് അനിവാര്യമായി മാറുന്നു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക ജനസാമാന്യവുമായി സമഞ്ജസമായ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, എല്ലാവിഭാഗം ജനാധിപത്യശക്തികളെയും അണിനിരത്തുന്ന ഒരു ജനകീയ ജനാധിപത്യ വിപ്ലവമാണ് ഇന്ത്യന്‍ പരിവര്‍ത്തനത്തിനായുള്ള ഈ കാലഘട്ടത്തിലെ മുഖ്യദൗത്യം.

പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ അണിനിരക്കുമ്പോഴും ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങള്‍, വലതുപക്ഷ നിലപാടുകളുടെ ഭാഗമായി പലപ്പോഴും നടപ്പാക്കപ്പെടില്ല. ആ നിയമങ്ങള്‍ നടപ്പാക്കിയെടുക്കുന്നതിന് വേണ്ടി പാര്‍ലമെന്റേതര മാര്‍ഗങ്ങളായ സമരങ്ങളും പ്രക്ഷോഭങ്ങളും സ്വീകരിക്കേണ്ടിവരും. ത്യാഗപൂര്‍ണമായ ഒരു പ്രവര്‍ത്തനം തന്നെയാണ് അത്. ഭരണകൂട വ്യവസ്ഥ, മേല്‍ചൂണ്ടിക്കാണിച്ച വര്‍ഗങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന്റെ ഉപകരണമാവുന്നതുകൊണ്ടുതന്നെ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ജനാധിപത്യ അവകാശങ്ങളും ദളിത്-പിന്നോക്ക, മുന്നോക്കവിഭാഗത്തിലെ ദരിദ്ര ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പൂര്‍ണമായ തോതില്‍ പരിഹരിക്കപ്പെടുന്നില്ല. എന്നാല്‍, പലതും ചെയ്യാനാവും. ഒന്നും ചെയ്യാനാകില്ല എന്നത് നിരാശാജനകവും തെറ്റായതുമായ നിലപാടാണ്. മതനിരപേക്ഷ ഉള്ളടക്കത്തോടെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാനും കേരളത്തില്‍ ചെയ്തത് പോലെ ജന്‍മിത്വം അവസാനിപ്പിക്കാനും സ്വത്തിന്റെ വിഭജനം സംഘടിപ്പിക്കാനുമൊക്കെ സാധിക്കും. ജനതയെ സാക്ഷരരാക്കാനും അധികാരവികേന്ദ്രീകരണത്തിലേക്ക് നാടിനെ നയിക്കാനും എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കാനും സാധിക്കും. ഇത്തരത്തില്‍ ചെയ്യാനൊരുപാടുകാര്യങ്ങളുണ്ട്. അതൊക്കെ വര്‍ഗവീക്ഷണവും ഇച്ഛാശക്തിയുമുള്ള സര്‍ക്കാരിന് സാധിതമാക്കാന്‍ കഴിയും. എന്നാല്‍, ഭൂരിപക്ഷം ജനവിഭാഗങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ മൗലികമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പാര്‍ലമെന്ററി വ്യവസ്ഥയിലെ ഭരണസംവിധാനത്തിനാകില്ലെന്ന കാര്യം മാര്‍ക്‌സിസം അടിവരയിടുന്നുണ്ട്.

ഭരണകൂടത്തിന് മൂന്ന് പ്രധാനഭാഗങ്ങളാണുള്ളത്. ഒന്ന്, എക്‌സിക്യുട്ടീവ്, രണ്ട്, ജുഡീഷ്യറി, മൂന്ന്, ലജിസ്ലേറ്റര്‍. ഇതില്‍ ലജിസ്ലേറ്റര്‍ മാത്രമേ അഞ്ചുകൊല്ലം കൂടുമ്പോള്‍ പാര്‍ലിമെന്ററി ജനാധിപത്യസംവിധാനത്തെ അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുപ്പുകള്‍ നടത്തുന്നുള്ളു. അതുതന്നെ പണാധിപത്യത്തിന്റെ മുന്‍കൈയില്‍ പ്രാവര്‍ത്തികമാക്കാനാണ് ഭരണവര്‍ഗം ഇന്ത്യയില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും പ്രതിനിധാനം ചെയ്യുന്ന പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ കൈവഴിയാണിത്. ലജിസ്ലേറ്റീവ് വഴി ഭരണമാറ്റം സംഭവിക്കുമ്പോള്‍ എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഇടതടവില്ലാതെ തുടരുക തന്നെയാണ്. കേവലം തുടരുന്നു എന്നുമാത്രമല്ല, ഭരണവര്‍ഗ നിലപാടിനെ അരക്കിട്ടുറപ്പിക്കുവാന്‍ ഭരണവര്‍ഗ കാഴ്ചപ്പാടോടെ നിലകൊള്ളുകയാണത്. സിപിഐ എം പരിപാടിയില്‍ പറയുന്നു : “അമ്പത് വര്‍ഷത്തെ ബൂര്‍ഷ്വാ-ഭൂപ്രഭുവാഴ്ച ഭരണകൂടാധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും കാര്‍ന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ വളര്‍ച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥവൃന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭരണനിര്‍വഹണ രീതി. ജനസാമാന്യത്തില്‍ നിന്ന് തീര്‍ത്തും അകന്ന് ചൂഷകവര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്ഥ മേധാവികള്‍ മുഖേനയാണ് പരമോന്നത തലത്തില്‍ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ വന്‍തോതിലുള്ള വളര്‍ച്ചയും ഭരണവര്‍ഗങ്ങളുമായി അവര്‍ക്കുള്ള ശക്തമായ ബന്ധങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും” ഇത്തരത്തിലുള്ള ഉദ്യോഗസ്ഥവൃന്ദങ്ങളെ പേറുന്ന ഭരണകൂട എക്‌സിക്യുട്ടീവ്, മാറിമാറിവരുന്ന ഗവണ്‍മെന്റുകളുടെ താല്‍പ്പര്യത്തെയും നയങ്ങളെയുമല്ല പ്രതിനിധീകരിക്കുന്നത്. ജുഡീഷ്യറിയുടെ സ്വഭാവവും മറിച്ചല്ല. ഭരണവര്‍ഗ നയത്തെയും താല്‍പ്പര്യങ്ങളെയുമാണ് ഈ രണ്ടുവിഭാഗങ്ങളും പ്രകാശിപ്പിക്കുന്നത്. കേരളത്തിലെ എല്‍ ഡി എഫ് ഗവണ്‍മെന്റ് എല്ലാ മേഖലയിലും നടപ്പിലാക്കാനുദ്ദേശിക്കുന്നത് ഭരണകൂട വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട നയങ്ങളും നിലപാടുകളുമാണ്. എന്നാല്‍, നിലനില്‍ക്കുന്ന എക്‌സിക്യുട്ടീവും ജുഡീഷ്യറിയും ഇതിനോടെല്ലാം ക്രിയാത്മകമായി പ്രതികരിച്ചോളണമെന്ന പ്രതീക്ഷ, ഭരണവര്‍ഗ സമീപനത്തിന്റെ ഉള്ളടക്കത്തെപറ്റി ബോധ്യമില്ലാത്തതുകൊണ്ടാണ് ഉണ്ടാവുന്നത്.

യഥാര്‍ത്ഥത്തില്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള ഭരണകൂട സംവിധാനം തെരഞ്ഞെടുക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെയല്ല പ്രതിനിധീകരിക്കുന്നത്. മറിച്ച് നിലവിലുള്ള ഭരണകൂട വ്യവസ്ഥയെയാണ്. നയപരമായുള്ള ഈ വ്യത്യാസത്തെ മനസിലാക്കിക്കൊണ്ട് ഭരണം കൈകാര്യം ചെയ്യുക എന്നത് അതീവ പ്രയാസകരമായ ഒന്നുതന്നെയാണ്. എങ്കില്‍പ്പോലും ഭരണകൂട വ്യവസ്ഥയ്ക്ക് വിധേയപ്പെട്ട നയങ്ങളും നിലപാടുകളും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ മതനിരപേക്ഷ ഉള്ളതക്കത്തോടെ നടപ്പിലാക്കാന്‍ ഗവണ്‍മെന്റിനും ഭരണകൂടത്തിനും സാധിക്കേണ്ടതുണ്ട്.

എല്‍ ഡി എഫ് ഗവണ്‍മെന്റ്, കോര്‍പ്പറേറ്റുകളെയോ, വന്‍കിട സാമ്പത്തിക ശക്തികളെയോ, ഭൂപ്രഭുക്കളെയോ, സാമ്രാജ്യത്വ-ധനമൂലധന ശക്തികളെയോ അല്ല പ്രതിനിധാനം ചെയ്യുന്നത്. ഭരണകൂടമാവട്ടെ മേല്‍ചൂണ്ടിക്കാണിച്ചവയുടെയെല്ലാം താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. ഈ വൈരുദ്ധ്യത്തെ മനസിലാക്കി വിട്ടുവീഴ്ചയോടെ ഭരണസംവിധാനത്തെ മുന്നോട്ടുനയിക്കേണ്ടതുണ്ട്. വിട്ടുവീഴ്ചയെന്നാല്‍ കീഴടങ്ങലെന്നല്ല അര്‍ത്ഥം. പരസ്പരം ബോധ്യപ്പെടലാണ്. പ്രായോഗികത മെനഞ്ഞെടുക്കലാണ്. മുമ്പ് കോണ്‍ഗ്രസും ഇപ്പോള്‍ ബി ജെ പിയും പ്രതിനിധീകരിക്കുന്ന ഭരണകൂട വ്യവസ്ഥയ്ക്ക് കീഴിലാണ് കേന്ദ്രവും സംസ്ഥാനങ്ങളും നിലനില്‍ക്കുന്നത്. കേരളത്തിന്റെ പ്രത്യേക വികസന മാതൃക ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് പാര്‍ലമെന്ററി വ്യവസ്ഥയെ കമ്യൂണിസ്റ്റ് ഇടതുപക്ഷം ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വേണ്ടി പരുവപ്പെടുത്തിയെടുത്തതുകൊണ്ടാണ്. അത് നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികളെന്ന നിലയില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് പ്രവര്‍ത്തിക്കാനായതുകൊണ്ടുകൂടിയാണ്.

ഭരണകൂടവും ഭരണവും തമ്മിലുള്ള വ്യത്യാസം മനസിലാക്കി, പരിമിതികളും സാധ്യതകളും തിരിച്ചറിഞ്ഞ് കൂടുതല്‍ വേഗതയില്‍ കേരളത്തെ മുന്നോട്ട് നയിക്കാന്‍ തീര്‍ച്ചയായും എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കും. അതിന് തിരിച്ചറിവോടുകൂടി ശക്തിപകരാനുള്ള ബാധ്യത എല്ലാ ജനാധിപത്യവിശ്വാസികള്‍ക്കും പുരോഗമനേച്ഛുക്കള്‍ക്കുമുണ്ട്.

23-Jan-2017