രാജ്യത്തെ സ്ത്രീ അവസ്ഥ

തൊഴിലെടുക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കുനേരെ എന്നപോലെ നവലിബറല്‍ നയങ്ങള്‍ സ്ത്രീജീവിതങ്ങള്‍ക്കുനേരെയും സൃഷ്ടിക്കുന്ന, വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കിടയില്‍ അസന്തുഷ്ടി വളരുകയാണ്. അവരുടെ ഉപജീവനത്തിനും ജീവിത സാഹചര്യങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് പങ്കാളികളാവുന്നത്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മുമ്പ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കുകളിലെല്ലാം വമ്പിച്ച തോതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയുണ്ടായി. ഈ വര്‍ഷം സെപ്തംബര്‍ 2ന് നടന്ന രാജ്യവ്യാപകമായ പണിമുടക്കിലും ഫാക്ടറികളിലും ഓഫീസുകളിലും പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകള്‍ വലിയ തോതില്‍ പങ്കെടുത്തു. പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ സ്ത്രീകളും അവരോടൊപ്പം അണിചേരുകയുണ്ടായി. എല്ലാ അര്‍ഥത്തിലും സ്ത്രീജീവിതങ്ങള്‍ക്കുമേല്‍ ശക്തമായ സ്വാധീനമുണ്ടാക്കിയ ഇത്തരം പോരാട്ടങ്ങള്‍, നവലിബറല്‍നയങ്ങളെ ചെറുത്തുതോല്‍പിക്കുംവരെ വമ്പിച്ച പങ്കാളിത്തത്തോടെ ഇനിയും ശക്തമാക്കേണ്ടതുണ്ട്.

ഈ വര്‍ഷം ജൂണില്‍ കേന്ദ്ര ക്യാബിനറ്റ് ടെക്‌സ്‌റ്റൈല്‍ അനുബന്ധ മേഖലയ്ക്കായി ഒരു പ്രത്യേക പാക്കേജ് അംഗീകരിക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമാക്കുമെന്നും വസ്ത്ര വ്യവസായമേഖലയിലെ തൊഴില്‍സേനയില്‍ 70% വും സ്ത്രീകളായതിനാല്‍ അതിലെ ഭൂരിഭാഗം തൊഴിലുകളും സ്ത്രീകള്‍ക്കു നല്‍കാനാവുമെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു അത്. ചെലവിലെ മത്സരക്ഷമത മെച്ചപ്പെടുത്തി കയറ്റുമതി വര്‍ദ്ധിപ്പിച്ച് ബംഗ്ലാദേശിനെയും വിയത്‌നാമിനെയും പോലെയുള്ള രാഷ്ട്രങ്ങളെ മറികടക്കുക എന്നതായിരുന്നു ഈ പാക്കേജിന്റെ ലക്ഷ്യം. അത് നേടുന്നതിനായി തൊഴിലുടമകള്‍ക്ക് ഒട്ടേറെ ഇന്‍സെന്റീവുകള്‍ നല്‍കുകയുണ്ടായി. പ്രോവിഡന്റ് ഫണ്ടിലേക്ക് അവര്‍ അടയ്‌ക്കേണ്ട തുക ഫണ്ടുവിഹിതമായി ഗവണ്‍മെന്റ് നല്‍കും. ആദായനികുതി വ്യവസ്ഥകളില്‍ ഇളവുവരുത്തി. കൂടാതെ തൊഴില്‍ നിയമങ്ങളും അയവേറിയതാക്കി. ഓവര്‍ടൈം ജോലി വര്‍ദ്ധിപ്പിച്ചു; ഇപിഎഫ് നിര്‍ബന്ധമല്ലാതാക്കി. വസ്ത്രനിര്‍മ്മാണ മേഖല 'സീസണല്‍' ആണെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ കൃത്യമായ തൊഴില്‍ കാലപരിധി കൊണ്ടുവന്നു.

കുറച്ചുദിവസങ്ങള്‍ക്കുശേഷം കേന്ദ്ര ക്യാബിനറ്റ് 'മോഡല്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (റെഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ആന്റ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ്) ബില്‍ 2016'ന് അന്തിമരൂപം നല്‍കുകയും സംസ്ഥാന ഗവണ്‍മെന്റുകളുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു. 'സംരക്ഷണപരമായ വിവേചനം' ഒഴിവാക്കിയും രാത്രികാല ഷിഫ്റ്റില്‍ സ്ത്രീകളെ ജോലിക്കുവെയ്ക്കാന്‍ അനുവദിച്ചു. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉയര്‍ന്ന വിദഗ്ദ്ധ തൊഴിലാളികള്‍, തൊഴില്‍ സമയപരിധിയില്‍നിന്നും ഒഴിവാക്കപ്പെടും. അതിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്, ബിസിനസ് മെച്ചപ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള മത്‌സരം പ്രോത്‌സാഹിപ്പിക്കുക എന്നതായിരുന്നു.

നവലിബറല്‍ കാലഘട്ടത്തില്‍, സ്ത്രീതൊഴിലാളികളോടുള്ള കാഴ്ചപ്പാടാണ് ഗവണ്‍മെന്റിന്റെ ഈ നടപടികളെല്ലാം വ്യക്തമാക്കുന്നത്. 'സ്ത്രീശാക്തീകരണം', 'തൊഴില്‍ സൃഷ്ടിക്കല്‍', 'ദാരിദ്ര്യ നിര്‍മാര്‍ജനം' ഇവയെല്ലാം നവലിബറല്‍ നയങ്ങളുടെ വക്താക്കളുടെ വെറും വാചകമടി മാത്രമായിരിക്കെ, അതിന്റെ യഥാര്‍ഥ ലക്ഷ്യം തൊഴിലാളികളുടെ പ്രത്യേകിച്ച് സ്ത്രീതൊഴിലാളികളുടെ അവകാശങ്ങളെ ആക്രമിക്കുന്നതിലൂടെ തൊഴിലുടമകളുടെ ലാഭം പരമാവധിയാക്കുക എന്നതാണ്. തൊഴില്‍ പരിഷ്‌കാരങ്ങള്‍, ബിസിനസ് എളുപ്പമാക്കല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍, ഇന്‍സ്‌പെക്ഷന്‍ രാജ് 'ശ്രമേവ ജയതേ'യിലൂടെ അവസാനിപ്പിക്കുക തുടങ്ങിയവയെല്ലാം നവലിബറല്‍ നയങ്ങള്‍ക്കുകീഴില്‍ ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഭരണകൂടത്തിന്റെ ഇടപെടലുകളാണ്.

നവലിബറല്‍ അജന്‍ഡയ്ക്കുകീഴില്‍ രാജ്യത്തെ സ്ത്രീതൊഴില്‍സേനയുടെ പങ്കാളിത്തം കുറഞ്ഞുവരികയാണെന്നതാണ് യാഥാര്‍ഥ്യം. 200405നും 201112നുമിടയില്‍ താരതമ്യേന രണ്ടുകോടിയോളം സ്ത്രീകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്; അവയില്‍ ഭൂരിഭാഗവും കാര്‍ഷികമേഖലയില്‍നിന്നുള്ളവരാണ്. ഈ ഇടിവ്, എല്ലാ പ്രായ വിഭാഗത്തിലും എല്ലാ വിദ്യാഭ്യാസ തലത്തിലും നഗര ഗ്രാമ പ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നതുകൊണ്ടാണ് സ്ത്രീതൊഴില്‍സേനാ പങ്കാളിത്തം കുറയുന്നത് എന്ന വാദത്തെ ഖണ്ഡിക്കുന്നതാണിത്. നമുക്കു ലഭ്യമായ ഡാറ്റയനുസരിച്ച്, 2015ല്‍ ലോകത്താകമാനം സ്ത്രീതൊഴില്‍ പങ്കാളിത്തം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോക റാങ്കിങ്ങില്‍ 131 രാജ്യങ്ങളില്‍ 120ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ചുരുക്കത്തില്‍, നവലിബറല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയിലെ സ്ത്രീകള്‍ക്കായി തൊഴില്‍ സൃഷ്ടിക്കാനായില്ലെന്നത് തീര്‍ച്ചയാണ്.

ഇക്കാലയളവിനിടയില്‍ സ്ത്രീകള്‍ക്ക് ലഭിച്ച ഭൂരിഭാഗം തൊഴിലുകളും ഐഎല്‍ഒയുടെ നിര്‍വചനമനുസരിച്ചുള്ള 'മാന്യമായ തൊഴില്‍' എന്നതില്‍നിന്നും വളരെ വിദൂരത്തിലുള്ളതാണ്. 96% സ്ത്രീകളും അനൗപചാരിക മേഖലയിലാണ് തൊഴിലെടുക്കുന്നത്. കരാറടിസ്ഥാനത്തില്‍, താല്‍ക്കാലികമായി ദിവസക്കൂലിയടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്നവരായി അതില്‍ ഭൂരിഭാഗവും ഇന്നു മാറുകയുണ്ടായി. കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്ന 80%ത്തിലധികം സ്ത്രീകളും ഇന്നു പ്രതിസന്ധിയിലാണ്. പലവിധത്തിലുള്ള സ്വതന്ത്ര വ്യാപാരകരാറുകളും ആഗോളമാന്ദ്യവും കാരണം കശുവണ്ടി, കയര്‍, പ്ലാന്റേഷനുകള്‍, മത്സ്യമേഖല തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

സ്ത്രീകള്‍ കൂടുതലായും കേന്ദ്രീകരിച്ചിരിക്കുന്നത് ചരക്കുല്‍പാദനവും സേവനവും കൈമാറ്റം ചെയ്യല്‍, സ്വന്തം ഉപഭോഗത്തിനായുള്ള ചരക്കുകളുടെ ഉല്‍പാദനം, തൊഴിലുടമയുടെയോ അല്ലെങ്കില്‍ ഒരു സൂപ്പര്‍വൈസറുടെയോ കഴിവിനനുസരിച്ച് ഗാര്‍ഹികമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സ്വയം തൊഴില്‍മേഖലയിലെ കൂലിയില്ലാ വിഭാഗത്തിലാണ്. ദേശീയോല്‍പാദനത്തില്‍ വലിയൊരു പങ്കുവഹിക്കുന്നവരായിട്ടും ഏതെങ്കിലും തരത്തിലുള്ള കൂലിയോ, സ്വന്തമായി വരുമാനമോ ഇല്ലാതെ സാമ്പത്തികമായി പരാശ്രിതരാവാന്‍ ഇവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന, സ്ത്രീയുടെ താണ പദവിയെ സൂചിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണിത്. കുടുംബത്തിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തിന്റെ പ്രതിഫലനവുമാണിത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയ്ക്കുശേഷം നിര്‍മാണമേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ അസ്ഥിരവും സുരക്ഷിതമല്ലാത്തതും ആയിത്തീര്‍ന്നു. ഡിമാന്‍ഡില്‍ ഇടിവു വന്നതിനാല്‍ മിക്ക പരമ്പരാഗത ഗാര്‍ഹിക വ്യവസായങ്ങളും മതിയാക്കേണ്ടതായി വന്നു. വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ് നിര്‍മാണ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരുന്നതും ഇല്ലാതായി. സേവനമേഖലയില്‍ പണിയെടുക്കുന്ന നഗരങ്ങളിലെ സ്ത്രീകളില്‍ ചെറിയൊരു വിഭാഗത്തിനു മാത്രമേ സ്ഥിരം ജോലിയുള്ളൂ. തൊഴിലില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായ ഒരു മേഖല യാതൊരു തൊഴില്‍ സുരക്ഷയോ വരുമാന സുരക്ഷയോ സാമൂഹ്യ സുരക്ഷയോ ഇല്ലാത്ത ഗാര്‍ഹികത്തൊഴിലാളികളുടേതാണ്.

രാജ്യത്ത് നവലിബറല്‍ നയങ്ങളുടെ വരവിനുശേഷമുള്ള മറ്റൊരു പ്രത്യേകത സ്‌കീം തൊഴിലാളികളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനയുണ്ടായതാണ്. ഒരു കോടിയോളം വരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴിലെടുക്കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളായ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസസ് (ICDS), ദേശീയ ആരോഗ്യമിഷന്‍ (NHM), ഉച്ചഭക്ഷണ പദ്ധതി, സര്‍വശിക്ഷ അഭിയാന്‍, ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ തുടങ്ങിയവയിലാണ്; ഇതിലേറെയും പണിയെടുക്കുന്നത് സ്ത്രീകളാണ്. തൊഴിലാളികളെന്ന നിലയില്‍ അവരെ അംഗീകരിക്കുന്നതില്‍നിന്നുപോലും ഗവണ്‍മെന്റ് പിന്തിരിഞ്ഞു നില്‍ക്കുകയാണ്. പകരം അവരെ സാമൂഹ്യപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, വോളണ്ടിയര്‍മാര്‍, ഫ്രണ്ട്‌സ് എന്നൊക്കെ വിളിച്ച് അവര്‍ക്ക് മിനിമം വേതനവും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളുമൊക്കെ നിഷേധിക്കുകയാണ്. ഈ സ്‌കീമുകളില്‍ ഭൂരിഭാഗവും അടിസ്ഥാന സേവനങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം എന്നിവ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രത്യേകിച്ച്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നല്‍കാനുദ്ദേശിച്ചുള്ളവയാണ്. ഈ സേവനങ്ങളെല്ലാം കുടുംബത്തിലും സമൂഹത്തിലും പൊതുവായി പ്രദാനം ചെയ്യാന്‍ ഉത്തരവാദപ്പെട്ട സ്ത്രീകള്‍, യാതൊരു അംഗീകാരവും പ്രതിഫലവുമില്ലാതെ അത് നിറവേറ്റേണ്ടതായി വരുന്നു. ഒരേസമയം 'മാതൃകാ തൊഴിലുടമ' ആകേണ്ട ഗവണ്‍മെന്റ് നവലിബറല്‍ അജന്‍ഡയ്ക്കുകീഴില്‍ 'മാതൃകാ ചൂഷകനു'മായി പ്രവര്‍ത്തിക്കുകയാണ്. ഈ സ്‌കീമുകളെയെല്ലാം സ്വകാര്യവല്‍കരിക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഈയടുത്ത കാലത്തായി ആക്കം കൂടിയിട്ടുണ്ട്. നിലവിലെ ബിജെപി ഗവണ്‍മെന്റ് ഈ സ്‌കീമുകള്‍ക്കായുള്ള ബജറ്റ് വകയിരുത്തല്‍ വന്‍തോതില്‍ വെട്ടിക്കുറച്ചു. ഇത് ഗുണഭോക്താക്കള്‍ എന്ന നിലയിലും തൊഴിലാളികളെന്ന നിലയിലും കോടിക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കി.

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും തുല്യവേതന നിയമം, പ്രസവാനുകൂല്യ നിയമം, ഫാക്ടറി നിയമം എന്നിവയുടെ പരിധിയില്‍നിന്ന് പുറത്താകുമ്പോള്‍ തന്നെ തൊഴില്‍ പരിശോധനകളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നത്, ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കുകൂടി അവ നിരസിക്കുന്നതിന് ഇടയാക്കുന്നു. 2013 ഏപ്രിലില്‍ തൊഴില്‍ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച്, കഴിഞ്ഞ ദശകത്തില്‍ കൂലിയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്.

തൊഴില്‍നിയമങ്ങള്‍ ലഘൂകരിക്കാനെന്ന പേരില്‍ 44 തൊഴില്‍നിയമങ്ങളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് 5 നിയമസംഹിതകളാക്കി മാറ്റുകയുണ്ടായി. വേതനം സംബന്ധിച്ച തൊഴില്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തിയ തുല്യവേതന നിയമം സ്ത്രീകളുടെ തുല്യ വേതനം സംബന്ധിച്ച വെറും വാചകക്കസര്‍ത്തു മാത്രമാണ്. തുല്യവേതന നിയമം മറച്ചുവെച്ചുകൊണ്ട് കേന്ദ്ര നിയമം പ്രൊമോഷന്‍, ട്രെയിനിങ്, ട്രാന്‍സ്ഫര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റു വിവേചനങ്ങളെക്കുറിച്ചെല്ലാം നിശ്ശബ്ദത പാലിക്കുന്നു. നിര്‍ദിഷ്ട ചെറുകിട ഫാക്ടറി നിയമത്തിന്‍കീഴില്‍ വരുന്ന 14 നിയമങ്ങളില്‍ ഉള്‍പ്പെടുന്ന തുല്യവേതന നിയമവും പ്രസവാനുകൂല്യ നിയമവും എടുത്തുകളയുകയുണ്ടായി. പ്രസവാനുകൂല്യ നിയമത്തില്‍ ഈയടുത്തയിടെ വരുത്തിയ ഭേദഗതിയിലൂടെ വേതനത്തോടു കൂടിയ പ്രസവാവധി 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചത് ഭൂരിഭാഗം വരുന്ന സ്ത്രീതൊഴിലാളികളെ ഉദ്ദേശിച്ചല്ല. ഈ നിയമങ്ങളുടെ പരിധിയില്‍വരുന്ന വളരെ ചെറിയൊരു ഭാഗം തൊഴിലാളികളില്‍ 70 ശതമാനത്തിലധികവും ചെറുകിട ഫാക്ടറി ബില്‍ പാസാക്കുമ്പോള്‍ അതിന്റെ പരിധിയില്‍നിന്നും വലിച്ചെറിയപ്പെടും. ഗവണ്‍മെന്റ് അതിന്റെ തന്നെ സ്‌കീമുകളിലെ ഉച്ചഭക്ഷണത്തൊഴിലാളികള്‍, ആശമാര്‍, പാരാടീച്ചര്‍മാര്‍ തുടങ്ങിയ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ പ്രസവാവധി അനുവദിക്കുന്നില്ല. പ്രത്യേക സാമ്പത്തിക മേഖലയില്‍ (SEZ) പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കും പ്രസവാവധി നിഷേധിക്കപ്പെടുകയാണ്.

നവലിബറല്‍ അജന്‍ഡ ശുഷ്‌കാന്തിയോടെ പിന്തുടരുമ്പോഴും 'സ്ത്രീശാക്തീകരണം' എന്ന ഗവണ്‍മെന്റിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം, പിഎഫ് പിന്‍വലിക്കുന്നതില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങിയപ്പോള്‍ വെളിവാക്കപ്പെടുകയുണ്ടായി. വിശാഖപട്ടണത്തിനടുത്തുള്ള അച്ചുതപുരം പ്രത്യേക സാമ്പത്തിക മേഖലയിലെ ബാട്രിക്‌സ് ഗാര്‍മെന്റിലെ (15000ത്തിലധികം വരുന്ന) സ്ത്രീത്തൊഴിലാളികളും ബാംഗ്ലൂരുവിലും കര്‍ണാടകത്തിലെ മറ്റ് ജില്ലകളിലും ലക്ഷക്കണക്കിനു വരുന്ന സ്ത്രീതൊഴിലാളികളും പിഎഫ് പണം പിന്‍വലിക്കുന്നതില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്തിയത് ഗവണ്‍മെന്റിനെ അത് പിന്‍വലിക്കുന്നതിന് നിര്‍ബന്ധിതമാക്കി. ഈ നടപടി സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുമെങ്കിലും സ്ത്രീതൊഴിലാളികള്‍ അടിക്കടി കമ്പനികളും ജോലികളും മാറുന്നതിന് നിര്‍ബന്ധിതരായതിനാല്‍ സ്ത്രീകളെയാണ് ഇത് ഏറെ ദോഷകരമായി ബാധിക്കുന്നത്; കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സാചെലവുകള്‍ എന്നിവ നിറവേറ്റുന്നതിനുവേണ്ട പണം കണ്ടെത്തേണ്ട ബാധ്യതയും ഏറെ സ്ത്രീകള്‍ക്കായതിനാലും സ്ത്രീകളെ ഈ നയങ്ങള്‍ കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നു.
അസംഘടിത തൊഴിലാളികള്‍ക്കുള്ള സാമൂഹ്യസുരക്ഷാ നിയമം 2008നു കീഴില്‍ വരുന്ന വലിയൊരു ഭാഗം തൊഴിലാളികള്‍ക്കും വേണ്ടി അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ് പുതിയ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ക്കൊന്നും തന്നെ രൂപം നല്‍കുകയുണ്ടായില്ല. ദേശീയ ഫണ്ടുകളൊന്നും തന്നെ സൃഷ്ടിച്ചുമില്ല. കഴിഞ്ഞ വര്‍ഷം ഏറെ കൊട്ടിഘോഷിച്ചുകൊണ്ടു പ്രഖ്യാപിച്ച പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമയോജന, പ്രധാനമന്ത്രി ജീവന്‍ സുരക്ഷാ ബിമയോജന അല്ലെങ്കില്‍ അടല്‍ പെന്‍ഷന്‍ യോജന എന്നിവയ്‌ക്കൊന്നും തന്നെ ഗവണ്‍മെന്റ് ഒരു രൂപ പോലും നല്‍കിയില്ല. യഥാര്‍ഥത്തില്‍ അവയെല്ലാം നേരത്തെതന്നെ നിലവിലിരുന്ന പദ്ധതികളായ, ഗവണ്‍മെന്റ് സഹായം ലഭിച്ചിരുന്ന, ആം ആദ്മി ബിമ യോജന പോലെയുള്ള പദ്ധതികളുടെ പരിഷ്‌കരിച്ച രൂപമാണ്.

ആഗോളവല്‍കരണത്തിന്റെ നവലിബറല്‍ നയങ്ങള്‍ ചരക്കുവല്‍കരണത്തില്‍ കേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ മനുഷ്യബന്ധങ്ങള്‍, വികാരങ്ങള്‍, സ്ത്രീയെയും സ്ത്രീശരീരത്തെയും (പുരുഷാധിപത്യ സമൂഹത്തില്‍ നേരത്തെതന്നെ പ്രബലമായിരുന്നു) മോശമായി ചിത്രീകരിക്കല്‍. ഇവയെല്ലാം അങ്ങേയറ്റം അക്രാമകമാംവിധം കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ ഈയടുത്തയിടെ ഭീമമായ വര്‍ധനയാണുണ്ടായിരിക്കുന്നത്. തനിച്ചു ജീവിക്കുന്ന സ്ത്രീകള്‍, അവിവാഹിതകള്‍, വിധവകള്‍, ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവരാണ് പ്രത്യേകിച്ചും നഗരങ്ങളില്‍ തൊഴില്‍തേടുന്നവര്‍ കൂടുതലായും ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാകുന്നത്.

പൊതുഇടങ്ങള്‍ക്കായി അവകാശമുയര്‍ത്തുകയും നവലിബറല്‍ വാഴ്ചയിന്‍കീഴില്‍ തൊഴിലുകള്‍ പരിമിതപ്പെട്ടുവരുന്നതിനെതിരെയുള്ള പോരാട്ടത്തില്‍ അണിചേരുകയും ചെയ്യുന്ന സ്ത്രീകളോടുമുള്ള അസഹിഷ്ണുത കൂടിയാണ്, സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അതിക്രമങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ആവര്‍ത്തിച്ചുറപ്പിക്കാനാവുന്ന നിലയിലുള്ള ചുരുക്കം ചില സ്ത്രീകളോടുള്ള പുരുഷാധിപത്യപരമായ നിലപാടിന്റെ പ്രതിഫലനവുമാണിത്. ഇത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകളോടുള്ള പുരുഷാധിപത്യപരമായ സമീപനം ഇപ്പോഴും നിലനില്‍ക്കുന്നതായാണ് സൂചിപ്പിക്കുന്നത്.

തൊഴിലെടുക്കുന്ന മറ്റു വിഭാഗങ്ങള്‍ക്കുനേരെ എന്നപോലെ നവലിബറല്‍ നയങ്ങള്‍ സ്ത്രീജീവിതങ്ങള്‍ക്കുനേരെയും സൃഷ്ടിക്കുന്ന, വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്കിടയില്‍ അസന്തുഷ്ടി വളരുകയാണ്. അവരുടെ ഉപജീവനത്തിനും ജീവിത സാഹചര്യങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ലക്ഷക്കണക്കിനു സ്ത്രീകളാണ് പങ്കാളികളാവുന്നത്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ മുമ്പ് ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കുകളിലെല്ലാം വമ്പിച്ച തോതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയുണ്ടായി. ഈ വര്‍ഷം സെപ്തംബര്‍ 2ന് നടന്ന രാജ്യവ്യാപകമായ പണിമുടക്കിലും ഫാക്ടറികളിലും ഓഫീസുകളിലും പണിയെടുക്കുന്നവര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ സ്ത്രീകള്‍ വലിയ തോതില്‍ പങ്കെടുത്തു. പാടങ്ങളില്‍ പണിയെടുക്കുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമായ സ്ത്രീകളും അവരോടൊപ്പം അണിചേരുകയുണ്ടായി. എല്ലാ അര്‍ഥത്തിലും സ്ത്രീജീവിതങ്ങള്‍ക്കുമേല്‍ ശക്തമായ സ്വാധീനമുണ്ടാക്കിയ ഇത്തരം പോരാട്ടങ്ങള്‍, നവലിബറല്‍നയങ്ങളെ ചെറുത്തുതോല്‍പിക്കുംവരെ വമ്പിച്ച പങ്കാളിത്തത്തോടെ ഇനിയും ശക്തമാക്കേണ്ടതുണ്ട്. എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും സാമൂഹ്യമായ അടിച്ചമര്‍ത്തലില്‍നിന്നും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിമോചനത്തിനായുള്ള പോരാട്ടങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ അതു മാത്രമേ സഹായകമാകൂ.

29-Oct-2016