ചുംബനത്തിന്റെ കയ്പ്

പൊതുസ്ഥലം എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ 'പൊതുസ്ഥലം' എന്ന സങ്കല്‍പ്പം സങ്കീര്‍ണമായിരിക്കുകയാണ്. അടച്ചുമൂടി എയര്‍കണ്ടീഷന്‍ ചെയ്ത മാളുകളും ഗേറ്റും പാറാവുമുള്ള വില്ലകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പൊതുസ്ഥലങ്ങളാവുമ്പോള്‍, അവിടെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഈ 'പൊതുസ്ഥലങ്ങള്‍' സമ്മാനിക്കുന്ന സ്വകാര്യത ലഭിക്കുന്നത്. രണ്ടുതരം യാഥാര്‍ത്ഥ്യങ്ങളെയാണ് ഇവിടെ നാം സൃഷ്ടിക്കുന്നത്. പണമില്ലാത്തതുകൊണ്ട് ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് സ്വകാര്യത നിഷിദ്ധമാവുന്നു. ഈ വേര്‍തിരിവിനെതിരായി കൂടിയാണ് പ്രതികരണം ഉണ്ടായത്.

ചുംബനസമരമെന്ന നൂതന ആശയവും കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ എതിര്‍പ്പിന് ഇടയാക്കുന്നു. അത് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ന്യൂജനറേഷന്‍ എന്ന് വിളിക്കപ്പെടുന്ന പക്വതയില്ലാത്ത ഒരു വിഭാഗത്തിന്റെ പ്രതികരണമായി ചുംബന സമരത്തെ മുദ്രകുത്തിയവര്‍, യുവത്വത്തിന്റെ ചിന്താരീതികള്‍ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ്. ചുംബന സമരത്തിനാഹ്വാനം ചെയ്തവര്‍ പ്രതീകാത്മകമായി പ്രതികരിച്ചത് കേരളസമൂഹത്തിന്റെ ഇരട്ടത്താപ്പ് നയത്തോടാണ്.

ഒരു സാധാരണ ഹോട്ടലില്‍ ഇരിക്കുന്ന നിര്‍ധനരായ കമിതാക്കള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുമ്പോള്‍, പഞ്ചനക്ഷത്ര ഹോട്ടലില്‍ കയറാന്‍ ധനസ്ഥിതിയുള്ള കമിതാക്കള്‍ക്ക് സദാചാര പോലീസിംഗിനെ ഭയപ്പെടേണ്ടതില്ല എന്നത് വസ്തുതയാണ്. നമ്മുടെ ഭരണകൂടത്തിന്റെ മദ്യ നയത്തിന്റെ പോളിസിയും ഇതാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യമാവാം. ഇന്നും വ്യക്തികളെ തരം തിരിക്കുന്നത് വ്യക്തികളുടെ സാമ്പത്തിക സ്ഥിതി വെച്ചാണ്. ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ആയ ഇന്ത്യയില്‍ ഫലത്തില്‍ പണമുള്ളവനും ഇല്ലാത്തവനും വ്യത്യസ്ത നിയമങ്ങളാണ് എന്ന് വേണം ഇത്തരം അനുഭവങ്ങളില്‍ നിന്ന് മനസിലാക്കാന്‍.

കേരള'സംസ്‌കാരത്തെ' പാട്ടത്തിനെടുത്ത സഹൃദയയായ എഴുത്തുകാരിയുടെ രോദനവും ചുംബനസമരപ്രഖ്യാപനത്തെ തുടര്‍ന്ന് പത്രങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ചുംബന സമരം കേരള പാരമ്പര്യത്തിനെതിരാണെന്ന് അവരും പറഞ്ഞു. ഈ കൊട്ടിഘോഷിക്കപ്പെടുന്ന കേരള പാരമ്പര്യം എന്താണെന്ന് ഒന്ന് പരിശോധിക്കാം.
1. സ്ത്രീകള്‍ക്ക് മാറ് മറക്കാനുള്ള അവകാശമില്ലാത്ത നാടായിരുന്നു കേരളം
2. താഴ്ന്നജാതിക്കാരായി മുദ്രകുത്ത മനുഷ്യരെ മൃഗങ്ങളുടെ അവസ്ഥയില്‍പോലും പരിഗണിക്കാത്ത നാടായിരുന്നു കേരളം.
3. അയിത്തവും ജാതിജന്യമായ ആചാരാനുഷ്ടാനങ്ങളും ഒരു ജീവിതരീതി പോലെ കൊണ്ടുനടന്ന നാടായിരുന്നു കേരളം.

കേരള സംസ്‌കാരം, പാരമ്പര്യം തുടങ്ങിയ 'മഹത്തായ ആശയ'ങ്ങള്‍ മുകളില്‍ പറഞ്ഞ ശ്രേണികളും ഉള്‍ക്കൊള്ളുന്നതായിരുന്നു എന്ന് മനസിലാക്കാനുള്ള വിവേചന ബുദ്ധി, ബുദ്ധിജീവികളായി മുദ്രകുത്തപ്പെട്ടിട്ടുള്ള സുമനസുകള്‍ മനസിലാക്കിയാല്‍ നന്ന്. ഇത്തരം പാരമ്പര്യജന്യമായ ചിന്താരീതികള്‍ക്കെതിരെ സമരം ചെയ്തവര്‍ പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരായിരുന്നു. അതിനാല്‍ പാരമ്പര്യം എന്നത് സമയത്തിനനുസരിച്ച് മാറേണ്ടതാണെന്ന് മനസിലാക്കുന്നതാണ് വിവേകം. നമുക്ക് സൗകര്യമുള്ള, സന്തോഷം പകരുന്ന കാര്യങ്ങള്‍ മാത്രം സങ്കല്‍പ്പിച്ചുകൊണ്ട് ഇതാണ് പാരമ്പര്യം എന്ന് അട്ടഹസിക്കുന്നത്, അപഹാസ്യമാണ്.

പൊതുസ്ഥലം എന്നത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ 'പൊതുസ്ഥലം' എന്ന സങ്കല്‍പ്പം സങ്കീര്‍ണമായിരിക്കുകയാണ്. അടച്ചുമൂടി എയര്‍കണ്ടീഷന്‍ ചെയ്ത മാളുകളും ഗേറ്റും പാറാവുമുള്ള വില്ലകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പൊതുസ്ഥലങ്ങളാവുമ്പോള്‍, അവിടെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഈ 'പൊതുസ്ഥലങ്ങള്‍' സമ്മാനിക്കുന്ന സ്വകാര്യത ലഭിക്കുന്നത്. രണ്ടുതരം യാഥാര്‍ത്ഥ്യങ്ങളെയാണ് ഇവിടെ നാം സൃഷ്ടിക്കുന്നത്. പണമില്ലാത്തതുകൊണ്ട് ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് സ്വകാര്യത നിഷിദ്ധമാവുന്നു. ഈ വേര്‍തിരിവിനെതിരായി കൂടിയാണ് പ്രതികരണം ഉണ്ടായത്.
കേരളത്തില്‍ ഇത്തരം സമര രൂപങ്ങള്‍ എത്രമാത്രം പ്രായോഗികമാവും? സ്ത്രീ സുരക്ഷ മറ്റാരുടേയോ ഉത്തരവാദിത്തമാണെന്ന് കരുതുന്ന 'പാരമ്പര്യവാദി'കളായ അധികൃതര്‍, ഇനി വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കുനേരെയുള്ള അക്രമണങ്ങള്‍ക്ക് കാരണം ഇത്തരത്തിലുള്ള ചുംബനങ്ങളാണെന്ന് കണ്ടെത്തിയേക്കാം.

04-Nov-2014