കനലുകള്‍ പോലെ ഓര്‍മകളും

ഒന്നിച്ച്, ഒരുമിച്ച് താമസിക്കുന്നവര്‍ വഴിപിരിയുന്നത് പല വിധത്തിലാണ്. ചിലര്‍ വിവാഹിതരായി പോകുന്നു. ഗള്‍ഫ് സ്വപ്നവുമായി എത്തുന്നവര്‍ ആ വഴിക്കങ്ങനെ. ഉയര്‍ന്ന ജോലിയും ശമ്പളവും കിട്ടുമ്പോള്‍ മെച്ചപ്പെട്ട സ്ഥലങ്ങള്‍ തേടി മറ്റൊരു കൂട്ടര്‍. പിരിഞ്ഞുപോയവരെയൊന്നും പിന്നീട് കണ്ടു മുട്ടിയതേ ഇല്ല. ഞാന്‍ ഇറങ്ങി നടക്കുമ്പോള്‍ ആരെയും തിരഞ്ഞതും ഇല്ല. നടന്നു തീര്‍ക്കാന്‍ ഒരുപാട് ദൂരമുണ്ടായിരുന്നു. പുതിയ പല മുഖങ്ങളും കടന്നുവന്നു. എങ്കിലും ഒഴിഞ്ഞ ബിസ്‌കറ്റ് കൂടുകളും, ചുവപ്പും പച്ചയും കലര്‍ന്ന നിറങ്ങളും മങ്ങാത്ത ചില മുഖങ്ങളെ എന്നും ഓര്‍മിപ്പിച്ചു. ഓര്‍മ്മകളിലെ ചില കനലുകള്‍ ഒരിക്കലും എരിഞ്ഞടങ്ങുകയില്ല. ഒരിക്കലും.

ഒരു ഇടുങ്ങിയ മുറി. നേര്‍ത്തൊരു ഭിത്തികൊണ്ട് അതിനെ വേര്‍തിരിച്ചിരിക്കുന്നു. അതിനുള്ളില്‍ തന്നെ ഒരു കുളിമുറിയുമുണ്ട്. അവിടെ ഏഴ് പെണ്‍ജീവിതങ്ങള്‍. ഞെങ്ങി ഞെരുങ്ങിയുള്ള ജീവിതം. കുറച്ചു വര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്ന മുംബൈ ജീവിതമാണിത്.
മാസാവസാനം ആവും മുമ്പേ പേഴ്‌സ് കാലിയാവും. രുചി അറിയാതെ വിശപ്പടക്കാന്‍, വായിലേക്ക് വെക്കുന്ന എന്തും കഴിക്കുന്ന കുഞ്ഞിന്റെ മനസ്സൊന്നുമായിരുന്നില്ല. എങ്കിലും വെറും വെള്ളത്തില്‍ മുക്കിയ പാര്‍ലി ജി ബിസ്‌കറ്റ് തിന്നുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രുചിയായിരുന്നു. എന്നാലും ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്കുള്ള ഫോണ്‍ വിളികളില്‍ നിറയെ സന്തോഷവും സുഖവും മാത്രം കുത്തി നിറച്ചു. ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളൊക്കെ മാറി എന്ന് കേട്ടപ്പോള്‍ ആദ്യം സന്തോഷിച്ചത് അമ്മ ആയിരുന്നിരിക്കണം. നാടുമാറിയപ്പോഴുണ്ടായ സാഹചര്യങ്ങളില്‍ സ്വാഭാവികമായുണ്ടായ മാറ്റം ആയിരുന്നില്ല അത്. വിശപ്പുണ്ടാക്കിയ തിരിച്ചറിവായിരുന്നു. പക്ഷെ, അതൊന്നും അമ്മയോട് പറയാന്‍ മെനക്കെട്ടില്ല.

മുംബയിലെ ചോളുകള്‍ തൊട്ടു തൊട്ടുള്ള വീടുകളാണ്. ഓരോ വീടും മറ്റൊരു വീടിന്റെ ഭിത്തിയില്‍ നിന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നതും. പലതിലും മുകളിലും താഴെയുമായി രണ്ട് മുറികള്‍ കാണും. ഉള്ളതില്‍ സൗകര്യമുള്ള മുറിയില്‍ മിക്കവാറും വീട്ടുടമസ്ഥരാവും താമസിക്കുന്നത്. ഞങ്ങളുടെ വീട്ടുടമസ്ഥ, ഏകദേശം നാല്‍പ്പത് വയസ് പ്രായമുള്ളൊരു സ്ത്രീയാണ്. ഇടയ്ക്കിടയ്ക്ക് അവരെ കാണാനായി ഉയരം കുറഞ്ഞ്, തടിച്ചൊരു മനുഷ്യന്‍ വരും. ഒരു കൂസലുമില്ലാതെ ഞങ്ങളുടെ മുറിയിലേക്കും അയാള്‍ തള്ളിക്കയറി വരും. അവിടം വൃത്തിയാക്കൂ, ഇവിടം വൃത്തിയാക്കൂ എന്നൊക്കെ പറഞ്ഞ്, ആര്‍ത്തിപ്പിടിച്ച നോട്ടവുമായി കുറേനേരം അയാള്‍ മുറിയിലുണ്ടാകും. താഴെ അയാളുടെ ശബ്ദം കേള്‍ക്കുമ്പോഴെ ഞങ്ങള്‍ ഷാള്‍ ഒക്കെ നേരെയാക്കി പുതച്ചു നില്‍ക്കും. എന്നാലും നോട്ടത്തിലെ കൊത്തിപ്പറിക്കലിന് ഒരു കുറവും ഉണ്ടാവില്ല. ഞങ്ങളെ നോക്കി ആവുംവിധമൊക്കെ ചോരക്കുടിക്കാനാണ് അയാളുടെ വിസിറ്റെന്ന് പറഞ്ഞ് ഞങ്ങള്‍ രോഷം പങ്കുവെക്കും. പിന്നെ ചിരിക്കും. എപ്പോഴോ ഞങ്ങള്‍ കരച്ചില്‍ മറന്നുപോയിരുന്നു.

ഇടയ്ക്ക് ഉടമസ്ഥയുടെ അകന്ന ബന്ധത്തിലുള്ളൊരു ചെറിയ പയ്യന്‍ അവിടേക്ക് വരും. കോളേജിലേക്ക് കാലെടുത്തു വച്ചിട്ടേയുള്ളു അവന്‍. അവധിക്കാലം ചെലവഴിക്കാനാണ് ഇവിടേക്ക് വരുന്നത്. ഞങ്ങള്‍ പെണ്‍കുട്ടികളെ കണ്ടപ്പോഴേക്കും ചെക്കന് എന്തെന്നില്ലാത്ത സന്തോഷം. അവധി ദിവസങ്ങളില്‍ ഞങ്ങളെ ചുറ്റിപ്പറ്റി അങ്ങനെ നടക്കും. പതിയെ പതിയെ അവന്‍ ഞങ്ങളുമായി കൂട്ടായി. കളിയും ചിരിയും ഗേള്‍ ഫ്രെണ്ട്‌സിനെ കുറിച്ചുള്ള കഥകളും ചെക്കനങ്ങനെ തിമിര്‍ക്കുകയാണ്. ഒരു അവധി ദിവസം ഞങ്ങള്‍ പതിവുപോലെ വാതില്‍പ്പടിയില്‍ വഴിയിലേക്ക് നോക്കി, വായും പൊളിച്ചങ്ങനെ ഇരിക്കുമ്പോള്‍ ചെക്കന്‍ പിറകില്‍ നിന്ന് ശബ്ദമിട്ടു. അവന് പുറത്തേക്ക് പോകണം. വഴി വേണം എന്ന അവന്റെ ആജ്ഞയ്ക്ക് നേരെ ഞങ്ങള്‍ മുഖം കോട്ടി. വഴിതരില്ല, വേണേല്‍ ചാടി പൊയ്‌ക്കോ എന്നായി ഞങ്ങള്‍. അവനില്‍ നിന്ന് ശ്രദ്ധ തിരിച്ച് എന്തോ പറയവെ, പിറകില്‍ വലിയൊരു ശബ്ദം. എല്ലാവരും തിരിഞ്ഞുനോക്കി. ഞങ്ങളെ മറികടന്ന് പോകാനായി, ഉയര്‍ന്ന് ചാടി പൊങ്ങിയപ്പോള്‍ തല മുകളില്‍ ഇടിച്ച് താഴെ വീണുകിടക്കുകയാണ് കക്ഷി. നല്ലൊരു മുറിവ്. ധാരധാരയായി ചോരയൊലിക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോയി. അഞ്ച് തുന്നലുകള്‍. അപ്പോഴേക്കും ചെക്കന്റെ അവധിക്കാലവും കഴിഞ്ഞു.

നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഒരു മുസ്ലിം പെണ്‍കുട്ടി, മുരടനായ അവളുടെ പപ്പയുടെ കണ്ണുവെട്ടിച്ച് ഞങ്ങളുടെ അടുത്തേക്ക് എപ്പോഴും വരാറുണ്ടായിരുന്നു. ഇത്രയും ദൂരം ഞങ്ങളെ തനിച്ചു വിട്ട ഞങ്ങളുടെ അച്ഛനമ്മമാരെ അവള്‍ വല്ലാത്തൊരാരാധനയോടെയാണ് കേള്‍ക്കുക. അത് അവള്‍ക്ക് അത്ഭുതമായിരുന്നു. വീടിന്റെ തൊട്ടടുത്ത് എപ്പോഴും വിടര്‍ന്ന സൂര്യകാന്തിയുടെ മുഖവുമായി നില്‍ക്കുന്നൊരു ചേച്ചി ഉണ്ടായിരുന്നു. സന്തോഷം മാത്രമുള്ളൊരു ജന്‍മമായിരുന്നു അവരെന്ന് തോന്നുന്നു. ഗോവക്കാരിയാണ്. ഭര്‍ത്താവിന്റെ വീര്‍ത്ത് ചാടിയ വയറില്‍ തട്ടി, കണ്ടില്ലേ കല്യാണം കഴിഞ്ഞാല്‍ പെണ്ണുങ്ങളുടെ മാത്രമല്ല, ആണുങ്ങളുടെ വയറും വീര്‍ക്കുമെന്ന് കളിയാക്കിയിരുന്ന ഒരു നല്ല അയല്‍ക്കാരി. ഞങ്ങള്‍ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചുള്ള കളിയാക്കല്‍ സഹിക്കവയ്യാതെ ചേട്ടന്‍ ഡയറ്റ് തുടങ്ങി. എന്നിട്ടും ചേച്ചി വിട്ടില്ല. ചേട്ടനെ വീണ്ടും വീണ്ടും ഞങ്ങളുടെ മുന്നിലിട്ട് വലിച്ചു കീറി. പക്ഷെ, അവര്‍ ഒരു വസന്തമായിരുന്നു. വാടാത്ത വസന്തം പോലെയുള്ള ദമ്പതികള്‍.

ഓഫീസിലേക്ക് പോകുമ്പോഴും വരുമ്പോഴും സ്‌നേഹത്തോടെ പിന്തുടര്‍ന്ന രണ്ടു കണ്ണുകളെ കുറിച്ചെഴുതാതിരിക്കാന്‍ കഴിയില്ല. നിന്റെ കവിളില്‍ അല്‍പ്പം നിറം തേച്ചോട്ടേ... എന്ന ചോദ്യവുമായി ഹോളി ആഘോഷിക്കാന്‍ എത്തിയപ്പോഴും അതിനുള്ള അനുവാദം കൊടുത്തപ്പോഴും ആ കണ്ണില്‍ തിളങ്ങിയത് ഏതൊക്കെ നക്ഷത്രങ്ങളായിരുന്നു. സ്‌നേഹത്തിന്റെ നിമിഷങ്ങള്‍. അവന്റെ മനസിലും ഒരുപാട് നിറങ്ങള്‍ നിറഞ്ഞ സ്വപ്‌നങ്ങള്‍ പൂത്തിരിക്കണം. പക്ഷെ, എന്റെ സ്വപ്നങ്ങള്‍ക്ക് അന്ന് കറുപ്പും വെളുപ്പും മാത്രമായിരുന്നു നിറങ്ങള്‍. ബ്ലാക്ക് ആന്റ് വൈറ്റ്. അവന്റെ സ്വപ്നങ്ങളില്‍ ചേര്‍ക്കാന്‍ നിറങ്ങളില്ലാതെ പോയവളായി ഞാന്‍.

ഒന്നിച്ച്, ഒരുമിച്ച് താമസിക്കുന്നവര്‍ വഴിപിരിയുന്നത് പല വിധത്തിലാണ്. ചിലര്‍ വിവാഹിതരായി പോകുന്നു. ഗള്‍ഫ് സ്വപ്നവുമായി എത്തുന്നവര്‍ ആ വഴിക്കങ്ങനെ. ഉയര്‍ന്ന ജോലിയും ശമ്പളവും കിട്ടുമ്പോള്‍ മെച്ചപ്പെട്ട സ്ഥലങ്ങള്‍ തേടി മറ്റൊരു കൂട്ടര്‍. പിരിഞ്ഞുപോയവരെയൊന്നും പിന്നീട് കണ്ടു മുട്ടിയതേ ഇല്ല. ഞാന്‍ ഇറങ്ങി നടക്കുമ്പോള്‍ ആരെയും തിരഞ്ഞതും ഇല്ല. നടന്നു തീര്‍ക്കാന്‍ ഒരുപാട് ദൂരമുണ്ടായിരുന്നു. പുതിയ പല മുഖങ്ങളും കടന്നുവന്നു. എങ്കിലും ഒഴിഞ്ഞ ബിസ്‌കറ്റ് കൂടുകളും, ചുവപ്പും പച്ചയും കലര്‍ന്ന നിറങ്ങളും മങ്ങാത്ത ചില മുഖങ്ങളെ എന്നും ഓര്‍മിപ്പിച്ചു. ഓര്‍മ്മകളിലെ ചില കനലുകള്‍ ഒരിക്കലും എരിഞ്ഞടങ്ങുകയില്ല. ഒരിക്കലും.

 

12-Feb-2014

ആത്മാംശം മുന്‍ലക്കങ്ങളില്‍

More