ഫാസിസത്തിനെതിരെ പ്രതിഷേധം

ഇരുപതാം നൂറ്റാണ്ട് കണ്ട ദാര്‍ശനികരില്‍ പ്രമുഖനായ അന്റോണിയോ ഗ്രാംഷിയുടെ മസ്തിഷ്‌ക്കം ഇരുപത് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട മുസ്സോളനി, പുസ്തകങ്ങളെ ഭയപ്പെട്ട് ലൈബ്രറികള്‍ക്ക് തീ കൊളുത്തിയ ഹിറ്റ്‌ലര്‍ തുടങ്ങിയ ഫാസിസ്റ്റ് ചരിത്ര മാതൃകകളുടെ ഇന്ത്യന്‍ പ്രതിരൂപമായി മാറിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ഭരണകൂടവും. ഇരുപതാം നൂറ്റാണ്ടിന്റെ കല എന്ന് ലെനിന്‍ വിശേഷിപ്പിച്ച സിനിമ എന്ന കലാരൂപത്തിന്റെ ചരിത്രം മനുഷ്യന്റെ പ്രതിരോധത്തിന്റെ ചരിത്രം കൂടിയാണെന്ന യാഥാത്ഥ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് ഫാസിസ്റ്റുകള്‍.

സ്വതന്ത്ര ചിന്തയും, ആവിഷ്‌കാര സ്വാതന്ത്ര്യവും അവശേഷിക്കുന്ന ഏതൊരു സര്‍ഗാത്മക ഇടത്തിന്റെയും സംവാദാത്മക പ്രതലത്തെ തങ്ങളുടെ അധികാരശേഷി ഉപയോഗപ്പെടുത്തി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടിസ്ഥാന അജണ്ടകളില്‍ ഒന്നാണ്. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംഘപരിവാറുകാരനായ ഗജേന്ദ്ര ചൗഹാനെ നിയമിക്കുന്നതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഇതേ ഫാസിസ്റ്റ് അജണ്ടയുടെ പ്രയോഗവല്‍ക്കരണമാണ്.

ജനാധിപത്യം എന്ന പരികല്‍പ്പനയെ തന്നെ പ്രതിരോധത്തിലാക്കുന്ന രാഷ്ട്രീയ ഏകാധിപത്യ പ്രവണതകളും, ബഹുമത സാംസ്‌കാരിക ജീവിത വൈവിധ്യങ്ങളുടെ വിശാലതയെ വരേണ്യ ഹൈന്ദവ സാംസ്‌കാരികതയുടെ ഏകശിലാത്മകതയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളും രാജ്യത്ത് വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈയൊരു വിഷയത്തെയും വിലയിരുത്തേണ്ടത്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പോലൊരു സ്ഥാപനത്തിന്റെ അധികാരസ്ഥാനത്തിരിക്കാനാവശ്യമായ യോഗ്യതയോ, പ്രവൃത്തി പരിചയമോ അവകാശപ്പെടാന്‍ കഴിയാത്ത ഗജേന്ദ്ര ചൗഹാനെ പോലൊരു വ്യക്തിയുടെ രാഷ്ട്രീയ പ്രേരിതമായ നിയമനത്തെ, ദേശവ്യാപകമായി സംഘപരിവാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാവിവല്‍ക്കരണ പ്രക്രിയയുടെ ഏറ്റവും പുതിയ ഉദാഹരണമായി വേണം കണക്കാക്കാന്‍. ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാന ജനാധിപത്യ നൈതികതയ്ക്ക് വിരുദ്ധമായി, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം പല വിധേന, ക്രമാനുഗതമായി ദുര്‍ബലപ്പെടുത്തുക വഴി തങ്ങളുടെ ഫാസിസ്റ്റ് താല്‍പര്യങ്ങളെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിത പദ്ധതിയുടെ വിവിധ പ്രയോഗ മാതൃകകളില്‍ ഒന്നാണ് കാമ്പസുകളെ കേന്ദ്രീകരിച്ച് ധൃതഗതിയില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍.

ഇന്ത്യയുടെ മതനിരപേക്ഷമായ സാംസ്‌കാരിക പൊതുമണ്ഡലത്തെ ഹിന്ദുരാഷ്ട്രം എന്ന സ്വവംശമേന്മാവാദത്തില്‍ ഊന്നിയുള്ള സങ്കുചിത സങ്കല്‍പ്പനത്തിലേയ്ക്ക് പുനര്‍നിര്‍വചിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ സജീവമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്രവല്‍ക്കരണത്തിനുള്ള ഉപകരണങ്ങളായി ദേശീയത, മതം, പാരമ്പര്യം, സ്വത്വം, ഭാഷ, പുരാണം, മിത്ത് തുടങ്ങിയവയെയെല്ലാം ഉപയോഗപ്പെടുത്തുന്ന ഫാസിസം സാമൂഹിക അവബോധത്തെ മതവല്‍ക്കരിക്കാനും, വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ഉപാധിയായാണ് സംസ്‌കാരത്തെ പ്രയോജനപ്പെടുത്തുന്നത്.

മിത്തിനെ ചരിത്രമായി വ്യാഖ്യാനിച്ച് വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും, ശാസ്ത്രീയ വീക്ഷണത്തിനും ചരിത്ര വസ്തുതകള്‍ക്കും വിരുദ്ധമായി ഫ്യൂഡല്‍ ബ്രാഹ്മണ മൂല്യങ്ങളുടെ മഹത്വവല്‍ക്കരണവും, സാമൂഹിക സാംസ്‌കാരിക വൈവിധ്യത്തോടുള്ള അസഹിഷ്ണുതയും, ഏകമുഖ ദേശീയവാദവും, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രബോധന മാധ്യമമായി വിദ്യാഭ്യാസത്തെ മാറ്റാനുള്ള ഗൂഡനീക്കങ്ങളും എല്ലാം സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന സാംസ്‌കാരിക ഫാസിസത്തിന്റെ സമകാലീന പ്രയോഗ പദ്ധതിയുടെ സൂചകങ്ങളാണ്. ഇന്ത്യയുടെ ജനാധിപത്യ മതേതര പൊതുമണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വേണം ഈയൊരു അവസ്ഥയെ കണക്കാക്കാന്‍.

ജനാധിപത്യ സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന കാമ്പസുകളുടെ ധിഷണാപരമായ വ്യവഹാരങ്ങള്‍ ഫാസിസ്റ്റുകളില്‍ നിരന്തരം അസ്വസ്ഥത ജനിപ്പിക്കുന്നതു കൊണ്ട് തന്നെ തങ്ങളുടെ അധികാരശക്തി ഉപയോഗപ്പെടുത്തി കാമ്പസുകളില്‍ നിന്നുയരുന്ന ജനാധിപത്യ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഐ.ഐ.ടി മദ്രാസിലും ഇപ്പോള്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചിന്താശേഷിയുടേയും വിമര്‍ശന സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ സാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളെ കീഴടക്കിയും, സ്വന്തം വരുത്തിയിലാക്കിയുമൊക്കെ തന്നെയാണ് എല്ലാ കാലത്തും ഫാസിസം അതിന്റെ അസ്തിത്വം സ്ഥാപിച്ചെടുത്തിട്ടുള്ളത്.

ഇരുപതാം നൂറ്റാണ്ട് കണ്ട ദാര്‍ശനികരില്‍ പ്രമുഖനായ അന്റോണിയോ ഗ്രാംഷിയുടെ മസ്തിഷ്‌ക്കം ഇരുപത് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട മുസ്സോളനി, പുസ്തകങ്ങളെ ഭയപ്പെട്ട് ലൈബ്രറികള്‍ക്ക് തീ കൊളുത്തിയ ഹിറ്റ്‌ലര്‍ തുടങ്ങിയ ഫാസിസ്റ്റ് ചരിത്ര മാതൃകകളുടെ ഇന്ത്യന്‍ പ്രതിരൂപമായി മാറിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് ഭരണകൂടവും. ഇരുപതാം നൂറ്റാണ്ടിന്റെ കല എന്ന് ലെനിന്‍ വിശേഷിപ്പിച്ച സിനിമ എന്ന കലാരൂപത്തിന്റെ ചരിത്രം മനുഷ്യന്റെ പ്രതിരോധത്തിന്റെ ചരിത്രം കൂടിയാണെന്ന യാഥാത്ഥ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് ഫാസിസ്റ്റുകള്‍.

സിനിമ എന്ന കലാരൂപത്തെ രൂപപ്പെടുത്താന്‍ വിദ്യാത്ഥികളെ പ്രാപ്തരാക്കുന്ന ഒരു സ്ഥാപനത്തിന്റെ അധികാര സ്ഥാനത്തേയ്ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ അവരോധിക്കുക വഴി സിനിമ എന്ന സര്‍ഗ്ഗ മാധ്യമത്തിലൂടെ രൂപപ്പെട്ടു വരാന്‍ സാധ്യതയുള്ള പ്രതിരോധ സാധ്യതകളെയാകെ ദുര്‍ബലപ്പെടുത്താനുള്ള നയങ്ങളാണ് ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്നത്. ക്രിയാത്മകമായ സര്‍ഗ്ഗാത്മക പാരമ്പര്യവും, ഉയര്‍ന്ന ജനാധിപത്യമൂല്യങ്ങളും, ബഹു സാംസ്‌കാരിക വൈവിധ്യവും, സമരോത്സുക സംസ്‌കാരവും അവകാശപ്പെടാന്‍ കഴിയുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പോലുള്ള കലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സങ്കുചിതാശയങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കാനുള്ള ഗൂഢ നീക്കങ്ങളെ ധൈഷണിക തലത്തിലും പ്രയോഗ തലത്തിലും പ്രതിരോധിക്കേണ്ടത് ഇന്ത്യയുടെ മതേതര ജനാധിപത്യ സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാവി വല്‍ക്കരണത്തിനെതിരെ അവിടത്തെ വിദ്യാത്ഥികളും രാജ്യത്തെ വിവിധ സാംസ്‌കാരിക കൂട്ടായ്മകളും നടത്തുന്ന സമരത്തോട് ഐക്യപ്പെടേണ്ടത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു ദൗത്യമാണ്.

23-Jun-2015

ഭാരതീയം മുന്‍ലക്കങ്ങളില്‍

More