സൈനബയെന്ന പ്രേതം

കറുത്ത പര്‍ദയില്‍ പൊതിഞ്ഞ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണുന്ന രീതിയില്‍ നടക്കുന്ന സ്ത്രീകളെ മാത്രമേ താന്‍ ഇവിടെ കണ്ടിട്ടുള്ളു. പര്‍ദ്ദക്കുള്ളിലെ മുഖത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. പ്രേതവും പര്‍ദ്ദ ധരിച്ചു കണ്ണുകള്‍ മാത്രം കാണിച്ചുകൊണ്ട് തന്റെ മുമ്പില്‍ വരുമോ? അതോ... വീട്ടില്‍ നില്‍ക്കാറുള്ള വേഷത്തില്‍ പ്രത്യക്ഷപ്പെടുമോ? എന്തായാലും പര്‍ദ്ദ ധരിച്ചു വേണ്ട. പര്‍ദ്ദയ്ക്ക് ഒരു പ്രണയഭാവം ഉണ്ടാക്കാന്‍ സാധിക്കില്ല. അറബിപെണ്ണിന്റെ പ്രേതത്തെ കാണാനുള്ള ത്രില്ലില്‍ ആയിരിക്കുന്നു തന്റെ മനസ്സ്.

മനസാകെ അസ്വസ്ഥതയാണ്. രാത്രിക്ക് വല്ലാത്ത ദൈര്‍ഘ്യം. മനസില്‍ ഓരോരോ ചിന്തകള്‍ ഉയര്‍ന്നുവരുന്നു. എന്തുകൊണ്ടാണ് ഇങ്ങിനെയൊക്കെ? ആലോചിക്കുംതോറും ഭയത്തിന്റെ ആവരണങ്ങള്‍ മെല്ലെ, മെല്ലെ തന്നെ പൊതിയും പോലെ. ഉള്ളില്‍ ജൂഗുപ്‌സാവഹമായ ഏതോ വികാരം നിറയുന്നു.

ഇവിടെ എത്തിയിട്ട് ദിവസങ്ങള്‍ ഒരുപാടായി. തലചായ്ക്കാന്‍ ഇടം തേടിയാണ് ഈ വീട്ടില്‍ എത്തിപെട്ടത്. ഒട്ടനവധി അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വാടക കുറച്ചു കിട്ടിയ ഇടം. സ്‌പോണ്‍സര്‍ ഇടപെട്ടതിനാലാണ് അദേഹത്തന്റെ പരിചയക്കാരന്റെ വളരെക്കാലമായി താമസമില്ലാത്ത ഈ വീട് കിട്ടിയത്. വര്‍ക്ക്‌ഷോപ്പുകള്‍ മാത്രമുള്ള (സനയഏരിയ) ഒരിടത്തെ ഒറ്റപ്പെട്ട കെട്ടിടം. ചുറ്റും വളരെ ഉയരത്തില്‍ മതില്‍ കെട്ടി വേര്‍തിരിച്ച് ഉള്ളില്‍ ധാരാളം സ്ഥലങ്ങളുള്ള ഒരു പോര്‍ടബില്‍ വീട്. മനാമ സിറ്റിയില്‍ നിന്നും വളരെ അകലെയല്ലാതെ ഒരു കുടുംബത്തിന് തിരക്കില്‍ നിന്നൊഴിഞ്ഞു താമസിക്കാന്‍ പറ്റിയ ഇടം.

ഈ പോര്‍ടബില്‍ വീടിനെക്കുറിച്ച് പലരും പലതരത്തില്‍ കഥകള്‍ പറയുന്നുണ്ട്. അസമയങ്ങളില്‍ അവിടെ നിന്നും നിലവിളികളും ബഹളങ്ങളും മറ്റും കേട്ടിരുന്നിരുന്നെന്ന് അടുത്ത വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാര്‍ അതിശയോക്തി നിറഞ്ഞ വാക്കുകളോടെ പറഞ്ഞത് ഓര്‍ക്കുന്നു. 
പരിചയക്കാരനായ റഹ്മാനിക്ക കണ്ടപ്പോള്‍ പറഞ്ഞത്, ഗതി കിട്ടാതെ അലയുന്ന ആത്മാക്കള്‍ കുടിയിരിക്കുന്ന സ്ഥലമാണ് ഇതെന്നാണ്.

സ്വദേശികള്‍ പോലും ഭയന്ന് അതിലേ വരാറില്ലത്രേ. അതു കൊണ്ടാണല്ലോ സ്വദേശിയായ ടാക്‌സി ഡ്രൈവർ താന്‍ ഇവിടെ താമസിക്കാന്‍ പോകുന്നു എന്നുപറഞ്ഞപ്പോള്‍ മുകളിലേയ്ക്ക് കൈകള്‍ ഉയര്‍ത്തി അള്ളാഹുവിനെ വിളിച്ചു കൊണ്ട് തന്റെ നെറുകയില്‍ തൊട്ട് പ്രാര്‍ത്ഥന ചൊല്ലിയത്.

ഇതൊന്നും തന്നെ ബാധിക്കില്ല. നാട്ടിലെ മനുഷ്യ പ്രേതങ്ങളേക്കാള്‍ എത്രയോ ഭേദം.

നാട്ടിലെ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടി രണ്ടുമൂന്ന് വര്‍ഷമായി ഇവിടെ അലയുന്നു. ഇപ്പോഴാണ് സ്ഥിരമായി ഒരു ജോലി ആയതുതന്നെ. ചെലവുകുറച്ചു തലചായ്ക്കാന്‍ ഒരിടം അതില്‍ പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിക്ക് ഒന്നുമില്ല എന്നൊക്കെ കരുതിയാണ് വന്നത്.

മതില്‍കെട്ടിനുള്ളില്‍ വൃത്തിയാക്കുവാന്‍ പണിക്കാര്‍ വന്നപ്പോഴും അവര്‍ പിറുപിറു ക്കുന്നുണ്ടായിരുന്നു. ഒരുപാട് ദിവസത്തെ ശ്രമഫലമായി കൂലിക്കൂടുതല്‍ കൊടുക്കാമെന്നു പറഞ്ഞാണ് രണ്ടു ബംഗാളികളെ ജോലിയ്ക്ക് കിട്ടിയതുതന്നെ.

മുറ്റത്തു നിന്നിരുന്ന ഒരു മരത്തില്‍ തറച്ചിരുന്ന കമ്പി കഷണങ്ങള്‍ കണ്ടു പേടിച്ച അവരെ വളരെ കഷ്ടപ്പെട്ടാണ് സമാധാനിപ്പിച്ചത്.

രണ്ടു ദിവസത്തെ ശ്രമഫലമായി വീടും പരിസരങ്ങളും വൃത്തിയാക്കുകയും ഇലക്ട്രിക് കണക്ഷനും വെള്ളവും ലഭ്യമാക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ എത്രമാത്രം അന്ധവിശ്വാസികളാണെന്നു തോന്നിപോയി. 
ഇത്രയും നല്ലൊരു സ്ഥലത്ത് പ്രേതമുണ്ടന്ന് വിശ്വസിച്ചു ഉപയോഗശൂന്യമാക്കി ഇടുക. 
സ്വന്തക്കാരനായ അറബിയുടെ ഈ വീട് അനുവദിച്ചു തന്ന പുതിയ സ്‌പോണ്‍സറെ നന്ദിയോടെ സ്മരിച്ചു.

നാട്ടില്‍ നിന്നും പോന്നപ്പോള്‍ കൊണ്ടുപോന്ന കര്‍ത്താവിന്റെ ചിത്രത്തിന് മുമ്പില്‍ മെഴുകുതിരി കത്തിച്ചു കൊണ്ട് ഗൃഹപ്രവേശം കഴിച്ചു.
അടുക്കളയില്‍ കഞ്ഞിയും പയറും വേവിച്ചു. താമസം ആരംഭിച്ചു.
പരിചയക്കാരനായ ഒരാളുടെ പക്കല്‍ നിന്നും വാങ്ങിയ സെക്കന്റ് ഹാന്‍ഡ് ടിവിയില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കെ, മനംമയക്കുന്നൊരു ഗന്ധം ഒഴുകിയെത്തി.

അകത്തെ മുറിയില്‍ എന്തോ വീണുടഞ്ഞിരിക്കുന്നു.
ശബ്ദം കേള്‍ക്കാം. മടി തോന്നി.
അവിടെ കിടക്കട്ടെ.ഉറങ്ങാന്‍ ചെല്ലുമ്പോള്‍ എടുത്തുവെക്കാം 
ശ്രദ്ധ ടി വി യിലേക്കാഴ്ത്തി.
വീണ്ടും എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം .
നോക്കുക തന്നെ.
ടി വി ഓഫ് ചെയ്ത് അകത്തെ മുറിയിലേയ്ക്ക് കടന്നു. 
'എന്റെ കര്‍ത്താവേ ...' അറിയാതെ വിളിച്ചുപോയി. 
കബോര്‍ഡില്‍ അടുക്കി ഒതുക്കി വെച്ചിരുന്ന തന്റെ ഡ്രസുകള്‍, സ്‌പ്രേ മുതലായവ താഴെ കിടക്കുന്നു. കഷ്ടം ഇനി എത്ര കഷ്ടപ്പെട്ട് വേണം ഇതൊന്നു പൂര്‍വസ്ഥിതിയില്‍ വയ്ക്കാന്‍.
ഇളകിനിന്ന കബോര്‍ഡ് ഒരു കണക്കില്‍ ശരിയാക്കി. എല്ലാം ഒതുക്കിവെച്ച്, ഒരിക്കല്‍ ക്കൂടി കബോര്‍ഡിന്റെ ബലം ഉറപ്പാക്കി തിരികെ ഹാളിലേയ്ക്ക് വരുമ്പോള്‍. ടി വി പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്നത് കണ്ടു. 
താന്‍ അകത്തേയ്ക്ക് പോയപ്പോള്‍ ഓഫ് ചെയ്തതാണല്ലോ? 
ആരായിരിക്കും ഇത് ഓണ്‍ ആക്കിയത്?
താന്‍ ഓഫ് ആക്കിയപ്പോള്‍ ഓഫ് ആയിക്കാണില്ല എന്ന് സമാധാനിച്ചു. 
വീണ്ടും ചാനലുകള്‍ മാറ്റിമാറ്റി പോയി. വാര്‍ത്തകളില്‍നിന്നും സീരിയലുകളിലേയ്ക്കും സിനിമകളിലേയ്ക്കും എന്റെ ശ്രദ്ധ മാറി കൊണ്ടിരുന്നു.
ഉള്ളില്‍ #െന്തോ ഒരസ്വസ്ഥത പിടിമുറുക്കിയതുപോലെ. ഭയമാണോ? 
ഈ വീട്ടിലെ ആദ്യരാത്രി കാളരാത്രി ആകുമോ? ആവോ..! 
രാത്രി ഏറെ വൈകിയിരിക്കുന്നു. താന്‍ സോഫയില്‍ കിടന്നു ഉറങ്ങിപ്പോയോ.
ടി വി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
പുറത്ത് മുഴങ്ങുന്ന കാറ്റ്. ജനലിന്റെ കണ്ണാടി ചില്ലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍. 
അടുക്കളയില്‍ വെച്ചിരിക്കുന്ന കഞ്ഞിയും പയറും കഴിച്ചിട്ടില്ലെന്ന കാര്യം ഓര്‍ത്തപ്പോള്‍ തന്നെ വയറിനുള്ളിലെ വിശപ്പിന്റെ പെരുമ്പറ മുഴക്കം ദ്രുതതാളത്തിലേയ്ക്ക് മാറി.
ഇനി കഞ്ഞി കുടിച്ചിട്ടാവാം. 
അടുക്കളയില്‍ കഞ്ഞി വെച്ച കലം പാതി ചരിഞ്ഞു കഞ്ഞി പുറത്തോഴുകിയ നിലയില്‍ കണ്ടപ്പോള്‍ നെഞ്ചില്‍ ഒരു പെരുമ്പറ മുഴക്കം. 
ഇവിടത്തെ ആദ്യ ദിനം തന്നെ കുളമായല്ലോ കര്‍ത്താവേ! 
പ്രേതങ്ങള്‍ക്ക് വിശപ്പും ദാഹവും കാണുമോ? 
എങ്കിലും ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ ചെയ്തല്ലോ?
കലം മറിച്ചിട്ട് കഞ്ഞി എടുക്കണമായിരുന്നോ? 
സാരമില്ല ഫ്രിഡ്ജില്‍ നിന്നും തണുത്ത വെള്ളം എടുത്തു കുടിച്ചു.

തിരികെ ഹാളില്‍ വന്ന് സോഫയില്‍ കിടന്നുകൊണ്ട് വെറുതെ ആലോചിച്ചു.
ഇവിടത്തെ പ്രേതം പുരുഷനോ, അതോ സ്ത്രീയോ?
ഉള്ളിന്റെയുള്ളില്‍ അതൊരു സ്ത്രീ ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നു.
എന്തായാലും ഇന്ന് താന്‍ ആ പ്രേതത്തെ കാണും നൂറുതരം.
പ്രേതത്തെ കാണാനുള്ള ആകാംക്ഷ തിരമാല പോലെ അലയടിക്കുന്നു. 
എങ്കിലും സംശയങ്ങള്‍ ബാക്കി. ഇവര്‍ അരൂപികളോ അതോ ഇഷ്ടമുള്ള രൂപം സ്വീകരിക്കാന്‍ കഴിയുന്നവരോ?
ഞാന്‍ ഇവിടെയാണ് താമസിക്കാന്‍ പോകുന്നുവെന്നു പറഞ്ഞപ്പോള്‍ പലരും ഒരു ചെറുപ്പക്കാരിയായ അറബി പെണ്‍കുട്ടി തുങ്ങിച്ചത്ത സ്ഥലമാണിതെന്ന് പറഞ്ഞിരുന്നു.
അപ്പോള്‍ സുന്ദരിയായ ഒരുവള്‍ തന്നെയായിരിക്കും പ്രേതമായിവരുന്നത്.
കറുത്ത പര്‍ദയില്‍ പൊതിഞ്ഞ വിടര്‍ന്ന കണ്ണുകള്‍ മാത്രം കാണുന്ന രീതിയില്‍ നടക്കുന്ന സ്ത്രീകളെ മാത്രമേ താന്‍ ഇവിടെ കണ്ടിട്ടുള്ളു. പര്‍ദ്ദക്കുള്ളിലെ മുഖത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല.
പ്രേതവും പര്‍ദ്ദ ധരിച്ചു കണ്ണുകള്‍ മാത്രം കാണിച്ചുകൊണ്ട് തന്റെ മുമ്പില്‍ വരുമോ? 
അതോ... വീട്ടില്‍ നില്‍ക്കാറുള്ള വേഷത്തില്‍ പ്രത്യക്ഷപ്പെടുമോ? എന്തായാലും പര്‍ദ്ദ ധരിച്ചു വേണ്ട. പര്‍ദ്ദയ്ക്ക് ഒരു പ്രണയഭാവം ഉണ്ടാക്കാന്‍ സാധിക്കില്ല.
അറബിപെണ്ണിന്റെ പ്രേതത്തെ കാണാനുള്ള ത്രില്ലില്‍ ആയിരിക്കുന്നു 
തന്റെ മനസ്സ്.
അവളെ പ്രതീക്ഷിച്ചുകൊണ്ട് സുന്ദരമായ അവളുടെ മുഖദര്‍ശനത്തിനായി കാത്തു കാത്ത് വീണ്ടും സോഫയിലേക്ക് ചരിഞ്ഞു. ബ്ലാങ്കറ്റ് പുതച്ചുമൂടി തല മാത്രം 
പുറത്തെ കാറ്റിന്റെ ഹുങ്കാരം ഭീതിദായകമായിരിക്കുന്നു. 
മുറിയുടെ ജനല്‍ ചില്ലുകള്‍ക്കുട്ടി അടിക്കുന്നു. 
അവശേഷിച്ച ശരീരഭാഗവും പുതച്ചു. എപ്പോഴോ ഉറങ്ങി.
ടി വി യുടെ ഒച്ച കേട്ടാണ് ഉണര്‍ന്നത്. 
താന്‍ പ്രതീക്ഷിച്ച സമയം സമാഗതമായിരിക്കുന്നു. ബ്ലാങ്കറ്റില്‍ നിന്നും തല പുറത്താക്കി താന്‍ കണ്ണുമിഴിച്ചു നോക്കി. അടുക്കളയില്‍ ആരോ ഉണ്ട്.
വിശപ്പ് മൂത്ത് ആത്മഹത്യ ചെയ്ത പ്രേതമാണോ? അടുക്കളയില്‍ തപ്പുന്നത്?
എന്തൊക്കയോ കൂട്ടിമുട്ടുന്ന സ്വരം. നോക്കുക തന്നെ.
വേണ്ട. ഇവിടെ തന്നെ കിടക്കാം. ഭയം തന്നെ മദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉള്ളില്‍ നിന്നും തന്റെ മനസ്സ് മന്ത്രിക്കും പോലെ, 
എന്തും വരട്ടെ പ്രേതത്തോട് സംസാരിക്കുക തന്നെ വേണം. ഭയന്നിരുന്നാല്‍ തന്റെ കാത്തിരിപ്പിന് ഫലമില്ലാതെയാകും. 
അപ്പോള്‍ ഒരു സംശയം ബാക്കി. പ്രേതത്തിന് അറബി മാത്രമല്ലേ അറിയുകയുള്ളു, ആത്മാക്കള്‍ക്ക് ഏതു ഭാഷയും മനസ്സിലാകുകയും പറയാനും പറ്റുമായിരിക്കും. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ഭാഷയില്ലല്ലൊ? 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന കഥ ഓര്‍മ വന്നു. അതിലെ സാഹിത്യകാരനെ തേടി ഭാര്‍ഗവിയുടെ പ്രേതം വരുന്നതും അവളോട് സാഹിത്യകാരന്‍ സംസാരിക്കുന്നതും മറ്റും.
അതില്‍ അവള്‍ക്കൊരു പേര് ഉണ്ട്. പക്ഷെ ഇവിടുത്തെ പ്രേതാത്മാവിന് ഒരു പേര് ഇല്ല. ഇവളെ സൈനബ എന്ന് വിളിച്ചാലോ? നല്ല മൊഞ്ചത്തി പേര് തന്നെ. അത് മതി. സൈനബ തന്റെ അറബി കഥയിലെ നായിക. താന്‍ തന്നില്‍ തന്നെ അഭിമാനിച്ചു.
എന്ത് വന്നാലും അടുക്കളയില്‍ ചെന്ന് അവളോട് സംസാരിച്ചിട്ട് തന്നെ കാര്യം.
ശൃംഗാരം നിറഞ്ഞ മനസുമായി പിറകിലുടെ കടന്നു ചെന്ന് ഉറുമ്പടക്കം കെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയോടെ ശബ്ധമുണ്ടാക്കാതെ മെല്ലെ അടുക്കളയുടെ വാതിലിനിടയിലൂടെ തല അകത്തേയ്ക്ക് ഇട്ടു നോക്കി.

അതാ... മറിഞ്ഞുകിടന്ന കഞ്ഞി പാത്രത്തില്‍ തലയിട്ട് കൊണ്ട് സൈനബയുടെ പ്രേതം.
ഉള്ളിലെ ഞെട്ടല്‍ ഒരു ചിരിയായി മാറുവാന്‍ ഞൊടി നേരം മാത്രമേ വേണ്ടിവന്നുള്ളൂ.

അനക്കം കേട്ടതും സൈനബ കലത്തില്‍ നിന്നും തലപിന്‍വലിച്ചു കൊണ്ട് തന്നെ കടന്നു ഓടി താന്‍ പിന്നാലെയും.
ടി വി യുടെ സ്വിച്ച് ഘടിപ്പിച്ചുരുന്ന സോക്കറ്റില്‍ ചവിട്ടി അവള്‍ പോര്‍ടബിളിന്റെ വിടവിലുടെ കയറിപ്പോയി. 
അപ്പോള്‍ മാത്രമാണ് ആ വിടവ് തന്റെ ശ്രദ്ധയില്‍ പെട്ടത്. 
ഇവള്‍ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോഴാണ് ടി വി ഓണ്‍ ആകുന്നത്.

ദിവസങ്ങള്‍ കടന്നു പോയി. ഇപ്പോള്‍ ഞാനും സൈനബയും ഒന്നിച്ചാണ് ഉറക്കം. എന്റെ കൂടെ സോഫയില്‍ ബ്ലാങ്കറ്റിനുള്ളില്‍ അനുസരണയോടെ അവള്‍ ശയിക്കും. അവളുടെ ഗുര്‍...ഗുര്‍... എന്ന കുര്‍ക്കം വലിയും മ്യാവൂ... മ്യാവൂ... കരച്ചിലും എന്നെ ആലോസരപ്പെടുത്തുന്നേയില്ല

06-Dec-2013

കഥകൾ മുന്‍ലക്കങ്ങളില്‍

More