തിരുത്തിയെഴുത്ത്

വളര്‍ന്ന മണ്ണിന്റെ
വെടിപ്പില്‍
തളം കെട്ടിയുറഞ്ഞ
ഉയിരിലേക്ക് വാര്‍ന്ന്
പടര്‍ന്നു ഭാരിക്കും
കട്ട ചോരയ്ക്കുമേല്‍
ഭരിക്കും ഭരണകൂടത്തിന്‍
ഭാരിച്ച കൂടം
കൊണ്ടടിച്ചാഴ്ത്തും
നിയമത്തിനു മുന്നില്‍
വേനലുപോലുണങ്ങിവറ്റും
മഴയെങ്കിലും
മിഴിയുണങ്ങാതുറങ്ങാതെ
നനവുവാര്‍ക്കും മണ്ണിന്റെ
നാവിന്‍ പശിമയിലൊട്ടി
ഒട്ടിയവയറിന്റെ ഉറപ്പിന്‍
പേശിമേലുയര്‍ന്നു
തലയുയര്‍ത്തി നില്‍ക്കും
ആദിവാസികളെന്ന്
മുദ്രണം ചെയ്ത
വാക്കില്‍ മുത്തി മുത്തങ്ങ
മൂ!ന്നു സെന്റിന്റെയരിപ്പയില്‍
അരിച്ചൊഴിച്ചെറിയാന്‍
വിസമ്മതിച്ചരിപ്പ
നിലനില്‍പ്പിന്നായ്
പിന്നെയും പലയിടങ്ങളില്‍
വിളയിടങ്ങളിലെ
പന്തലുപോലുയരുന്ന
സമരപന്തലുകള്‍
മധുരം കുറുക്കിക്കുറുക്കി
കരിച്ചീടുന്നവര്‍
കുറുകി പറഞ്ഞിടാം
കാഞ്ഞിരം
കാണ്മതേ കയ്‌പ്പെന്ന്,
ഐക്യദാര്‍ഢ്യമേകുമ്പോള്‍
ധാര്‍ഷ്ഠ്യമെന്ന്
അര്‍ത്ഥവും മാറ്റീടാം.
എന്നാകിലുമെന്ത്
സര്‍ക്കാര്‍ മറന്നു പോകുന്ന
ജനാധിപത്യം
ജനങ്ങള്‍ തിരിച്ചറിഞ്ഞ്
തിരുത്തിയെഴുതിക്കും.

 

15-Sep-2014

കവിതകൾ മുന്‍ലക്കങ്ങളില്‍

More