കേന്ദ്ര-സംസ്ഥാന ബന്ധം ആശ്വാസ്യമല്ല

സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളും മാന്യതയും വിഭവങ്ങളും വെട്ടിക്കുറയ്ക്കുന്ന മോഡി സര്‍ക്കാര്‍ നയവും നടപടികളും കൂടുതല്‍ ആപല്‍ക്കരമാണ്. കേരള സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗൌരവമുള്ള വിഷയങ്ങള്‍ ധരിപ്പിക്കാന്‍ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണുന്നതിനായി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ട് രണ്ടുതവണ അനുമതി നിഷേധിച്ചു. മോഡിയുടെ ഈ നടപടി സ്വേച്ഛാപരമാണ്. കേരളത്തെ അവഹേളിക്കലാണ്. സംസ്ഥാനത്തിന് അനുവദിച്ച സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം  തകര്‍ത്ത കേന്ദ്രസമീപനം തുടരാന്‍പാടില്ല. ഇക്കാര്യത്തില്‍ നാടിന്റെ ശബ്ദം കേള്‍ക്കാനുള്ള ഭരണഘടനാപരമായ ചുമതല പ്രധാനമന്ത്രിക്കുണ്ട്. അതുപോലെ വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ നരകയാതനയും സഹകരണപ്രസ്ഥാനം നേരിടുന്ന പ്രതിസന്ധിയും തീര്‍ക്കാനുള്ള ഉത്തരവാദിത്തവും പ്രധാനമന്ത്രിക്കുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു സംസ്ഥാനത്തെ കേള്‍ക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാശി അങ്ങേയറ്റം ഏകാധിപത്യപരമാണ്. 

ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധവും ഇന്ത്യ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ രാഷ്ട്രീയപ്രശ്നമായി മാറിയിരിക്കുന്നു. അധികാരം കേന്ദ്രീകരിക്കാന്‍ കേന്ദ്രവും അധികാരങ്ങള്‍ നിലനിര്‍ത്താനും അവകാശങ്ങളുറപ്പിക്കാനും സംസ്ഥാനങ്ങളും എന്ന നിലയിലേക്ക് ബഹുജനപ്രക്ഷോഭം വളര്‍ത്താനുള്ള സാഹചര്യം നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് എ കെ ജി പഠനഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് ഏപ്രില്‍ 20ന് ഏകദിന സെമിനാര്‍ നടത്തിയത്. ഇത് പുതിയ ദിശാബോധം പകരുന്നതായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്ത സെമിനാറില്‍  ഞാനായിരുന്നു അധ്യക്ഷന്‍. പ്രഭാത് പട്നായിക്, എന്‍ റാം, കാനം രാജേന്ദ്രന്‍, രമേശ് ചെന്നിത്തല, കെ എം മാണി, തോമസ് ഐസക് തുടങ്ങി നിരവധിപേര്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. 'ശക്തമായ കേന്ദ്രം, ദുര്‍ബലമായ സംസ്ഥാനം' എന്നതാണ് ആര്‍എസ്എസ് നയം. ഫെഡറല്‍ സംവിധാനത്തിന്റെ അടിത്തറ പൊളിക്കുന്ന ഈ നയമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ കൂടുതല്‍ അധികാരം സംസ്ഥാനത്തിന് കിട്ടാന്‍ വാദിച്ച ആള്‍ പ്രധാനമന്ത്രിയായപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുകയാണ്. അത് ആപല്‍ക്കരമായ ഘട്ടത്തിലെത്തി. അതിനാല്‍ ഭരണഘടന വിഭാവനംചെയ്ത ഫെഡറലിസത്തിന്റെ സംരക്ഷണത്തിനായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയപാര്‍ടികളുടെയും നേതൃത്വത്തില്‍ ഉന്നതതലസംഗമം വിളിച്ചുചേര്‍ക്കേണ്ടത് അനിവാര്യമാണ്. അതിന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കണം. മുമ്പ് കശ്മീരില്‍  ഫാറൂഖ് അബ്ദുള്ളയും പശ്ചിമബംഗാളില്‍ ജ്യോതിബസുവും മുഖ്യമന്ത്രിമാരായിരിക്കെ സമാനസമ്മേളനങ്ങള്‍ ചേര്‍ന്നിരുന്നു. ഈ മാതൃകയില്‍ ദേശീയസംഗമം ആവശ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് അതിനുള്ള പ്രേരണ നല്‍കുന്നതായി ഏകദിന സെമിനാര്‍.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ സംസ്ഥാനവിരുദ്ധമായ കടന്നുകയറ്റമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ആറര പതിറ്റാണ്ടായി നിലനിന്ന ആസൂത്രണകമീഷനെ പിരിച്ചുവിടുകയും നെഹ്റുവിന്റെകാലം മുതല്‍ തുടങ്ങിയ പഞ്ചവത്സരപദ്ധതികള്‍ അവസാനിപ്പിക്കുകയുംചെയ്തു. അവയെല്ലാം നൂറുശതമാനം കുറ്റമറ്റതാണെന്ന് ആരും പറയില്ല. പോരായ്മകളും പിന്നോട്ടടിയും ഉണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ പരിഹരിക്കുന്നതിനുപകരം ആ സംവിധാനങ്ങള്‍തന്നെ ഇല്ലാതാക്കി. അത് തലവേദനയ്ക്ക് മരുന്ന് തലവെട്ടല്‍ എന്നപോലെയായി. ആസൂത്രണകമീഷന്‍ ഭരണഘടനാസ്ഥാപനമായിരുന്നു. അത് വേണ്ടെന്നുവച്ചിട്ട് പകരം കൊണ്ടുവന്ന നിതി ആയോഗ് ആസൂത്രണകമീഷന്റെ അധികാരമൊന്നുമില്ലാത്ത ഉപദേശകസ്വഭാവം മാത്രമുള്ള ഒന്നാണ്. മോഡി സര്‍ക്കാരിന്റെ പക്ഷപാതിത്വവും ഇച്ഛയും വിവേചനവും നടപ്പാക്കാനുള്ള രാഷ്ട്രീയോപകരണമാണിത്. ഇമ്മാതിരിയൊരു മാറ്റം സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കുകപോലും ചെയ്യാതെയാണ് നടപ്പാക്കിയത്. സംസ്ഥാനങ്ങള്‍ക്ക് പദ്ധതിവിഹിതം പങ്കുവയ്ക്കുന്നതടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയുള്ളതാണ് നിതി ആയോഗ്. ഈ പരിഷ്കാരത്തെ ഇടതുപക്ഷം മാത്രമാണ് തുറന്നെതിര്‍ത്തത്. ഇപ്പോള്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയും തന്റെ പ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി.

73-74 ഭരണഘടനാഭേദഗതിപ്രകാരം അധികാരവികേന്ദ്രീകരണംനടപ്പാക്കിയപ്പോള്‍ സംസ്ഥാനപട്ടികയിലുള്ള 36 വിഷയങ്ങള്‍ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കേരളസര്‍ക്കാര്‍ നല്‍കിയത് കെ എം മാണി ചൂണ്ടിക്കാട്ടി. എന്നാല്‍, കേന്ദ്രം പിടിച്ചുവച്ചിരിക്കുന്ന അധികാരങ്ങളിലൊന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലംമുതലേ തയ്യാറായിട്ടില്ല. ഇതിനെ അന്നുതന്നെ ഇ എം എസ് ചോദ്യംചെയ്തു. ഈ വിഷയം സെമിനാറിന്റെ പരിഗണനയ്ക്ക് വന്നു. കേന്ദ്രനിര്‍ദേശങ്ങളെയും നിഗമനങ്ങളെയും സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുന്നതിനുള്ള സംസ്ഥാനങ്ങളുടെ അധികാരം ഭരണഘടനാഭേദഗതിവഴി എടുത്തുകളഞ്ഞു. അതുപോലെ ധനവിനിയോഗബില്‍ ഒഴികെ നിയമസഭ പാസാക്കുന്ന ഏത് നിയമവും രാഷ്ട്രപതിയുടെ അംഗീകാരത്തിന് റിസര്‍വ് ചെയ്യുന്നതിന് ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍ക്ക് അധികാരം നല്‍കി. ഇത് സംസ്ഥാനത്തിന്റെ നിയമനിര്‍മാണാവകാശത്തിനുമേല്‍ കേന്ദ്രസര്‍ക്കാരിന് കടന്നുകയറ്റത്തിനുള്ള അവസരം നല്‍കുന്നതാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

സാമ്രാജ്യത്വവിരുദ്ധ ദേശീയസമരങ്ങളിലൂടെയാണ് ഇന്ത്യയെന്ന രാഷ്ട്രം രൂപംകൊണ്ടത്. ഭൂമിശാസ്ത്രപരമായ വ്യാപ്തി മാത്രമല്ല ബഹുദേശീയതയും വ്യത്യസ്ത ഭാഷയും ചേര്‍ന്നാണ് ഫെഡറല്‍ സംവിധാനം കരുപ്പിടിപ്പിച്ചത്. ഭാഷാസംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങള്‍ സ്വാതന്ത്യ്രാനന്തര കാലഘട്ടത്തിലെ പ്രധാന ജനാധിപത്യപ്രസ്ഥാനമാണ്. അമ്പതുകളിലാണ് അതിന് തുടക്കം. ഈ പ്രസ്ഥാനത്തെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസ് സര്‍ക്കാരും പൊതുവില്‍ എതിര്‍ത്തു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന പുനഃസംഘടനയെന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും അതിനായുള്ള പ്രസ്ഥാനം നയിച്ചതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍ണായകപങ്ക് വഹിച്ചു. വിശാല ആന്ധ്ര, ഐക്യകേരളം, സംയുക്ത മഹാരാഷ്ട്ര തുടങ്ങിയ പ്രസ്ഥാനങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തിയും അവയ്ക്കാകെ നേതൃത്വംകൊടുത്തും കമ്യൂണിസ്റ്റ്പാര്‍ടി സജീവപങ്ക് വഹിച്ചു. പി സുന്ദരയ്യയുടെ 'വിശാല്‍ ആന്ധ്ര', ഭവാനി സെന്നിന്റെ 'നൂതന്‍ ബംഗാള്‍', ഇ എം എസിന്റെ 'കേരളം മലയാളികളുടെ മാതൃഭൂമി' തുടങ്ങിയ പുസ്തകങ്ങള്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്കാരത്തെയും ജീവിതത്തെയും അതിന്റെ സവിശേഷതകളെയും വിലയിരുത്തിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയായി.

1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചുകൊണ്ട് പ്രാബല്യത്തില്‍ വരുത്തിയ ജനാധിപത്യപരമായ വികേന്ദ്രീകരണത്തിന്റെ സാധ്യത ഇല്ലാതാക്കുകയാണ് ബിജെപിയുടെ കേന്ദ്രഭരണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കേന്ദ്രഭരണത്തെക്കാള്‍ തീവ്രതയാണ് മോഡി ഭരണം കാട്ടുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഫെഡറല്‍ ഘടനയെ തകര്‍ക്കുകയെന്ന വിനാശം ഇവര്‍ പിന്തുടരുന്നത്. ഫെഡറലിസത്തിന്റെ അടിസ്ഥാനമായ നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് ആര്‍എസ്എസ് നിഘണ്ടുവിലില്ല. ഭാഷാസംസ്ഥാന രൂപീകരണംപോലും ഇഷ്ടമില്ലാത്ത ആര്‍എസ്എസ് ഒരു രാജ്യം, ഒരു നിയമനിര്‍മാണസഭ, ഒരു എക്സിക്യൂട്ടീവ് എന്ന ചിന്തയാണ് മുന്നോട്ടുവയ്ക്കുന്നത്. ഫെഡറലിസമെന്നത് ജനാധിപത്യവും മതനിരപേക്ഷതയും ലയിച്ചുചേര്‍ന്ന ഒന്നാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ജനാധിപത്യപരമായി ക്രമീകരിക്കുകയെന്ന ദിശാബോധമാണ് സിപിഐ എമ്മിനുള്ളത്.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ധനകൈമാറ്റത്തിലെ ആക്ഷേപകരമായ ഇടപെടല്‍ ഫെഡറല്‍ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് സെമിനാര്‍ പൊതുവില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ സ്വതന്ത്രാവകാശമായിരുന്ന വാണിജ്യനികുതിയിന്മേലുണ്ടായിരുന്ന അവകാശങ്ങള്‍ മൂല്യവര്‍ധിതനികുതി (വാറ്റ്) സമ്പ്രദായം വന്നതോടെ നഷ്ടമായി. ഇപ്പോള്‍ ചരക്ക്-സേവന നികുതി (ജിഎസ്ടി) അടിച്ചേല്‍പ്പിച്ചതോടെ അവശേഷിച്ച സാമ്പത്തികസ്വാതന്ത്യ്രവും അപഹരിച്ചു. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷവരുമാനത്തില്‍ രണ്ടുശതമാനംവീതം വര്‍ഷംതോറും വര്‍ധനയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശം പൊള്ളയാണെന്ന് സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രൊഫ. പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍പോലും ഏകീകൃതമായ ഒരു മൂല്യവര്‍ധിതനികുതിയില്ല. ആ രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം നിലനിര്‍ത്തുന്നതിനാണ് അങ്ങനെ ചെയ്യുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകാവുന്ന വരുമാന നഷ്ടത്തേക്കാള്‍ പ്രധാനം ഭാവിയില്‍ നികുതിയില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്യ്രമില്ലാതായിരിക്കുന്നു എന്നതാണ്. ഒരു രാഷ്ട്രം ഒരു നികുതി എന്ന നയം കേന്ദ്രം നടപ്പാക്കുകയാണ്. ഇപ്രകാരം ജിഎസ്ടി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനഘടകമായ ഫെഡറലിസത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന് സെമിനാര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങളും മാന്യതയും വിഭവങ്ങളും വെട്ടിക്കുറയ്ക്കുന്ന മോഡി സര്‍ക്കാര്‍ നയവും നടപടികളും കൂടുതല്‍ ആപല്‍ക്കരമാണ്. കേരള സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗൌരവമുള്ള വിഷയങ്ങള്‍ ധരിപ്പിക്കാന്‍ സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണുന്നതിനായി മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ട് രണ്ടുതവണ അനുമതി നിഷേധിച്ചു. മോഡിയുടെ ഈ നടപടി സ്വേച്ഛാപരമാണ്. കേരളത്തെ അവഹേളിക്കലാണ്. സംസ്ഥാനത്തിന് അനുവദിച്ച സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനം  തകര്‍ത്ത കേന്ദ്രസമീപനം തുടരാന്‍പാടില്ല. ഇക്കാര്യത്തില്‍ നാടിന്റെ ശബ്ദം കേള്‍ക്കാനുള്ള ഭരണഘടനാപരമായ ചുമതല പ്രധാനമന്ത്രിക്കുണ്ട്. അതുപോലെ വലിയ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ നരകയാതനയും സഹകരണപ്രസ്ഥാനം നേരിടുന്ന പ്രതിസന്ധിയും തീര്‍ക്കാനുള്ള ഉത്തരവാദിത്തവും പ്രധാനമന്ത്രിക്കുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു സംസ്ഥാനത്തെ കേള്‍ക്കില്ലെന്ന പ്രധാനമന്ത്രിയുടെ വാശി അങ്ങേയറ്റം ഏകാധിപത്യപരമാണ്. സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് കലക്ടര്‍മാരെക്കൊണ്ട് ഗ്രാമസഭ വിളിച്ചുകൂട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കവും ഫെഡറലിസത്തിന് അനുഗുണമല്ല.

മോഡി ഭരണത്തില്‍ കേരളത്തില്‍ കേന്ദ്രനിക്ഷേപം കുറയുകയാണ്. സംസ്ഥാനത്തിന് വാഗ്ദാനംചെയ്ത എയിംസ് പോലുള്ള സ്ഥാപനങ്ങള്‍ നിഷേധിക്കുന്നു. സംസ്ഥാനവിഷയമായ ക്രമസമാധാനത്തില്‍പോലും ഇടംകോലിടുന്നു. റബര്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദേശീയ റബര്‍നയത്തിന്റെ പ്രഖ്യാപനത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നത് നല്ല നടപടിയല്ല. നാണ്യവിളകളില്‍ റബറിനുമാത്രമായി നയം പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാട് സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് ദോഷകരമാണ്. റബര്‍നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കഴിഞ്ഞ സമ്മേളനത്തില്‍ പറഞ്ഞ ശേഷമാണ് നിലപാട് മാറ്റം. റബര്‍ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ദേശീയ റബര്‍നയം ഇല്ലാതാക്കുന്നത് അനുവദിക്കാവുന്നതല്ല.  കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ വഷളാക്കുന്ന നിലയില്‍ കേന്ദ്രസമീപനം മാറുന്നത് ആരോഗ്യകരമല്ല. 

07-May-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More