മുത്തലാഖും കാവി ഭീകരതയും

മുത്തലാഖ് നിരോധിച്ചുള്ള വിധി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സിപിഐ എം പരസ്യമായി കൈക്കൊണ്ട നിലപാടിന്റെ അംഗീകാരംകൂടിയാണ്. ഒരുപക്ഷേ, മുസ്ളിം സമുദായത്തിന്റെ പുരോഗതി എന്ന സദുദ്ദേശ്യത്തോടെ ഇന്ത്യയില്‍ ഇടതുപക്ഷം മാത്രമാണ്, ധൈര്യപൂര്‍വം മുസ്ളിം സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനം. 1985 മുതല്‍ തുടങ്ങിയ ശരിഅത്ത് വിവാദത്തിന്റെ അലകള്‍ ഒടുങ്ങിയിട്ടില്ല. ഷബാനുകേസുമായി ബന്ധപ്പെട്ട് മുസ്ളിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് ന്യായമായ അര്‍ഹതയുണ്ടെന്ന് ഇ എം എസ് അസന്ദിഗ്ധമായി വ്യക്തമാക്കി. മതമൌലികവാദികള്‍മാത്രമല്ല, മതത്തിന്റെ പേരില്‍ സാധാരണജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന വലതുപക്ഷ രാഷ്ട്രീയക്കാരും സിപിഐ എമ്മിനെതിരെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് തുനിയുകയും ലോകം മുഴുവന്‍ ബഹുമാനപൂര്‍വം കാണുന്ന ഇ എം എസിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തത് കേരളചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു. എന്നാല്‍, അത്തരം അധിക്ഷേപങ്ങള്‍ക്ക് കാലം നല്‍കുന്ന മറുപടിയാണ് ഓരോ സമുദായത്തിനകത്തും ഉയര്‍ന്നുവരുന്ന ക്രിയാത്മക വിമര്‍ശങ്ങള്‍.

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് 3:2 എന്ന ഭൂരിപക്ഷവിധിയിലൂടെ മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം റദ്ദാക്കി. മുസ്ളിം സമുദായത്തിലുള്ള സൈറാബാനു എന്ന സ്ത്രീ മുത്തലാഖിലൂടെ താനുമായുള്ള വിവാഹബന്ധത്തില്‍നിന്ന് മോചനം നേടിയ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദിനെതിരെ നല്‍കിയ പരാതിയിലാണ് ഭരണഘടനാബെഞ്ചിന്റെ സുപ്രധാന വിധി. നിയമത്തിനുമുന്നില്‍ തുല്യതയെന്ന മൌലികാവകാശം വ്യക്തമാക്കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് മുത്തലാഖ് എന്ന് കോടതി നിരീക്ഷിച്ചു. വിശുദ്ധ ഖുറാനെയും ശരിഅത്തിനെയും ലംഘിക്കുന്നതാണ് മുത്തലാഖെന്നും അത് ഭരണഘടനാപരമല്ലെന്നും കോടതി വ്യക്തമാക്കി. ചരിത്രപ്രാധാന്യമുള്ള ഈ വിധി സ്വാഗതാര്‍ഹമാണ്. 

അനുവദിച്ച കാര്യങ്ങളില്‍ അല്ലാഹുവിനാല്‍ ഏറ്റവും വെറുക്കപ്പെട്ട കാര്യമാണ് തലാഖെന്ന് പ്രശസ്തമായ ഒരു നബിവചനമുണ്ട്. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച മുത്തലാഖ് സംബന്ധിച്ച വിധിന്യായത്തില്‍ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനം കാണാം... ഏഴാംനൂറ്റാണ്ടില്‍ രൂപമെടുത്ത ഇസ്ളാം മറ്റു പല മതങ്ങളുമെന്നപോലെ പ്രാദേശികവും കാലികവുമായ ദുരാചാരങ്ങള്‍ക്കെതിരായ പുരോഗമനപ്രസ്ഥാനമായാണ് ചരിത്രത്തില്‍ അടയാളപ്പെടുന്നത്.

അടിസ്ഥാനപ്രമാണമായ ഖുറാനില്‍ ഉറച്ചുനിന്നുകൊണ്ട് പില്‍ക്കാലത്ത് കൂടുതല്‍ നവീകരിക്കപ്പെടുന്നതിനും ഇസ്ളാം തയ്യാറായിട്ടുണ്ട്. അറേബ്യക്കുപുറത്ത് ലോകവ്യാപകമാകാന്‍ ഈ മതത്തിന് സാധിച്ചതിന് കാരണവും മറ്റൊന്നല്ല. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നപ്പോള്‍ അവിടങ്ങളിലെ സ്വദേശീയ സംസ്കാരങ്ങളുമായി ഇഴുകിച്ചേര്‍ന്ന് ബഹുസ്വരതയെ ഉള്‍ക്കൊള്ളാന്‍ മുസ്ളിങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യയില്‍തന്നെ വിവിധ വിഭാഗത്തില്‍പ്പെട്ട മുസ്ളിങ്ങളില്‍ ആചാരപരമായ നിരവധി വൈവിധ്യങ്ങള്‍ കാണാനാകും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്ളിം സ്ത്രീയുടെ സമകാലീന അവസ്ഥ പരിശോധിക്കുമ്പോള്‍ ഇത്തരം വസ്തുതകളെ അവഗണിക്കാനാകില്ല.

മുത്തലാഖ് നിരോധിച്ചുള്ള വിധി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സിപിഐ എം പരസ്യമായി കൈക്കൊണ്ട നിലപാടിന്റെ അംഗീകാരംകൂടിയാണ്. ഒരുപക്ഷേ, മുസ്ളിം സമുദായത്തിന്റെ പുരോഗതി എന്ന സദുദ്ദേശ്യത്തോടെ ഇന്ത്യയില്‍ ഇടതുപക്ഷം മാത്രമാണ്, ധൈര്യപൂര്‍വം മുസ്ളിം സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനം. 1985 മുതല്‍ തുടങ്ങിയ ശരിഅത്ത് വിവാദത്തിന്റെ അലകള്‍ ഒടുങ്ങിയിട്ടില്ല. ഷബാനുകേസുമായി ബന്ധപ്പെട്ട് മുസ്ളിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കുന്നതിന് ന്യായമായ അര്‍ഹതയുണ്ടെന്ന് ഇ എം എസ് അസന്ദിഗ്ധമായി വ്യക്തമാക്കി. മതമൌലികവാദികള്‍മാത്രമല്ല, മതത്തിന്റെ പേരില്‍ സാധാരണജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്ന വലതുപക്ഷ രാഷ്ട്രീയക്കാരും സിപിഐ എമ്മിനെതിരെ സംഘടിതമായ ആക്രമണങ്ങള്‍ക്ക് തുനിയുകയും ലോകം മുഴുവന്‍ ബഹുമാനപൂര്‍വം കാണുന്ന ഇ എം എസിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തത് കേരളചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കുന്നു. എന്നാല്‍, അത്തരം അധിക്ഷേപങ്ങള്‍ക്ക് കാലം നല്‍കുന്ന മറുപടിയാണ് ഓരോ സമുദായത്തിനകത്തും ഉയര്‍ന്നുവരുന്ന ക്രിയാത്മക വിമര്‍ശങ്ങള്‍.

ഇസ്ളാമിനെ സംബന്ധിച്ചിടത്തോളം സമാധാനത്തിന്റെയും സമഭാവനയുടെയും സന്ദേശമാണ് മുഖ്യം. ഖുറാന്‍ ഒരു ജീവിതപദ്ധതിതന്നെ മുന്നോട്ടുവയ്ക്കുന്നു. ലിംഗനീതി സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഇതിലുണ്ട്- പ്രത്യേകിച്ചും നാലാം അധ്യായത്തില്‍. സ്ത്രീ പുരുഷന്റെയും പുരുഷന്‍ സ്ത്രീയുടെയും കുപ്പായമാണെന്ന് അത് കാവ്യഭംഗിയോടെ പറഞ്ഞുവയ്ക്കുന്നു. അതേസമയം, ഇന്നത്തേക്കാള്‍ എത്രയോ മടങ്ങ് പുരുഷാധിപത്യസ്വഭാവം നിലനിന്നിരുന്ന കാലത്തിന്റെ കാഴ്ചപ്പാട് ഉള്ളപ്പോള്‍ത്തന്നെ സ്ത്രീക്കും അവകാശങ്ങളുണ്ടെന്ന് അംഗീകരിച്ചു എന്നതുതന്നെ പ്രധാന സംഗതിയാണ്. ഖുറാന്റെ നാലാം അധ്യായത്തില്‍ വൈവാഹികബന്ധത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നപക്ഷം  ഇരുകൂട്ടരുടെയും കുടുംബങ്ങളില്‍നിന്ന് ഓരോരുത്തര്‍ മധ്യസ്ഥരായി രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട് (4:35). ഒരു വ്യാഖ്യാനപിന്തുണയും ആവശ്യമില്ലാത്ത നേരിട്ടുള്ള നിര്‍ദേശം. കത്തിലൂടെയോ ടെലിഫോണിലൂടെയോ ഒക്കെ ഒറ്റയിരിപ്പില്‍ മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വിച്ഛേദിക്കുന്നത് ഖുറാന്‍ വിരുദ്ധമാണെന്ന് മനസ്സിലാക്കാന്‍ ഈ ഒരൊറ്റ വാക്യം മതിയാകുമല്ലോ. ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ച ഇസ്രത് ജഹാന്റെ കഥ നോക്കുക. ദുബായിലായിരുന്ന ഭര്‍ത്താവ് മുര്‍ത്താസ ടെലിഫോണില്‍ വിളിച്ച് 'തലാഖ്, തലാഖ്, തലാഖ്' എന്നു മൂന്നുവട്ടം പറഞ്ഞ് ഫോണ്‍ കട്ടുചെയ്യുന്നു. 15 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന് അന്ത്യംവരുത്താന്‍ അതുമാത്രം മതിയായി. കേസില്‍ കക്ഷിചേര്‍ന്ന മുപ്പതുകാരിയായ അദിയ സബ്രിക്ക് ഒരു കഷണം കടലാസില്‍ തലാഖ് എഴുതി നല്‍കുകയായിരുന്നു. ജയ്പുര്‍ സ്വദേശിയായ അഫ്രീന്‍ റഹ്മാന്‍ തലാഖ് ചെയ്യപ്പെട്ടത് സ്പീഡ് പോസ്റ്റിലൂടെ! എസ്എംഎസിലൂടെയും വാട്സാപ്പിലൂടെയും മൊഴിചൊല്ലിയതിന്റെ കഥകളും പുറത്തുവന്നു. ഇസ്ളാമിക നിയമങ്ങള്‍ അടിസ്ഥാനമായ ഖുറാന്‍ ആവിര്‍ഭവിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ഇത്തരം സംവിധാനങ്ങള്‍ക്ക് വിശ്വാസത്തിന്റെ പേരില്‍ അംഗീകാരം നല്‍കണമെന്ന വാദം അംഗീകരിക്കേണ്ടതില്ല.

ആധുനിക നിയമവ്യവസ്ഥയിലെന്നപോലെ വിവാഹമോചനം ഖുറാന്‍പ്രകാരം സങ്കീര്‍ണമായ പ്രക്രിയയാണ്. അത് അട്ടിമറിച്ചതെങ്ങനെ എന്ന് ചരിത്രപണ്ഡിതന്മാര്‍ അന്വേഷിക്കേണ്ടതാണ്. വേദഗ്രന്ഥത്തിനൊപ്പം നബിചര്യ വിവരിക്കുന്ന ഹദീസുകള്‍, പ്രവാചകവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഹാദിസ എന്നിവകൂടി അടിസ്ഥാനമാക്കിയാണ് ശരിഅത്ത് നിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ഹദീസുകളെ സംബന്ധിച്ച് ഇസ്ളാമിക പണ്ഡിതര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. ചിലത് സാന്ദര്‍ഭികമൂല്യം മാത്രമുള്ളതാണ്. അബൂബക്കര്‍, ഉമര്‍ എന്നീ ഖലീഫമാര്‍ തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കുന്ന വ്യാജഹദീസുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. മുസ്ളിം വ്യക്തിനിയമത്തില്‍ മൂന്നുതരം വിവാഹമോചനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള വിവാഹമോചനമാണ് തലാഖ്. ഭാര്യയുടെ ഭാഗത്തുനിന്നുള്ള വിവാഹമോചനത്തെ ഖുല എന്നും പരസ്പരം സമ്മതത്തോടെയുള്ള വിവാഹമോചനത്തെ മുബാരാത്ത് എന്നും പറയും. അതിനര്‍ഥം പുരുഷന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ വിവാഹമോചനമാണ് സമൂഹത്തില്‍ പ്രബലമെന്നതാണ്. പൊതുവെ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിന്റെ ഭാഗമാണിത്. ഈ മേധാവിത്വം എല്ലാ വ്യക്തിനിയമങ്ങളിലും പ്രകടമാണ്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യക്കാകെ ബാധകമായ ഒരു സിവില്‍ നിയമസംഹിതയും ക്രിമിനല്‍ നിയമസംഹിതയും നിലവില്‍വന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ളിങ്ങള്‍ക്കും വെവ്വേറെ വ്യക്തിനിയമങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കളില്‍തന്നെ വിവിധ ജാതികള്‍ക്ക് പ്രത്യേക നിയമങ്ങളും നിലനിന്നിരുന്നു. 20-ാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പൊതു സിവില്‍ നിയമം ഒരു അത്യാവശ്യമായി ഇന്ത്യന്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്നത്. രാജ്യം സ്വതന്ത്രമായതോടെ ആ ആവശ്യം ഫലപ്രാപ്തിയിലെത്തി. 1956ല്‍ ഹിന്ദുസമുദായത്തിനുള്ളില്‍ ജാതിയെയും പ്രദേശത്തെയും ആസ്പദമാക്കി നിന്ന വിവിധ നിയമങ്ങളുടെ സ്ഥാനത്ത് ഒരു ഹിന്ദുകോഡ് രൂപപ്പെട്ടു. അഹിന്ദു സമുദായങ്ങളുടെ വ്യക്തിനിയമങ്ങളില്‍ മാറ്റമുണ്ടായില്ല.

മുത്തലാഖ് അംഗീകരിക്കാത്ത നിരവധി ഇസ്ളാമിക രാജ്യങ്ങള്‍തന്നെയുണ്ടെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇറാഖും യുഎഇയും ഇന്തോനേഷ്യയും ഖത്തറും സിറിയയും മൊറോക്കോയും ഇതില്‍പ്പെടുന്നു. സുഡാന്‍, അല്‍ജീരിയ, മലേഷ്യ, ഈജിപ്ത്, ലെബനന്‍, ടുനീഷിയ, നമ്മുടെ അയല്‍രാജ്യങ്ങളായ ബംഗ്ളാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലൊന്നും ഒറ്റയിരിപ്പിന് മൂന്നുചൊല്ലി കുടുംബബന്ധം  അറുത്തുമാറ്റാന്‍ സാധ്യമല്ല. ഇന്ത്യയില്‍തന്നെ 2002ല്‍ ഷമീം ആര കേസില്‍ സുപ്രീംകോടതി തലാഖ് ഇസ്ളാമികനിയമം അനുശാസിക്കുന്ന വ്യവസ്ഥകളിലൂടെമാത്രമേ സാധിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പ്രസ്താവന നടത്തുന്ന പലരും 30 വര്‍ഷംമുമ്പ് തങ്ങള്‍ ഷബാനുകേസില്‍ സ്വീകരിച്ച നിലപാട് ഒന്നു പരിശോധിക്കുന്നത് കൌതുകകരമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നുള്ള ഷബാനുബീഗം ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാനില്‍നിന്ന് തനിക്കും അഞ്ചു മക്കള്‍ക്കും ചെലവിന് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ശരിഅത്ത് നിയമം പൊതുശ്രദ്ധയിലേക്ക് വരുന്നത്. ഈ കേസില്‍ സുപ്രീംകോടതി ഷബാനുബീഗത്തിന് അനുകൂലമായി വിധിയെഴുതിയെങ്കിലും അന്ന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് കോടതിവിധിയെ അട്ടിമറിക്കാന്‍ മറ്റൊരു നിയമം പാസാക്കുകയാണുണ്ടായത്. വിവാഹമോചിതയായ സ്ത്രീയുടെ സംരക്ഷിത കാലമായ (ഇദ്ദ) കേവലം 90 ദിവസംമാത്രമേ ജീവനാംശം നല്‍കേണ്ടതുള്ളൂ എന്നാണ് കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാട്. പില്‍ക്കാലത്ത് സുപ്രീംകോടതിക്കുതന്നെ ഷബാനുകേസിലെ വിധിന്യായത്തെ അംഗീകരിക്കാനും 1986ല്‍ കോണ്‍ഗ്രസ് പാസാക്കിയ സ്ത്രീവിരുദ്ധനിയമത്തിന്റെ സാധ്യത എടുത്തുകളയാനും തീരുമാനിക്കേണ്ടിവന്നു. സിപിഐ എമ്മാകട്ടെ മതതീവ്രവാദികള്‍ക്കൊപ്പമല്ല ഏതു മതത്തിലെയും പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമാണെന്ന നിലപാടില്‍ ഉറച്ചുനിന്നു.

ഇക്കുറി ഉത്തരാഖണ്ഡുകാരിയായ സൈറാബാനുവിന്റെ കേസിനൊപ്പം അഫ്രീന്‍ റഹ്മാന്‍ (ജയ്പുര്‍), ഗുല്‍ഷന്‍ പര്‍വീന്‍ (റാംപുര്‍), ഇസ്രത് ജഹാന്‍ (ബംഗാള്‍), അദിയ സബ്രി (സഹറന്‍പുര്‍) എന്നിവരുടെ കേസുകളും ഒന്നിച്ചാണ് പരിഗണിച്ചത്. ഇവിടെ മറ്റൊരു ശ്രദ്ധേയമായ വസ്തുത തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അനീതികളെ ചോദ്യംചെയ്യാന്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടുവരുന്നു എന്നതുകൂടിയാണ്. ശരിഅത്ത് വിവാദകാലത്ത് സ്ഥിതി ഇതായിരുന്നില്ല. ചിന്ത വാരികയിലെ തന്റെ ചോദ്യോത്തര പംക്തിയില്‍ ഇ എം എസ് ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. "നിര്‍ഭാഗ്യവശാല്‍ അനാചാരങ്ങള്‍ക്കുവേണ്ടി വാശിയോടെ വാദിക്കുന്ന വിഭാഗങ്ങള്‍ മുസ്ളിം സമുദായത്തിലുണ്ട്. അവരുടെ എതിര്‍പ്പിനെ നിഷ്പ്രഭമാക്കിക്കൊണ്ട് സാമൂഹ്യപരിഷ്കാരങ്ങള്‍ നടപ്പില്‍വരുത്താന്‍ വേണ്ട ശക്തി മുസ്ളിം സ്ത്രീകള്‍ക്കോ പുരോഗമനവാദികളായ മുസ്ളിം പുരുഷന്മാര്‍ക്കോ ഇന്നില്ല.'' (ചിന്ത: 17.05.1996). ഈ സ്ഥിതി മാറിവരികയാണ്. നിരാലംബയായ ഷബാനു ഒറ്റയ്ക്കായിരുന്നെങ്കില്‍ ഇന്ന് ഒരേവിഷയത്തില്‍ അഞ്ച് സ്ത്രീകളും മറ്റ് സ്ത്രീസംഘടനകളും കൂട്ടായി നിയമയുദ്ധത്തില്‍ അണിചേര്‍ന്നത് ശുഭോദര്‍ക്കമാണ്. ഇത് കേവലം വ്യക്തിപരമായ പ്രശ്നം എന്നതിനപ്പുറം ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആന്തരികമായ ക്രിയാത്മക വിമര്‍ശമാണ്.

ഇത് ഒരുവശത്ത് നില്‍ക്കുമ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ സമാനവിഷയങ്ങളില്‍ കൈക്കൊണ്ടുവരുന്ന നിലപാടുകള്‍ സംശയാസ്പദമാണ്. വനിതാസംവരണബില്‍ പാസാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറല്ല. രാജ്യസഭ പാസാക്കിയശേഷവും ഈ ബില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തി. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടിന്റെ പ്രകടനമാണിത്. പ്രാകൃതമായ സതി അനുഷ്ഠാനം സ്ത്രീകളുടെ അവകാശമാകുന്ന വാദത്തോട് ആര്‍എസ്എസിന് അനുകൂലനിലപാടാണുള്ളത്. അതുകൊണ്ടുതന്നെ സതി അനുകൂലികള്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മനുഷ്വത്വരഹിതമായ ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെയും ബിജെപി മൌനംപാലിക്കുകയാണ്. മുസ്ളിം സ്ത്രീകളുടെ അവകാശനിഷേധങ്ങളെ ഉയര്‍ത്തിക്കാട്ടുന്നവര്‍ ഉത്തരേന്ത്യയിലെ ഹിന്ദുസമുദായത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കാത്ത വ്യക്തിനിയമത്തെപ്പറ്റി നിശബ്ദമാകുന്നു. മിതാക്ഷരവ്യവസ്ഥ പിന്തുടരുന്നവരാണവര്‍.

ബഹുഭാര്യത്വത്തെക്കുറിച്ചും സംഘപരിവാറിന് ഇരട്ടത്താപ്പാണ്. എന്നാല്‍, മുത്തലാഖിനെപ്പറ്റി ഇക്കൂട്ടരെല്ലാം വാചാലരാണുതാനും. വ്യക്തിനിയമങ്ങള്‍ ഇന്ത്യയുടെ നാനാത്വത്തിന്റെ പ്രതിഫലനങ്ങളാണ്. ഒരു രാജ്യത്തിന് ഒരു നിയമം എന്നു പറയുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്നുമാത്രമല്ല മികച്ചതാണെന്നും തോന്നും. എന്നാല്‍, ഇത് ഇന്ത്യയുടെ സാംസ്കാരികസത്തയെത്തന്നെ അട്ടിമറിക്കലാണെന്ന് നാം തിരിച്ചറിയണം. വിവിധതരം പൂക്കള്‍ നിറഞ്ഞ ഉദ്യാനംപോലെയാണ് ഇന്ത്യ. ലോകവും അങ്ങനെതന്നെ. ഇവിടെ ഒറ്റഭാഷയും ഒരേതരം വേഷവും ഭക്ഷണരീതികളും വിവാഹരീതികളും വിശ്വാസങ്ങളും ആചാരമര്യാദകളും സാധ്യമാണോ. വിവിധ സമുദായങ്ങള്‍ക്ക് ഒരേരൂപത്തില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാകുമോ? അത് അവരുടെ ആചാരപരമായ മൌലികതയെ ഇല്ലാതാക്കുകയും മതപരമായ അസ്തിത്വത്തെ തകര്‍ക്കുകയും ചെയ്യും. ഏകസംസ്കാരപ്രഘോഷണങ്ങള്‍ ഫാസിസത്തിന്റെ കുഴല്‍വിളികളാണ്. ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ വംശീയ ഉന്മൂലനങ്ങളുടെ കളമൊരുക്കലാണ്. മുത്തലാഖ് നിരോധനവിധിയുടെ പിന്‍ബലത്തില്‍ ഏകസിവില്‍ കോഡുപോലുള്ള ചര്‍ച്ചകള്‍ സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഏകകോഡ് എന്നതുകൊണ്ട് സംഘപരിവാര്‍ അര്‍ഥമാക്കുന്നതെന്താണ്? ഭരണഘടനയുടെ 25-ാംവകുപ്പ് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രം ഇല്ലാതാക്കി ഹിന്ദുമതത്തിന്റെ നിയമസംഹിതകള്‍ എല്ലാ മതവിഭാഗത്തിനുംമേല്‍ അടിച്ചേല്‍പ്പിക്കുക എന്നതുതന്നെ. ആര്‍എസ്എസിന്റെ തുടക്കംമുതല്‍തന്നെ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഏക് വിധാന്‍ അക് നിഷാന്‍ (ഏക നിയമം, ഏക ചിഹ്നം). 2014ലെ ബിജെപിയുടെ പ്രകടനപത്രികയിലും ഇതേസമീപനം സ്വീകരിച്ചിരിക്കുന്നു. രണ്ട് സമുദായങ്ങളോ മതവിഭാഗങ്ങളോ തമ്മിലുള്ള തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ രാജ്യത്തിന്റെ പൊതു സിവില്‍ ക്രിമിനല്‍ നിയമവ്യവസ്ഥയാണ് സ്വീകരിക്കുന്നത്. അതില്‍ ഒരു പൌരനും അഭിപ്രായവ്യത്യാസമില്ല. അതുകൊണ്ടുതന്നെ വിവാഹം, പിന്തുടര്‍ച്ച, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഓരോ മതത്തിനും ഉള്ളിലുള്ളവര്‍ തമ്മിലുള്ള തര്‍ക്കങ്ങളിലാണ് വ്യക്തിനിയമം ബാധകമാകുന്നത്. ഇവിടെ എല്ലാ മതവിഭാഗക്കാരും ഹിന്ദുനിയമം അനുസരിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സംഘപരിവാര്‍. ജനാധിപത്യശക്തികള്‍ ഈ നീക്കത്തെ ചെറുക്കുകതന്നെ ചെയ്യും. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഏത് സാധ്യതയും സംഘപരിവാര്‍ ഉപയോഗിക്കുമെന്നതാണ് അനുഭവം. അത് ആവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More