മുത്തലാഖും സംഘികളും

പീഡിത സ്ത്രീത്വത്തോട് അനുകമ്പയുണ്ടെങ്കില്‍, ഹിന്ദുസമുദായത്തിലെ അനാചാരങ്ങളാല്‍ പീഡിതയാകുന്ന സ്ത്രീകളെ രക്ഷിക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തത്. ശൈശവ വിവാഹം, വിധവ വിവാഹവിലക്ക് എന്നിവ നിര്‍ത്തലാക്കാന്‍ എന്തേ നടപടിയെടുക്കുന്നില്ല. രൂപാ കന്‍വാര്‍ സതി അനുഷ്ഠിച്ചപ്പോള്‍ 'സതീക്ഷേത്രം' പടുത്തുയര്‍ത്തിയവരാണ് സംഘപരിവാര്‍. ഭര്‍ത്താവ് മരിച്ചാല്‍, വിധവ തീയില്‍ ചാടി മരിക്കണമെന്ന അനാചാരത്തെ മുറുകെപ്പിടിക്കുന്നവര്‍ മുസ്‌ളിം സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വാചാലമാകുന്നത് തനി തട്ടിപ്പാണ്.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മുസ്‌ളിംവനിത (വിവാഹ അവകാശ സംരക്ഷണ) ബില്‍ രാഷ്ട്രീയമുതലെടുപ്പിനുള്ള ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂട്ടരും ഉപയോഗിക്കുകയാണ്. മുതലെടുപ്പ് മാത്രമല്ല, ഇതില്‍ മുസ്‌ളിംവേട്ടയ്ക്കുള്ള ലാക്കും ഒളിഞ്ഞിരിക്കുന്നു.

ഇത് സംബന്ധിച്ച പ്രചാരണത്തിന് മാന്‍തോലണിഞ്ഞ ചെന്നായയുടെ വിദ്യയാണ് മോഡി സ്വീകരിച്ചത്. ഇതിനു തെളിവാണ് ശിവഗിരി തീര്‍ഥാടനസമ്മേളനം ലൈവ് വീഡിയോയിലൂടെ ഉദ്ഘാടനംചെയ്ത് മോഡി നടത്തിയ പ്രസംഗം. മുത്തലാഖ് നിയമ നിര്‍മാണം മുസ്‌ളിം സഹോദരിമാരെയും അമ്മമാരെയും രക്ഷിക്കാനുള്ളതാണെന്ന് ഇതില്‍ അദ്ദേഹം അവകാശപ്പെട്ടു. ഇത് അച്ചടിച്ചുവന്ന പത്രങ്ങളില്‍ത്തന്നെ മറ്റൊരുഭാഗത്ത് ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയടക്കം മുസ്‌ളിംസമുദായത്തില്‍പെട്ട ഒമ്പതുപേരെ ജയിലില്‍ അടച്ച വാര്‍ത്തയും വന്നിട്ടുണ്ട്. മോഡിയുടെ ഇഷ്ടമുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനത്തെ മുസാഫര്‍ നഗറിലെ ഖതൌലിയിലാണ് ഗോവധനിരോധനത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയും മുതിര്‍ന്ന രണ്ട് സ്ത്രീകളെയും ഉള്‍പ്പെടെ ജയിലഴിക്കുള്ളിലാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലേ പാര്‍പ്പിക്കാവൂ എന്ന നിയമവ്യവസ്ഥ ലംഘിച്ചാണ് കള്ളരേഖയുണ്ടാക്കി ജയിലില്‍ അടച്ചത്. ഇവരെയൊക്കെ മുസ്‌ളിം സഹോദരിമാരായി കാണാനുള്ള കണ്ണ് മോഡിക്കോ യോഗി ആദിത്യനാഥിനോ യഥാര്‍ഥത്തില്‍ ഇല്ല.

ലൗ ജിഹാദിന്റെപേരില്‍ രാജസ്ഥാനിലെ രാജസമന്ദില്‍ മുസ്‌ളിം സമുദായക്കാരനായ ബംഗാളില്‍നിന്നുള്ള തൊഴിലാളി മുഹമ്മദ് അഫ്രസുളിനെ ജീവനോടെ ചുട്ടുകൊല്ലുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലിലൂടെ പ്രചരിപ്പിക്കുകയുംചെയ്തു. ഇതിനെ സംഘപരിവാര്‍ കലവറയില്ലാതെ പിന്തുണച്ചു. ഗോരക്ഷയുടെ പേരിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളും നടുക്കം തീര്‍ക്കുംവിധം വര്‍ധിച്ചിരിക്കുകയാണ്. പുണെയിലെ കൊറെഗാവ് ഭൂമിയിലെ സ്വതന്ത്ര്യസമര സ്മാരകത്തിന് മുന്നില്‍ പ്രകടനമായി എത്തിയ ദളിതരെ സംഘപരിവാര്‍ ആക്രമിച്ചതിനെതിരെ മഹാരാഷ്ട്രയില്‍ ബന്ദും കലാപവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വേണം മുത്തലാഖ് ബില്ലിനെ സമീപിക്കാന്‍. മുത്തലാഖ് ജാമ്യമില്ലാത്ത, വാറന്റ് ആവശ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി വ്യവസ്ഥചെയ്തിരിക്കുന്നു ഈ ബില്ലില്‍. മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയാല്‍ ആര്‍എസ്എസ് ഭരണമുള്ള ഇന്ത്യയില്‍ എന്താണ് സംഭവിക്കുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ. വ്യാജക്കേസുകളുടെ പേരില്‍ മുസ്‌ളിം സമുദായത്തിലെ പുരുഷന്മാരെ ജയിലില്‍ അടയ്ക്കുന്ന വേട്ടയാടല്‍ വ്യാപകമായി നടക്കും. അങ്ങനെ ഭരണകൂടഭീകരത ശക്തിപ്പെടും. മുസ്‌ളിം ചെറുപ്പക്കാരരെയും വൃദ്ധരെയുമൊക്കെ സമുദായ വിദ്വേഷത്തിന്റെ പേരില്‍ ഇപ്രകാരം തടവിലാക്കാനാവും.

ഒറ്റയടിക്ക് മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലുന്ന മുസ്‌ളിംസമുദായത്തിലെ അനാചാരം, ശരീഅത്തിന്റെ പേരുപറഞ്ഞ് മുസ്‌ളിം സ്ത്രീകളെ കണ്ണുനീര് കുടിപ്പിക്കുന്ന പാതകമാണ്. ഇതിനെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുകയും മുസ്‌ളിംവനിതകളോടും ആ സമുദായത്തിലെ പുരോഗമനവാദികളോടും ചിന്താശീലരോടും രംഗത്ത് വരാന്‍ അഭ്യര്‍ഥിക്കുകയുംചെയ്ത പ്രസ്ഥാനം സിപിഐ എം ആണ്. അത്തരമൊരു നിലപാട് സ്വീകരിച്ചതിന്റെപേരില്‍ 1980കളുടെ രണ്ടാംപകുതിയില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ പൊതുവിലും ഇ എം എസിനെതിരെ പ്രത്യേകിച്ചും നടത്തിയ അപവാദങ്ങളും മുദ്രാവാക്യങ്ങളും മറക്കാറായിട്ടില്ല. 'അഞ്ചും കെട്ടും പത്തും കെട്ടും, ഇ എം എസിന്റെ ഭാര്യയെയും കെട്ടും' എന്ന മുദ്രാവാക്യത്തോടെ ഒരു വിഭാഗം ആള്‍ക്കാര്‍ നടത്തിയ പ്രകടനകോലാഹലത്തിന്റെ അന്തസ്സില്ലായ്മ കാലം കുറിച്ചിട്ടുണ്ട്. അന്ന് സിപിഐ എം സ്വീകരിച്ച സമീപനംതന്നെയാണ് മുത്തലാഖിന്റെ കാര്യത്തില്‍ ഇപ്പോഴും തുടരുന്നത്.

മുസ്‌ളിംസ്ത്രീകളെ നികൃഷ്ടവസ്തുക്കളായി കാണുന്ന അപരിഷ്‌കൃതനടപടിയാണ് മൂന്ന് തലാഖ് ചൊല്ലിയുള്ള പുരുഷന്റെ വിവാഹമോചന ഏര്‍പ്പാട്. അതിനെതിരായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ഞങ്ങള്‍ സ്വാഗതംചെയ്യുന്നു. പക്ഷേ, ആ വിധിയുടെ പശ്ചാത്തലത്തില്‍ മോഡി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കിയ മുത്തലാഖ് വിരുദ്ധബില്‍ മുസ്‌ളിം സ്ത്രീകളെ കബളിപ്പിക്കാനുള്ളതാണ്. കിട്ടുന്ന അവസരങ്ങളൊക്കെ മുതലാക്കി മുസ്‌ളിം സമുദായത്തെ പീഡിപ്പിക്കാനുള്ള ആയുധത്തിന് മൂര്‍ച്ച കൂട്ടുകയാണ് മോഡിയും കൂട്ടരും. മുസ്‌ളിം സഹോദരിമാരുടെ രക്ഷകനാണെന്ന് വരുത്താനുള്ള ഏറ്റവും കപടമായ നാടകത്തില്‍ വേഷമിട്ടിരിക്കുകയാണ് മോഡി. കാലഹരണപ്പെട്ട മുത്തലാഖ് സമ്പ്രദായം പാടില്ല എന്നതില്‍ സിപിഐ എമ്മിന് ഉറച്ച നിലപാടാണ്. ഇത് സ്ത്രീകളുടെ മാന്യതയും അന്തസ്സും ഇടിക്കുന്നതാണ്.

ഒമ്പതുകോടി വരുന്ന മുസ്‌ളിം സ്ത്രീകളുടെ രക്ഷയ്ക്കുവേണ്ടിയാണ് ബില്‍ കൊണ്ടുവന്നതെന്ന പാര്‍ലമെന്ററികാര്യമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അവകാശവാദം പൊള്ളയാണ്. 2017 ആഗസ്ത് 22നാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായി സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഭൂരിപക്ഷ തീരുമാനപ്രകാരം വിധി പ്രസ്താവിച്ചത്. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനാല്‍ ഏതൊരു മുസ്‌ളിം പുരുഷനും മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയാല്‍ അതിന് നിയമം പിന്തുണയ്ക്കുന്നില്ല. അതിനാല്‍ കോടതിയെയും നിയമസംവിധാനത്തെയും സമീപിച്ച് രക്ഷനേടാന്‍ ഒരു പരിധിവരെ സ്ത്രീക്കു കഴിയും. കോടതിവിധിക്കുശേഷവും നൂറോളം മുത്തലാഖുകള്‍ ഉണ്ടായി എന്ന ന്യായമാണ് ബില്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രി മുന്നോട്ടുവച്ചത്. അങ്ങനെയാണെങ്കില്‍ പുതിയ ബില്‍ വന്നതിനു ശേഷവും മുസ്‌ളിംസ്ത്രീകളെ വിവാഹമോചനം ചെയ്യില്ലെന്ന് ആര്‍ക്ക് ഉറപ്പുപറയാന്‍ കഴിയും.

നിയമവിരുദ്ധ വിവാഹമോചനം ഏത് ഘട്ടത്തിലുണ്ടായാലും അതിന് നിയമപരമായ പരിഹാരം ഉണ്ടാകുകയാണ് വേണ്ടത്. അതിനൊപ്പം ജനകീയമായ ഉണര്‍വും ആവശ്യമാണ്. ലോക്‌സഭ പാസാക്കിയ നിയമം മുസ്‌ളിംസ്ത്രീയുടെ വിവാഹ അവകാശത്തെ സംരക്ഷിക്കുകയല്ല, നിഷേധിക്കുകയാണ് എന്ന വിമര്‍ശനം ചില മുസ്‌ളിം സ്ത്രീസംഘടനകള്‍ ഉന്നയിച്ചിട്ടുണ്ട്. വിവാഹത്തോടെ ഇസ്‌ളാമിക നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളിലൊന്നായ മഹര്‍ (വിവാഹസമയത്ത് വരന്‍ വാഗ്ദാനംചെയ്യുകയോ കൊടുക്കുകയോ ചെയ്യുന്ന ദ്രവ്യമോ പണമോ), ദൈനംദിന ചെലവിനുള്ള ബാധ്യത തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയെന്നത് പുരുഷനെ ജയിലില്‍ അടയ്ക്കുന്ന ക്രിമിനല്‍ കുറ്റമായി ഇതുവരെ ഇന്ത്യന്‍ ശിക്ഷാനിയമം രേഖപ്പെടുത്തിയിട്ടില്ല. അതായത് വിവാഹമോചന കേസുകള്‍ സിവില്‍ കേസായിട്ടാണ് പരിഗണിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി മുസ്‌ളിം വിവാഹമോചനത്തെ സിവില്‍ കേസിന് പുറമെ, ക്രിമിനല്‍ കേസായി കൂടി പരിഗണിക്കുന്നത് മുസ്‌ളിം സ്ത്രീകളുടെ കുടുംബജീവിതത്തെ സംരക്ഷിക്കാനുള്ള അദമ്യമായ താല്‍പ്പര്യംകൊണ്ടല്ല. മുസ്‌ളിമായി ജനിച്ച പുരുഷന്മാരെ തുറുങ്കിലടയ്ക്കാനുള്ള ഒടുങ്ങാത്ത വര്‍ഗീയവിദ്വേഷ അഭിവാഞ്ഛ കൊണ്ടാണ്.

ഈ നിയമത്തിലെ അപാകതകള്‍ വേണ്ടവിധം സമഗ്രമായി പരിശോധിക്കണം. അതുകൊണ്ടാണ് ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുവിട്ട് ചര്‍ച്ചചെയ്ത് ഭേദഗതി വരുത്തണമെന്ന് സിപിഐ എം എംപിമാര്‍ നിര്‍ദേശിച്ചത്. തലാഖില്‍ 'ബിദ്ദ' യെന്നത് ഒറ്റശ്വാസത്തില്‍ മൂന്ന് തലാഖ് ചൊല്ലുന്നതാണ്. ഇതിനെയാണ് ബില്ലില്‍ എതിര്‍ക്കുന്നത്. അങ്ങനെയെങ്കില്‍ മാസങ്ങളുടെ ഇടവേളയെടുത്ത് മൂന്ന് പ്രാവശ്യമായി തലാഖ് ചൊല്ലിയാല്‍ അത് നിയമാനുസൃതമാകുമോ എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. വിവാഹവും വിവാഹമോചനവും ഹിന്ദു ഉള്‍പ്പെടെയുള്ള മതങ്ങളുടെയും സമുദായങ്ങളുടെയും കാര്യത്തില്‍ തീര്‍ത്തും വ്യക്ത്യധിഷ്ഠിതവും സിവില്‍ സ്വഭാവമുള്ളതുമാണ്. എന്നിട്ടും, സിവില്‍ സ്വഭാവമുള്ള ഒരു കാര്യത്തില്‍ ഒരാളെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുന്നത് നീതിന്യായരംഗത്തെ ഇരട്ടത്താപ്പാണ്.

തിടുക്കപ്പെട്ട് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുകയാണ് മോഡി സര്‍ക്കാര്‍. നാല് മണിക്കൂര്‍ മാത്രം ചര്‍ച്ച നടത്തി ലോക്‌സഭയില്‍ ശബ്ദവോട്ടോടെ ബില്‍ പാസാക്കി. കോണ്‍ഗ്രസ് അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിച്ചത്. നിര്‍ദിഷ്ട നിയമത്തെപ്പറ്റിയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേള്‍ക്കുംമുമ്പേ ബില്‍ അവതരിപ്പിച്ചതിലൂടെ മുസ്‌ളിം വനിതകളുടെ അവകാശസംരക്ഷണമല്ല, മോഡി സര്‍ക്കാരിനുള്ളതെന്ന് വ്യക്തം. ഇത് ഏക സിവില്‍ കോഡിലേക്കും ഹിന്ദുരാഷ്ട്രത്തിലേക്കമുള്ള സംഘപരിവാര്‍ യാത്രയുടെ ഭാഗമാണെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല.

പീഡിത സ്ത്രീത്വത്തോടുള്ള അനുകമ്പയുടെ ഭാഗമായി പുരുഷനോടൊപ്പമല്ലാതെ മുസ്‌ളിം സ്ത്രീക്ക് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനവും മോഡി നടത്തിയിട്ടുണ്ട്. സ്ത്രീകളെ തനിയെ ഹജ്ജിന് അയക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണെന്ന അവകാശവാദവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. ഇത് വസ്തുതാവിരുദ്ധമാണ്. 2015 മുതല്‍ സൌദി അറേബ്യ നടപ്പാക്കിയ പരിഷ്‌കാരമാണിത്. അതുപ്രകാരം മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. നാല് സ്ത്രീകളുടെവീതം സംഘങ്ങളെ ഈ വര്‍ഷം ഇന്ത്യയില്‍നിന്ന് ഹജ്ജിന് വിടുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇതിനകംതന്നെ തീരുമാനമെടുത്തിട്ടുണ്ട്.

പീഡിത സ്ത്രീത്വത്തോട് അനുകമ്പയുണ്ടെങ്കില്‍, ഹിന്ദുസമുദായത്തിലെ അനാചാരങ്ങളാല്‍ പീഡിതയാകുന്ന സ്ത്രീകളെ രക്ഷിക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാത്തത്. ശൈശവ വിവാഹം, വിധവ വിവാഹവിലക്ക് എന്നിവ നിര്‍ത്തലാക്കാന്‍ എന്തേ നടപടിയെടുക്കുന്നില്ല. രൂപാ കന്‍വാര്‍ സതി അനുഷ്ഠിച്ചപ്പോള്‍ 'സതീക്ഷേത്രം' പടുത്തുയര്‍ത്തിയവരാണ് സംഘപരിവാര്‍. ഭര്‍ത്താവ് മരിച്ചാല്‍, വിധവ തീയില്‍ ചാടി മരിക്കണമെന്ന അനാചാരത്തെ മുറുകെപ്പിടിക്കുന്നവര്‍ മുസ്‌ളിം സ്ത്രീകളുടെ സുരക്ഷിതത്വത്തിന് വാചാലമാകുന്നത് തനി തട്ടിപ്പാണ്.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More