എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം

ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാവുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമാനതകളില്ലാത്ത രീതിയിലാണ് മുന്നോട്ടുപോകുന്നത്. ദളിത്- ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ കുതിക്കുന്നു. 12 ശതമാനം തുകയാണ് എസ് സി- എസ് ടി വിഭാഗത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. അത് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കാര്യമാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായാണ് തുക വിനിയോഗിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരത്തില്‍ അവകാശപ്പെടാന്‍ കഴിയില്ല. കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനേക്കാള്‍ മിന്നുന്ന പ്രകടനം ഒരുവര്‍ഷം കൊണ്ട് കാഴ്ചവെക്കാന്‍ കേരളത്തിലെ പിണറായി സര്‍ക്കാരിന് സാധിച്ചു എന്ന വിളമ്പരത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഒന്നാം വാര്‍ഷികവേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ സുപ്രധാനങ്ങളായ പലതും ചെയ്തുതീര്‍ക്കാന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് അഭിമാനകരമായ വസ്തുതയാണ്.

അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമേകാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിച്ചത്. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച വേളയില്‍ എല്‍ ഡി എഫ്, ഒരു പ്രകടന പത്രിക മുന്നോട്ടുവെച്ചിരുന്നു. അത് നടപ്പിലാക്കുമെന്ന് പറഞ്ഞാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് വെറുതെയായില്ല. പ്രകടന പത്രികയില്‍ പറഞ്ഞതുപോലെ തന്നെ ക്ഷേമപെന്‍ഷനുകള്‍ 600രൂപയില്‍ നിന്ന് ആയിരം രൂപയാക്കി വര്‍ധിപ്പിച്ചു. ഒരുവര്‍ഷം തികയും മുന്‍പ് ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പെന്ഷന്‍തുകയില്‍ 100 രൂപയുടെ വര്‍ധനവ് വരുത്തി. പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കാനും സര്‍ക്കാരിന് സാധിച്ചു. 5100 കോടി രൂപയാണ് അതിനായി ചെലവിട്ടത്.

പശ്ചാത്തല സൗകര്യ വികസനത്തിനായി ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് 50000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചത്. റോഡുകളും പാലങ്ങളും വ്യവസായ പാര്‍ക്കുകളും കെട്ടിടങ്ങളും വൈദ്യുതിലൈനുകളും തുടങ്ങി നിരവധി ഇനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടമായി കാണാനാവും. ഒന്നാം വാര്‍ഷികത്തോടെ കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ മുന്നോട്ടുപോകാന്‍ എല്‍ ഡി എഫ് സര്‍ക്കാരിന് സാധിക്കും. കൂടുതല്‍ വേഗം കൈവരിക്കാന്‍ പറ്റും പ്രകടന പത്രികയിലെ ഓരോരോ ഇനങ്ങള്‍ എടുത്ത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ശരിയായ ദിശയിലാണോ നടപ്പിലാക്കുന്നത് എന്ന മോണിട്ടറിംഗും കൂടുതല്‍ കര്‍ശനമാക്കും. ഇതിനൊക്കെ പണം വേണം. അതിനായി കിഫ്ബിയും സാക്ഷാത്കരിച്ചിരിക്കുന്നു.

പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരമ്പരാഗത മേഖലയുടെ നിലനില്‍പ്പിനും വികസനത്തിനും ഉതകുന്ന രീതിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടു. സ്‌കൂള്‍ യൂണിഫോമിനുവേണ്ടിയുള്ള തുണി ഉല്‍പ്പാദിപ്പിക്കുവാന്‍ സംസ്ഥാനത്തെ കൈത്തറിമേഖലയെ ചുമതലപ്പെടുത്തുക വഴി നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകും. കയര്‍ മേഖലയിലെ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ കയറും കയര്‍ ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന്, കശുവണ്ടി സംഭരിക്കുവാന്‍ തുടങ്ങി. ഇതൊക്കെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായുള്ള നടപടികളാണ്.

വ്യവസായമേഖലയിലുണ്ടായ കുതിപ്പ് പരാമര്‍ശിക്കാതെ വയ്യ. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമെത്തും മുന്‍പായി പതിനഞ്ച് വ്യവസായ സ്ഥാപനങ്ങളാണ് ലാഭത്തിന്റെ കണക്ക് പങ്കുവെച്ചത്. വ്യവസായമേഖലയില്‍ വകയിരുത്തിയ 270 കോടി രൂപ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലേക്ക് നയിക്കാനുള്ള നിക്ഷേപമാണ്. അതിന് ഏറെ കാലതാമസമുണ്ടാവില്ല.

സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജനമുക്ത പരിപാടി, സമ്പൂര്‍ണ ശുചിത്വം, പച്ചക്കറി സ്വാശ്രയത്വം, ജലസംരക്ഷണം തുടങ്ങിയ വിവിധ ക്യാമ്പയിനുകള്‍ എന്നിവ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത് ജനങ്ങളേറ്റെടുത്തുകഴിഞ്ഞു. നവകേരളം ലക്ഷ്യമിട്ട് വിവിധ വികസന ദൗത്യങ്ങളുടെ വിജയകരമായ നിര്‍വഹണത്തിനുള്ള നടപടികള്‍ വിശദമായ കര്‍മ്മപദ്ധതി മുന്നില്‍ വെച്ച് ആരംഭിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയുടെ നവീകരണം എല്‍ ഡി എഫ് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെയാണ് നടപ്പിലാക്കുന്നത്. ആദ്യവര്‍ഷം തന്നെ നാല്‍പ്പതിനായിരം ക്ലാസ്‌റൂമുകള്‍ ഹൈടെക്കാക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമാണ്. അതിന്റെ തുടര്‍ച്ചകള്‍ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടേയിരിക്കയാണ്. ഏതാണ്ട് നാലായിരം കോടി രൂപയോളം വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിനായി ചെലവഴിക്കാന്‍ സാധിച്ചു എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തുന്നു.

ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ മികവ് പുലര്‍ത്തി. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അയ്യായിരത്തില്‍പരം പോസ്റ്റുകളാണ് സര്‍ക്കാര്‍ പുതുതായി സൃഷ്ടിച്ചത്. അവര്‍ കൂടി ജനങ്ങള്‍ക്കിടയിലേക്ക് ആരോഗ്യസേവനവുമായി വരുമ്പോള്‍ എത്രമാത്രം ജനോപകാര പ്രദമാവുമെന്നത് ആര്‍ക്കും ഊഹിക്കാം. ആശുപത്രികളുടെ നവീകരണത്തിന് വേണ്ടി പുതിയ എടുപ്പുകളും മറ്റും ഉണ്ടാക്കാന്‍ സര്‍ക്കാരിനായി. അത് ഇനിയും തുടരും. ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നതിലൂടെ കേരളം രാജ്യത്തിന് മാതൃകയായി മാറും.

സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ നടപടികള്‍ എടുത്തുപറയേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് പിണറായി സര്‍ക്കാര്‍ ജന്‍ഡര്‍ബജറ്റ് വീണ്ടും പുനസ്ഥാപിച്ചത്. സര്‍ക്കാരിന്റെ മൊത്തം ബജറ്റിന്റെ പതിനൊന്ന് ശതമാനവും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ്. ഇതിലൂടെ സ്ത്രീകളുടെ പദവിയാണ് ഉയര്‍ത്തപ്പെടുന്നത്. ക്ഷേമമാണ് പ്രകാശിപ്പിക്കപ്പെടുന്നത്. മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്കുള്ള പരിഗണന, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള കൈത്താങ്ങ് എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളെ പിറകിലാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നതും എല്‍ ഡി എഫ് സര്‍ക്കാരാണ്. പത്താം ശമ്പള പരിഷ്‌കരണ കമീഷന്റെ ശുപാര്‍്ശയനുസരിച്ചാണ് ഈ തീരുമാനം.
എല്ലാ മെഡിക്കല്‍ പ്രവേശനത്തിനും ഈ വര്‍ഷം മുതല്‍ നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി കണക്കിലെടുത്ത് സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ്, പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍്ഗ വിഭാഗക്കാര്‍ക്കുമുള്ള സംവരണം, എന്നിവ നിയന്ത്രിക്കുന്നതിനാണ് കേരള മെഡിക്കല്‍ എജ്യുക്കേഷന്‍ ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കിയത്.
സ്വകാര്യ, സര്‍ക്കാര്‍ വ്യത്യാസമില്ലാതെ, സിലബസ് വ്യത്യാസമില്ലാതെ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍്ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. അടുത്ത അധ്യയന വര്‍ഷം തന്നെ ഈ നിയമം നിലവില്‍ വരും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മൂന്നാം ഗഡുവായി 56.76 കോടി രൂപ അനുവദിച്ചത് സര്‍ക്കാര്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പെയാണ്. ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട പൂര്‍്ണമായും കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ചുലക്ഷം രൂപ വീതവും, ശാരീരിക വൈകല്യമുളളവര്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവും ഗഡുക്കളായി നല്‍കാനാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടത്. ആദ്യ രണ്ടു ഗഡുക്കള്‍ വിതരണം ചെയ്തതിന് ശേഷമാണ് മൂന്നാം ഗഡുവിനായി ഈ തുക വിതരണം ചെയ്തത്.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൈത്താങ്ങാവുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമാനതകളില്ലാത്ത രീതിയിലാണ് മുന്നോട്ടുപോകുന്നത്. ദളിത്- ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ കുതിക്കുന്നു. 12 ശതമാനം തുകയാണ് എസ് സി- എസ് ടി വിഭാഗത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. അത് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത കാര്യമാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലായാണ് തുക വിനിയോഗിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരത്തില്‍ അവകാശപ്പെടാന്‍ കഴിയില്ല. കേന്ദ്രത്തിലെ മോഡി സര്‍ക്കാരിനേക്കാള്‍ മിന്നുന്ന പ്രകടനം ഒരുവര്‍ഷം കൊണ്ട് കാഴ്ചവെക്കാന്‍ കേരളത്തിലെ പിണറായി സര്‍ക്കാരിന് സാധിച്ചു എന്ന വിളമ്പരത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

07-May-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More