സുധീരനാണ് ദളിത്‌ചൂഷണം നടത്തുന്നത്

രാജന്‍ തലശേരിയില്‍ നിരവധി തവണ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെയുമായിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് മത്സരിക്കാന്‍ സീറ്റ് ലഭിക്കാഞ്ഞപ്പോള്‍ രാജന്‍ പത്രസമ്മേളനം നടത്തിയിരുന്നു. 'കോണ്‍ഗ്രസ്, ദളിത് വിരുദ്ധ പാര്‍ട്ടിയാണ്' എന്നാണ് അന്ന് രാജന്‍ പറഞ്ഞത്. രാജന്റെ ആ പ്രസ്താവന ഇന്നും പിന്‍വലിക്കാതെ നില്‍ക്കുന്നുണ്ട്. വി എം സുധീരന്‍ ആ രാജന്‍റെ വാക്കുകളും അംഗീകരിക്കുന്നുണ്ടോ? തന്റെ ഇംഗിതത്തിനൊത്ത് കാര്യങ്ങള്‍ ലഭ്യമാകണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി, അതിനായി തന്റെ ദളിത് സ്വത്വത്തെ ക്രിമിനല്‍ബുദ്ധിയോടുകൂടി ഉപയോഗപ്പെടുത്തുമ്പോള്‍, അദ്ദേഹത്തെയും അതേ മനോഭാവത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങളെയും നേര്‍വഴിക്ക് നയിക്കാനുള്ള, തിരുത്താനുള്ള ഉപദേശമാണ് വി എം സുധീരനും കോണ്‍ഗ്രസ് നേതൃത്വവും നല്‍കേണ്ടത്. അതാണ് മാന്യത. അങ്ങനെയല്ലെങ്കില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദളിത് ചൂഷണം നടത്തുന്നതെന്ന് പറയേണ്ടിവരും.

തലശേരി കുട്ടിമാക്കൂലില്‍ നിന്നും സിപിഐ എം വിരുദ്ധവാര്‍ത്തകള്‍ ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ചില വാര്‍ത്താ മാധ്യമങ്ങള്‍. അവര്‍ക്കുവേണ്ട പൊടിപ്പും തൊങ്ങലും കൊടുത്ത് കോണ്‍ഗ്രസ് നേതൃത്വവും സജീവമായി പിന്നിലുണ്ട്. സിപിഐ എംന്റെ ദളിത് പീഡനമെന്ന മെഗാവാര്‍ത്താപരമ്പരകള്‍ സൃഷ്ടിക്കാനുള്ള സംഭവമായി കുട്ടിമാക്കൂല്‍ പ്രശ്‌നത്തെ ഈ കൂട്ടുകെട്ട് ഏറ്റെടുത്തുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് കുട്ടിമാക്കൂലില്‍ നടന്നത്?

കണ്ണൂര്‍ ജില്ലയിലെ തലശേരി മുനിസിപ്പാലിറ്റിയിലെ ചെള്ളക്കരവാര്‍ഡിലാണ് കുട്ടിമാക്കൂല്‍ പ്രദേശം. സിപിഐ എംന് എണ്‍പത് ശതമാനത്തിലേറെ ജനപിന്തുണയുള്ള പ്രദേശമാണിത്. കുറച്ച് കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും ഇവിടെ താമസിക്കുന്നുണ്ട്. പൊതുവില്‍ ജാതി-മത സ്പര്‍ദ്ധയില്ലാത്ത പ്രദേശമാണ് കുട്ടിമാക്കൂല്‍.

കുട്ടിമാക്കൂലിലെ കുനിയില്‍ വീട്ടില്‍ താമസിക്കുന്ന എന്‍ രാജന്‍ തലശേരി മുനുസിപ്പാലിറ്റിയിലെ ജീവനക്കാരനായിരുന്നു. റിട്ടയര്‍ ചെയ്തു. നാല് പെണ്‍മക്കളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഇളയ രണ്ടുപേരാണ് ജാമ്യമെടുക്കാതെ ജയിലിലേക്ക് പോയ അഖിലയും അഞ്ജനയും. കോണ്‍ഗ്രസിന്റെയും ഐ എന്‍ ടി യു സിയുടെയും സജീവ പ്രവര്‍ത്തകനാണ് രാജന്‍. നേരത്തെ ദളിത്‌ കോണ്‍ഗ്രസിന്‍റെ ബ്ലോക്ക്‌ ഭാരവാഹിയായിരുന്നു.   മക്കളും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. മൂത്ത മകള്‍ നേരത്തെ മുനിസിപ്പല്‍ തെരഞ്ഞടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. തീര്‍ത്തും പ്രദേശികമായ ചില വിഷയങ്ങള്‍ രാജന്റെ കുടുംബവും പ്രദേശവാസികളുമായുണ്ട്.

കോണ്‍ഗ്രസിന്റെ തലശേരി ബ്ലോക്ക് സെക്രട്ടറികൂടിയായ രാജനും മക്കളും കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയത്ത് അവരുടെ വീടിന്റെ പരിസരത്ത് മറ്റുള്ള വ്യക്തികളുടെ പുരയിടങ്ങളില്‍ സ്ഥാപിച്ച സിപിഐ എംന്റെ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രകോപന സ്വഭാവം അറിയുന്ന പ്രദേശത്തെ പാര്‍ട്ടിക്കാര്‍ ആ സമയത്തും പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകളും 'രാവിലെ കണികാണാന്‍ പറ്റില്ല' എന്നുപറഞ്ഞ് ഇവര്‍ നശിപ്പിക്കുകയായിരുന്നു. അത് സംബന്ധിച്ചും സിപിഐ എം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. അസംബ്ലി തെരഞ്ഞെടുപ്പിലും രാജനും മക്കളും ഇതേ രീതിയില്‍ പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചു.

സിപിഐ എം പ്രവര്‍ത്തകരോട് മാത്രമല്ല രാജന്‍റെയും കുടുംബത്തിന്‍റെയും അതിക്രമങ്ങള്‍. തൊട്ടയല്‍പ്പക്കത്ത് താമസിക്കുന്ന സക്കീനയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അവിടുത്തെ പൂച്ചെടികള്‍ വെട്ടിനശിപ്പിച്ചതിന് രാജനും മക്കള്‍ക്കുമെതിരെ കഴിഞ്ഞ മെയ് 27ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറേക്കാലം ക്ഷമിച്ച ശേഷം സഹിക്കവയ്യാതെയാണ് സക്കീന പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. രാജന്റെ അയല്‍ക്കാരനും ബന്ധുവുമായ ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന്‍ അശോകന്റെ വീട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് അവസാനിപ്പക്കണമെന്ന് പറഞ്ഞപ്പോള്‍ എന്നത്തേയും പോലെ രാജനും മക്കളും അസഭ്യം വിളിയുമായാണ് അദ്ദേഹത്തെ നേരിട്ടത്. അശോകന്‍ അവര്‍ക്കെതിരെ നല്‍കിയ പരാതിയും പോലീസിന്റെ കൈയ്യിലുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തില്‍, രാജന്റെ സമുദായത്തില്‍പ്പെട്ട, അവരുടെ ബന്ധുക്കള്‍ കൂടിയായ കുടുംബങ്ങള്‍ കുട്ടിമാക്കൂലില്‍ ഉണ്ട്. ഇവരില്‍ പലരും രാജന്റെയും മക്കളുടെയും രീതികളെ, അസഭ്യ പ്രയോഗങ്ങളെ തിരുത്താന്‍ ഇടപെട്ടിരുന്നു. അവര്‍ക്ക് തിരികെ ലഭിച്ചതും അസഭ്യമായിരുന്നു.

തന്റെ ദളിത് സ്വത്വം ഉപയോഗിച്ച്, ദളിത് വിഭാഗത്തിന് ഭരണഘടന നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച്, തനിക്കെതിരെ ശബ്ദിക്കുന്നവരെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന രീതിയായിരുന്നു രാജനും മക്കളും പുലര്‍ത്തിയത്. ഈ കുടുംബത്തിന്റെ അസഭ്യപ്രയോഗങ്ങളും അയല്‍ക്കാര്‍ക്കും സിപിഐ എം പ്രവര്‍ത്തകര്‍ക്കും നേരെ നടത്തുന്ന ദ്രോഹനടപടികളും അവസാനിപ്പിക്കുന്നതിന് വേണ്ടി ശ്രീനാരായണ വായനശാലയില്‍ ഒരു മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. രാജന്‍ നാട്ടുകാര്‍ക്കും സിപിഐ എം പ്രവര്‍ത്തകര്‍ക്കുമെതിരെയും തിരികെ രാജനും മക്കള്‍ക്കുമെതിരായും നല്‍കിയ കേസുകള്‍ പിന്‍വലിക്കണമെന്നും ഇനി ഇത്തരത്തില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലെന്നും അസഭ്യം വിളിക്കാന്‍ പാടില്ലെന്നും അവിടെ ധാരണയുണ്ടാക്കി. കോണ്‍ഗ്രസിന്റെയും സിപിഐ എംന്റെയും പ്രാദേശിക നേതാക്കള്‍ ആ മധ്യസ്ഥ ശ്രമത്തില്‍ പങ്കെടുത്തു.

പക്ഷെ, മധ്യസ്ഥത്തിന്റെ ഭാഗമായുണ്ടായ ഒത്തുതീര്‍പ്പ് രാജന്‍ തന്നെ ലംഘിച്ചു. താന്‍ നല്‍കിയ പരാതിയില്‍ നടപടി വേണമെന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ആവശ്യപ്പെട്ടു. പോലീസ് വെറുതെയിരുന്നില്ല. അവര്‍ രാജന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കേസെടുത്തു. മധ്യസ്ഥത്തിന്റെ ഭാഗമായുള്ള ധാരണ പാലിക്കാത്ത രാജന്‍, തുടര്‍ന്നുകാണിച്ചത് അതിബുദ്ധിയാണ്. തന്റെ കാറിന്റെ ചില്ലും വീടിന്റെ ജനല്‍ചില്ലും ഉടച്ച്, അതിന്റെ പേരില്‍ ഡി വൈ എഫ് ഐയുടെ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് ജോയന്റ് സെക്രട്ടറി ഷിജിലിനെതിരെ പോലീസില്‍ കള്ളപ്പരാതി നല്‍കി. ഈ സംഭവവും തുടര്‍ന്നുള്ള കാര്യങ്ങളും കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പിറ്റേ ദിവസം രാജന്റെ മക്കളായ അഖിലയും അഞ്ജനയും സിപിഐ എം കുട്ടിമാക്കൂല്‍ ബ്രാഞ്ച്കമ്മറ്റി ഓഫീസില്‍ അതിക്രമിച്ചുകയറി, ഷിജിലിനെ തെറിവിളിച്ച് പട്ടികകൊണ്ട് ആക്രമിച്ചു. അവിടെ ഇരിക്കുന്ന മറ്റ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പാര്‍ട്ടി ഓഫീസിലുള്ളവര്‍ ആ പെണ്‍കുട്ടികളെ തിരിച്ചൊന്നും ചെയ്തില്ല. അങ്ങനെ വല്ലതും സംഭവിച്ചാല്‍ സ്ത്രീ സ്വത്വത്തിന് നേരെയുള്ള കടന്നാക്രമണമായി മാധ്യമങ്ങള്‍ ആ സംഭവത്തെ കൊണ്ടാടുമെന്ന തിരിച്ചറിവ് അവിടെയുണ്ടായിരുന്ന സിപിഐ എം പ്രവര്‍ത്തകര്‍ക്കുണ്ടായത് നല്ല കാര്യം.

രാജന്‍ കൊടുത്ത പരാതിയുടെ പുറത്ത് സിപിഐ എം പ്രവര്‍ത്തകരായ ഷിജില്‍, ഷെറിന്‍ലാല്‍, ലിനേഷ് എന്നിവരെ പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഷെറിന്‍ലാല്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. അവര്‍ റിമാന്‍ഡിലിരിക്കുമ്പോഴാണ് പോലീസ്, രാജനെയും പ്രദേശിക കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ച് സിപിഐ എം ഓഫീസ് ആക്രമിച്ച പരാതിയില്‍ രാജന്‍റെ മക്കളായ പെണ്‍കുട്ടികളെ സ്‌റ്റേഷനില്‍ ഹാജരാക്കണം എന്ന് പറഞ്ഞത്. അവിടെ വെച്ചാണ് പെണ്‍കുട്ടികളെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്‌.

പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ കൂടെ കുഞ്ഞുണ്ടായിരുന്നില്ല. പോലീസിന് സ്റ്റേഷനില്‍ വെച്ച് അവര്‍ക്ക് ജാമ്യം നല്‍കാന്‍ നിയമം അനുവദിക്കുമായിരുന്നില്ല. അതിനാലാണ് പോലീസുകാര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളെ ഹാജരാക്കിയത്. തലശേരിയില്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ ചുമതല വഹിക്കുന്ന കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണ് പോലീസ് പെണ്‍കുട്ടികളെ ഹാജരാക്കിയത്. അപ്പോള്‍ അവിടേക്ക് കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ആ സമയത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയില്ല. കോടതി 'ജാമ്യക്കാരുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയാണ് അഭിഭാഷകന്‍ നല്‍കിയത്. ആ ദിവസം തലശ്ശേരിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. അവര്‍ രാവിലെ മുതല്‍ രാജന്റെ വീട് സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് രാജനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലശ്ശേരി ബ്ലോക്ക്‌ പ്രസിഡന്‍റായ രാജന് മക്കളുടെ ജാമ്യത്തിന് വേണ്ടി രണ്ടുപേരെ മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ല എന്നത് ആരും വിശ്വസിക്കില്ല. രാജന് അത് സാധിച്ചില്ല എങ്കില്‍ അന്ന് ജില്ലയില്‍ ഉണ്ടായിരുന്ന വി എം സുധീരന് അത് സാധിക്കണമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ദളിത്‌ യുവതികളെ റിമാന്‍ഡില്‍ അയക്കരുത് എന്ന് എന്തുകൊണ്ട് സുധീരന്‍ തീരുമാനിച്ചില്ല? തീര്‍ച്ചയായും സുധീരന്‍ അറിഞ്ഞുകൊണ്ടാണ് ആ സംഭവം നടന്നത് എന്ന് അനുമാനിക്കേണ്ടി വരും.

മജിസ്ട്രേട്ടിന് മുന്നില്‍ വെച്ച് രാജന്റെ മക്കള്‍ക്ക് കൂടെയുള്ള കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിക്കാമായിരുന്നു. അവരുടെ വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും രാജന്റെ ഭാര്യയും മൂത്തമകളുമൊക്കെയുണ്ട്. എന്നിട്ടും കുഞ്ഞിനെ കൂടെ ജയിലില്‍ക്കൊണ്ടുപോകാനാണ് താല്‍പ്പര്യമെന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് കുട്ടി ജയിലിലെത്തുന്നത്. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് അത്തരമൊരു നിലപാട് രാജനും മക്കളും സ്വീകരിച്ചതെന്ന് കരുതേണ്ടി വരും. വെള്ളിയാഴ്ചയാണ് രാജന്റെ പെണ്‍മക്കളെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തത്. രണ്ടാഴ്ചത്തേക്ക്. ശനിയാഴ്ച തന്നെ തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉപാധികളോടെ പെണ്‍കുട്ടികള്‍ക്ക് ജാമ്യം നല്‍കി. അപ്പോഴേക്കും സംഭവം ദളിത് പീഡനമെന്ന തലക്കെട്ടോടെ മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ വി എം സുധീരന്‍ ഈ സംഭവത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ആരംഭിച്ചിരുന്നു. 

രാജന്റെ മക്കള്‍ പാര്‍ട്ടി ഓഫീസ് കയറി ആക്രമിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുമെന്നും അപ്പോള്‍ സ്ത്രീസുരക്ഷ തകര്‍ന്നെന്ന് പൊട്ടിക്കരഞ്ഞ് അച്ചുനിരത്താമെന്നും മനക്കോട്ട കെട്ടിയ മലയാള മനോരമയുടെ ആഗ്രഹം സഫലമായില്ല. പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി അക്രമം കാണിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിച്ചു.പക്ഷെ, മനോരമ വെറുതിയിരുന്നില്ല. മലയാള മനോരമയുടെ കണ്ണൂര്‍ എഡിഷനില്‍ ഒന്നാംപേജില്‍ പെണ്‍കുട്ടികളുടെ ധീരകൃത്യത്തെ കുറിച്ചായിരുന്നു വാര്‍ത്ത. സിപിഐ എംന്റെ കോട്ടയില്‍ കയറി പടവെട്ടിയ ഉണ്ണിയാര്‍ച്ചമാരായി മനോരമ ആ പെണ്‍കുട്ടികളെ വാഴ്ത്തി. ഇത്തരം ആക്രമണങ്ങള്‍ക്ക് തുടര്‍ച്ചവേണമെന്ന് മനോരമ ആഗ്രഹിക്കുന്നുണ്ടാവാം.

രാജന്റെ മകള്‍ അഞ്ജനയുടെ ആത്മഹത്യാ നാടകം സിപിഐ എംനെതിരെ വാര്‍ത്തകള്‍ പ്രവഹിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. ഉറക്കഗുളിക കഴിച്ച ആ പെണ്‍കുട്ടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എന്ന് ചാനലുകള്‍ നിരന്തരം ബ്രേക്ക് നല്‍കുമ്പോള്‍ യാഥാര്‍ത്ഥ്യം അന്വേഷിച്ചില്ല. പാരസെറ്റമോള്‍ ഗുളികയാണ് അഞ്ജന കഴിച്ചത്. ആറെണ്ണം. ഗുളിക കഴിച്ച അഞ്ജന ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക്‌ പോയത്‌ സ്കൂട്ടിയിലാണ്. അവരുടെ വീടിന് മുന്നില്‍ പോലീസ്‌ കണ്ട്രോള്‍റൂമിന്‍റെ ഒരു വാഹനം കിടക്കുമ്പോള്‍ അവര്‍ എന്തുകൊണ്ട് സ്കൂട്ടറില്‍ ആശുപത്രിയില്‍ പോയി? എന്തുകൊണ്ട് സ്ഥലത്തുള്ള പോലീസുകാരോട് ഈ സംഭവത്തെ കുറിച്ചു പറഞ്ഞില്ല. രഹസ്യമായി ആശുപത്രിയിലെത്തിക്കാനുള്ള ബുദ്ധിയും കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെതാണ്. തലശേരി മഞ്ഞോടിയില്‍ സ്ഥിതിചെയ്യുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണ്. ഏതെങ്കിലും വിധത്തില്‍ സിപിഐ എംനെ പഴിചാരാനുള്ള അവസരം ഒരുക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. അവരുടെ കൈകളിലെ പാവകളായി മാറിയിരിക്കയാണ് രാജനും രണ്ട് പെണ്‍മക്കളും.

രാജന്‍ തലശേരിയില്‍ നിരവധി തവണ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെയുമായിരുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും രണ്ടാഴ്ച മുന്‍പ്‌ ദളിത്‌ കോണ്‍ഗ്രസിന്‍റെ ബ്ലോക്ക്‌ ഭാരവാഹിത്വത്തില്‍ നിന്ന് രാജനെ നീക്കം ചെയ്തിരുന്നു. അതിനെതിരെ തലശ്ശേരി പ്രസ്‌ ഫോറത്തില്‍ അദ്ദേഹം പത്ര സമ്മേളനം വിളിച്ചു. "കോണ്‍ഗ്രസ്, ദളിത് വിരുദ്ധ പാര്‍ട്ടിയാണ്" എന്നാണ് അന്ന് രാജന്‍ പറഞ്ഞത്. രാജന്റെ ആ പ്രസ്താവന ഇന്നും പിന്‍വലിക്കാതെ നില്‍ക്കുന്നുണ്ട്. വി എം സുധീരന്‍ രാജന്റെ ആ വാക്കുകളും അംഗീകരിക്കുന്നുണ്ടോ?

തന്റെ ഇംഗിതത്തിനൊത്ത് കാര്യങ്ങള്‍ നടക്കണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി, അതിനായി തന്റെ ദളിത് സ്വത്വത്തെ ക്രിമിനല്‍ബുദ്ധിയോടുകൂടി ഉപയോഗപ്പെടുത്തുമ്പോള്‍, അദ്ദേഹത്തെയും അതേ മനോഭാവത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങളെയും നേര്‍വഴിക്ക് നയിക്കാനുള്ള, തിരുത്താനുള്ള ഉപദേശമാണ് വി എം സുധീരനും കോണ്‍ഗ്രസ് നേതൃത്വവും നല്‍കേണ്ടത്. അതാണ് മാന്യത. പക്ഷെ, സുധീരനും കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വവും രാജനെയും പെണ്‍മക്കളെയും ഉപയോഗിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള നാടകം കളിക്കുകയാണ്. ചില മാധ്യമങ്ങള്‍ കൂടി ഈ കളിക്ക് കൂട്ടുനില്‍ക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതല്ലേ ദളിത്‌ ചൂഷണം?

19-Jun-2016