കോട്ടയവും തെരഞ്ഞെടുപ്പുസമരവും

“മാര്‍ക്‌സും എംഗല്‍സും ലെനിനും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതുപോലെ, വിപ്ലവപരമായ അധികാര കൈയ്യേറ്റം പ്രാവര്‍ത്തികമാവുന്ന സമയത്തൊഴിച്ച് മറ്റെല്ലായ്‌പ്പോഴും ബര്‍ഷ്വാസാമൂഹ്യവ്യവസ്ഥയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കുകൊള്ളാനുള്ള ബാധ്യതയുണ്ട്.” ഇ എം എസ് സൂചിപ്പിച്ചിട്ടുള്ളത് പോലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് തെറ്റായ നടപടിയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് യു ഡി എഫ് ആണ്. നവ ഉദാരവല്‍ക്കരണ നയങ്ങളും വക്താക്കളായ, മുതലാളിത്തത്തെ പുണര്‍ന്നുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന യു ഡി എഫിനെ തകര്‍ക്കുക എന്നതാവണം അവിടെ നിലപാട്. അവരെ തകര്‍ത്തെറിയാനുള്ള അവസരം ലഭിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും മാറി നില്‍ക്കുന്നത് തൊഴിലാളി വിരുദ്ധമായ നിലപാടാണ്. ദൗര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന സി പി ഐ നിലപാട് അതായിരുന്നു. എന്നാല്‍, സിപിഐ എം ആവട്ടെ നിലവിലുള്ള യു ഡി എഫ് ഭരണസംവിധാനം അതുവരെ കാഴ്ചവെച്ച മുതലാളിത്ത രീതിയെ, ചൂഷിതജനവിഭാഗങ്ങള്‍ക്ക് കുറച്ചുകൂടി അനുകൂലമാവുന്ന രീതിയില്‍ പൊളിച്ചെഴുതാനാണ് പിന്തുണ നല്‍കിയത്. അതിലെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുമ്പോള്‍ തീര്‍ച്ചയായും കൂടുതലുയര്‍ന്ന രാഷ്ട്രീയബോധത്തോടെ ചിന്തിക്കാനും നിലപാടുകള്‍ കൈക്കൊള്ളാനും അവര്‍ക്ക് സാധിക്കും. അതാണല്ലൊ വേണ്ടത്.

പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. 1991ല്‍ ഇടതുപക്ഷം തൂത്തുവാരി. യു ഡി എഫിന്റെ കോട്ടയായിരുന്ന കോട്ടയവും എല്‍ ഡി എഫിനെ വരിച്ചു. ആ കണ്ണഞ്ചിക്കുന്ന വിജയം കണ്ടപ്പോഴാണ് കാലാവധി തീരുംമുമ്പ് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ ഡി എഫ് നേതൃത്വം തീരുമാനിച്ചത്. രാജീവി ഗാന്ധിയുടെ വധവും അദ്ദേഹത്തിന്റെ 'ചിതാഭസ്മ' മണ്ഡലപര്യടനങ്ങളും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. പിന്നീട് കോട്ടയത്ത് എല്‍ ഡി എഫിന് കാലൂന്നാന്‍ സാധിച്ചത് 2005ലാണ്. അന്ന് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡി ഐ സി, എല്‍ ഡി എഫുമായി ധാരണയുണ്ടാക്കിയതിന്റെ ഭാഗമായാണ് യു ഡി എഫ് പരാജയപ്പെട്ടത്. ഇപ്പോള്‍, കോട്ടയത്ത് യു ഡി എഫിന് വീണ്ടും കാലിടറിയിരിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായത് സിപിഐ എം അംഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനെതിരെ മത്സരിച്ച കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഖറിയാസ് കുതിരവേലിക്ക് നല്‍കിയതുകൊണ്ടാണ്.

കോട്ടയത്ത് യു ഡി എഫിന് ക്ഷീണം സംഭവിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള എല്ലാ നേതാക്കളും പ്രകോപിതരായി. സിപിഐ എം നെതിരെ അവര്‍ ഒറ്റക്കെട്ടായി തിരിഞ്ഞു. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ അവരുടെ കൂടെ അധികാരം പങ്കിട്ടിരുന്ന കെ എം മാണിയെ അഴിമതിക്കാരനെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ വരെ യു ഡി എഫ് തയ്യാറായി. കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം കെ എം മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായി മുഖപ്രസംഗം എഴുതി. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും കോട്ടയത്ത് അടിതെറ്റിവീണ സാഹചര്യത്തില്‍ തീര്‍ച്ചയായും വീക്ഷണം മാണിയെ അധിക്ഷേപിച്ചും പരിഹസിച്ചും മുഖപ്രസംഗം എഴുതുന്നതില്‍ അല്‍ഭുതമില്ല. പക്ഷെ, സി പി ഐയുടെ മുഖപത്രമായ ജനയുഗം എന്തുകൊണ്ടാണ് കോട്ടയം ജില്ലാ പഞ്ചായത്തിലെ യു ഡി എഫ് പതനത്തെ അപലപിച്ച് മുഖപ്രസംഗം എഴുതുന്നത്? തീര്‍ത്തും ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും യു ഡി എഫ് സംവിധാനവും ക്ഷീണിക്കുമ്പോള്‍ ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ സി പി ഐ വേവലാതിപ്പെടേണ്ട കാര്യമേതുമില്ല.

“സാമ്പത്തിക പരിതസ്ഥിതിയെ ആസ്പദമാക്കി അധ്വാനിക്കുന്ന ബഹുജനങ്ങള്‍ നടത്തുന്ന ദൈനംദിന സമരങ്ങള്‍, മുതലാളിത്തത്തില്‍ നിന്ന് സോഷ്യലിസത്തിലേക്കുള്ള സാമൂഹ്യപരിവര്‍ത്തനത്തിന്റേതായ പ്രക്രിയ എന്നിവയെ കൂട്ടിയണക്കുന്ന കണ്ണികളില്‍ പ്രധാനപ്പെട്ട ഒന്നാണ് തെരഞ്ഞെടുപ്പ് സമരം. സാമ്പത്തിക സമരങ്ങളിലൂടെ പ്രാഥമിക രൂപത്തില്‍ വര്‍ഗബോധം ചൂഷിതജനവിഭാഗങ്ങള്‍ക്കുണ്ടാവുന്നുണ്ടെങ്കില്‍, ആ പ്രാഥമിക ബോധത്തെ കൂടുതലുയര്‍ന്ന രാഷ്ട്രീയബോധമാക്കി ഉയര്‍ത്താന്‍ തെരഞ്ഞെടുപ്പ് സമരം സഹായിക്കുന്നു.” തെരഞ്ഞെടുപ്പിനോടുള്ള സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സമീപനത്തെ ഇന്ത്യന്‍ പരിസ്ഥിതിക്കൊത്ത് ഇങ്ങനെയാണ് ഇ എം എസ് വ്യാഖ്യാനിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സിപിഐ എം അംഗങ്ങള്‍ നല്‍കിയ പിന്തുണ, ഇ എം എസിന്റെ ഈ നിരീക്ഷണത്തോട്‌ചേര്‍ന്നുനില്‍ക്കുന്നതാണ്. തീര്‍ത്തും അഴിമതി ജടിലമായ, ജനവിരുദ്ധമായ യു ഡി എഫ് ഭരണസംവിധാനമാണ് കോട്ടയം ജില്ലാപഞ്ചായത്തിലുണ്ടായിരുന്നത് എന്നത് തര്‍ക്കമുള്ള കാര്യമല്ല. അതിനെ എങ്ങിനെയാണ് ചൂഷിത ജനവിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കുറച്ചെങ്കിലും മാറ്റാന്‍ സാധിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്, യു ഡി എഫിനെ തകര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ പ്രതിനിധിയെ അധികാരത്തിലേറ്റി സിപിഐ എം നല്‍കിയത്. ഇനി പാര്‍ടിയുടെ ഇടപെടലിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഭരണസംവിധാനം ജനപക്ഷമായി മാറുമ്പോള്‍ അതുവഴി ജനങ്ങള്‍ക്ക് രാഷ്ട്രീയത്തിലെ തെറ്റും ശരിയും മനസിലാക്കാന്‍ സാധിക്കും. തീര്‍ച്ചയായും സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് കൂടുതല്‍ രാഷ്ട്രീയബോധം പകര്‍ന്നുനല്‍കാന്‍ ഈ നിലപാടിലൂടെ സാധിക്കും.

കേരള കോണ്‍ഗ്രസിന്, സിപിഐ എം പിന്തുണ നല്‍കിയതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഇല്ലാതാവുന്നത്, യു ഡി എഫിന്റെ ജനവിരുദ്ധ പ്രകടന പത്രികകൂടിയാണ്. അവര്‍ മുന്നോട്ടുവെച്ച സ്വജനപക്ഷപാതപരമായ നിലപാടുകളാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടപ്പിലാക്കിയ അഴിമതികളാണ്. യു ഡി എഫിന്റെ ദൂഷ്യങ്ങള്‍ മാറ്റിവെച്ചുള്ള ഭരണത്തിന് കേരള കോണ്‍ഗ്രസിന്റെ പ്രസിഡന്റ് നിര്‍ബന്ധിമാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് കോട്ടയത്ത് ഉണ്ടായിട്ടുള്ളത്. അത് ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ വലതുപക്ഷത്തിന് വേണ്ടി നില്‍ക്കുന്നവരാണെന്ന് മാത്രമേ ചൂഷിത ജനവിഭാഗങ്ങള്‍ക്ക് വിലയിരുത്താന്‍ സാധിക്കുകയുള്ളു.
തെരഞ്ഞെടുപ്പ് സമരത്തെ കൂടുതല്‍ വ്യാപകമായ വര്‍ഗസമരത്തിന്റെ ഒരു മുഖമായി കണ്ടാണ് കമ്യൂണിസ്റ്റുകാര്‍ മുന്നോട്ടുപോകേണ്ടത്. അപ്പോള്‍ കരുതിയിരിക്കേണ്ടത് ശത്രുവര്‍ഗത്തെയാണ്. “പാര്‍ടിയുടെ ജനസ്വാധീനം പടിപടിയായി വര്‍ധിപ്പിച്ച് സംസ്ഥാനങ്ങളില്‍ഭൂരിപക്ഷം നേടി ഗവണ്‍മെന്റുണ്ടാക്കി, അവസാനം കേന്ദ്രത്തില്‍ കൂടി ഭൂരിപക്ഷം നേടി ഗവണ്‍മെന്റുണ്ടാക്കി ഇന്ത്യയില്‍ വിപ്ലവം നടത്താമെന്നത് വെറും വ്യാമോഹമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ -അതില്‍ നേടുന്ന വിജയവും പരാജയവും എല്ലാം - രൂക്ഷമായ വര്‍ഗസമരത്തിന്റെ ഒരു മുഖം മാത്രമാണ്.” ഇ എം എസ് കുറിക്കുന്നു. ആ അടിസ്ഥാന ബോധ്യമുണ്ടായിരുന്നുവെങ്കില്‍ ജനയുഗത്തിന് മുഖപ്രസംഗം എഴുതേണ്ടിവരുമായിരുന്നില്ല. ശത്രുവര്‍ഗം വെറുതെയിരിക്കുകയല്ല ചെയ്യുന്നത്. അവര്‍ കൂടുതല്‍ കരുത്തുനേടാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്. അവര്‍ അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ശത്രുപാളയത്തില്‍ വിള്ളലുണ്ടാക്കി അവരെ ദുര്‍ബലപ്പെടുത്തിയാല്‍ ഗുണം ലഭിക്കുന്നത് തൊഴിലാളി വര്‍ഗത്തിനാണ്. ആ ഗുണം വേണ്ടെന്നുവെക്കേണ്ട കാര്യം സിപിഐ എം എന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടിക്കില്ല.