സി പി ഐ പരിഹാസ്യമാവരുത്‌

രണ്ടാം കൃഷിയുടെ കൊയ്ത്തിനും തീര്‍പ്പ് കറ്റ ലഭിക്കണം. പാടത്തിന് സമീപം കറ്റക്കളം വെക്കണം, പാടങ്ങള്‍ക്ക് സമീപത്തുള്ള തൊഴിലാളികള്‍ക്ക് തൊഴിലിനും കൊയ്ത്തിനും മുന്‍ഗണന നല്‍കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ സമരം സംഘടിപ്പിച്ചത്. നിരണം ബേബി ഇറക്കിയ കരിങ്കാലി തൊഴിലാളികളില്‍ സി പി ഐ അനുഭാവികളും ഉണ്ടായിരുന്നില്ലേ? നിരണം ബേബിയുടെ കുറുവടിപ്പട നിങ്ങളുടേതുമായിരുന്നില്ലേ? 'തമ്പ്രാനെന്ന് വിളിക്കില്ല, പാളേല്‍കഞ്ഞി കുടിക്കില്ല..' എന്ന മുദ്രവാക്യം മുഴക്കിയ വീയപുരം ഗോപാലന്റെ ചങ്കിലേക്കല്ലേ, അച്യുമേനോന്‍ സര്‍ക്കാരിന്റെ പോലീസ് തീയുണ്ട വര്‍ഷിച്ചത്? സഖാക്കള്‍ കെ പി ജോസഫും വെളിയം നാരായണപിള്ളയും അന്ന് പോലീസ് മര്‍ദ്ദനമേറ്റ് മൃതപ്രായരായില്ലേ ? സി പി ഐ അന്ന് ആരുടെകൂടെയായിരുന്നു? ഏത് വര്‍ഗത്തിന്റെ കൂടെയായിരുന്നു? തൊഴിലാളി വര്‍ഗത്തിന്റെ രക്തസാക്ഷിയുടെ ദേഹത്ത് അന്ന് പുതച്ചത് സി പി ഐയുടെ ചെങ്കൊടിയായിരുന്നില്ല. ആ കൊടി, ഭൂപ്രമാണിമാര്‍ക്ക് ഒത്താശ നല്‍കിയ പോലീസിന് മെഡല്‍ നല്‍കിയ മുഖ്യമന്ത്രിയുടെ മേശപ്പുറത്തായിരുന്നു. ആ കൊടി നോക്കിയാണ് ക്രൂരതയുടെ പോലീസ് പര്യായങ്ങള്‍ സല്യുട്ട് അടിച്ചത്.

സിപിഐ യെ പോലെ സംശുദ്ധരായ ഒരു പാര്‍ടി കേരളത്തിലുണ്ടോ എന്നൊക്കെ ചിലര്‍ സോഷ്യല്‍മീഡിയയില്‍ ആവേശിക്കുന്നത് കാണാറുണ്ട്. കഴിഞ്ഞ ദിവസം സിപിഐയെ വിമര്‍ശിച്ച സിപിഐ എം നേതാക്കളായ പി രാജീവിനെയും എം സ്വരാജിനെയും കുറെ സി പി ഐ പ്രവര്‍ത്തകര്‍ ഉളിപ്പേതുമില്ലാതെ പുലഭ്യം പറയുന്നതും കണ്ടു. എന്നാലും സി പി ഐയെ വിമര്‍ശിച്ച് ഒന്നും പറയാന്‍ പാടില്ല എന്ന് ചില ഉത്തമന്‍മാര്‍ വിധി പറയുന്നു. ഏറ്റവും രസം തോന്നിയ ഒരഭിപ്രായം സി പി ഐ എല്ലാ കമ്യൂണിസ്റ്റ് മൂല്യങ്ങളും ഉത്‌കൊണ്ടുകൊണ്ട് തീര്‍ത്തും സമാധാനപ്രിയരായി പച്ചവെള്ളം ചവച്ചരച്ച് കുടിക്കുന്ന പാവം പാര്‍ട്ടിയാണ് എന്നതാണ്. സിപിഐ എംനെ നേര്‍വഴിക്ക് നയിക്കുന്ന പാര്‍ട്ടിയാണ് സി പി ഐ എന്നുവരെ ആ അഭിപ്രായക്കാരന്‍ പറയുന്നു.

സി പി ഐക്കാരെ വിമര്‍ശിച്ചാല്‍ അത് ഇടതുപക്ഷ ഐക്യത്തിന് വിഘാതമാവും എന്നാല്‍, സിപിഐക്ക് എന്തും പറയാം, ചെയ്യാം. അവര്‍ മാന്യന്‍മാരാണ് എന്നാണ് പൊതുവിലുള്ള ഭാഷ്യം. അഡ്വ. ജയശങ്കറെന്ന സിപിഐ പ്രവര്‍ത്തകന്‍, കുറച്ചുനാളുകള്‍ മുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് നേരെ വാര്‍ത്താചാനലുകളില്‍ വന്നിരുന്ന് പറഞ്ഞ പുലഭ്യങ്ങള്‍, സിപിഐ എംന്റെ ഏതെങ്കിലും ഒരു പ്രവര്‍ത്തകന്‍ സിപിഐ സെക്രട്ടറിക്കെതിരെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഇരവാദം പറഞ്ഞ് നടന്നേനെ. പക്ഷെ, സിപിഐ എം എന്നത്‌ അവര്‍ക്കൊക്കെ ചീത്തവിളിക്കാനും ട്രോളാനും പറ്റുമെങ്കില്‍ ഇല്ലാതാക്കാനും വേണ്ടിയുള്ള ഒരു പാര്‍ട്ടിയാണ്.

ചില സിപിഐ എംകാര്‍ സിപിഐയെ അങ്ങനെ മുഖവിലക്കെടുക്കേണ്ടതുണ്ടോ, അതൊരു ഈര്‍ക്കിള്‍പാര്‍ട്ടിയല്ലേ എന്നൊക്കെ സംശയപ്പെടാറുണ്ട്. എന്നാല്‍, സിപിഐ അത്രചെറിയ മീനല്ല എന്നതാണ് വസ്തുത. ചരിത്രം മറിച്ചു നോക്കിയാല്‍ അത് മനസിലാക്കാം. സി പി ഐയുടെ കൈകള്‍ ഭരണചക്രം തിരിച്ചപ്പോള്‍ തൊഴിലാളി വര്‍ഗത്തിന് നേരെ ആ ഭരണകൂടം കൈക്കൊണ്ട നിഷ്ഠൂരതകള്‍ സമാനതകളില്ലാത്തതായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി, സിപിഐ എം ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം. 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എം കരുത്ത് തെളിയിച്ചു. എസ് എസ് പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച സിപിഐ എംന് 40 സീറ്റുകളും എസ് എസ് പിക്ക് 13 സീറ്റും ലഭിച്ചു. എന്നാല്‍, സിപിഐക്ക് 3 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളു. അന്ന് ഏതെങ്കിലും കക്ഷിക്കോ സഖ്യത്തിനോ ഭൂരിപക്ഷം ലഭിക്കാത്തത് കൊണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് ഉണ്ടായത്. തുടര്‍ന്ന് 1967ല്‍ സിപിഐ എംന്റെയും സിപിഐയുടെയും നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണിയുണ്ടാക്കി. എസ് എസ് പിയും മുസ്ലീംലീഗും കെ ടി പിയും കെ എസ് പിയും ആ മുന്നണിയിലുണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇ എം എസ് മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപീകരിച്ചു.

1969 ഒക്‌ടോബര്‍ 14ന് ഇ എം എസ് മന്ത്രിസഭ ചരിത്രപ്രസിദ്ധമായ ഒരു നിയമനിര്‍മാണം നടത്തി. ഇന്ത്യയിലെ ഭരണവര്‍ഗ നിലപാടുകള്‍ക്ക് എതിരായി, ചരിത്രത്തിലാദ്യമായി ജന്‍മിത്വ ഭൂപ്രഭുത്വം അവസാനിപ്പിക്കുന്ന നിയമനിര്‍മാണം കൊണ്ടുവന്നു. വാരം, പാട്ടം, വെച്ചുകാണല്‍, കങ്കാണി, മൂരി, വാശി തുടങ്ങിയ ജന്‍മിത്വത്തിന്റെ അക്രമ പിരിവുകള്‍ക്കെല്ലാം ഇതോടെ അന്ത്യമായി. ഭൂബന്ധത്തിലുള്ള മാറ്റമാണ് ഇതിലൂടെ സാധ്യമായത്. ഭൂപ്രഭുത്വത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്, ജന്‍മിത്വ ഭൂപ്രഭുത്വം രണ്ട്, മുതലാളിത്ത ഭൂപ്രഭുത്വം. ഇന്ത്യയുടെ ഭരണകൂട ചട്ടക്കൂടില്‍ നിന്നുകൊണ്ട് പാസാക്കപ്പെടുന്ന ഒരു നിയമം വഴി ജന്‍മിത്വം അവസാനിപ്പിക്കാന്‍ സിപിഐ എം നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിച്ചു. (എന്നാല്‍, ഭൂപ്രഭുത്വത്തിന്റെ ഭാഗമായ മുതലാളിത്ത ഭൂപ്രഭുത്വം ഇന്നും തുടരുക തന്നെയാണ്.) ഏറെ വൈകിയില്ല, സി പി ഐയും മുസ്ലീംലീഗും പി എസ് പിയും ആര്‍ എസ് പിയും ഇ എം എസ് സര്‍ക്കാരിനെ കാലുവാരി. കുറുമുന്നണിയുണ്ടാക്കിയപ്പോള്‍ ഇ എം എസ് മന്ത്രിസഭ രാജിവെച്ചു. കുറുമുന്നണിയുടെ മുഖ്യമന്ത്രിയായി സി അച്യുതമേനോന്‍ വന്നു.

ആ സമയത്ത് കര്‍ഷക തൊഴിലാളിയൂണിയനും കര്‍ഷകസംഘവും ഭൂവുടമകളുടെ തനിനിറം വെളിപ്പെടുത്താനും ഭൂപരിഷ്‌കരണ നിയമം കേരളത്തില്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും വേണ്ടി കാസര്‍ഗോഡ്, പാലക്കാട്, ഉടുമ്പന്‍ചോല, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ജാഥകള്‍ സംഘടിപ്പിച്ചു. ആലപ്പുഴ ലക്ഷ്യം വെച്ച് നീങ്ങിയ ആ ജാഥകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും പ്രചാരണം നടത്തി. 1969 ഡിസംബര്‍ മാസം 14ന് ആലപ്പുഴയില്‍ വെച്ച് നടന്ന മഹാസമ്മേളനത്തില്‍ വെച്ച് സഖാവ് എ കെ ജി പ്രഖ്യാപിച്ചു :''നിയമസഭ പാസാക്കിയ നിയമം ഇന്ത്യന്‍യൂണിയന്‍ പ്രസിഡന്റ് ഒപ്പുവെച്ചാലും ഇല്ലെങ്കിലും 1970 ജനുവരി മാസം ഒന്നുമുതല്‍ ഈ നിയമം ഞങ്ങള്‍ നടപ്പില്‍ വരുത്തും.'' പാവപ്പെട്ട കര്‍ഷക തൊഴിലാളികളും ദരിദ്രകര്‍ഷകരും ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. രാജ്യമാകെ ആലപ്പുഴയിലെ മഹാസമ്മേളനത്തെ ശ്രവിച്ചു. 1970 ജനുവരി 1 മുതല്‍ കര്‍ഷക തൊഴിലാളികളും കര്‍ഷകരും കുടികിടപ്പവകാശത്തിന് വേണ്ടിയും തൊഴിലവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും ഉജ്ജ്വലങ്ങളായ പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നു. വയലേലകളില്‍ ചെങ്കൊടിയുയര്‍ന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മേശപ്പുറത്തും ഒരു 'ചെങ്കൊടി' ഉണ്ടായിരുന്നു! സി പി ഐ യുടെ കൊടി !!

1970 ജനുവരി 1ന് സമരം ആരംഭിച്ചു. ജനുവരി 7ന് കര്‍ഷക തൊഴിലാളി യൂണിയന് ഒരു രക്തസാക്ഷിയുണ്ടായി. ആലപ്പുഴ മുഹമ്മയിലെ സഖാവ് രമണന്‍. യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുടികിടപ്പിനായും കര്‍ഷക തൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും നടത്തിയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും ഭൂപ്രമാണിമാരും കൈകോര്‍ത്ത കാലമായിരുന്നു അത്. ആ രക്തസാക്ഷിത്വത്തില്‍ ചുവന്നത് മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരുന്ന കൊടിയായിരുന്നില്ല. കര്‍ഷക തൊഴിലാളി യൂണിയന്റെ കൊടിയായിരുന്നു. സി പി ഐയുടെ സര്‍ക്കാര്‍ അന്നെടുത്ത നിലപാട് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനെതിരായതായിരുന്നു. അടിസ്ഥാനവര്‍ഗമായ കര്‍ഷക തൊഴിലാളികളുടെ സമരങ്ങളെയും മുദ്രാവാക്യങ്ങളെയും ചോരയില്‍ മുക്കിക്കൊണ്ട് ആര്‍ക്കെങ്കിലും തൊഴിലാളി വര്‍ഗ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാവുമോ?

എറണാകുളം ജില്ലയിലെ ആലുവ കുന്നുകരയിലെ പൊന്നുനായരുടെ രക്തസാക്ഷിത്വവും ചരിത്രത്തിലുണ്ട്. 1969 നവമ്പര്‍ 3ന്. അച്യുതമേനോന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ ഭാഗമായി ആഹ്ലാദപ്രകടനം നടത്തിയ ഭൂപ്രമാണിമാരായ കേരള കോണ്‍ഗ്രസുകാരുടെ കൊലക്കത്തിക്കിരയായാണ് സഖാവ് പൊന്നുനായര്‍ രക്തസാക്ഷിയായത്. ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച് അച്യുതമേനോന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഭൂപരിഷ്‌കരണ കാര്യത്തില്‍ തങ്ങളുടെ പക്ഷം സംരക്ഷിക്കപ്പെടുമെന്ന് മനസിലാക്കിയ ഭൂപ്രമാണിമാര്‍ വമ്പിച്ച ആഹ്ലാദത്തിലായിരുന്നു. ആലുവയിലെ ഭൂപ്രമാണിമാര്‍ കേരള കോണ്‍ഗ്രസുകാരാണ്. അവര്‍ അച്യുതമേനോന് ജയ് വിളിച്ചുകൊണ്ട് മണ്ണില്‍പ്പണിയെടുക്കുന്ന തൊഴിലാളികളുടെ കൂടെ നിന്ന പൊന്നു നായരെ കൊന്നുതള്ളുകയായിരുന്നു.

1970 ജനുവരി 26ന് റിപ്ലബിക് ദിനത്തില്‍ കൈനകരിയില്‍ വെച്ച് അച്യുതമേനോന്‍ സര്‍ക്കാരിന്റെ പോലീസ് വെടിവെച്ച് കൊന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ് സഖാവ് സഹദേവന്റെ ചോരയില്‍ ചവിട്ടിനിന്നാണ് സി പി ഐ തങ്ങളുടെ മുഖ്യമന്ത്രി കസേര ഉറപ്പിച്ചത്. അന്ന് എത്രയെത്ര തൊഴിലാളി സഖാക്കളെ പോലീസ് വേട്ടയാടി? ഭീകരമായ പോലീസ് തേര്‍വാഴ്ചയില്‍ ജീവച്ഛവമായി മാറിയ സഖാക്കളെ സി പി ഐക്ക് എത്രനാള്‍ ഒളിച്ചുവെക്കാന്‍ സാധിക്കും?

പാണ്ടനാട് രക്തസാക്ഷികളെ മറക്കാന്‍ സാധിക്കുമോ? സി പി ഐ സര്‍ക്കാരിന്റെ പോലീസിന്റെ തീയുണ്ടയല്ലേ അവരുടെ ഇടനെഞ്ച് പിളര്‍ന്നത്? കുടികിടപ്പുഭൂമി വളച്ചുകെട്ടുമ്പോള്‍ ഭൂപ്രമാണിമാരുടെ കൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ വന്നത് സി പി ഐ മുഖ്യമന്ത്രിയുടെ സര്‍ക്കാരിന്റെ പോലീസായിരുന്നില്ലേ? ആ പോലീസുകാര്‍ കര്‍ഷക തൊഴിലാളി സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞതിനല്ലേ സഖാവ് രവിയെയും കുഞ്ഞുകുഞ്ഞിനെയും വെടിവെച്ച് കൊന്നത്? സി പി ഐക്ക് ഈ കൊലപാതകങ്ങളില്‍ നിന്ന് കൈകഴുകി ഒഴിഞ്ഞുമാറാന്‍ സാധിക്കുമോ?

അറിയില്ലേ സി പി ഐക്കാരാ സഖാവ് വീയപുരം ഗോപാലനെ? കോണ്‍ഗ്രസുകാരനായിരുന്ന നിരണം ബേബി എന്ന ഇലഞ്ഞിക്കല്‍ ഇ ജോണ്‍ ജേക്കബ്ബ് കേരള കോണ്‍ഗ്രസുകാരനായ ചരിത്രവും സി പി ഐക്ക് മറക്കാന്‍ പറ്റില്ലല്ലോ. രണ്ടാം കൃഷിയുടെ കൊയ്ത്തിനും തീര്‍പ്പ് കറ്റ ലഭിക്കണം. പാടത്തിന് സമീപം കറ്റക്കളം വെക്കണം, പാടങ്ങള്‍ക്ക് സമീപത്തുള്ള തൊഴിലാളികള്‍ക്ക് തൊഴിലിനും കൊയ്ത്തിനും മുന്‍ഗണന നല്‍കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് അന്ന് കര്‍ഷക തൊഴിലാളി യൂണിയന്‍ സമരം സംഘടിപ്പിച്ചത്. നിരണം ബേബി ഇറക്കിയ കരിങ്കാലി തൊഴിലാളികളില്‍ സി പി ഐ അനുഭാവികളും ഉണ്ടായിരുന്നില്ലേ? നിരണം ബേബിയുടെ കുറുവടിപ്പട നിങ്ങളുടേതുമായിരുന്നില്ലേ? 'തമ്പ്രാനെന്ന് വിളിക്കില്ല, പാളേല്‍കഞ്ഞി കുടിക്കില്ല..' എന്ന മുദ്രവാക്യം മുഴക്കിയ വീയപുരം ഗോപാലന്റെ ചങ്കിലേക്കല്ലേ, അച്യുമേനോന്‍ സര്‍ക്കാരിന്റെ പോലീസ് തീയുണ്ട വര്‍ഷിച്ചത്? സഖാക്കള്‍ കെ പി ജോസഫും വെളിയം നാരായണപിള്ളയും അന്ന് പോലീസ് മര്‍ദ്ദനമേറ്റ് മൃതപ്രായരായില്ലേ ? സി പി ഐ അന്ന് ആരുടെകൂടെയായിരുന്നു? ഏത് വര്‍ഗത്തിന്റെ കൂടെയായിരുന്നു? തൊഴിലാളി വര്‍ഗത്തിന്റെ രക്തസാക്ഷിയുടെ ദേഹത്ത് അന്ന് പുതച്ചത് സി പി ഐയുടെ ചെങ്കൊടിയായിരുന്നില്ല. ആ കൊടി, ഭൂപ്രമാണിമാര്‍ക്ക് ഒത്താശ നല്‍കിയ പോലീസിന് മെഡല്‍ നല്‍കിയ മുഖ്യമന്ത്രിയുടെ മേശപ്പുറത്തായിരുന്നു. ആ കൊടി നോക്കിയാണ് ക്രൂരതയുടെ പോലീസ് പര്യായങ്ങള്‍ സല്യുട്ട് അടിച്ചത്.

ആ കാലഘട്ടത്തിലെ ഒരുപാട് രക്തസാക്ഷിത്വങ്ങളെ കുറിച്ച് പറയാനുണ്ട്. ഏറെ നീണ്ടുപോകും. സി പി ഐയുടെ 'ചോരചുകപ്പ്' വാര്‍ന്നില്ലാതാകും. പക്ഷെ, സഖാവ് കൈനകരി മനോഹരെ കുറിച്ച് പറയാതെ പോകാന്‍ സാധിക്കില്ലല്ലോ സി പി ഐ സഖാവെ. 1976 ജൂണ്‍ 11 സി പി ഐ മറച്ചുവെക്കുന്ന ഒരു ദിവസമല്ലെ? അന്നാണല്ലൊ സഖാവ് മനോഹരന്‍ രക്തസാക്ഷിത്വം വരിച്ചത്. അടിയന്തരാവസ്ഥയുടെ ആ നാളുകളില്‍ ഭരണാധികാരികള്‍ നാവടക്കൂ പണിയെടുക്കൂ എന്ന് തൊഴിലാളികളോട് ആജ്ഞാപിച്ചു. കുട്ടനാടന്‍ വയലേലകളില്‍ ചെങ്കൊടി ഉയര്‍ത്തിയും താഴ്ത്തിയുമാണ് ജോലിസമയം അറിയിച്ചിരുന്നത്. അന്ന് പോലീസ് സഹായത്തോടെ വെള്ളക്കൊടി ഉയര്‍ത്തി ജോലി സമയം ഇല്ലാതാക്കാന്‍ ശ്രമിച്ചത് ആരായിരുന്നു? കുട്ടംഗലം കുപ്പപ്പുറം പാടത്ത് ജോലി സമയം കൊടിയുയര്‍ത്തി അറിയിച്ച മനോഹരനോട് തര്‍ക്കം പറഞ്ഞത് സി പി ഐയുടെ പ്രാദേശിക പ്രവര്‍ത്തകരായിരുന്നു. ചെങ്കൊടി ഉയര്‍ത്തിയതിനെ, തൊഴിലാളികളുടെ ജോലി സമയം നിജപ്പെടുത്തിയതിനെ ചൊല്ലിയുണ്ടായ ആ തര്‍ക്കം മനോഹരന്റെ കൊലപാതകത്തിലാണ് അവസാനിച്ചത്. കുട്ടനാടന്‍ പാടങ്ങള്‍ പറയുന്നത് സഖാവ് മനോഹരന്റെ രക്തസാക്ഷിത്വത്തിന്റെ കഥകളാണ്. സി പി ഐ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ തൊഴിലാളി വിരുദ്ധ പോലീസ് തേര്‍വാഴ്ചയുടെ, വെടിവെപ്പുകളുടെ ആ ചരിത്രത്തില്‍ നിന്നുകൊണ്ട് ഏറെയൊന്നും തൊഴിലാളി വര്‍ഗമഹിമ നിങ്ങള്‍ പറയേണ്ടതില്ല.

സിപിഐ എംന്റെ കൈയ്യില്‍ ചോരപുരണ്ടിരിക്കുന്നു എന്ന് നാവെടുത്താല്‍ പറയുന്ന ജയശങ്കരന്‍ വക്കീലും അതുകേട്ട് തലകുലുക്കുന്ന സി പി ഐ നേതാക്കളും സോഷ്യല്‍മീഡിയയിലിരുന്ന് സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും ഭള്ള് പറയുന്ന സി പി ഐ സുഹൃത്തുക്കളും ചരിത്രം ചികഞ്ഞുനോക്കണം. നിങ്ങളുടെ കൈയ്യിലുള്ളത് തൊഴിലാളികളുടെ ചങ്കിലെ ചോരക്കറയാണ്. അതുകൊണ്ട് കറുത്തതാണ് നിങ്ങളുടെ പതാക. അന്നു നിങ്ങള്‍ കൊന്നുതള്ളാന്‍ മടിച്ചില്ല. ഇന്ന് നിങ്ങള്‍ അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നു. പക്ഷെ, ചരിത്രബോധമുള്ളവന്റെ ചങ്കില്‍ നിന്ന് നിങ്ങള്‍ക്കുവേണ്ടി ഇന്‍ക്വിലാബ് മുഴങ്ങുകയില്ല.

സി പി ഐക്ക്‌ അവരുടേതായ പ്രസക്തിയുണ്ട്. വിശാല ഇടതുപക്ഷത്തില്‍ തീര്‍ച്ചയായും അവര്‍ വേണം. അതിലൊന്നും ആര്‍ക്കും സംശയം ഇല്ല. പക്ഷെ, സിപിഐ എംനെ ഇല്ലാതാക്കാന്‍ നോക്കിയ ആ ഭൂതകാലം സി പി ഐയെ ഇപ്പോഴും വേട്ടയാടുന്നു എന്നത് മറക്കാന്‍ പാടില്ല. 

24-Aug-2016