പ്രതിഷേധത്തിന്റെ തീപ്പന്തം

നാണംകെട്ട നാടാണിത്. ശാപങ്ങളേറ്റുവാങ്ങി ഓരോ ദിവസവും കൂടുതല്‍ അധഃപതിച്ചുകൊണ്ടിരിക്കുന്ന നാട്. ആരുടെയെല്ലാം ശാപങ്ങള്‍. വീട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന ചെറിയ പെണ്‍കുട്ടിമുതല്‍ കൊലചെയ്യപ്പെട്ട, മാനഭംഗപ്പെട്ട, ഞെക്കിക്കൊല്ലപ്പെട്ട, അടിച്ചുകൊല്ലപ്പെട്ട, കുത്തിക്കീറപ്പെട്ട ആയിരമായിരം കുട്ടികള്‍, ചെറുപ്പക്കാരികള്‍, അമ്മമാര്‍... അവരുടെയെല്ലാം ശാപങ്ങള്‍. അതിനപ്പുറമായി ഈ മണ്ണിന്റെ ശാപം. നദികളുടെ ജലത്തിന്റെ ശാപം. പശ്ചിമഘട്ടത്തിന്റെ ശാപം. ശ്വാസംമുട്ടിച്ച് കൊന്ന നെല്‍വയലുകളുടെ ശാപം, വെട്ടിയിടിച്ചുകളഞ്ഞ കുന്നുകളുടെയും മലകളുടെയും ശാപം. വിഷംതളിക്കപ്പെട്ട ഭക്ഷണത്തിന്റെ ശാപം. ശാപങ്ങളേറ്റ് ദിവസം ചെല്ലുന്തോറും  അധഃപതിച്ചുകൊണ്ടിരിക്കുന്ന നാടാണിത്. വികസിക്കുന്നു, വികസിക്കുന്നു എന്നെല്ലാം ഉമ്മന്‍ചാണ്ടി ഒരുപാട് പറയുന്നു. എന്താണ് വികസിപ്പിക്കുന്നത്. ശുദ്ധമായ  ജലംതരാനൊക്കുന്നുണ്ടോ. കുടിവെള്ളമുണ്ടോ. കാടുമാത്രമല്ല കടലും വന്‍ മുതലാളിമാര്‍ക്ക് വിറ്റുകഴിഞ്ഞു. 

പറയാന്‍ വിഷമമുള്ള കാര്യമാണെങ്കിലും പറയേണ്ടിവരുന്നു. എനിക്ക് ഈ രാജ്യത്തെ കുറിച്ച് പ്രതീക്ഷ അറ്റിരിക്കുന്നു. സ്ത്രീപീഡനം എന്ന ഏര്‍പ്പാട് പത്തുവര്‍ഷംകൊണ്ടാണ് ഇത്രയേറെ ശക്തവും വ്യാപകവുമായത്. വീടിന് വെളിയില്‍ പോയ പെണ്‍കുട്ടികളെ അമ്മമാര്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന കാഴ്ച കണ്ടുതുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. ഞങ്ങളുടെ കുട്ടിക്കാലം വളരെ വളരെ ദൂരെയാണ്. അന്നാളുകളില്‍ രാത്രി ഏഴുമണിയോളം മ്യൂസിയത്തും വാട്ടര്‍വര്‍ക്സിലും ഒബ്സര്‍വേറ്ററിയിലുമൊക്കെ  ഓടിനടന്ന് ഇഷ്ടംപോലെ ഞങ്ങള്‍ കളിക്കുമായിരുന്നു. ഒരുദിവസവും ഒരു ചീത്തവാക്കുപോലും കേട്ടിട്ടില്ല. മോശമായ നോട്ടംപോലും ഉണ്ടായിട്ടില്ല. അങ്ങനെ ഭയപ്പെടേണ്ട എന്തെങ്കിലും കാര്യമുണ്ടെന്ന തോന്നല്‍ ഞങ്ങളുടെ കുട്ടിക്കാലത്തോ കോളേജ് ജീവിതകാലത്തോ ഉണ്ടായിട്ടില്ല. മദ്യപാനം ഇത്രയേറെ മാന്യവും ഉയര്‍ന്നവരുടെ സ്റ്റാറ്റസ്് സിംബലുമായി മാറിയിരുന്നില്ല. 'ഭയപ്പെടരുത്' എന്ന സ്വാമി വിവേകാനന്ദന്റെ വാചകം അച്ഛന്‍ എപ്പോഴും ഉരുവിട്ടുതരുമായിരുന്നു. ഭയമുണ്ടായിട്ടില്ല. 'അഭയ' പോലെ ഹൈ റിസ്ക് ജോലികള്‍ ഏറ്റെടുക്കുന്നതും മറ്റും ഭയമുണ്ടെങ്കില്‍ ആരും ചെയ്യുന്നതല്ല. പക്ഷേ, ഇപ്പോള്‍ എന്റെ മനസ്സുനിറയെ ഭയമാണ്. എനിക്ക് പറയാന്‍ ലജ്ജയുണ്ട്. ഭയമാണ് എനിക്ക്, നമ്മുടെ കുട്ടികളെ പറ്റി, അഭയയിലെ കുട്ടികളെ ക്കുറിച്ച് മാത്രമല്ല നാട്ടിലെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍.

ഒരു കൊച്ചുപെണ്‍കുട്ടി.

പത്തോ പതിനൊന്നോ വയസ്സുകാണും. കാലിലൊരു വെള്ളിക്കൊലുസുമിട്ട് പാവാട ഇത്തിരി പൊക്കിപ്പിടിച്ച് ഓടിക്കളിച്ച് ചിരിച്ച് നടന്നുവരുന്നു. റോഡിലൂടെ ചിരിച്ചുകൊണ്ട് അവള്‍ തുള്ളിച്ചാടി വരുന്നു. അവളുടെ ഉത്സാഹം ഞാന്‍ വഴിയില്‍നിന്ന് കണ്ടു.

"എവിടെയാ മക്കളെ വീട്?''

അവള്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു.

അവള്‍ വീടും സ്ഥലവും എല്ലാം പറഞ്ഞു. വൈകുന്നേരത്തെ ക്ളാസ് കഴിഞ്ഞ് വരികയാണവള്‍.

"ഇങ്ങനെ കളിച്ചും ചിരിച്ചും തിരിഞ്ഞുനില്‍ക്കരുത്. സന്ധ്യക്കു മുമ്പ് വീടെത്തണം. ക്ളാസ് കഴിഞ്ഞാല്‍ ഒറ്റയോട്ടം. വീടെത്തിയേ നില്‍ക്കാവൂ, പെട്ടെന്ന് പൊയ്ക്കോളൂ'' ഞാന്‍ പറഞ്ഞു.

"അതെന്താ അമ്മേ?''

"അതിനൊക്കെ കാര്യമുണ്ട്. കള്ളന്മാരാണ് ചുറ്റും.''

അവളെന്നെ ഒന്നമ്പരന്ന് നോക്കിയിട്ട് ഓടിപ്പോയി.

അവള്‍ ഓടി അകലവേ ഞാനോര്‍ത്തു. ഇന്നലെവരെ ഞാന്‍ ഇങ്ങനെ അല്ലല്ലോ കുട്ടികളോട് പറഞ്ഞുകൊണ്ടിരുന്നത്. ധീരയാകുക. അഭിമാനിനിയാകുക, ശിരസ്സുയര്‍ത്തിപ്പിടിക്കുക, അടിച്ചാല്‍ തിരിച്ചടിക്കാനുള്ള തന്റേടം ഉണ്ടാക്കുക, ഇതൊക്കെയല്ലേ ഇപ്പോഴും പറയേണ്ടത്. എങ്കിലും പെട്ടെന്ന് മനസ്സ് തളര്‍ന്നുപോകുന്നു.

ജിഷ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. ആ വാക്കല്ല അതിനുപറയേണ്ടത്. കടിച്ചുചീന്തല്‍. ചെന്നായ്ക്കള്‍ ചെയ്യുന്നതുപോലെ. ചെന്നായ്ക്കള്‍ ബലാത്സംഗം ചെയ്യില്ല. അവര്‍ കടിച്ചുകീറുന്നത് തിന്നാന്‍വേണ്ടിയാണ്. വിശപ്പുമാറ്റാന്‍. ഇതെന്താണെന്ന് മനസ്സിലാകുന്നില്ല.  ഈ വിധത്തില്‍ പൈശാചികമായ മഹാപാപം കേരളത്തിലും നടക്കുന്നു. ആരും അത്രയ്ക്കൊന്നും വകവയ്ക്കുന്നില്ല. പതുക്കെ പതുക്കെയാണ് ഉണര്‍ന്നുവരുന്നത്്. ആദ്യമൊന്നും മനസ്സിലേക്ക് തറച്ചില്ലെന്ന് തോന്നുന്നു. പൊലീസ് തൊട്ട്, ചുറ്റുപാടുമുള്ളവര്‍ തൊട്ട്, സമൂഹം തൊട്ട് ആരും അതു ഗൌരവത്തിലെടുത്തില്ല.  പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടി. ചോദിക്കാനും പറയാനും ആരുമില്ല. ആകെ അമ്മമാത്രം. അങ്ങനെയുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടാല്‍ എന്താണ് എന്ന നിലപാടിലായിരുന്നു എല്ലാവരും. അല്ലെങ്കില്‍ അവളുടെ സ്വഭാവം മോശമാണെന്നോ, അവള്‍ രാത്രിയില്‍ സിനിമയ്ക്ക് പോയതുകൊണ്ടാണെന്നോ രാത്രിയില്‍ ഇറങ്ങിനടന്നതുകൊണ്ടാണെന്നോ ഒക്കെ പറയുമായിരുന്നു. ഇതൊന്നും ഇവിടെ പറയാനില്ലല്ലോ. ആരും ഇല്ലല്ലോ അവള്‍ക്ക്.

എനിക്ക് ഒട്ടും മനസ്സിലാകാത്തത്, അയല്‍പക്കങ്ങള്‍ ഇല്ലായിരുന്നോ അവള്‍ക്ക്. ഇത്ര ക്രൂരമായ കൊലപാതകം നടന്നപ്പോള്‍ ഇവരാരും കേട്ടില്ലേ അവളുടെ നിലവിളി. കേട്ടിട്ടും കേള്‍ക്കാത്ത മട്ടില്‍ ശ്രദ്ധിക്കാതെപോയോ.

മലയാളി എപ്പോഴും അങ്ങനെയാണ്. എന്തെങ്കിലും ആപത്തില്‍പ്പെട്ട ഒരാള്‍ റോഡില്‍ കിടന്നുപിടഞ്ഞാല്‍ ഓടിയെത്തും. താങ്ങിയെടുത്ത് സഹായിക്കാനാണുചെല്ലുന്നതെന്ന് തോന്നും. മിക്കവാറും അവിടെച്ചെന്ന് മൊബൈലില്‍ പല പോസില്‍ അപകടത്തിന്റെ പടം എടുക്കും. കിടന്നുപിടയ്ക്കുന്ന ഇരയുടെ പടമെടുത്തശേഷം അവര്‍ സന്തോഷമായി വീട്ടിലേക്ക് പോകും. പിന്നെ വാട്സ് ആപ്പോ ഫെയ്സ് ബുക്കോവഴി ലോകമെങ്ങും പ്രചരിപ്പിക്കും. പെറ്റമ്മ മരിക്കുന്നത് കണ്ടുനിന്നാലും അതിന്റെ പടമെടുത്ത് വാട്സ് ആപ്പില്‍ ഇടുന്ന കാലമെത്തി. അവിടെവരെ എത്തിയിരിക്കുന്നു മലയാളി ചെറുപ്പക്കാരുടെ ഹൃദയശൂന്യത.

ജിഷയുടെ നിലവിളി ചുറ്റുമുള്ളവര്‍ കേട്ടില്ലേ എന്നൊരു ചോദ്യമുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യം കണ്ടപ്പോള്‍ പൊലീസുകാര്‍ എന്തുകൊണ്ട് പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തില്ല. പൊലീസ് അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്തോ? സമൂഹം കടമ നിറവേറ്റിയോ? ആദ്യം വരുന്നത് സമൂഹമാണ്. പിന്നീടേ പൊലീസും കോടതിയും വരുന്നുള്ളൂ. നമ്മള്‍ നമ്മുടെ ചുമതല ചെയ്യുന്നുണ്ടോ. നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് ധൈര്യം ഉണ്ടാക്കിക്കൊടുക്കാനും സാധിക്കുന്നുണ്ടോ. ഇങ്ങനെയുള്ള സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അമ്മമാര്‍ പേടിച്ച് വഴിക്കണ്ണുംനട്ട് മക്കളെ കാത്തിരിക്കുകയാണ്. ട്യൂഷനുപോയ കുട്ടി, പാട്ടുപഠിക്കാന്‍പോയ കുട്ടി, തയ്യലുപഠിക്കാന്‍ പോയ കുട്ടി, കംപ്യൂട്ടര്‍പഠിക്കാന്‍പോയ കുട്ടി അവരെയെല്ലാം കാത്തിരിക്കുന്ന അമ്മമാര്‍ക്ക് അങ്കലാപ്പാണ്. പണ്‍കുഞ്ഞിന് പ്രായം കൂടിവരുന്നതോടെ അമ്മമാരുടെ നെഞ്ചിടിപ്പും കൂടുകയാണ്. അടുത്തിടെ '12 വയസ്സ്' എന്ന സിനിമ കണ്ടു. 12 വയസ്സ് കഴിഞ്ഞ മകളെ ഈ ഭയം സഹിക്കവയ്യാതെ  അമ്മ കൊല്ലുകയാണ്. 'ഇനി എന്റെ കുഞ്ഞിനെ ആരും ഒന്നും ചെയ്യില്ലല്ലോ' എന്ന് ചിന്തിച്ച്. സിനിമയുടെ ആ സന്ദേശത്തെ ഞാന്‍ ശരിവയ്ക്കുന്നില്ല. പക്ഷേ അമ്മമാരെക്കൊണ്ട് അങ്ങനെവരെ തോന്നിപ്പിക്കുന്ന അന്തരീക്ഷമാണ് സമൂഹത്തിലുള്ളത്. ആര്‍ക്കും ആരെയും പേടിയില്ല. പൊലീസിനെ, സമൂഹത്തിനെ, കോടതിയെ, ശിക്ഷയെ ഒന്നും പേടിയില്ല. ശിക്ഷ പരിഹാസ്യമായി മാറുന്നു. ഞാന്‍ ഇരകള്‍ക്കൊപ്പമാണ്. ഒരുപാടുപേരെ എനിക്കറിയാം. സൂര്യനെല്ലി പെണ്‍കുട്ടിതൊട്ട്, വിതുര പെണ്‍കുട്ടിതൊട്ട് എത്രയോപേര്‍. എന്റെകൂടെ അത്താണിയില്‍ എത്രയോ ബലാത്സംഗ ഇരകളുണ്ട്. അവര്‍ക്കൊന്നുംവേണ്ടി ആരും സംസാരിക്കുന്നില്ല. ഗോവിന്ദച്ചാമിമാര്‍ക്കുവേണ്ടി വലിയ വക്കീലന്മാരെ കൊണ്ടുവരാനും വാദിക്കാനും ആളുകളുണ്ട്. അവരെല്ലാം തല ഉയര്‍ത്തിപ്പിടിച്ച് റോഡിലൂടെ നടന്നുപോകുന്നു. നമ്മുടെ കുട്ടികള്‍ ഒളിച്ച്, ഭയന്ന് ഭീരുക്കളെപ്പോലെ കഴിയുന്നു. ആളറിയിക്കാതെ ജീവിക്കേണ്ടിവരുന്നു ഇരകള്‍ക്ക്. ഇതൊക്കെ ഈ കേരളമെന്ന, ഇത്രയധികം പുരോഗമനസ്വഭാവം അവകാശപ്പെടുന്ന നാട്ടിലാണ് നടക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയിലും രാഷ്ട്രീയപ്രബുദ്ധതയിലും വിദ്യാഭ്യാസത്തിലുമെല്ലാം മുന്നില്‍നില്‍ക്കുന്ന ധിക്കാരിയായ, അഹങ്കാരിയായ മലയാളിയുടെ നാട്ടിലാണിതൊക്കെ നടക്കുന്നത്. എന്താണിതിനു പ്രതിവിധിയെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. മനസ്സ് പൊള്ളുന്നു. കൂടുതല്‍ കൂടുതല്‍ പൊള്ളിക്കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ കുറച്ചുകാലമായി രോഗശയ്യയിലാണ്. കിടക്കുന്നതുകൊണ്ട് പ്രതിഷേധിക്കുന്ന കുട്ടികള്‍ക്കൊപ്പം മെഴുകുതിരിയും പിടിച്ച് തെരുവില്‍ പോയി നില്‍ക്കാനാകുന്നില്ല. പക്ഷേ എന്റെ മനസ്സിലെ തീപ്പന്തം ഞാനിതാ ഉയര്‍ത്തിപ്പിടിക്കുകയാണ്. പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടിലെ അമ്മ പെങ്ങന്മാര്‍ക്കുവേണ്ടി. എന്റെ ഉള്‍ച്ചൂട് നിങ്ങളും അനുഭവിക്കണം. എത്രവര്‍ഷമായി ഇതു പറയുന്നു. നാടിന്റെ ചൂടിനെപ്പറ്റി പറയുന്ന ആളാണു ഞാന്‍. പശ്ചിമഘട്ടത്തെയും കാടുകളെയും പുഴകളെയും ഇടിച്ചുതള്ളുന്ന മലകളെയും നികത്തപ്പെടുന്ന വയലുകളെയും ഗതികിട്ടാത്ത പെണ്‍കുട്ടികളെയും വഴിയെ അലയുന്ന മനോരോഗികളെയും ഒക്കെപറ്റി നാല്‍പ്പതുവര്‍ഷമായി പറയുന്നു. ഗതികേടിലായ മലയാളഭാഷയുമുണ്ട് നമുക്ക്. ഇത്രകാലം ഞാനിതെല്ലാം ഉറക്കെ പറഞ്ഞിട്ടും ആരും കേട്ടില്ല. ഇപ്പോള്‍ കുറച്ചൊക്കെ മാറിവരുന്നു. പക്ഷേ സമയം വൈകിപ്പോയി.  അതുപോലെതന്നെയാണ് സ്ത്രീകളുടെ അവസ്ഥ. എല്ലാവരും നല്ലവരാണെന്നൊന്നും ഞാന്‍ പറയില്ല. തലതിരിഞ്ഞവര്‍ വളരെയധികം പേരുണ്ട്. കിട്ടിയ സ്വാതന്ത്യ്രം മോശമായി ഉപയോഗിക്കുന്നവരുണ്ട്. കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നവരുണ്ട്. എങ്കിലും അധികംപേരും പീഡിപ്പിക്കപ്പെടുന്നവരാണ്. അധികംപേരും ദുഃഖിക്കുന്നവരാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന ആനകളെപ്പോലെ അവനവനേല്‍ക്കുന്ന പീഡനങ്ങള്‍, മുറിവുകള്‍, മുള്ളുകള്‍, മര്‍ദനങ്ങള്‍ ഇതെല്ലാം മിണ്ടാതെ സഹിച്ച് സ്വര്‍ണത്തിന്റെ നെറ്റിപ്പട്ടം ഉടുപ്പിക്കപ്പെട്ട് ചിരിച്ച് മുന്നില്‍ വന്നുനില്‍ക്കുന്നു. അവര്‍ ഉള്ളിലെ പരിക്കുകള്‍മാത്രമല്ല, ദേഹത്തെ മുറിവുകള്‍പോലും സാരിത്തലപ്പുകൊണ്ട് മൂടിവയ്ക്കും. മനസ്സിന്റെ ഒരിക്കലും മായാത്ത പുണ്ണുകള്‍പോലും അവര്‍ കാണിക്കില്ല. നൂറെണ്ണം നടക്കുമ്പോള്‍ അഞ്ചെണ്ണംമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബാക്കിയെല്ലാം സഹിക്കുകയാണ് പെണ്ണുങ്ങള്‍.

നാണംകെട്ട നാടാണിത്. ശാപങ്ങളേറ്റുവാങ്ങി ഓരോ ദിവസവും കൂടുതല്‍ അധഃപതിച്ചുകൊണ്ടിരിക്കുന്ന നാട്. ആരുടെയെല്ലാം ശാപങ്ങള്‍. വീട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന ചെറിയ പെണ്‍കുട്ടിമുതല്‍ കൊലചെയ്യപ്പെട്ട, മാനഭംഗപ്പെട്ട, ഞെക്കിക്കൊല്ലപ്പെട്ട, അടിച്ചുകൊല്ലപ്പെട്ട, കുത്തിക്കീറപ്പെട്ട ആയിരമായിരം കുട്ടികള്‍, ചെറുപ്പക്കാരികള്‍, അമ്മമാര്‍... അവരുടെയെല്ലാം ശാപങ്ങള്‍. അതിനപ്പുറമായി ഈ മണ്ണിന്റെ ശാപം. നദികളുടെ ജലത്തിന്റെ ശാപം. പശ്ചിമഘട്ടത്തിന്റെ ശാപം. ശ്വാസംമുട്ടിച്ച് കൊന്ന നെല്‍വയലുകളുടെ ശാപം, വെട്ടിയിടിച്ചുകളഞ്ഞ കുന്നുകളുടെയും മലകളുടെയും ശാപം. വിഷംതളിക്കപ്പെട്ട ഭക്ഷണത്തിന്റെ ശാപം. ശാപങ്ങളേറ്റ് ദിവസം ചെല്ലുന്തോറും  അധഃപതിച്ചുകൊണ്ടിരിക്കുന്ന നാടാണിത്. വികസിക്കുന്നു, വികസിക്കുന്നു എന്നെല്ലാം ഉമ്മന്‍ചാണ്ടി ഒരുപാട് പറയുന്നു. എന്താണ് വികസിപ്പിക്കുന്നത്. ശുദ്ധമായ  ജലംതരാനൊക്കുന്നുണ്ടോ. കുടിവെള്ളമുണ്ടോ. കാടുമാത്രമല്ല കടലും വന്‍ മുതലാളിമാര്‍ക്ക് വിറ്റുകഴിഞ്ഞു. വലിയ വലിയ കൊട്ടാരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കുക. ഷോപ്പിങ്മാളുകള്‍ ഉണ്ടാക്കുക. ധനികന് സുഖിക്കാനുള്ള ആഡംബരദേശം. അതാണോ കേരളം.

ആരാണ് മാതൃക കാട്ടിത്തരുന്നത്. ആരുമില്ലെന്ന് പറയുന്നില്ല. ചിലരുണ്ട്. ഒന്നിനോടും ചാഞ്ഞുനില്‍ക്കുന്ന ആളല്ല ഞാന്‍. എന്റെ തലയ്ക്ക് മുകളില്‍ ദേശീയപതാകയുണ്ട്. അതിനും മുകളില്‍ പ്രകൃതിയുടെ കൊടിയുണ്ട്.  എന്റെ മനസ്സില്‍ കത്തിനില്‍ക്കുന്ന ഈ പന്തം നിശ്ശബ്ദരാക്കപ്പെട്ട നിരാലംബരുടെ, സ്ത്രീകളുടെ, കുട്ടികളുടെ, രോഗികളുടെ, മണ്ണിന്റെ, വെള്ളത്തിന്റെ, കൃഷിഭൂമികളുടെ, പശ്ചിമഘട്ട വനനിരകളുടെ എല്ലാം ശാപം. ആ ശാപച്ചൂട് എല്ലാംകൂടിയാണ് ഞാനൊരു പന്തമായി കൊളുത്തി ഉയര്‍ത്തിക്കാട്ടുന്നത്.

ഒന്നു നോക്കൂ, തൊട്ടിട്ട് കൈ പൊള്ളുന്നുണ്ടോ എന്ന്. കൂടുതലൊന്നും എനിക്ക് പറയാനില്ല.

08-May-2016

മണ്ണും മനുഷ്യനും മുന്‍ലക്കങ്ങളില്‍

More