നിലനില്‍പ്പ് നിലക്ക് നില്‍പ്പ്

ഞാനെന്തെങ്കിലും പറയുന്നതുകൊണ്ട്
കാര്യങ്ങള്‍
നിലക്ക് നില്‍ക്കുന്നില്ല.

കാര്യങ്ങള്‍
നിലക്ക് നില്‍ക്കാത്തതുകൊണ്ടാണ്
ഞാന്‍ എന്തെങ്കിലും പറയുന്നത്.
തിരിച്ചും മറിച്ചും പറഞ്ഞ്
കാര്യങ്ങളെ
നിലക്ക് നിര്‍ത്താതെ വെറുളി പിടിപ്പിക്കേണ്ടത്
എന്റെയൊരു തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ
ഞാന്‍ എന്തെങ്കിലും പറഞ്ഞേ തീരൂ.

പറഞ്ഞു തീരുന്നെങ്കിലെന്തന്ത്
എന്നാലതൊട്ടു തീരുന്നുമില്ല.
നിലക്കു നിര്‍ത്താന്‍ പറ്റാത്ത
പറഞ്ഞു തീര്‍ത്ത വാക്കുകള്‍
അതിങ്ങനെ ഉരുണ്ടു പിരണ്ട്
ക്ഷകള്‍ വരക്കുന്നില്ല
നിലത്ത് വെറുതേയുരുളുകയാണ്.

പറഞ്ഞു തീര്‍ത്ത വാക്കുകള്‍
കാര്യങ്ങളെ
നിലക്കു നിര്‍ത്താത്ത വാക്കുകള്‍
പാകമാവാത്തൊരു പാളത്തിലേക്ക്
പണിത തീവണ്ടികളാണ്.
പാളം മാറ്റാമോ?
തീവണ്ടി മാറ്റാമോ?

ദാ പിന്നെയും ഞാനുരുട്ടുകയാണ്
അല്ല അതു സ്വയം ഉരുളുകയാണ്.

ഒരുപാടു ബര്‍ത്തുള്ളൊരു
തീവണ്ടിയുടെ അനന്തസാധ്യതകള്‍
ഞാന്‍ കാണുകയാണ്
പറയുന്നില്ല.

പറഞ്ഞാലത്
പാളത്തെ നിലക്കു നിര്‍ത്തില്ലെന്ന്
ഞാന്‍ ഭയക്കുകയാണ്

ഒരു പാടു ബര്‍ത്തുള്ളൊരു
തീവണ്ടിയുടെ അനന്തസാധ്യതകള്‍
പറയാത്ത ഞാനെന്തൊരു ഭീരുവാണ്.

പാളങ്ങളില്‍
എന്നെങ്കിലും മായ്ച്ചുകളയുമെന്നോര്‍ത്ത്
വരച്ചുവച്ചിരിക്കുന്ന തലകള്‍
പാകമാവാത്ത തീവണ്ടികളെ
കാത്തിരിക്കുന്നുണ്ട്
ഉരുളാന്‍ കൊതിച്ചുകൊണ്ട്.

ഞാനെന്തുകൊണ്ടിത് നേരത്തെ പറഞ്ഞില്ല?
കാര്യങ്ങള്‍
ചില നിലത്ത്
ചില നേരത്ത്
നിലക്ക് നില്‍ക്കാറുണ്ടെന്ന്.

30-Jan-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More