പെണ്ണിനിപ്പോള്‍ പരമസുഖമാണ്

അത്രയും വേഗത്തിലോടിക്കൊണ്ടിരുന്ന എന്തോ ഒന്ന്
ആരുടെയോ കാലു തട്ടി വീണത് പോലെയായിരുന്നു അത്.
ഒരതിവേഗ തീവണ്ടി
പാളം തെറ്റിയത് പോലെ.
നൂലറ്റ പട്ടം
കാറ്റിന് കൂട്ടുപോയത് പോലെ.
നൃത്തത്തിനിടെ ചിലങ്ക മണികള്‍
പൊട്ടിച്ചിതറിയത് പോലെ.
പറഞ്ഞു വന്നത്...
അത്രയും അപ്രതീക്ഷിതമായിരുന്നു വീഴ്ച.
നൂല് പൊട്ടിയേക്കാമെന്ന്,
വീണേക്കാമെന്ന്,
നൊന്തേക്കാമെന്ന്,
കിടന്നേക്കാമെന്ന്,
പെണ്ണ് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.
ഇപ്പോളിപ്പോള്‍ നല്ല സുഖമാണ്
അമ്മേ, എവ്‌ടെ ന്റെ ഷൂ? റ്റൈ?
അമ്മേ, നിക്ക് വിശക്കണൂ ട്ടോ..
അമ്മേ, ഇഡലിക്ക് സാമ്പാറില്ലേ?
അമ്മേ, ന്താ വൈകിട്ട് ചായക്ക്? ഇന്ന് കപ്പപ്പുഴുക്ക് മതീട്ടോ..
എവിടെ പോയി കെടക്കാടി നെന്റെ അമ്മ??
അമ്മേ..അമ്മേ..അമ്മേ..
ഇല്ല...ഒന്നൂല്ലാ.
സ്വസ്ഥം...ശാന്തം.
ഫാനിന്റെ മുരള്‍ച്ച മാത്രം
വീല്‍ ചെയറിന്റെ ഉരുള്‍ച്ച മാത്രം!
മുകളില്‍ ഫാന്‍
താഴെ ചക്രങ്ങള്‍ !
ഒരു മരക്കസേരയെ എന്ന പോലെ
ജോലിക്കാരി മുറിയില്‍ ഓടിച്ചുക്കളിക്കുന്നു എന്നതൊഴിച്ചാല്‍,
നീലിച്ച ലാപ്‌ടോപ്പില്‍
എന്റെ അവന്‍ ഉറങ്ങി ഉണരുന്നു എന്നതൊഴിച്ചാല്‍,
സ്വപ്നത്തിലവന്‍ പൂത്തിറങ്ങുമ്പോള്‍
അറിയാതെ മഴ നനയുന്നു എന്നതൊഴിച്ചാല്‍,
ഫാനില്‍ നിന്ന് തൂങ്ങിയാടുന്ന
വീല്‍ ചെയര്‍ സ്വപ്നം കാണുന്നു എന്നതൊഴിച്ചാല്‍,
പെണ്ണിനിപ്പോള്‍ പരമസുഖമാണ്.
മുകളില്‍ കാറ്റിരമ്പം
കാല്‍ക്കീഴില്‍ നിലയ്ക്കാത്ത ചക്രവേഗം..!

 

11-Sep-2015

കവിതകൾ മുന്‍ലക്കങ്ങളില്‍

More