ഇവിടെ താമര വിരിയില്ല

അയ്യന്‍കാളിയുടെ പ്രതിമയില്‍ മാലയിട്ടാണ് അമിത്ഷാ തിരുവനന്തപുരത്തെ പരിപാടി തുടങ്ങിയത്. ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി അചഞ്ചലമായി  പൊരുതിയ ധീരനേതാവാണ് അയ്യന്‍കാളി. എന്നാല്‍, ദേശീയതലത്തില്‍ ദളിതര്‍ക്കെതിരെ എത്രമാത്രം ക്രൂരകൃത്യങ്ങളാണ് സംഘപരിവാര്‍ ചെയ്യുന്നത്. ബിജെപി ഭരണമുള്ള മധ്യപ്രദേശിലെ മന്ദ്സോറില്‍ ആറു കര്‍ഷകരെ പൊലീസ് വെടിവച്ചുകൊന്നു. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് നാലു ദളിത് യുവാക്കളെ ഉയര്‍ന്ന ജാതിക്കാര്‍ നടുറോഡില്‍ തല്ലിച്ചതച്ച് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചതിന്റെ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. കാലങ്ങളായി സംഘപരിവാറിന്റെ കാലാള്‍പ്പടയായി കഴിഞ്ഞിരുന്നവരടക്കം ഗുജറാത്തിലെ ദളിതര്‍ ഒന്നടങ്കം തെരുവിലിറങ്ങി. അതേത്തുടര്‍ന്ന് ഭരണത്തിന്റെ തലപ്പത്ത് ആനന്ദ് ബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ എത്തിച്ചു. മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് ബിജെപി രക്ഷപ്പെടില്ല. ഇന്ത്യയില്‍ ദളിതര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് മോഡിഭരണത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതിയില്‍ അമിത്ഷാ കാട്ടുന്ന അയ്യന്‍കാളി അനുഭാവം കാപട്യമാണ്. 

ബി ജെ പി അധ്യക്ഷന്‍ അമിത്ഷാ സ്വപ്നാടകനാണെന്ന് മൂന്നുനാളത്തെ കേരളപര്യടനത്തിന് മധ്യേ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വ്യക്തമാക്കുന്നു. രണ്ടുവര്‍ഷത്തിനകം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിപക്ഷം പാര്‍ലമെന്റ് സീറ്റും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണവും ബിജെപിക്ക് ലഭിക്കുമെന്ന മോഹമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള തറക്കല്ലിട്ടപ്പോഴാകട്ടെ, ആ കല്ല് കേരളത്തില്‍ വരാന്‍ പോകുന്ന ബിജെപി സര്‍ക്കാരിന്റേതാണെന്ന്പറഞ്ഞും അദ്ദേഹം അനുയായികളെ മോഹിപ്പിച്ചു. സ്വപ്നം കാണാനുള്ള ഒരാളുടെ സ്വാതന്ത്യ്രത്തെ വിലക്കാന്‍ ആര്‍ക്കും കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ടിയാണ് ബിജെപിയെന്നും അവകാശപ്പെടുന്നുണ്ട്.

ഇങ്ങനെ ഞാന്‍ കുറിക്കുമ്പോള്‍ ചിലരെങ്കിലും ചോദിക്കാം കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ടിയല്ലേ ബിജെപിയെന്ന്. അത് ശരിയാണ്. പക്ഷേ, അത് തങ്ങള്‍ക്കുപറ്റിയ തെറ്റാണെന്നു കണ്ട് ജനം തിരുത്തുന്ന കാലം വിദൂരമല്ല. ഇപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അവര്‍ക്ക് നഷ്ടമാകും. മൂന്നുവര്‍ഷത്തെ നരേന്ദ്ര മോഡി ഭരണം ഇന്ത്യക്ക് എന്തു ഗുണമാണ് നല്‍കിയത്? മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയെ അസഹിഷ്ണുതയുടെയും അസമത്വത്തിന്റെയും കൂരിരുട്ടില്‍ എത്തിച്ചുവെന്നതല്ലേ സംഘപരിവാര്‍ ഭരണത്തിന്റെ നേട്ടം. സമ്പന്നരും പാവപ്പെട്ടവരും തമ്മിലെ അന്തരം ഭീമമായി വര്‍ധിച്ചു. ഭക്ഷണപ്പാത്രത്തില്‍പ്പോലും കല്ലുവാരിയിട്ടതാണ് ആര്‍എസ്എസ് ഭരണത്തിന്റെ നേട്ടം. ഏറ്റവുമൊടുവില്‍ മാട്ടിറച്ചി രാജ്യത്താകെ വിലക്കുന്ന വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോട്ടുനിരോധനമുള്‍പ്പെടെയുള്ള നടപടികളിലൂടെ സമ്പദ്ഘടനയെ ഉലയ്ക്കുകയും സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടുവലിക്കുകയുമാണ് ചെയ്തത്. 

സാമ്പത്തികവര്‍ഷത്തിന്റെ അവസാനം ജിഡിപി വളര്‍ച്ചയില്‍ അപ്രതീക്ഷിതമായ താഴ്ചയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് ജിഡിപി വളര്‍ച്ച ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള കാലത്ത് 6.1 ശതമാനത്തിലേക്ക് താഴ്ന്നു. നോട്ടുനിരോധനമാണ് തകര്‍ച്ചയ്ക്കുള്ള മുഖ്യകാരണങ്ങളിലൊന്ന്. കള്ളപ്പണം പുറത്തുവരുമെന്ന ലക്ഷ്യം പാളി. നോട്ട് റദ്ദാക്കല്‍ കാരണം കശ്മീര്‍ താഴ്വരയിലുള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനം ഇല്ലാതാകുമെന്ന പ്രചാരണവും പൊള്ളയായി. കശാപ്പ് നിരോധനംകൂടിയാകുമ്പോള്‍ സമ്പദ്ഘടന വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കും. ഇപ്പോള്‍ത്തന്നെ തൊഴില്‍ലഭ്യതനിരക്ക് താഴ്ന്ന നിലവാരത്തിലാണ്. ബിജെപി പ്രകടനപത്രികയിലെ വര്‍ഷം രണ്ടുകോടി പുതിയ തൊഴില്‍ എന്ന വാഗ്ദാനം പറ്റിപ്പായി. വിശുദ്ധപശു ഉള്‍പ്പെടെയുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡകള്‍ രാജ്യത്ത് നടപ്പാക്കുന്നതിലൂടെ ഉള്ള തൊഴില്‍പോലും നഷ്ടമാകുന്നു. വിശുദ്ധപശു രാഷ്ട്രീയത്തെ അനുകൂലിക്കാന്‍ അരുണാചല്‍പ്രദേശിലെ ബിജെപി മുഖ്യമന്ത്രിപോലും തയ്യാറായിട്ടില്ല. 

ഇങ്ങനെ സ്വന്തം ചേരിയില്‍നിന്നുപോലും പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന ഭരണനയങ്ങളുമായി മുന്നോട്ടുപോകുന്ന ബിജെപിയെ വളര്‍ത്താന്‍ പ്രബുദ്ധകേരളം തയ്യാറാകില്ല. അവര്‍ ആരെയെല്ലാം കൂട്ടുപിടിച്ചാലും കൂട്ടുചേരുന്നവരും മോശമാകുകയേയുള്ളൂ. അവരെ ആശീര്‍വദിക്കാന്‍ കേരളീയര്‍ തയ്യാറാകുന്നില്ല. ഇതിന് തെളിവാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നാംവര്‍ഷം അഭിമാനത്തോടെ പൂര്‍ത്തിയാക്കുന്നതിനിടെ അഞ്ചുതവണ പ്രാദേശിക ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നു. അതിലെല്ലാം എല്‍ഡിഎഫിന് നിര്‍ണായക മുന്‍തൂക്കങ്ങള്‍ ലഭിച്ചു. ഒടുവില്‍ മേയില്‍ നടന്ന 12 വാര്‍ഡിലേക്കുള്ള വോട്ടെടുപ്പില്‍ എട്ടിടത്ത് ജയിച്ചത് എല്‍ഡിഎഫ്. ബിജെപിക്ക് ഒറ്റസീറ്റുപോലും ലഭിച്ചില്ല. എന്നിട്ടാണ് വരാന്‍പോകുന്ന വലിയ തെരഞ്ഞെടുപ്പുകളില്‍ കാവിക്കൊടിക്ക് മുന്നേറ്റമുണ്ടാകുമെന്ന് വമ്പുപറയുന്നത്. 

അയ്യന്‍കാളിയുടെ പ്രതിമയില്‍ മാലയിട്ടാണ് അമിത്ഷാ തിരുവനന്തപുരത്തെ പരിപാടി തുടങ്ങിയത്. ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ട ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്കുവേണ്ടി അചഞ്ചലമായി  പൊരുതിയ ധീരനേതാവാണ് അയ്യന്‍കാളി. എന്നാല്‍, ദേശീയതലത്തില്‍ ദളിതര്‍ക്കെതിരെ എത്രമാത്രം ക്രൂരകൃത്യങ്ങളാണ് സംഘപരിവാര്‍ ചെയ്യുന്നത്. ബിജെപി ഭരണമുള്ള മധ്യപ്രദേശിലെ മന്ദ്സോറില്‍ ആറു കര്‍ഷകരെ പൊലീസ് വെടിവച്ചുകൊന്നു. ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് നാലു ദളിത് യുവാക്കളെ ഉയര്‍ന്ന ജാതിക്കാര്‍ നടുറോഡില്‍ തല്ലിച്ചതച്ച് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചതിന്റെ കൊടുങ്കാറ്റ് ഇനിയും അടങ്ങിയിട്ടില്ല. കാലങ്ങളായി സംഘപരിവാറിന്റെ കാലാള്‍പ്പടയായി കഴിഞ്ഞിരുന്നവരടക്കം ഗുജറാത്തിലെ ദളിതര്‍ ഒന്നടങ്കം തെരുവിലിറങ്ങി. അതേത്തുടര്‍ന്ന് ഭരണത്തിന്റെ തലപ്പത്ത് ആനന്ദ് ബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ എത്തിച്ചു. മുഖ്യമന്ത്രിയെ മാറ്റിയതുകൊണ്ട് ബിജെപി രക്ഷപ്പെടില്ല. ഇന്ത്യയില്‍ ദളിതര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് മോഡിഭരണത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതിയില്‍ അമിത്ഷാ കാട്ടുന്ന അയ്യന്‍കാളി അനുഭാവം കാപട്യമാണ്. മോഡിഭരണത്തില്‍ അപമാനിക്കപ്പെട്ടിരിക്കുന്ന ദളിതരുടെ രക്ഷയ്ക്കുവേണ്ടി ശബ്ദിക്കുന്നതിനുപകരം കേന്ദ്രഭരണത്തില്‍നിന്ന് സ്ഥാനമാനങ്ങള്‍ നേടുന്നതിനുള്ള നക്കാപ്പിച്ച രാഷ്ട്രീയവുമായാണ് സി കെ ജാനു അമിത്ഷായെ കണ്ടത്. ഇത്തരം സ്ഥാനമാനങ്ങളുടെ പിറകെ പോകുന്ന ഭാഗ്യാന്വേഷികളെ കൂടെക്കൂട്ടിയതുകൊണ്ട് ദളിതരുടെ പിന്തുണ ആര്‍എസ്എസിന് കിട്ടില്ല. 

പതിവില്‍നിന്ന് വ്യത്യസ്തമായി അമിത്ഷായെ കാണാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയം. തന്റെ മകനുള്‍പ്പെടെയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഇതിലടങ്ങിയിരിക്കുന്നതെങ്കില്‍, അത് സമുദായത്തെ വഞ്ചിക്കുന്ന വിലപേശല്‍രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. അച്ഛന്‍ വന്നില്ലെങ്കിലും മകന്‍ വന്നല്ലോയെന്ന് അമിത്ഷാ പ്രതികരിച്ചിട്ടുമുണ്ട്. ബിജെപിയുമായി കൂട്ടുകൂടിയതിലൂടെ ബിഡിജെഎസിനും അവര്‍ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പിന്നോക്കജനവിഭാഗങ്ങള്‍ക്കും എന്ത് നേട്ടമുണ്ടായി എന്ന് ആ കക്ഷി സ്വയംവിമര്‍ശനം നടത്തട്ടെ. മോഡിഭരണം ഓരോ നാള്‍ കഴിയുന്തോറും പിന്നോക്കവിരുദ്ധ നടപടികള്‍ ദേശവ്യാപകമായി ശക്തിപ്പെടുത്തുകയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം വേണ്ടെന്നതാണ് ആര്‍എസ്എസ് നയം. ഭക്ഷണസ്വാതന്ത്യ്രം മാനിച്ച സന്യാസിവര്യനായിരുന്നു ശ്രീനാരായണഗുരു. അതുകൊണ്ടാണ് മാംസഭുക്കായ സഹോദരന്‍ അയ്യപ്പന് ആശ്രമത്തിലെ സസ്യാഹാര അടുക്കളയില്‍നിന്ന് മീന്‍കറി പ്രത്യേകമായി തയ്യാറാക്കിക്കൊടുത്തത്. എന്നാല്‍, മോഡിസര്‍ക്കാരും ആ സര്‍ക്കാരിന്റെ തണലില്‍ സംഘപരിവാറും ഗോവധനിരോധനവും മാട്ടിറച്ചിനിരോധനവും രാജ്യവ്യാപകമായി നടപ്പാക്കുകയാണ്. 

അമിത്ഷായെ കാണാന്‍ എത്തിയ ഒരു വിഭാഗം സന്യാസിമാരില്‍, ഉണ്ടാകേണ്ടിയിരുന്ന ഒരു സ്വാമിയുടെ അഭാവം നാട്ടില്‍ ചര്‍ച്ചയായി. തിരുവനന്തപുരത്തെ നിയമവിദ്യാര്‍ഥിനിയുടെ ധീരമായ നടപടിയാണ് ഇതിന് കാരണമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദൃശ്യമാകുന്നത് മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനവും അസഹിഷ്ണുതയും ദളിത്വേട്ടയും ന്യൂനപക്ഷപീഡനങ്ങളുമാണ്. കേരളത്തില്‍ ന്യൂനപക്ഷവിഭാഗങ്ങളെ കൂടെക്കൂട്ടി നേട്ടമുണ്ടാക്കാമെന്ന ഉദ്ദേശ്യത്തോടെ സംഘപരിവാര്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നു. കേന്ദ്രഭരണം ഉപയോഗിച്ച് ബിഷപ്പുമാരെയും കര്‍ദിനാള്‍മാരെയും സമ്മര്‍ദത്തിലാക്കി കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കുകയും ചെയ്തു. എന്നാല്‍, ആ കൂടിക്കാഴ്ചകളില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ തങ്ങളുടെ സമുദായം നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും അവതരിപ്പിക്കുകയായിരുന്നു ചെയ്തതെന്നാണ് മാധ്യമവാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നത്. ആര്‍എസ്എസ് കുടുക്കില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ വീണില്ല എന്നര്‍ഥം. കേരളത്തിലെ വിവിധ സമുദായങ്ങളിലെ മുന്‍കാല മതാചാര്യന്മാര്‍ അവരുടെ ജീവിതദര്‍ശനത്തിന്റെ കാതലായി ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തരംതിരിവുകളെ തിരസ്കരിച്ചിരുന്നു. എന്നാല്‍, അതിന് നേര്‍വിപരീതമായ പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വതത്വശാസ്ത്രം. അതുകൊണ്ടുതന്നെ കാവിസംഘത്തിന് കേരളത്തിന്റെ മണ്ണില്‍ താമര വിരിയിക്കുക അസാധ്യമാണ്.

കേരളത്തില്‍ വരുംമുമ്പ് അമിത്ഷാ ത്രിപുരയില്‍ ചെന്നിരുന്നു. മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരെ വലിയതോതില്‍ അപവാദപ്രചാരണമാണ് അമിത് ഷാ നടത്തിയത്. അതുപോലെ കേരളത്തില്‍ എത്തിയപ്പോഴും സിപിഐ എമ്മിനെയും പിണറായി വിജയന്‍ സര്‍ക്കാരിനെയും പഴിക്കാനാണ് അമിത്ഷാ താല്‍പ്പര്യം കാട്ടിയത്. സിപിഐ എമ്മിനെ ഏതുവിധത്തിലും ഇല്ലാതാക്കുക എന്ന അമിത്ഷായുടെയും മോഡിഭരണത്തിന്റെയും അജന്‍ഡയുടെ സംസാരിക്കുന്ന തെളിവാണ് ഡല്‍ഹിയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസിനുള്ളില്‍ കടന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കാന്‍ ആര്‍എസ്എസ് സംഘം മുതിര്‍ന്ന സംഭവം. ഒരു പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനമന്ദിരത്തിനുള്ളില്‍ കയറി കേന്ദ്ര ഭരണകക്ഷിയുടെ ഗുണ്ടകള്‍ ആക്രമണം നടത്തിയത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യസംഭവമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികള്‍കൊണ്ട് ജനാധിപത്യം സംരക്ഷിക്കാനുള്ള കമ്യൂണിസ്റ്റ് പോരാട്ടത്തെ പിന്നോട്ടടിപ്പിക്കാന്‍ കഴിയില്ല. തിരുവനന്തപുരംമുതല്‍ ഡല്‍ഹിവരെ അക്രമം നടത്തി സിപിഐ എമ്മിനെ അടിച്ചമര്‍ത്തി കേരളത്തില്‍ താമര വിരിയിക്കാമെന്ന അമിത്ഷാദികളുടെ മോഹം തളിരിടില്ല.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More