ദളിത് അവകാശങ്ങള്‍ സംരക്ഷിക്കണം

നവോത്ഥാനത്തിന്റെ തേരോട്ടം നടന്ന മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഇപ്പോഴും ദളിത് വിവേചനം രൂക്ഷമായി തുടരുകയാണ്. ജാതിമതിലുകളും ദളിത് സ്ത്രീപീഡനങ്ങളും 'അഭിമാനഹത്യ'കളും ഇവിടങ്ങളില്‍ ഇടതടവില്ലാതെ അരങ്ങേറുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു സാമൂഹ്യസാഹചര്യം കേരളത്തിലുണ്ടായത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ മുളപൊട്ടിവിരിഞ്ഞതുകൊണ്ടാണ്. എന്നാല്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് വേട്ടകള്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ്. 
ജാതിസ്വത്വവും സ്വത്വബോധവും ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടല്ലാതെ സാമ്രാജ്യത്വം മുന്നോട്ടുവെക്കുന്ന സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനാവില്ല. സ്വത്വരാഷ്ട്രീയം ദളിത് ജനവിഭാഗങ്ങളെ തങ്ങളഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മുഖംതിരിച്ചുനില്‍ക്കാനാണ് പ്രേരിപ്പിക്കുന്നത്. വിവിധ ദളിത് സ്വത്വങ്ങള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാതെ നില്‍ക്കാനാണ് സ്വത്വരാഷ്ട്രീയം താല്‍പ്പര്യപ്പെടുന്നത്. ജനകീയ ഐക്യത്തിന് വിപരീതമായ അവസ്ഥയാണ് സ്വത്വരാഷ്ട്രീയത്തിന്റെ ഉന്നം. സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദളിത് ജനവിഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവരാനും സ്വത്വബോധത്തെ വര്‍ഗബോധമാക്കി പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള ഉത്തരവാദിത്തം ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ക്രൂരമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ദളിത് അക്രമങ്ങളുടെ വിശദാംശങ്ങളുള്ള നീണ്ട പട്ടികകള്‍ ദേശീയ പട്ടികജാതി കമ്മീഷന്റെയും പോലീസിന്റെയും കൈവശമുണ്ട്. അതിന്റെ നീളം കൂടിക്കൊണ്ടിരിക്കുന്ന വേളയിലാണ് രോഹിത് വെമുലയുടെ 'രക്തസാക്ഷിത്വ' ദിനമെത്തുന്നത്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നു രോഹിത് വെമുല. 2016 ജനുവരി 17ന് ആ കുട്ടി 'രക്തസാക്ഷി'യായി. 1989 ജനുവരി 30ന് പിറന്നുവീണതുമുതലാരംഭിച്ച ജാതിയുടെ പേരിലുള്ള തരംതിരിവിന് ഒരു കയര്‍കുരുക്കിലൂടെ രോഹിത് വെമുല പൂര്‍ണവിരാമമിട്ടു. ആര്‍ എസ് എസ് സംഘപരിവാര സംഘടനയിലെ വിദ്യാര്‍ഥി വിഭാഗമായ എ ബി വി പിയുടെ നേതാവ് സുശീല്‍കുമാറിനെ മര്‍ദിച്ചെന്ന വ്യാജപരാതിയുടെ പുറത്താണ് ഗവേഷക വിദ്യാര്‍ഥികളായ ദളിത്കുട്ടികളെ സസ്‌പെന്‍ഡ് ചെയ്തതും ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതും. ഭരണകാര്യാലയത്തിലും മറ്റു പൊതുഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയതും.

ഇതിനിടയില്‍ രോഹിതിന്റെ 25000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വൈസ്ചാന്‍സലര്‍ അപ്പാറാവു അന്യായമായി തടഞ്ഞ് വെച്ചു. പലതവണ അപേക്ഷിച്ചിട്ടും അനുകൂല നടപടി കൈക്കൊണ്ടില്ല. തുടര്‍ന്ന് നിവൃത്തികെട്ട രോഹിത്, സ്‌കോളര്‍ഷിപ്പ് അനുവദിച്ച് തരുന്നില്ലെങ്കില്‍ കുറച്ച് വിഷമോ, കയറോ പകരംതരണമെന്ന് പറഞ്ഞ് വി സി ക്ക് കത്തയച്ചു. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന രോഹിതിന്റെ ആ അപേക്ഷയും അധികാരികളുടെ കണ്ണുതുറപ്പിച്ചില്ല. അവര്‍ രോഹിതിനും മറ്റ് നാലുവിദ്യാര്‍ത്ഥികള്‍ക്കും നേരെ അന്വേഷണം പ്രഖ്യാപിച്ചു. സ്ഥലം എം പിയായ ബന്ദാരു ദത്താത്രേയ, മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതിഇറാനിയ്ക്ക്് രോഹിതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. രോഹിത് അപകടകാരിയായ ദളിത് ആക്റ്റിവിസ്റ്റാണ്, ഭീകരവാദിയാണ് തുടങ്ങിയുള്ള പച്ചക്കള്ളങ്ങളാരോപിച്ചുകൊണ്ടുള്ളതായിരുന്നു ആ പരാതി. തുടര്‍ന്ന് ബി ജെ പി സര്‍ക്കാരിന്റെ ഒത്താശയോടെ 2015 സെപ്റ്റംബറില്‍ രോഹിതടക്കം അഞ്ചുവിദ്യാര്‍ത്ഥികള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. 2016 ജനുവരി 3ന് അവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. നീതി നിഷേധിക്കപ്പെട്ട കുട്ടികള്‍ ക്യാമ്പസില്‍ നിരാഹാരസമരം ആരംഭിച്ചെങ്കിലും ദളിതരാണെന്നതുകൊണ്ട് നീതി നിഷേധിക്കപ്പെട്ടു. സര്‍വ്വകലാശാലയില്‍ നിന്ന് പുറത്താക്കി. പ്രത്യാശയുടെ ഒരു വെട്ടം പോലും ചുറ്റും കാണാനില്ലാത്ത ശൂന്യതയില്‍ ആ ദളിത് ചെറുപ്പക്കാരന്‍, സംഘി ഭരണകൂടത്തിന്റെ, പൗരോഹിത്യ ബ്രാഹ്മണ വാഴ്ചയുടെ കണ്‍മുന്നില്‍ ഒരു ചോദ്യചിഹ്നമായി തൂങ്ങിയാടി. ഒരാത്മഹത്യ എന്നതിലുപരി അതൊരു കൊലപാതകമായിരുന്നു. ജീവിക്കാനുള്ള ആഗ്രഹം നിഷേധിച്ചുകൊണ്ട് ഭരണകൂടം നടപ്പിലാക്കിയ അരുംകൊല.

രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധമുയര്‍ന്നുവന്നു. ഉന്നത വിദ്യാഭ്യാസരംഗത്തടക്കം നടമാടുന്ന കടുത്ത ജാതിവിവേചനമാണ് രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ളതെന്ന് പൊതുസമൂഹം വിളിച്ചുപറഞ്ഞു. രാജ്യമൊട്ടാകെ ചര്‍ച്ചയായി മാറുകയായിരുന്നു ആ രക്തസാക്ഷിത്വം.

രോഹിത് വെമുലയുടെ ആത്മഹത്യാകുറിപ്പിലെ “എന്റെ ജനനമാണ് ഏററവും വലിയ അപകടം” എന്ന വാക്കുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിയതയുമായി ബന്ധപ്പെടുത്തിയാണ് വായിച്ചെടുക്കേണ്ടത്. സംഘപരിവാരം മുന്നോട്ടുവെക്കുന്ന ജാതീയതയെ മറികടന്ന് മുന്നോട്ടുപോകാനാകാത്ത, ധൈര്യവും ബുദ്ധിയും സ്വപ്നവും കൈമുതലായുള്ള ദശലക്ഷക്കണക്കിന് ദളിത് യുവാക്കളുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യമാണ് രോഹിത് വെമുല. “ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍... എന്നാല്‍, അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു...” ഒരു കുടുംബത്തിന് തുണയാകുമെന്ന് കരുതിയ പ്രതീക്ഷയുടെ യൗവ്വനം ഒരാത്മഹത്യാകുറിപ്പിലൂടെ വിടവാങ്ങി. അപ്പോഴും ജാതീയത പുതിയ കുരുക്കുകള്‍ മുറുക്കിക്കൊണ്ടിരിക്കയാണ്.

ജനാധിപത്യ സമൂഹത്തിന്റെ നിയമാനുസ്യത രീതികള്‍ അവലംബിച്ചു കൊണ്ട് തങ്ങളുടെ നീതിയും അവകാശങ്ങളും ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളൊക്കെതന്നെ ജാതീയമായ ചട്ടക്കൂടിന്റെ മതിലുകളില്‍ തട്ടി ഇല്ലാതാവുന്ന വര്‍ത്തമാനത്തിലാണ് ദളിത് വിഭാഗങ്ങളിലുള്ളവരുള്ളത്. നീതിനിഷേധങ്ങളില്‍ അഭിരമിക്കുന്ന കേന്ദ്രഭരണകൂടവും മനുസ്മൃതി ഭരണഘടനയ്ക്ക് പകരംവെക്കാന്‍ തക്കംപാര്‍ത്തുനടക്കുന്ന സംഘപരിവാരവും ദളിത് വിഭാഗങ്ങളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഭൂമിയടക്കമുള്ള വിഷയങ്ങളിലും ദളിത് വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടുന്നില്ല. നീതി ലഭ്യമാവുന്നില്ല. സംഘിഭരണകാലത്ത് ദളിത് സമൂഹം കൂടുതല്‍ അരികുവല്‍ക്കരിക്കപ്പെടുന്നു.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി 'നായാടി മുതല്‍ നമ്പൂതിരിവരെ' എന്നൊക്കെ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെച്ച് സംഘപരിവാരം വിരുന്നുമേശ ഒരുക്കിയെങ്കിലും ദലിതരെയും ആദിവാസികളെയും ഇരുത്തിയത് നിലത്തുതന്നെയായിരുന്നു. അയിത്തവും ചാതുര്‍വര്‍ണ്യവും പ്രയോഗിക്കുന്ന പൗരോഹിത്യബ്രാഹ്മണ സവര്‍ണതയാണ് അവിടെയും വിധികള്‍ കല്‍പ്പിച്ചത്. സംഘപരിവാരത്തിന് ഇത്തരം വിരുന്നുമേശകളില്‍ പന്തിഭോജനം നടത്താന്‍ ഒരിക്കലും സാധിക്കുകയില്ല. നിങ്ങള്‍ തൊട്ടുകൂടാത്തവരാണെന്ന് ദളിതന്റെ മുഖത്തുനോക്കി ആക്രോശിക്കുന്ന സവര്‍ണമേധാവിത്വം ചുരമാന്ത്രി നില്‍ക്കുമ്പോള്‍, ദളിത് അവകാശ സംരക്ഷണമെന്ന മുദ്രാവാക്യത്തിന് ഏറെ പ്രസക്തിയുണ്ട്.

മുതലാളിത്ത പൂര്‍വ്വകാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതി-ജന്‍മി നാടുവാഴിത്ത വ്യവസ്ഥയെ ജനാധിപത്യവിപ്ലവത്തിലൂടെ മാറ്റിയെടുക്കുന്നതിന് പകരം ജീര്‍ണമായ ഭൂപ്രഭുത്വവുമായി അതിന്റെ എല്ലാ ജീര്‍ണതകളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ ഭരണവര്‍ഗം സന്ധിചെയ്തു. ദളിതുകള്‍ക്കെതിരായ അക്രമങ്ങളുടെ പശ്ചാത്തലം അതാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ നിലനിന്നൊരു സമൂഹത്തില്‍, വര്‍ണങ്ങള്‍ക്ക് വെളിയിലുള്ള നികൃഷ്ടരായ ചണ്ഢാളരായാണ് പൗരോഹിത്യ ബ്രാഹ്മണ സവര്‍ണത, ദളിതരെയും ആദിവാസികളെയും അടയാളപ്പെടുത്തിയത്. മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ആ ആശയം സവര്‍ണ ജനവിഭാഗങ്ങളിലും വര്‍ഗീയ ശക്തികളിലും ഉദ്ദീപിപ്പിക്കാനാണ് ആര്‍ എസ് എസ് സംഘപരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയില്‍ അംബേദ്കര്‍ മൂവ്‌മെന്റ് സജീവമാകുന്ന ഘട്ടത്തിലാണ് സവര്‍ണ ജാതിമേധാവികളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസേനയില്‍ നിന്ന് അവര്‍ണര്‍ പിന്‍മാറിയത്. കൂലിത്തല്ലുകാരായി നില്‍ക്കാന്‍ മനസില്ല എന്ന് സവര്‍ണന്റെ മുഖത്തുനോക്കി അവര്‍ണര്‍ പറഞ്ഞു. ജനങ്ങളെ അടിച്ചമര്‍ത്താനുള്ള സംവിധാനം ഇല്ലാതായപ്പോള്‍ മറ്റൊന്നിനായി അന്വേഷിച്ച സവര്‍ണമേധാവികള്‍ 1925ല്‍ ആര്‍ എസ് എസ് രൂപീകരിച്ചു. തികഞ്ഞ ഫാസിസ്റ്റ്‌സ്വഭാവമുള്ള സംഘടന. സവര്‍ണഹിന്ദു യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിന് ആര്‍ എസ് എസ് ശാഖകള്‍ ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി രാജ്യത്തുടനീളം സവര്‍ണമേധാവിത്വത്തെ അരക്കിട്ടുറപ്പിക്കാനുള്ള പരിശ്രമവും തുടങ്ങി. സമാന്തരമായി അവര്‍ണ ജനവിഭാഗങ്ങളെ വിവിധ രൂപങ്ങളില്‍ കടന്നാക്രമിക്കുന്ന പ്രവര്‍ത്തന രീതികളും അവലംബിക്കപ്പെട്ടു. ആര്‍ എസ് എസ് സംഘപരിവാരങ്ങളുടെ ഈ രീതിശാസ്ത്രത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ശേഷിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ചെറുത്തുനില്‍ക്കാന്‍ സാധിച്ചിട്ടുള്ളു. കേരളവും തൃപുരയും ബംഗാളും അത്തരത്തില്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തിയ ഭൂമികകളാണ്.

നവോത്ഥാനത്തിന്റെ തേരോട്ടം നടന്ന മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഇപ്പോഴും ദളിത് വിവേചനം രൂക്ഷമായി തുടരുകയാണ്. ജാതിമതിലുകളും ദളിത് സ്ത്രീപീഡനങ്ങളും 'അഭിമാനഹത്യ'കളും ഇവിടങ്ങളില്‍ ഇടതടവില്ലാതെ അരങ്ങേറുന്നു. ഈ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു സാമൂഹ്യസാഹചര്യം കേരളത്തിലുണ്ടായത് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ മുളപൊട്ടിവിരിഞ്ഞതുകൊണ്ടാണ്. എന്നാല്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ദളിത് വേട്ടകള്‍ കേട്ടുകേള്‍വിയില്ലാത്ത ക്രൂരതകളാണ്.
ജാതിസ്വത്വവും സ്വത്വബോധവും ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു യാഥാര്‍ത്ഥ്യമാണ്. സ്വത്വ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടല്ലാതെ സാമ്രാജ്യത്വം മുന്നോട്ടുവെക്കുന്ന സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കാനാവില്ല. സ്വത്വരാഷ്ട്രീയം ദളിത് ജനവിഭാഗങ്ങളെ തങ്ങളഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് മുഖംതിരിച്ചുനില്‍ക്കാനാണ് പ്രേരിപ്പിക്കുന്നത്. വിവിധ ദളിത് സ്വത്വങ്ങള്‍ തമ്മില്‍ സ്വരചേര്‍ച്ചയില്ലാതെ നില്‍ക്കാനാണ് സ്വത്വരാഷ്ട്രീയം താല്‍പ്പര്യപ്പെടുന്നത്. ജനകീയ ഐക്യത്തിന് വിപരീതമായ അവസ്ഥയാണ് സ്വത്വരാഷ്ട്രീയത്തിന്റെ ഉന്നം.

സാമൂഹ്യമായ അടിച്ചമര്‍ത്തലുകള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ദളിത് ജനവിഭാഗങ്ങളെ ഉയര്‍ത്തികൊണ്ടുവരാനും സ്വത്വബോധത്തെ വര്‍ഗബോധമാക്കി പരിവര്‍ത്തനം ചെയ്യിക്കാനുമുള്ള ഉത്തരവാദിത്തം ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ആ രംഗത്ത് കര്‍ഷക തൊഴിലാളി യൂണിയനും ക്ഷേമസമിതികളായ പി കെ എസും എ കെ എസും സജീവമായി ഇടപെടുന്നുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ദളിത് വിഭാഗങ്ങളിലുള്ളവരും വിവിധ ദളിത് ജാതിസംഘടനകളും രോഹിത് വെമുലയുടെ 'രക്തസാക്ഷിത്വ'ത്തെ മുന്‍നിര്‍ത്തിക്കൊണ്ട് ദളിത് ആക്രമണങ്ങള്‍ക്കെതിരായ കൂട്ടായ പ്രക്ഷോഭനിര പടുത്തുയര്‍ത്തേണ്ടതുണ്ട്. ജാതി-മതവര്‍ഗീയ ശക്തികള്‍ക്കെതിരായ സമരനിരയൊരുക്കി, പൗരോഹിത്യ ബ്രാഹ്മണ സവര്‍ണതയുടെ വക്താക്കളായ ആര്‍ എസ് എസ് സംഘപരിവാരത്തെ തുറന്നുകാട്ടാനുള്ള സമയമാണിത്. ദളിത് വിഭാഗങ്ങള്‍ക്കെതിരായി രാജ്യത്തുടനീളം അരങ്ങേറുന്ന ക്രൂരമായ ആക്രമങ്ങള്‍ക്കെതിരെ, ദളിത് അവകാശ സംരക്ഷണ ദിനമായ രോഹിത് വെമുലയുടെ രക്തസാക്ഷിദിനത്തില്‍, ജനുവരി 17ന് രാജ്യമാകമാനം മുദ്രാവാക്യങ്ങളുയരണം. പതിതരുടെ പ്രതിരോധഗാഥയില്‍ സംഘികള്‍ വഴിമാറട്ടെ.

16-Jan-2017

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More