സബ്കലക്ടറും സിപിഐയും പിന്നെ മാധ്യമങ്ങളും

മൂന്നാറിലെയും കേരളത്തിലാകെയുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നത് എല്‍ ഡി എഫ് പരിപാടിയാണ്. നയമാണ്. അത് റവന്യുവകുപ്പിനെ കൊണ്ട് ചെയ്യിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ആ വകുപ്പിന്റെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണെങ്കിലും കൈയ്യേറ്റക്കാര്‍ക്കെതിരായ നടപടികള്‍ ഉണ്ടാവും. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള 'മറ്റേപ്പണി' കോണ്‍ഗ്രസ് എസും കടന്നപ്പള്ളിയും കാണിക്കില്ല എന്നതുറപ്പാണ്. എന്തൊക്കെ കുടുക്കകഷായം വെച്ചാലും വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. മാധ്യമങ്ങളും സിപിഐയും യു ഡി എഫും ബി ജെ പിയും അഭിനവ ആക്റ്റിവിസ്റ്റുകളും കൈകോര്‍ത്ത് വന്‍കിട കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് ആ ഭൂമി വിതരണം ചെയ്യും. ഇടതുപക്ഷ ജനാധിപത്യ മുന്നണി (സിപിഐ അല്ല; എല്‍ ഡി എഫ്) തങ്ങളുടെ മാനിഫെസ്റ്റോവില്‍ പറഞ്ഞിരിക്കുന്നത് പോലെ, കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് മൂന്നാറില്‍ റവന്യുവകുപ്പ് തയ്യാറാകേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉണ്ടാക്കുന്ന വ്യാജവിവാദങ്ങളിലൂടെ നൂറുകണക്കിന് ഏക്കറുകള്‍ കൈയ്യേറിയിട്ടുള്ള മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റുമാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കാനം രാജേന്ദ്രന് ഈ കൈയ്യേറ്റക്കാരെ സംരക്ഷിക്കണമെന്ന അജണ്ടയില്ലെങ്കില്‍ വെറുതെ അലമ്പുണ്ടാക്കരുത്.

ദേവീകുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊട്ടിമുളച്ചുവന്ന ദിവ്യനൊന്നുമല്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും ശ്രീറാം തന്നെയായിരുന്നു ദേവീകുളം കലക്ടര്‍. ആ കാലത്ത് ശ്രീറാം വെങ്കിട്ടരാമന്റെ മുന്നില്‍ ഇപ്പോള്‍ പിഴുതെറിഞ്ഞ കുരിശും കൈയ്യേറ്റഭൂമിയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ, കൈയ്യേറ്റഭൂമി ഒഴിപ്പിക്കുക എന്ന അജണ്ട യു ഡി എഫ് സര്‍ക്കാരിനില്ലായിരുന്നു. അതുകൊണ്ട് ശ്രീറാം വെങ്കിട്ടരാമനെന്ന സബ്കലക്ടര്‍ക്ക് മാധ്യമപരിലാളനയും കുരിശുപൊളിക്കാനുള്ള അവസരവും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായില്ല.

സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി വാഴ്ത്തുപാട്ടുപാടുന്നവര്‍ സിംപിളായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം. യു ഡി എഫ് കാലത്ത് എന്താണ് കൈയ്യേറ്റം ഒഴിപ്പിക്കാനും കുരിശ് പൊളിക്കാനും പോകാതിരുന്നത്? സംഘികള്‍ പ്രചരിപ്പിക്കുന്നത് മോഡിയുടെ ടീമിലെ മിടുമിടുക്കനാണ് എങ്കില്‍ ആ മിടുക്കനെ യു ഡി എഫ് ഭരണകാലത്ത് പാവയെപ്പോലെ ഇരുത്തിയത് കുമ്മനം രാജശേഖരനായിരുന്നോ?

ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ ഒരു പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. എല്‍ ഡി എഫ് മാനിഫെസ്റ്റോ. അതിന്റെ 14-ാം പേജില്‍ 31, 32 ഇനങ്ങള്‍ വായിച്ചാല്‍ മൂന്നാറില്‍ നടക്കുന്നത് എന്താണെന്ന് മനസിലാവും.

31. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കൈയ്യേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും.
32. 01.01.1977 ന് മുമ്പുള്ള മുഴുവന്‍ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഭൂമിയില്‍ നാല് ഏക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കും. പട്ടയം ലഭിക്കാനുള്ള ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടി സമയബന്ധിതമായി സ്വീകരിക്കും. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും.

ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. അല്ലാതെ ശ്രീറാം വെങ്കിട്ടരാമനെന്ന സബ്കലക്ടറുടെ വാഗ്ദാനമോ, വ്യക്തിപരമായ കാര്യപരിപാടിയോ അല്ല. അങ്ങനെയെങ്കില്‍ അദ്ദേഹം യു ഡി എഫ് കാലത്ത് ഇപ്പോള്‍ കാണിക്കുന്ന ഷോ കാണിക്കണമായിരുന്നു.

ഇടതുപക്ഷം ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ വേണ്ടി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറിലും നടപടികള്‍ കൈക്കൊള്ളുന്നത്. അതിനായി നിയോഗിക്കപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമനെന്ന സബ്കലക്ടറാണ്. ഈ സബ്കലക്ടര്‍ സിപിഐയുടെ നേതൃത്വവുമായും ചില മാധ്യമപ്രവര്‍ത്തകരുമായും ഗൂഡാലോചന നടത്തി വന്‍കിട കൈയ്യേറ്റക്കാരെ രക്ഷിക്കാനുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.

മീഡിയോക്രസിയില്‍ അഭിരമിക്കുന്ന, പക്വതയില്ലാത്ത ശ്രീറാമിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാതെ മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഡ്യമാണ്. ചില മാധ്യമ പ്രവര്‍ത്തകര്‍ കൂടെയുണ്ട് എന്നതുകൊണ്ട് എന്ത് കന്നന്തിരിവും കാണിക്കാം എന്ന ധാരണയിലാണ് ശ്രീറാം ഉള്ളത്. റവന്യുമന്ത്രിയുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം ആ വകുപ്പ് കറങ്ങുന്നത് തന്റെ തലയില്‍ക്കൂടിയാണെന്ന് ആ പാവം ധരിച്ചുവശായിരിക്കുന്നു. സി പി ഐ രാഷ്ട്രീയ നേതൃത്വവുമായുള്ള വഴിവിട്ട ബന്ധം തന്നെ എന്നും സംരക്ഷിച്ചുനിര്‍ത്തുമെന്ന വ്യാമോഹവും ശ്രീറാമിനുണ്ട്. ഇത്രയും പക്വതയില്ലാത്ത ചിന്തകളുമായി നില്‍ക്കുന്ന ഈ ചെറുപ്പക്കാരന് ഇച്ഛാശക്തിയോടുകൂടി മൂന്നാറിലെ ദൗത്യം പൂര്‍ത്തീകരിക്കാനാവും എന്ന് കരുതുന്നത് ശുദ്ധ വിവരക്കേടാണ്.

ചിലര്‍ കരുതുന്നത് മൂന്നാറില്‍ നടപ്പിലാക്കുന്നത് സിപിഐയുടെ പരിപാടി ആണെന്നാണ്. ആ പാര്‍ട്ടിയുടെ സെക്രട്ടറി കാനം രാജേന്ദ്രന്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാവുമോ എന്ന പരിശ്രമത്തിലുമാണുള്ളത്. സി പി ഐക്ക് പത്തുവര്‍ഷം കൂടുതല്‍ ഭരണപരിചയമുണ്ടെന്ന് പറഞ്ഞത് കേട്ട് സുഖിച്ചിരിപ്പാണ് കാനം. ആ പത്തുവര്‍ഷത്തിലെപ്പോഴോ ആണ് സിപിഐയുടെ നേതാവ് പി കെ വാസുദേവന്‍ നായര്‍ മൂന്നാറില്‍ ഒരു പട്ടയമൊപ്പിച്ചത്. പി കെ വിയുടെയും ഭാര്യയുടെയും പേരില്‍. ആ പട്ടയഭൂമിയിലാണ് ഇപ്പോള്‍ ലോഡ്ജിംഗ് സൗകര്യങ്ങളടക്കമുള്ള സി പി ഐ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

സി പി ഐയുടെ ഏതെങ്കിലും പ്രവര്‍ത്തകന്‍ കുടിയേറ്റക്കാരനായി പോയി പട്ടമില്ലാത്ത പത്ത് സെന്റ് ഭൂമിയില്‍ വീടുവെച്ചിട്ടുണ്ടെങ്കില്‍, മാനുഷീകമായ പരിഗണന നല്‍കി അയാള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍, ഒരു പാര്‍ട്ടി തങ്ങള്‍ക്ക് ലഭിച്ച അധികാരം ഉപയോഗിച്ച് മൂന്നാറില്‍ വലിയൊരു എടുപ്പ് എടുത്തിരിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക. വി എസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സുരേഷ്‌കുമാര്‍ ഐ എ എസ് തന്റെ ജെ സി ബിയുമുരുട്ടി സി പി ഐയുടെ മൂന്നാര്‍ ഓഫീസിന് നേരെ തിരിഞ്ഞപ്പോഴാണ് കെ ഇ ഇസ്മയില്‍ എന്ന സി പി ഐ നേതാവ് ആഫീസ് തൊട്ടാല്‍ കൈവെട്ടിയെടുക്കുമെന്ന് ഭീഷണി മുഴക്കിയത്. അതാണ് സി പി ഐ.

മൂന്നാറിലെയും കേരളത്തിലാകെയുമുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നത് എല്‍ ഡി എഫ് പരിപാടിയാണ്. നയമാണ്. അത് റവന്യുവകുപ്പിനെ കൊണ്ട് ചെയ്യിക്കുക എന്നതാണ് സര്‍ക്കാരിന്റെ കടമ. ആ വകുപ്പിന്റെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണെങ്കിലും കൈയ്യേറ്റക്കാര്‍ക്കെതിരായ നടപടികള്‍ ഉണ്ടാവും. മാധ്യമങ്ങളെ ഉപയോഗിച്ചുള്ള 'മറ്റേപ്പണി' കോണ്‍ഗ്രസ് എസും കടന്നപ്പള്ളിയും കാണിക്കില്ല എന്നതുറപ്പാണ്. എന്തൊക്കെ കുടുക്കകഷായം വെച്ചാലും വന്‍കിട കൈയ്യേറ്റക്കാര്‍ക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുക തന്നെ ചെയ്യും. മാധ്യമങ്ങളും സിപിഐയും യു ഡി എഫും ബി ജെ പിയും അഭിനവ ആക്റ്റിവിസ്റ്റുകളും കൈകോര്‍ത്ത് വന്‍കിട കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാലും കൈയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് ആ ഭൂമി വിതരണം ചെയ്യും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി (സിപിഐ അല്ല; എല്‍ ഡി എഫ്) തങ്ങളുടെ മാനിഫെസ്റ്റോവില്‍ പറഞ്ഞിരിക്കുന്നത് പോലെ, കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് മൂന്നാറില്‍ റവന്യുവകുപ്പ് തയ്യാറാകേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉണ്ടാക്കുന്ന വ്യാജവിവാദങ്ങളിലൂടെ നൂറുകണക്കിന് ഏക്കറുകള്‍ കൈയ്യേറിയിട്ടുള്ള മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റുമാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കാനം രാജേന്ദ്രന് ഈ കൈയ്യേറ്റക്കാരെ സംരക്ഷിക്കണമെന്ന അജണ്ടയില്ലെങ്കില്‍ വെറുതെ അലമ്പുണ്ടാക്കരുത്.

കാഴ്ചപ്പാട് മുന്‍ലക്കങ്ങളില്‍

More