മുഖംമൂടിയണിയാത്ത നിഴലുകള്‍

ഇന്ന് ആഗസ്ത് എട്ട്. കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് നുണപറയാത്ത നിഴലുകള്‍ പല തരത്തിലുള്ള കഥകള്‍പറയും. ഫോട്ടോകള്‍, ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍ തുടങ്ങിയവയിലൂടെ. അതിന്റെയൊക്കെ പിറകിലുള്ളത് ലോകം കണ്ട പ്രശസ്തരായ കലാകാരന്‍മാര്‍ അല്ല. ലോകം കാണാനിരിക്കുന്ന, ആളിപ്പടരാനിരിക്കുന്ന കനല്‍ത്തരികളാണ്. അവിടെയാണ് നിഴലാട്ടത്തിന്റെ പ്രസക്തി. അറിയപ്പെടാതെ പോവുന്ന കലാ ജീവിതങ്ങളെ സമൂഹത്തിന് മുന്നിലേക്ക് നീക്കി നിര്‍ത്തുന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് നിഴലാട്ടം നിര്‍വഹിക്കുന്നത്. രതീഷ് രോഹിണി എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കലാകാരന്‍മാര്‍ ഇരുളിനെ പകലാക്കി മാറ്റി നടത്തുന്ന പ്രയത്‌നങ്ങള്‍ ചരിത്രത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. അതൊരനിവാര്യതയുമാണ്. ഇത് കാണാതെ ഇതിനെ വിലയിരുത്താതെ പുരോഗമന കലാ സാഹിത്യ ശാഖയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയില്ല തന്നെ. കൂലിപ്പണിയെടുക്കുന്നവന്‍ അത് ചെയ്താല്‍ മതിയെന്നും മണ്ണില്‍ നുരക്കുന്നവന്‍ അതിനപ്പുറം വളരേണ്ടെന്നും കല്‍പ്പിക്കുന്ന കലാ മേഖലയിലുള്ള തമ്പുരാക്കന്‍മാരുടെ മുന്നിലേക്ക് നിങ്ങളോടൊപ്പം നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാണ് ഞങ്ങള്‍ എന്നുറക്കെ പ്രഖ്യാപിക്കുന്ന നിഴലാട്ടം നിഴലുകള്‍ക്ക് നുണ സ്ഥാപിക്കാന്‍ സാധിക്കില്ല എന്നതിനെ ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുന്നു. 

2013ല്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ നിന്നായിരുന്നു നിഴലാട്ടത്തിന്റെ തുടക്കം. ഒരു ഓണ്‍ലൈന്‍കൂട്ടായ്മയായിരുന്നു അത്. ഫോട്ടോഗ്രാഫര്‍മാരും പെയിന്റര്‍മാരും ആ സംരംഭത്തില്‍ പങ്കാളികളായി. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ട് പേരുടെ എക്‌സിബിഷന്‍. നാല് ദിവസത്തേക്ക് ആലോചിച്ച പ്രദര്‍ശനം അവസാനം ഏഴ് ദിവസത്തേക്ക് ദീര്‍ഘിപ്പിക്കേണ്ടി വന്നു. തലസ്ഥാന നഗരി നിഴലാട്ടത്തെ നെഞ്ചേറ്റുകയായിരുന്നു. അന്നവിടെ പ്രദര്‍ശനം നടത്തിയവരില്‍ പലരും ഫേസ്ബുക്കില്‍ മാത്രമായിരുന്നു തങ്ങളുടെ കഴിവുകള്‍ വെളിപ്പെടുത്തിയിരുന്നത്. അവര്‍ക്ക് മുന്നില്‍ വേറെ സാധ്യതകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷെ, നിഴലാട്ടം അവരെ പുതിയൊരു ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഒരു കലാകാരന് പറന്നുയരാന്‍ സാധിക്കുന്ന വിശാലമായ വിഹായസ്. ആ വേദിയില്‍ നിന്നുണ്ടായ ഊര്‍ജ്ജവും ദിശാബോധവും ഉള്‍ക്കൊണ്ട പലരും പ്രൊഫഷണല്‍ കലാകാരന്‍മാരായി മാറുകയും ചെയ്തു.

കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ എന്നും മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു. ഫോട്ടോഗ്രാഫിയുടെ മികവിനെ അഭിസംഭോധന ചെയ്യുന്നവര്‍ ഒരിക്കലും കല്യാണഫോട്ടോകളെ കുറിച്ച് സംസാരിച്ചിരുന്നില്ല. അവര്‍ക്ക് മികച്ച ഫോട്ടോഗ്രാഫര്‍മാരുടെ വേദികളില്‍ ഇരിപ്പിടങ്ങളുണ്ടായിരുന്നില്ല. പക്ഷെ, നിഴലാട്ടം കല്യാണ ഫോട്ടോഗ്രാഫര്‍മാരെ തേടിയിറങ്ങി. അവരുടെ സര്‍ഗാത്മകത, ടൈമിംഗ്, കാഴ്ചപ്പാടിലുണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി വെഡ്ഡിംഗ്, ക്യാന്‍വാസ് ഫോട്ടോഗ്രാഫികള്‍ പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള ആര്‍ജ്ജവം നിഴലാട്ടം മുന്നോട്ടുവെച്ചു. ഇത്തരത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട കലാകാരന്‍മാരുടെ നടുനിവര്‍ത്തല്‍കൂടി നിഴലാട്ടം ലക്ഷ്യമിടുന്നുണ്ട്.

ഇന്ന് ക്യാമറയില്ലാത്തവര്‍ ചുരുക്കമാണ്. ഫേസ്ബുക്കിലെ 'ഞാനെടുത്ത ഫോട്ടോകള്‍' പോലുള്ള ഗ്രൂപ്പുകളില്‍ മൊബൈല്‍ മുതല്‍ ഏറ്റവും ആധുനികമായ ക്യാമറകളില്‍ നിന്നുവരെ എടുത്ത ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. അതിന് ആസ്വാദകരുണ്ട്. അറിയപ്പെടാത്ത ചിലരുടെ പ്രതിഭകള്‍ ആരെയും അത്ഭുതപ്പെടുത്തും. 2014 ആഗസ്ത് 8മുതല്‍ 12വരെ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ നിഴലാട്ടം സംഘടിപ്പിക്കുന്ന ആര്‍ട്ട് എക്‌സിബിഷനും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും വീണ്ടും ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ്. വിദ്യാഭ്യാസമോ, സാമൂഹ്യ പദവിയോ മാനദണ്ഡമാക്കാതെ സോഷ്യല്‍ മീഡിയക്കകത്തും പുറത്തുമുള്ള, ഫോട്ടോ എടുക്കാന്‍ കഴിവുള്ളവരില്‍ നിന്ന് ആയിരത്തിലധികം ഫോട്ടോഗ്രാഫുകള്‍ ഇന്ന് നിഴലാട്ടം ടീമിന്റെ കൈയ്യില്‍ വന്നുചേര്‍ന്നു. അവയില്‍ നിന്ന് തെരഞ്ഞെടുത്ത 20 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുക്കുകയാണ്. പെയിന്റിംഗുകളും ഡോക്യുമെന്ററികളും മ്യൂസിക്കല്‍ ആല്‍ബങ്ങളും ഇതിന്റെകൂടെ പ്രദര്‍ശിപ്പിക്കും.

സര്‍ഗാത്മകമായി സ്വയം പ്രകാശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗങ്ങളാവാന്‍ സാധിക്കും. അംഗത്വത്തിലും ഉണ്ട് മാനുഷീകതയുടെ ഒരു വെള്ളിവെളിച്ചം. രക്ത-അവയവദാനത്തിനുള്ള സമ്മതിപത്രം ഒപ്പിട്ട് നല്‍കിയാണ് നിഴലാട്ടത്തിന്റെ ഭാഗമാകേണ്ടത്. കലാകാരന് സമൂഹത്തിനോട് പ്രതിബദ്ധത വേണമെന്നും അത് അവന്റെ സൃഷ്ടിയിലൂടെ മാത്രമല്ല, സാമൂഹ്യ ജീവി എന്നുള്ള നിലയിലും അവന് ഏറെ കടമകളുണ്ടെന്നും നിഴലാട്ടം പറയുന്നു. ഓരോ മനുഷ്യനിലും ഓരോ തരത്തിലുള്ള കലാകാരന്‍മാരുണ്ട്. ജീവിതത്തിന്റെ കൂട്ടപ്പൊരിച്ചിലില്‍, മറുകര കാണാനുള്ള വ്യഗ്രത പിടിച്ച ഓട്ടത്തിനിടയില്‍ അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നേയുള്ളു. നിഴലാട്ടം അത്തരക്കാരുടെ ഉള്ളിലുള്ള കനലിനെയാണ് തിരിച്ചറിയുന്നത്. അതില്‍ നിന്നുള്ള അഗ്നിയാണ് പ്രകാശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

സിനിമ ഏകദിശാമുഖിയായ കലാരൂപമാണ്. അത് ഒരു ദിശയിലേക്ക് മാത്രം സംസാരിക്കുന്നു. അതിന്റെ നീതി ബോധത്തെ അളക്കണമെങ്കില്‍ സിനിമയുടെ സൃഷ്ടിയില്‍ പങ്കാളികളാവുന്നവരുടെ സാമൂഹ്യ ബന്ധങ്ങളെ പരിശോധിച്ചാല്‍ മതിയാവും. നമ്മുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഭൂതത്തെയും അവര്‍ എങ്ങിനെയാണ് നോക്കി കാണുന്നത് അടിസ്ഥാനപരമായ ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് നിഴലാട്ടം. മനവീകത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കൂട്ടായ്മ. നിഴലാട്ടത്തിന്റെ പ്രയാണവും സിനിമയിലേക്കാണ്. മുഖ്യധാരാ സിനിമാപ്രസ്ഥാനത്തിലേക്ക് എത്തിപ്പെടാന്‍ കഴിയാതെ പോയ ഈ കലാകാരന്‍മാര്‍/കാരികള്‍ തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള പദ്ധതികളും മെനഞ്ഞെടുക്കുന്നുണ്ട്. ഇവരിലൂടെ ഉണ്ടാവുന്ന സിനിമകള്‍ക്ക് സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്താതിരിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ യഥാര്‍ത്ഥ വിഷയങ്ങളെ തങ്ങളുടെ ക്യാന്‍വാസിള്‍ ഉള്‍ക്കൊണ്ടുകൊണ്ടാവും നിഴലാട്ടത്തിന്റെ പ്രയാണം. അവര്‍ മുന്നോട്ട് വെക്കുന്ന ഓരോ സൃഷ്ടിയിലും ആ ഉത്തരവാദിത്തം പ്രതിഫലിക്കുന്നുമുണ്ട്.

സിനിമാ- ഡോക്യുമെന്ററി രംഗത്ത് കഴിവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്ന ആ കൂട്ടായ്മയിലെ എല്ലാവര്‍ക്കും തങ്ങളുടെ ആഗ്രഹം സഫലീകരിക്കാനുള്ള ഇടം നിഴലാട്ടം ഒരുക്കുന്നുണ്ട്. കൂട്ടായ്മയില്‍ നിന്നും പുറത്തുനിന്നും ശേഖരിക്കുന്ന ധനം ഉപയോഗിച്ച് ഓരോരുത്തരായി തങ്ങളുടെ ഉള്ളിലുള്ളതിനെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. അത് സിനിമയാവാം ഡോക്യുമെന്ററിയാവാം ടെലിഫിലിം ആവാം സംഗീതആല്‍ബം ആവാം. എന്തായാലും ആ സാക്ഷാത്കാരത്തിന് താങ്ങും തണലുമായി കൂട്ടായ്മ അവര്‍ക്കൊപ്പമുണ്ടാവും. അത്തരത്തിലൊരാവിഷ്‌കാരമായിരുന്നു കരിമഠം കോളനിയെ കുറിച്ചുള്ള ഡോക്യുമെന്ററി.

ആഗസ്ത് എട്ട് മുതല്‍ നിഴലാട്ടത്തിന്റെ കര്‍മകാണ്ഡത്തിലെ പുതിയൊരധ്യായം തുടങ്ങുകയാണ്. രതീഷ് രോഹിണിയും കൂട്ടുകാരും മുന്നേറുക തന്നെയാണ്. ഒരോ നിഴലുകളുടെയും അപ്പുറത്ത് ഒരു സാന്നിധ്യമുണ്ട്. നിഴലുകളെ ഉണ്ടാക്കാനുള്ള വലിപ്പമുള്ള ഒരു യാഥാര്‍ത്ഥ്യം. പലപ്പോഴും നിഴലിന്റെ പ്രസക്തിയുടെ അപ്പുറത്തേക്ക് അവര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കാറില്ല. ഇവിടെ നിങ്ങള്‍ വെറും നിഴലുകളല്ല. ഈ ലോകം നിങ്ങളുടേതുകൂടിയാണ്. ഇവിടെ നിങ്ങളും സ്വയം പ്രകാശിപ്പിക്കണം. നിങ്ങള്‍ പകരുന്ന വെളിച്ചവും ഈ ലോകത്തിന് വേണമെന്നാണ് രതീഷ് രോഹിണിയും കൂട്ടരും പറയുന്നത്. നിഴലാട്ടത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

08-Aug-2014

മനയോല മുന്‍ലക്കങ്ങളില്‍

More