ലെജിസ്ലേറ്ററിനെതിരെ ജുഡീഷ്യറിയും ബ്യൂറോക്രസിയും

ടി പി സെന്‍കുമാര്‍ വലതുപക്ഷത്തിന്റെ അഭ്യുദയാകാംക്ഷിയാണ്. വലതുപക്ഷ ആശയങ്ങളുടെ പ്രയോക്താവാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സര്‍വ്വീസ് കാലയളവ് പരിശോധനാ വിധേയമാക്കുമ്പോള്‍ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതാണ് അദ്ദേഹത്തിനുള്ള വലതുപക്ഷ വിധേയത്വം. തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ ഒരു ഭരണം നിലവില്‍ വന്നാല്‍, നിലവിലുള്ള ഭരണകൂടത്തിന്റെ വലതുപക്ഷ സ്വഭാവത്തെ ഇടതുപക്ഷ സ്വഭാവമാക്കി മാറ്റേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടതുപക്ഷത്തിന് തങ്ങളുടെ പൊതുമിനിമം പരിപാടി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. ടി പി സെന്‍കുമാറിനെ മാറ്റിയത് അതുകൊണ്ട് തന്നെയാവണം. നിരവധി ബ്യൂറോക്രാറ്റുകളെ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ മാറ്റി പ്രതിഷ്ഠിച്ചു. വലതുപക്ഷം അധികാരത്തിലെത്തുമ്പോഴും ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ മാറ്റാറുണ്ട്. നവലിബറല്‍ നയങ്ങള്‍ മടികൂടാതെ നടപ്പിലാക്കുന്നവരും തങ്ങളുടെ വൃത്തികേടുകള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നവരുമായ ഉദ്യോഗസ്ഥരെ യു ഡി എഫുകാര്‍ തങ്ങളുടെ ഭരണകൂട ഉപകരണങ്ങളാക്കി മാറ്റുന്നത് പതിവാണ്. ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് അവരോധിച്ചതും ആ രീതിയുടെ ഭാഗമായാണ്.

''വിജയന്‍ തോറ്റേ...'' എന്ന് അലറിയാര്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച ഒരു ഇനം മാത്രമാണോ ക്രമസമാധന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് ടി പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്നുള്ള സുപ്രീംകോടതി വിധി? സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ശരിവച്ച സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവും അത് ശരിവച്ച ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്, പുതിയ സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്തുന്ന സ്വാഭാവിക നടപടിക്രമമാണ്.

ഭരണവും ഭരണകൂടവും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയവര്‍ക്ക് ഈ വിധിയില്‍ അടങ്ങിയിട്ടുള്ള ഭീഷണിയും മനസിലാവും. ജുഡീഷ്യറിയും ബ്യൂറോക്രസിയും കൈകോര്‍ത്തുകൊണ്ട് ലെജിസ്ലേറ്ററിന്റെ നടപടികളെ ചോദ്യം ചെയ്യുമ്പോള്‍, വകവെക്കാതിരിക്കുമ്പോള്‍, അട്ടിമറിക്കുമ്പോള്‍ മാധ്യമങ്ങള്‍ ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന എല്ലാ മാധ്യമങ്ങളും ലെജിസ്ലേറ്ററിനെതിരായ ജുഡീഷ്യറിയുടെയും ബ്യൂറോക്രസിയുടെയും അവിഹിത കൂട്ടുകെട്ടിലും വിജയത്തിലും സന്തോഷിക്കുകയാണ്. ലെജിസ്ലേറ്ററി ദുര്‍ബലപ്പെടുമ്പോള്‍ 'വിജയന്‍ തോറ്റേ..' എന്ന് ലളിതവല്‍ക്കരിച്ച് വലതുപക്ഷ സ്വഭാവമുള്ള ഭരണകൂടത്തെ ജനപക്ഷമാക്കി മാറ്റാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് മാധ്യമങ്ങള്‍.

ടി പി സെന്‍കുമാര്‍ വലതുപക്ഷത്തിന്റെ അഭ്യുദയാകാംക്ഷിയാണ്. വലതുപക്ഷ ആശയങ്ങളുടെ പ്രയോക്താവാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സര്‍വ്വീസ് കാലയളവ് പരിശോധനാ വിധേയമാക്കുമ്പോള്‍ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതാണ് അദ്ദേഹത്തിനുള്ള വലതുപക്ഷ വിധേയത്വം. തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ ഒരു ഭരണം നിലവില്‍ വന്നാല്‍, നിലവിലുള്ള ഭരണകൂടത്തിന്റെ വലതുപക്ഷ സ്വഭാവത്തെ ഇടതുപക്ഷ സ്വഭാവമാക്കി മാറ്റേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടതുപക്ഷത്തിന് തങ്ങളുടെ പൊതുമിനിമം പരിപാടി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. ടി പി സെന്‍കുമാറിനെ മാറ്റിയത് അതുകൊണ്ട് തന്നെയാവണം. നിരവധി ബ്യൂറോക്രാറ്റുകളെ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ മാറ്റി പ്രതിഷ്ഠിച്ചു. വലതുപക്ഷം അധികാരത്തിലെത്തുമ്പോഴും ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ മാറ്റാറുണ്ട്. നവലിബറല്‍ നയങ്ങള്‍ മടികൂടാതെ നടപ്പിലാക്കുന്നവരും തങ്ങളുടെ വൃത്തികേടുകള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നവരുമായ ഉദ്യോഗസ്ഥരെ യു ഡി എഫുകാര്‍ തങ്ങളുടെ ഭരണകൂട ഉപകരണങ്ങളാക്കി മാറ്റുന്നത് പതിവാണ്. ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് അവരോധിച്ചതും ആ രീതിയുടെ ഭാഗമായാണ്.

നവലിബറല്‍ നയങ്ങള്‍ പ്രയോഗിക്കുന്ന, ജനവിരുദ്ധമായ താല്‍പ്പര്യങ്ങളോടെ നില്‍ക്കുന്ന, ഭരണകൂട ഭീകരതയുടെ പ്രയോക്താക്കളായ സര്‍ക്കാര്‍ സംവിധാനത്തെ പിണറായി വിജയന്‍ എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രി മാറ്റിപ്പണിയുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കുക എന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ ജുഡീഷ്യറിയും ബ്യൂറോക്രസിയും തങ്ങളുടെ വലതുപക്ഷ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ട് അട്ടിമറിക്കുകയാണ്. ഈ ഗൗരവമായ വിഷയത്തെയാണ് മാധ്യമങ്ങള്‍ തൊലിപ്പുറ നിരീക്ഷണങ്ങള്‍ നടത്തി നിസാരവല്‍ക്കരിക്കുന്നത്. സുപ്രീംകോടതി ഈ വിധിയിലൂടെ തോല്‍പ്പിക്കുന്നത് പിണറായി വിജയനെയോ, ഇടതുപക്ഷ സര്‍ക്കാരിനെയോ അല്ല. മറിച്ച്, കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളെയാണ്. ജനാധിപത്യത്തെയാണ്. ജനാഭിലാഷങ്ങളെയാണ്.

ടി പി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ മാറ്റിയത്, പോലീസ് സംവിധാനത്തെ ജനകീയവല്‍ക്കരിക്കാന്‍ വേണ്ടിയാണ്. സെന്‍കുമാര്‍ ചുമത്തിയ യു എ പി എകള്‍ പിന്‍വലിക്കാനും പിണറായി സര്‍ക്കാര്‍ തയ്യാറായി. കോടതി വിധി വന്ന ശേഷം മാധ്യമങ്ങള്‍ സെന്‍കുമാറിനെ കണ്ടപ്പോള്‍ അദ്ദേഹം യു എ പി എയെ ന്യായീകരിച്ച് സംസാരിച്ചത് പിണറായി വിരോധമുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയില്ല. പക്ഷെ, ആ ഒറ്റ പ്രതികരണത്തിലൂടെ ഏതുതരം ഭരണകൂട ഉപകരണമാണ് താനെന്ന് ടി പി സെന്‍കുമാര്‍ വെളിപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ ഡിജിപി ആയിരുന്ന ജാവേദ് അഹമ്മദിനെ യോഗി ആദിത്യനാഥ് ബി ജെ പി മുഖ്യമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനത്തുനിന്നും മാറ്റി. അത് ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കാന്‍ വേണ്ടി, ഭരണകൂടത്തെ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി വരുത്തിയ മാറ്റമാണ്. ജാവേദ് മുസ്ലീം ആണെന്നതും ഒരു കാരണമായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ചീഫ്‌സെക്രട്ടറിയായിരുന്ന സര്‍വേശ് കൗശലിനെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്തു. 42 ഐ പി എസ് ഉദ്യോഗസ്ഥരുടെ സ്ഥാനവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മാറ്റുകയുണ്ടായി. കേന്ദ്രത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ ഭരണകൂടത്തെ വര്‍ഗീയഉപകരണമാക്കി മാറ്റുന്നതിന്റെ ഭാഗമായി നിര്‍ണായക തസ്തികകളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാറ്റി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന എല്‍ സി ഗോയലിനെ നീക്കി രാജീവ് മെഹ്‌റിഷിനെ നിയമിച്ചത് ഉദാഹരണമാണ്. വിദേശ സെക്രട്ടറിയായിരുന്ന സുജാത ശങ്കറിനെ മാറ്റി എസ് ജയശങ്കറിനെ നിയമിച്ചതും മോഡി സര്‍ക്കാരാണ്. ഗുജറാത്ത് വംശഹത്യാ കാലത്ത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഡീഷണല്‍ ഡി ജി പി ആയിരുന്നല്ലോ ആര്‍ ബി ശ്രീകുമാര്‍. അദ്ദേഹം ഗുജറാത്തിലെ വംശഹത്യസംബന്ധിച്ച് നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ബി ജെ പി സര്‍ക്കാര്‍ അദ്ദേഹത്തിന് ഡിജിപി സ്ഥാനം നിഷേധിച്ചു. ശ്രീകുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന് കേന്ദ്ര ട്രിബ്യൂണല്‍ ഉത്തരവ് ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. അതൊക്കെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ, മുന്നണികളുടെ നിലപാടുകളുടെ ഭാഗമാണ്. അവര്‍ക്ക് നടപ്പിലാക്കാനുള്ള പരിപാടികള്‍ക്ക് തടസമാവുന്ന ഉദ്യോഗസ്ഥരെ മാറ്റും. മാറ്റിയിട്ടുമുണ്ട്.

സുപ്രീംകോടതി വിധിയില്‍ മാധ്യമങ്ങള്‍ മൂടിവെച്ച വേറൊരു ഭാഗമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായുള്ള വിമര്‍ശനമാണത്. നൂറിലേറെ പേര്‍ കൊല്ലപ്പെട്ട പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടക്കേസില്‍ വീഴ്്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആഭ്യന്തരസെക്രട്ടറിയുടെ കുറിപ്പ് ഒരുമാസത്തിലധികം പൂഴ്ത്തിവച്ചതിനെയാണ് കോടതി വിമര്‍ശിച്ചത്. കുറിപ്പ് പരിഗണിച്ച് എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് കോടതിക്ക് ഊഹിക്കാന്‍ സാധിക്കില്ല. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ അന്നത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും തുല്യരീതിയില്‍ത്തന്നെ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളേണ്ടത് സര്‍ക്കാരാണ്. നടപടി സ്വീകരിക്കണമെന്ന കാര്യം ഓര്‍മിപ്പിക്കാന്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കൂ. സര്‍ക്കാരാണ് ഇത്തരം വിഷയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ അധ്യക്ഷനായ ബെഞ്ച് വിധിന്യായത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ പറയാത്തത് 'വിജയന്‍ തോറ്റേ...' എന്ന് വിളിച്ചാര്‍ക്കുമ്പോള്‍ കല്ലുകടിയാവും എന്ന് കരുതിയാവും.

25-Apr-2017