കെ എം ഷാജഹാന്‍ നഗ്നനാണ്‌

ഒരമ്മയുടെ വികാരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വേണ്ടി പരിശ്രമിച്ച യു ഡി എഫ് ഏജന്റാണ് കെ എം ഷാജഹാന്‍. അതില്‍ കൂടുതല്‍ ഡക്കറേഷനൊന്നും ഈ കുലംകുത്തി അര്‍ഹിക്കുന്നില്ല. ഇപ്പോള്‍ സ്വന്തം അമ്മയെ രാഷ്ട്രീയലാഭത്തിനുവേണ്ടി കളത്തിലിറക്കിയിരിക്കയാണ് ഷാജഹാന്‍. വലിയ പൊതുപ്രവര്‍ത്തകനാണെന്ന് പറയുന്ന കെ എം ഷാജഹാനും മഴവില്‍മഹാസഖ്യത്തിനും ഒരാള്‍ അറസ്റ്റിലായാല്‍ പുറത്തിറക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേ? പിണറായി വിജയനല്ല കെ എം ഷാജഹാനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയാണ്. ജഡ്ജിയാണ്. അവിടെ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഉപരികോടതിയില്‍ പോകണം. അല്ലാതെ അമ്മയെ കൊണ്ട് നിരാഹാരം കിടത്തുന്നത് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് മനസിലാക്കാന്‍ കേരളത്തിന് സാധിക്കും. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട ക്രിമിനലുകളുടെയെല്ലാം അമ്മമാര്‍ നിരാഹാരം കിടന്നാല്‍ അവരെയൊക്കെ തുറന്നുവിടേണ്ടിവരും.

പൊതുസമൂഹത്തെ കൊണ്ട് കെ എം ഷാജഹാന്റെ 'ദുരവസ്ഥ'യെ കുറിച്ച് ചര്‍ച്ച ചെയ്യിക്കാനുള്ള പരിശ്രമത്തിലാണ് മഴവില്‍മഹാസഖ്യമുള്ളത്. ഷാജഹാന് വീരപരിവേഷം ചാര്‍ത്തി നല്‍കുവാനും എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ കുരിശുയുദ്ധത്തില്‍ ശിഖണ്ഡിയായി മുന്നില്‍ നിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ മെനയുകയാണ് സഖ്യക്കാര്‍. ഷാജഹാനും അതിഷ്ടമാണ്. പലതരം പരിവേഷങ്ങളുടെ കുത്തൊഴുക്കാണല്ലൊ മൊത്തത്തില്‍ ഷാജഹാന്‍ ഭാഗവതരുടെ ജീവിതം.

പോലീസ് ഹെഡ്ക്വാട്ടേഴ്‌സില്‍ ഡി ജി പിയുമായി ചര്‍ച്ചയ്ക്ക് വന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയും മറ്റ് കുടുംബാംഗങ്ങളും കെ എം ഷാജഹാന്റെ ഭൂതകാലം എത്രമാത്രം മനസിലാക്കിയിട്ടുണ്ട് എന്നറിയില്ല. വകയിലെ അമ്മാവന്‍ ശ്രീജിത്തിന് കുറച്ചൊക്കെ അറിയാം. ഷാജഹാന്‍, ചര്‍ച്ചാസംഘത്തിന്റെ കൂട്ടത്തിലേക്ക് കയറി സമാധാനപൂര്‍ണമുള്ള ആ ചര്‍ച്ചാശ്രമത്തെ സംഘര്‍ഷഭരിതമാക്കി മാറ്റുകയായിരുന്നു. തോക്ക് സ്വാമി നിരപരാധിയാണെന്ന് സമര്‍ത്ഥിക്കുന്ന മാധ്യമ വിശാരദന്‍മാര്‍ പറയുന്നതുപോലെ നിഷ്‌കളങ്കമല്ല കാര്യങ്ങള്‍. സ്വാമിയും ചിലതൊക്കെ കണക്കുകൂട്ടി തന്നെയാണ് അവിടെയെത്തിയത്.

തോക്കുസ്വാമി ഡിവൈഡറില്‍ പിടിച്ചുനില്‍ക്കുന്ന ഒരുപടമിട്ടാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹം വഴിപോക്കനായിരുന്നു, നിരപരാധിയാണ് എന്നൊക്കെ കഥകള്‍ മെനയുന്നത്. എന്നാല്‍, ഷാജഹാന്റെ ഒരു പടംപോലും എവിടെയും കാണാനില്ല. കെ എം ഷാജഹാന്‍ കുമ്പിടിയൊന്നുമല്ലല്ലൊ ഇങ്ങനെ അദൃശ്യനാവാന്‍. ഒരു ഫ്രെയിമില്‍പോലും ഷാജഹാന്‍ വരാന്‍ പാടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അതും ഒരു ഗൂഡാലോചനയായിരുന്നു.

ഡി ജി പി ഓഫീസിന് മുന്നിലുള്ള ഉന്തുംതള്ളും കഴിഞ്ഞപ്പോള്‍ പോലീസ് ഷാജഹാനെയും തോക്കുസ്വാമിയെയും എസ് യു സി ഐ നേതാവ് ഷാജിര്‍ഖാനെയും അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കുറ്റം ചെയ്യുന്നതിനുള്ള കുറ്റകരമായ സംഘം ചേരല്‍ ചുമത്തി. 143സീരീസ് മൊത്തത്തില്‍ ചാര്‍ത്തി. പോലീസ് ഉദ്യോഗസ്ഥരെ അവരുടെ കൃത്യനിര്‍വഹണം നടത്താന്‍ തടസപ്പെടുത്തിയതുകൊണ്ട് 353 ചാര്‍ജ്ജ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പാണ് അത്. ആ സമരമുഖത്ത് പോലീസിന് മുന്നില്‍ വേറെ തെളിവുകള്‍ ഒന്നും ഇല്ലായിരുന്നു. പക്ഷെ, കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ് അന്വേഷണം തുടങ്ങി.

ഷാജഹാന്റെ ഭാര്യ കരോലിനിന്റെ പേരിലുള്ള ഒരു മൊബൈല്‍ സിം ഉപയോഗിച്ച് ഷാജഹാന്‍ വകയില്‍ അമ്മാവന്‍ ശ്രീജിത്തിനെയും തോക്ക് സ്വാമിയെയും ചില മാധ്യമ പ്രവര്‍ത്തകരെയും മറ്റുചില നേതാക്കളെയുമൊക്കെ നിരവധി തവണ വിളിച്ചിട്ടുണ്ട് എന്ന് പോലീസിന് മനസിലാക്കാന്‍ സാധിച്ചത് അപ്പോഴാണ്. എസ് എം എസുകളും അയച്ചിട്ടുണ്ട്. തിരികെയും കോളുകളും മെസേജുകളും വന്നിട്ടുണ്ട്. എന്നാല്‍, ഈ വിളികളില്‍ എസ് യു സി ഐ നേതാവ് ഷാജിര്‍ഖാന്‍ ഇല്ലെന്നാണ് സൂചനകള്‍. മറ്റൊരു നാട്ടില്‍ നിന്നും തിരുവനന്തപുരത്തെത്തുത്ത പ്രക്ഷോഭകരെ സഹായിക്കുക, ജനവികാരം സര്‍ക്കാരിനെതിരെ തിരിക്കുക, എസ് യു സി ഐയുടെയോ അല്ലാതെയോ പേരുകളില്‍ ചാനല്‍ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ട് പേരെടുക്കുക എന്ന ഉദ്ദേശം മാത്രമേ ഷാജിര്‍ഖാനും സംഘത്തിനും ഉണ്ടായിരുന്നുള്ളു എന്നുവേണം കരുതാന്‍.

തന്റെ ഭാര്യയുടെ പേരിലെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് കെ എം ഷാജഹാന്‍ ഗൂഡാലോചന നടത്തി എന്നതിന്റെ തെളിവുകള്‍ പകല്‍പോലെ മുന്നില്‍ വന്നപ്പോഴാണ് കേരള പോലീസ് ഷാജഹാനെതിരെ ഗൂഡാലോചന കുറ്റം ചുമത്തി കേസെടുക്കുന്നത്. അവിടെയും നിന്നില്ല. പോലീസ് അറസ്റ്റ് ചെയ്ത ശേഷവും ഷാജഹാന്‍, ജിഷ്ണുവിന്റെ വകയില്‍ അമ്മാവന്‍ ശ്രീജിത്തിനെ ബന്ധപ്പെടുന്നുണ്ട്. ശ്രീജിത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പോലീസുകാരായ കെ ഇ ബൈജുവിന്റെയും സുനില്‍കുമാറിന്റെയും പേര് പറയണമെന്ന് ഷാജഹാന്‍ ശ്രീജിത്തിനെ ഉപദേശിച്ചു. 5.40ന് ഷാജഹാന്‍ മൊബൈല്‍ വഴി പറഞ്ഞുകൊടുത്ത പേരുകള്‍ കൈവെള്ളയില്‍ എഴുതിയെടുത്ത വകയിലമ്മാവന്‍ ശ്രീജിത്ത്, 6.15ന് കൈയില്‍ നോക്കിയാണ് പോലീസുകാരുടെ പേരുകള്‍ പറഞ്ഞത്.
ഈ പോലീസുകാരോട് ഷാജഹാന് വിരോധം വരാന്‍ കാരണമുണ്ട്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ലോ അക്കാദമി ലോ കോളേജ് സമര സമയത്ത് ഇതുപോലെ സമരത്തില്‍ നുഴഞ്ഞുകയറി രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ഷാജഹാന്‍ ശമിച്ചപ്പോള്‍ അയാളെ അവിടെനിന്നും തൂക്കിയെടുത്തുമാറ്റിയത് ഈ പോലീസുകാരായിരുന്നു. ലോ കോളേജ് സമര സ്ഥലത്ത് പൂണ്ടുവിളയാടാന്‍ അനുവദിക്കാത്ത പോലീസുകാരോടുണ്ടായ വിദ്വേഷമാണ് ഷാജഹാന്‍, ഡി ജി പി ഓഫീസിനുമുന്നിലുണ്ടായ സംഭവത്തിലൂടെ തീര്‍ക്കാന്‍ ശ്രമിച്ചത്.

മഹിജയെ വനിതാപോലീസുകാര്‍ താങ്ങിയെടുക്കുന്നതടക്കമുള്ള ദൃശ്യങ്ങളില്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ പോലെ ഒരു ശബ്ദം ഉയരുന്നുണ്ട്. കൃഷ്ണദാസിന്റെ പോലീസ്, പിണറായിയുടെ പോലീസ്.... ആ ശബ്ദത്തിന്റെ ഉടമ ഷാജഹാന്‍ ഭാഗവതരാണ്. വളരെ കൃത്യതയോടെ ഗൂഡാലോചനയും റിഹേഴ്‌സലും നടത്തിയാണ് ഭാഗവതര്‍ പാടാനെത്തിയതെന്ന് ചുരുക്കം.

കഠിനാധ്വാനിയാണ് കെ എം ഷാജഹാന്‍. സൈന്റിസ്റ്റ് ബി തസ്തികയില്‍ സി ഡിറ്റില്‍ ജോലിക്ക് കയറുന്നത് മുതല്‍ തുടങ്ങുന്നതാണ് അധ്വാനത്തിന്റെ ഗാഥ. സി ഡിറ്റിലെ ജോലിക്ക് എന്താണ് ഷാജഹാന്റെ യോഗ്യത? മറൈന്‍ഫിഷറീസില്‍ ബിരുദാനന്തരബിരുദം. സി ഡിറ്റില്‍ മത്സ്യകൃഷിയുണ്ടോ എന്ന ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ഷാജഹാന്റെ വളര്‍ച്ചയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. സി ഡിറ്റില്‍ നിന്നും മുങ്ങി പരിഷത്തിന്റെ മേഖലാസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യാനും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന് തന്റെ വളര്‍ച്ചയ്ക്കുവേണ്ടി വെളിച്ചപ്പെടാനും ഷാജഹാന്‍ പരമാവധി ശ്രമിച്ചു. വൈകാതെ ഷാജഹാന്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നതിന് സഹായിയായി കൂടി. അപ്പോഴൊക്കെ ഷാജഹാന് വി എസിനെ അത്ര പിടുത്തമുണ്ടായിരുന്നില്ല. ബന്ധം വേറെ പലരോടുമായിരുന്നു. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധികളെ കുറിച്ചുള്ള ചില കുറിപ്പുകള്‍ വി എസിന് വേണ്ടി എഴുതി കൊടുക്കുന്നത് ആ വേളയിലാണ്. അന്ന് ഷാജഹാന്‍ സിപിഐ എം അംഗമാണ്. തുടര്‍ന്ന് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്റെ പി എ ആയി അദ്ദേഹം നിയോഗിക്കപ്പെട്ടു. വി എസ് പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി.

ഉപ്പുകുറുക്കല്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത നിസ്വാര്‍ത്ഥനായ സ്വാതന്ത്ര്യ സമരസേനാനിയെന്നൊക്കെ ഇപ്പോള്‍ ഷാജഹാനെ അടിച്ചുപൊക്കുന്ന ചില മാധ്യമ ജീവനക്കാര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ ഷാജഹാന്റെ ആഭിമുഖ്യത്തില്‍ തട്ടിക്കൂട്ടിയ മാധ്യമ സിന്റിക്കേറ്റിലെ അംഗങ്ങളാണ്. പലരുടെയും ലാപ്‌ടോപ്പുകളില്‍ ആ കാലത്തിന്റെ 'അടയാള'ങ്ങള്‍ ഇന്നുമുണ്ടാവും.

സൈന്റിസ്റ്റ് ബി തസ്തികയില്‍ സി ഡിറ്റില്‍ ജോലി ചെയ്തുവന്ന ഷാജഹാന്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റെന്ന നിലയിലാണ് പ്ലാനിംഗ്‌ബോര്‍ഡ് വൈസ്‌ചെയര്‍മാന്റെ പി എ ആയത്. എന്നാല്‍, വി എസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി (എ പി എസ്) ആയപ്പോള്‍ അദ്ദേഹം സി ഡിറ്റിലെ ഉദ്യോഗം രാജിവെച്ചു. സൈന്റിസ്റ്റ് ബി തസ്തികയിലിരുന്ന് എ പി എസ് സേവനം നടത്തിയാല്‍ ലഭിക്കുന്ന ശമ്പളം സി ഡിറ്റിലെ തസ്തികയ്ക്കുള്ളതാവുമെന്നതുകൊണ്ടാണ് നിസ്വാര്‍ത്ഥനായ ആ പൊതുസേവകന്‍ ജോലി രാജിവെച്ചത്. അങ്ങനെ സ്വപ്നതുല്യമായ തുക മാസത്തില്‍ കൈകളിലെത്തി. എ പി എസ് സ്ഥാനത്ത് നിന്ന് പുറത്തായപ്പോള്‍ അദ്ദേഹം വഴിയാധാരമായില്ല. പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന ഭരണസംവിധാനത്തില്‍ ലൂപ്‌ഹോളിനാണോ പഞ്ഞം. അണ്‍ഓതറൈസ്ഡ് ആബ്‌സന്‍സെന്ന ഫയലുണ്ടാക്കി നേരത്തെ രാജിവെച്ച ഷാജഹാനെ സി ഡിറ്റില്‍ തന്നെ തിരികെയെടുത്തു. വെറുതെ എടുക്കുകയല്ല ചെയ്തത്. ആബ്‌സന്റായ കാലയളവിലെ സര്‍വ്വീസ് കൂടി പരിഗണിച്ച് പ്രമോഷനും നല്‍കി. സൈന്റിസ്റ്റ് സി കാറ്റഗറിയില്‍ ഷാജഹാന്‍ സി ഡിറ്റില്‍ തിരികെ കയറി. അത് സംബന്ധിച്ച് ഇപ്പോള്‍ ഒരു വിജിലന്‍സ് കേസ് നിലവിലുണ്ട്.

വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ കൈയിലെടുക്കാനും തന്റെ ചരടില്‍ കൊരുക്കാനും ഷാജഹാന് സാധിച്ചിരുന്നു എന്നത് ഷാജഹാന്റെ മിടുക്ക് തന്നെയാണ്. വി എസിന്റെ സ്റ്റാഫിലുണ്ടായിരുന്ന പ്രഗത്ഭരെ നോക്കുകുത്തികളാക്കി നിര്‍ത്തി ഷാജഹാന്‍ ചില മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് കരുക്കള്‍ നീക്കി. എ ഡി ബി, പ്ലേവിന്‍ ലോട്ടറി, മൂന്നാര്‍ തുടങ്ങി നിരവധി മാസ്മരിക ഷോകള്‍ കേരളം കണ്ടു. 'വെട്ടിനിരത്തല്‍ അച്യുതാനന്ദ'നെ 'ജനനായകന്‍ വീയെസായി' മേക്കോവര്‍ ചെയ്തത് താനാണെന്ന് ഷാജഹാന്‍ വീരസ്യം മുഴക്കി. ഡി വൈ എഫ് ഐയില്‍ ടി ശശിധരനും സെറ്റും ഷാജഹാന് സഹകരണം നല്‍കി. ആകെമൊത്തം ഷാജഹാന്റെ അടവുകളും തന്ത്രങ്ങളും ഫ്രാവര്‍ത്തികമാക്കപ്പെടുകയാണ്. ഷാജഹാന്‍ ഒന്നുകൂടി ഉഷാറായി. പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കണം. ചിലരെയൊക്കെ വാര്‍ക്കപ്പണിക്ക് പറഞ്ഞയക്കണം. സിപിഐ എം മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മലപ്പുറത്ത് ക്യാമ്പ് ചെയ്ത ഷാജഹാന്‍ കരുക്കള്‍ നീക്കി. സംസ്ഥാനകമ്മറ്റിയംഗങ്ങളുടെ പാനല്‍ പത്രങ്ങളില്‍ അച്ചടിച്ച് വന്നു. മാധ്യമസിന്‍ഡിക്കേറ്റുകാര്‍ക്ക് ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും വിതരണം ചെയ്ത കാലം. പാര്‍ട്ടി കമ്മറ്റികളിലെ ചര്‍ച്ചകളും തീരുമാനങ്ങളും സേവ്യേഴ്‌സ് ബാറിലെയും പ്രസ്‌ക്ലബ്ബ് സങ്കേതത്തിലെയും മേശകള്‍ക്ക് ചുറ്റുമിരുന്ന് മീഡിയാസിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അടിവേര് മാന്തുന്ന ഷാജഹാന്‍ എന്ന പെരുച്ചാഴിയെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ ദൈവമായി കണ്ടകാലം ഏറെ നീണ്ടുപോയില്ല.

പയ്യന്നൂരില്‍ വെച്ചാണ് അടി പൊട്ടിയത്. അടിതെറ്റിയതും. ടി ഐ മധുസൂദനന്‍ എന്ന ഉശിരുള്ള ഡി വൈ എഫ് ഐ നേതാവ് സിപിഐ എം ഏരിയാ സെക്രട്ടറിയായ കാലമാണത്. വി എസ് അച്യുതാനന്ദന്‍ പയ്യന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. നിഴലായി ഷാജഹാനുമുണ്ട്. വി എസിനെ സ്റ്റേജിലെത്തിക്കാന്‍ പ്രാദേശിക സഖാക്കള്‍ കൈകള്‍ നീട്ടിയപ്പോള്‍, ചെങ്കൊടിപിടിച്ചുതഴമ്പുവന്ന ആ കൈകള്‍ ഷാജഹാന്‍ തട്ടിമാറ്റി. “ഇവിടേക്ക് കൊണ്ടുവന്ന എനിക്ക് സ്റ്റേജില്‍കയറ്റാനുമറിയാം” അഹങ്കാരത്തിന്റെ ആ കൂമന്‍മുഖം സഖാക്കള്‍ നെഞ്ചില്‍ കോറിയിട്ടു. വി എസ് പ്രസംഗിക്കുമ്പോള്‍ താന്‍ എഴുതി കൊടുത്തതില്‍ എന്തെങ്കിലും പിശകുവന്നോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്ന റിംഗ് മാസ്റ്ററെപോലെ നില്‍ക്കുന്ന ഷാജഹാനെ ആഹാരം കാട്ടി ചില കുട്ടികള്‍ പ്രലോഭിപ്പിച്ചു. ഷാജഹാന് അന്നും ഇന്നും ആഹാരം വീക്ക്‌നെസാണ്. ഷാജഹാന്‍ നിരയിട്ട കടമുറിയിലേക്ക് കയറി. പിന്നെയെന്റെ സാറേ... പയ്യന്നൂരിലെ ആ തല്ല്. വി എസ് സാന്ത്വനിപ്പിച്ചു കാണും. പക്ഷെ, അന്നുതുടങ്ങിയതാണ് തിരിച്ചടികള്‍.

എന്തൊക്കെയാണെങ്കിലും ഷാജഹാന്‍ ഒരു കിംഗ്‌മേക്കറായിരുന്നു. വി എസിന്റെ മകന്‍ അരുണ്‍കുമാറിന് ഇഷ്ടപ്പെടാത്ത പദമാണ് കിംഗ്‌മേക്കര്‍ എന്നത്. എങ്കിലും അത് വസ്തുതയാണ്. വൈകാതെ പാര്‍ട്ടി നടപടികള്‍ ഷാജഹാനെ തേടിയെത്തി. വി എസിന് പോലും പരസ്യമായി കൂടെനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായി. ഷാജഹാന് പകരം പല ശശിമാരും വി എസിന്റെ കൂടെ വാതാപി പാടി. പക്ഷെ, അവര്‍ക്കൊന്നും ശാരീരമില്ലായിരുന്നു. അപശ്രുതികളായി മാറി ആ പാവങ്ങള്‍. പാട്ടുപാടി മഴപെയ്യിച്ച ഷാജഹാന്‍ ഭാഗവതര്‍ എവിടെ കിടക്കുന്നു, ഇവരൊക്കെ എവിടെ കിടക്കുന്നു.

പിന്നീട് കുറേക്കാലം ഒറ്റയാള്‍ പട്ടാളമായി ഷാജഹാനെ പലയിടത്തും കണ്ടു. സി ഡിറ്റിലെ തൂപ്പുകാര്‍ വരെ പയ്യന്നൂര്‍ കഥയുടെ ആവേശത്തില്‍ പലപ്പോഴായി ഷാജഹാനെ മേഞ്ഞു. അപ്പോഴൊന്നും അദ്ദേഹത്തിനുവേണ്ടി പഴയ മാധ്യമ സിന്‍ഡിക്കേറ്റോ, യു ഡി എഫോ സഹായത്തിന് വന്നില്ല. പക്ഷെ, ഇപ്പോള്‍ അങ്ങനെയല്ല. പിണറായി വിജയനെ വില്ലനാക്കാന്‍ ലഭിച്ച അവസരമാണ്. മഴവില്‍മഹാസഖ്യത്തിന് വീണുകിട്ടിയ അസുലഭ മുഹൂര്‍ത്തം അത് തുലച്ചുകളയാന്‍ പാടില്ലല്ലോ. അതാണ് ഈ ആവേശം.

ഒരമ്മയുടെ വികാരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ വേണ്ടി പരിശ്രമിച്ച യു ഡി എഫ് ഏജന്റാണ് കെ എം ഷാജഹാന്‍. അതില്‍ കൂടുതല്‍ ഡക്കറേഷനൊന്നും ഈ കുലംകുത്തി അര്‍ഹിക്കുന്നില്ല. ഇപ്പോള്‍ സ്വന്തം അമ്മയെ രാഷ്ട്രീയലാഭത്തിനുവേണ്ടി കളത്തിലിറക്കിയിരിക്കയാണ് ഷാജഹാന്‍. വലിയ പൊതുപ്രവര്‍ത്തകനാണെന്ന് പറയുന്ന കെ എം ഷാജഹാനും മഴവില്‍മഹാസഖ്യത്തിനും ഒരാള്‍ അറസ്റ്റിലായാല്‍ പുറത്തിറക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലേ? പിണറായി വിജയനല്ല കെ എം ഷാജഹാനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയാണ്. ജഡ്ജിയാണ്. അവിടെ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഉപരികോടതിയില്‍ പോകണം. അല്ലാതെ അമ്മയെ കൊണ്ട് നിരാഹാരം കിടത്തുന്നത് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് മനസിലാക്കാന്‍ കേരളത്തിന് സാധിക്കും. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യപ്പെട്ട ക്രിമിനലുകളുടെയെല്ലാം അമ്മമാര്‍ നിരാഹാരം കിടന്നാല്‍ അവരെയൊക്കെ തുറന്നുവിടേണ്ടിവരും.

കെ എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയോട് അപേക്ഷിച്ചപ്പോള്‍, ഷാജഹാന്റെ അഭിഭാഷകന്‍ തടസം നില്‍ക്കുകയായിരുന്നു. ഷാജഹാന് പരീക്ഷയുണ്ടെന്നും ഇപ്പോള്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കിയാല്‍ ബുദ്ധിമുട്ടാവുമെന്നുള്ള ആ വക്കീലിന്റെ വാദം കോടതി പരിഗണിച്ചു. വക്കീല്‍ അത്തരത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും നിര്‍ദേശത്തെ തുടര്‍ന്നാണ്. 13,14,15 തിയ്യതികളില്‍ ഷാജഹാന് ജാമ്യം ലഭിക്കില്ല. കൂടുതല്‍ ദിവസം റിമാന്‍ഡില്‍ കഴിയുമ്പോള്‍ പുറത്ത് തന്റെ ബാഗ്‌പെപ്പര്‍മാരായ മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് ചിലതൊക്കെ ചെയ്യാനാവും എന്നാണ് ഷാജഹാന്‍ കണക്കുകൂട്ടുന്നത്. കൂട്ടിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമുണ്ട്. കഥയറിയാതെ ഷാജഹാന് നീതിലഭിക്കണമെന്ന് മുറവിളികൂട്ടുന്ന ഉത്തമന്‍മാരും കൂടിയാവുമ്പോള്‍ പിണറായി വിജയന്‍ തളരുമെന്ന കെ എം ഷാജഹാന്റെ കണക്കുകൂട്ടല്‍ വഴിയില്‍ തന്നെ പിഴച്ചുപോയി എന്ന് ആരാണ് ഭാഗവതരെ അറിയിക്കുക. തടവറയില്‍ നിന്ന് വകയിലമ്മാവന്‍ ശ്രീജിത്തിനു വേണ്ടി വെള്ളിവീഴാതെ ഒരു വിഷാദഗാനം പാടാന്‍ ഷാജഹാന്‍ ഭാഗവതര്‍ക്ക് സാധിക്കുമാറാകട്ടെ.

 

10-Apr-2017